യുദ്ധത്തിന് ആരെ പഴിക്കണം?
മനുഷ്യവർഗം നടത്തിയിട്ടുള്ള യുദ്ധങ്ങൾക്കു ദൈവത്തെയാണോ പഴിക്കേണ്ടത്? “അല്ല, ദൈവം യുദ്ധം ആഗ്രഹിക്കുന്നില്ല.” അങ്ങനെയാണു രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, വിശ്രുത ജർമൻ പ്രൊട്ടസ്റ്റൻറ് പുരോഹിതനായ മാർട്ടിൻ നീമലർ ഈ ചോദ്യത്തിന് ഉത്തരം നൽകിയത്. അദ്ദേഹത്തിന്റെ പരാമർശങ്ങൾ 1946-ൽ ആക് ഗോട്ട് ഫൊം ഹിമൽ സീ ദാരീൻ—സെക്സ് പ്രീഡിഗ്റ്റൻ (ദൈവമേ, സ്വർഗത്തിൽനിന്നു നോക്കേണമേ—ആറു പ്രസംഗങ്ങൾ)a എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. പുസ്തകം പ്രസ്താവിക്കുന്നു:
“[യുദ്ധങ്ങൾക്കു] ദൈവത്തെ പഴിക്കുന്ന ആർക്കും, ദൈവവചനം അറിയില്ല, അല്ലെങ്കിൽ അറിയാൻ ആഗ്രഹമില്ല. തുടർച്ചയായ യുദ്ധങ്ങൾക്ക് ഏറിയപങ്കും കുറ്റം പേറേണ്ടതു ക്രിസ്ത്യാനികളാണോ അല്ലയോ എന്നതു തീർച്ചയായും മറ്റൊരു സംഗതിയാണ്. എന്നാൽ ഈ ചോദ്യത്തിൽനിന്നു നമുക്കങ്ങനെ എളുപ്പം രക്ഷപ്പെടാനാവില്ല. . . . യുഗങ്ങളിലുടനീളം ക്രിസ്തീയ സഭകൾ സ്വമനസ്സാലെ യുദ്ധങ്ങളെയും സൈന്യങ്ങളെയും ആയുധങ്ങളെയും ആശീർവദിക്കുകയും യുദ്ധത്തിൽ തങ്ങളുടെ ശത്രുക്കളുടെ നാശത്തിനുവേണ്ടി ഒട്ടും ക്രിസ്തീയമല്ലാത്തവിധത്തിൽ പ്രാർഥിക്കുകയും ചെയ്തിട്ടുണ്ടെന്നു കൃത്യതയോടെ ഓർക്കാവുന്നതാണ്. ഇതെല്ലാം നമ്മുടെ കുറ്റമാണ്, നമ്മുടെ പിതാക്കന്മാരുടെ കുറ്റമാണ്, എന്നാൽ ഒരു കാരണവശാലും ദൈവത്തെയല്ല പഴിക്കേണ്ടത്. ആത്മാർഥരായ ബൈബിൾ വിദ്യാർഥികൾ [യഹോവയുടെ സാക്ഷികൾ] എന്നു വിളിക്കപ്പെടുന്ന മതവിഭാഗത്തിനുമുമ്പിൽ, ക്രിസ്ത്യാനികളായ നാം ലജ്ജിതരാണ്. സൈനിക സേവനത്തിൽ ചേരാനും മനുഷ്യരുടെ നേരേ നിറയൊഴിക്കാനും വിസമ്മതിച്ചതിനാൽ അവർ നൂറുകണക്കിന്, ആയിരക്കണക്കിനു പേർ തടങ്കൽപ്പാളയങ്ങളിൽ പോകുകയും മരണമടയുകയും[പോലും] ചെയ്തു.”
ഇന്ന്, രണ്ടാം ലോകമഹായുദ്ധത്തിന് ഏതാണ്ട് 50 വർഷത്തിനുശേഷം, നീമലറുടെ വാക്കുകൾ സമാധാനപ്രേമികൾക്കു ചിന്തയ്ക്കു വക നൽകുന്നു. ഇല്ല, രാഷ്ട്രങ്ങളുടെ രക്തച്ചൊരിച്ചിലിനു ദൈവത്തെ പഴിചാരാനാവില്ല! തീർച്ചയായും, ലോകത്തിന്റെ പോരാട്ടങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്ന തന്റെ സത്യാരാധകരെ ഉപയോഗിച്ചുകൊണ്ട് ദൈവം സകല യുദ്ധങ്ങളുടെയും ആസന്നമായിരിക്കുന്ന അന്ത്യത്തെക്കുറിച്ചു പ്രഖ്യാപിക്കുകയാണ്.—സങ്കീർത്തനം 46:9; യോഹന്നാൻ 17:16.
[അടിക്കുറിപ്പ്]
a മാർട്ടിൻ നീമലറിന്റെ പ്രസംഗങ്ങൾ കുറ്റവും പ്രത്യാശയും സംബന്ധിച്ച് എന്ന പുസ്തകത്തിൽ പിന്നീട് ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. എന്നിരുന്നാലും, ഇംഗ്ലീഷ് പതിപ്പിനു മൂല ജർമൻ പാഠവുമായി വ്യത്യാസമുണ്ട്. അതുകൊണ്ടാണ് ഈ ഉദ്ധരണി നേരിട്ടു ജർമനിൽനിന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട]
USAF photo