ഞങ്ങളുടെ വായനക്കാരിൽനിന്ന്
സുഹൃത്തുക്കൾ ഏകദേശം നാലു വർഷം മുമ്പ് മമ്മി മരിച്ചതിനെ തുടർന്ന് വളരെ വിലപ്പെട്ട ചില ആത്മമിത്രങ്ങളെ സമ്പാദിക്കാൻ എനിക്കു കഴിഞ്ഞിട്ടുണ്ട്. “യഥാർഥ സുഹൃത്തുക്കളെ എങ്ങനെ നേടാം?” (2005 ഫെബ്രുവരി 8) എന്ന ലേഖനപരമ്പര വായിച്ചപ്പോൾ അവരെ സുഹൃത്തുക്കളായി കിട്ടിയതിൽ എനിക്ക് എന്തെന്നില്ലാത്ത നന്ദിയും വിലമതിപ്പും തോന്നി.
ഒ. ബി., ഐക്യനാടുകൾ
എനിക്കു 11 വയസ്സുണ്ട്. ആരുമായും എനിക്കു കൂട്ടുകൂടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ ലേഖനപരമ്പര വായിച്ചതിനുശേഷം കാര്യങ്ങൾക്കു മാറ്റം വന്നു. മറ്റുള്ളവരെക്കുറിച്ച് മോശമായി സംസാരിക്കുന്ന ശീലമുള്ള ഒരു സഹപാഠിക്ക് ഞാൻ ആ മാസിക കൊടുത്തു. ആ ലേഖനങ്ങൾ വായിച്ചതിൽപ്പിന്നെ, അങ്ങനെ ചെയ്യാതിരിക്കാൻ അവൾ ശ്രമിക്കുന്നുണ്ട്.
ജെ. കെ., പോളണ്ട്
എനിക്ക് സുഹൃത്തുക്കളെ ലഭിക്കണമെങ്കിൽ ഞാൻതന്നെ ഒരു സുഹൃത്തായിരിക്കണമെന്നും പ്രവൃത്തികൾ 20:35-ൽ കാണുന്ന പ്രോത്സാഹനത്തിനു ചേർച്ചയിൽ ഞാൻ എന്നെത്തന്നെ മറ്റുള്ളവർക്കു വിട്ടുകൊടുക്കണമെന്നും ആ ലേഖനങ്ങൾ വായിച്ചപ്പോൾ എനിക്കു ബോധ്യമായി. വിലതീരാത്ത ബുദ്ധിയുപദേശമാണ് നിങ്ങൾ നൽകിയത്.
എ. കെ., പോളണ്ട്
സുഹൃത്തുക്കളെ കണ്ടെത്തുക എന്നത് എല്ലായ്പോഴും എനിക്കൊരു പ്രശ്നമായിരുന്നു, ക്രിസ്തീയ സഭയ്ക്കുള്ളിൽപ്പോലും. ഞാൻ തുറന്നിടപെടേണ്ടതുണ്ടെന്നും മുൻകൈയെടുത്തു പ്രവർത്തിക്കണമെന്നും മറ്റുള്ളവരിൽനിന്ന് പൂർണത പ്രതീക്ഷിക്കരുതെന്നും എനിക്കിപ്പോൾ മനസ്സിലായി. യഹോവ നമുക്ക് ആവശ്യമായ ഉത്തരങ്ങൾ തക്കസമയത്തു നൽകുകതന്നെ ചെയ്യുന്നു.
എൽ. ഇസഡ്., റഷ്യ
ശാരീരികമായ പലപല പ്രശ്നങ്ങൾ നിമിത്തം മറ്റുള്ളവരുമായി സഹവസിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്. ഈ ലേഖനപരമ്പരയിലെ വിവരങ്ങൾ ബാധകമാക്കാൻ ഞാൻ തീരുമാനിച്ചു. ഹൃദയം തുറക്കാനും യഥാർഥ വികാരവിചാരങ്ങൾ പടിപടിയായി മറ്റുള്ളവരോടു പങ്കുവെക്കാനുമുള്ള ബുദ്ധിയുപദേശം എനിക്കു സഹായമായി.
എൻ. എം., ജപ്പാൻ
ഉച്ചഭക്ഷണസമയത്ത് ഞാൻ എന്റെ സഹപാഠികളോട് ഈ ലേഖനങ്ങളെക്കുറിച്ചു പറഞ്ഞു. ഇപ്പോൾ അവർ ദൈവവചനവുമായി പരിചിതരായിക്കൊണ്ടിരിക്കുകയാണ്. ഈ മാസികയാണ് അതിന് ഇടയാക്കിയത്. സകല ആളുകളോടുമുള്ള ബന്ധത്തിൽ ബൈബിളിനുള്ള പ്രായോഗിക മൂല്യം എടുത്തുകാണിക്കുന്ന ലേഖനങ്ങൾ ദയവായി തുടർന്നും പ്രസിദ്ധീകരിക്കുമല്ലോ.
എം. എൻ., ജപ്പാൻ
“സ്ത്രീകൾക്കും പുരുഷന്മാർക്കും ‘വെറുതെ സുഹൃത്തുക്കളായിരിക്കാൻ’ കഴിയുമോ?” എന്ന ചതുരത്തിലെ ചോദ്യത്തിനുള്ള ഉത്തരം വലിയ താത്പര്യത്തോടെയാണു ഞാൻ വായിച്ചത്. ഇത്ര ലളിതവും വ്യക്തവും ആയ ഉത്തരം മറ്റൊരു മാസികയ്ക്കോ പുസ്തകത്തിനോ നൽകാൻ കഴിഞ്ഞിട്ടില്ല.
ആർ. കെ., ജർമനി
നിങ്ങളുടെ ലേഖനങ്ങൾ എല്ലായ്പോഴും വളരെ പ്രയോജനപ്രദമാണ്. യഹോവയ്ക്കുവേണ്ടി വളരെയധികം കാര്യങ്ങൾ ചെയ്യാനും അവനെ സുഹൃത്താക്കാനും ഉള്ള ഞങ്ങളുടെ ലക്ഷ്യം അവ ദൃഢമാക്കുന്നു. പ്രോത്സാഹനത്തിനു വളരെ വളരെ നന്ദി!
ആർ. വി. എച്ച്., ജർമനി
എനിക്കു 15 വയസ്സുണ്ട്. എനിക്ക് ആവശ്യമായിരുന്ന വിവരങ്ങൾ തന്നെയാണ് ആ ലേഖനങ്ങളിൽ ഉണ്ടായിരുന്നത്. കൂട്ടുകാരെ സമ്പാദിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്. നിങ്ങൾ നൽകിയ ബുദ്ധിയുപദേശം സൗഹൃദം നട്ടുവളർത്താനും നിലനിറുത്താനും എന്നെ സഹായിക്കും. മറ്റുള്ളവരോട് ഉള്ളുതുറന്നു സംസാരിക്കേണ്ടത് എങ്ങനെയാണെന്നതു സംബന്ധിച്ച ബുദ്ധിയുപദേശത്തിനായി പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോഴാണല്ലോ ഈ ലേഖനങ്ങൾ എത്തിയത് എന്നോർക്കുമ്പോൾ എനിക്കു ശരിക്കും അതിശയം തോന്നുന്നു!
ബി. ഇ., ഫ്രാൻസ്
സങ്കടകരമെന്നു പറയട്ടെ, അടുത്തകാലത്ത് എന്റെ ചില കൂട്ടുകാർ എന്നെ നിരാശപ്പെടുത്തി. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. ഞാൻ ഒറ്റയ്ക്കായതുപോലെ എനിക്കു തോന്നി. എന്നാൽ യഹോവ നമ്മെ ഉപേക്ഷിക്കുന്നില്ല എന്നറിഞ്ഞത് എനിക്കു പ്രോത്സാഹനം പകർന്നു. കൂടാതെ, യഥാർഥ സുഹൃത്തുക്കളെ എങ്ങനെ നേടാം എന്നതു സംബന്ധിച്ച പ്രായോഗിക ബുദ്ധിയുപദേശം വായിക്കാനും ബാധകമാക്കാനും കഴിഞ്ഞതും വളരെ പ്രയോജനപ്രദമായിരുന്നു.
സി. സി., ഇറ്റലി
എന്റെ മകൾ ആത്മീയമായി വളരാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാ പ്രായത്തിലുള്ളവരെയും സുഹൃത്തുക്കളാക്കാൻ കഴിയുമെന്ന് ഈ മാസിക ഊന്നിപ്പറയുന്നു. ഈ ലേഖനപരമ്പര അവളെ സഹായിക്കുമെന്ന് എനിക്കറിയാം. അത് എന്നെ സഹായിച്ചിരിക്കുന്നു.
എ. എൽ., ഐക്യനാടുകൾ
ഒരു യഥാർഥ സുഹൃത്ത് ആയിത്തീരുന്നതിന് ഞാൻ മറ്റുള്ളവരിൽ താത്പര്യം കാണിക്കുകയും എന്റെ വ്യക്തിത്വത്തിൽ മാറ്റം വരുത്തുകയും ചെയ്യേണ്ടതുണ്ടെന്ന് എനിക്കിപ്പോൾ മനസ്സിലായി. യഹോവ എന്നെ സഹായിക്കുമെന്ന് എനിക്കുറപ്പുണ്ട്.
എം. വൈ., കാനഡ