വ്യക്തിത്വമുള്ള ഒരു ദൈവത്തിൽ നിങ്ങൾക്കു വിശ്വസിക്കാനാകുമോ?
“ക്രിസ്ത്യാനിയായിരിക്കാൻ നിങ്ങൾ ഒരു ദൈവത്തിൽ വിശ്വസിക്കേണ്ട ആവശ്യമില്ല. . . . ഞങ്ങളിപ്പോൾ ഒരു സമൂല പരിവർത്തന പ്രസ്ഥാനത്തിന്റെ ഭാഗമാണ്. 21-ാം നൂറ്റാണ്ടിൽ സഭയ്ക്ക് പരമ്പരാഗതമായ അർഥത്തിലുള്ള ഒരു ദൈവം ഉണ്ടായിരിക്കില്ല,” എന്ന് ബ്രിട്ടീഷ് യൂണിവേഴ്സിറ്റിയിലെ മുതിർന്ന വികാരി വിശദീകരിച്ചു. കുറഞ്ഞത് നൂറ് ബ്രിട്ടിഷ് പുരോഹിതൻമാർ പിന്തുണയ്ക്കുന്ന സീ ഓഫ് ഫെയ്ത്ത് പ്രസ്ഥാനത്തെ പ്രതിനിധീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതം മമനുഷ്യന്റെ സൃഷ്ടിയാണെന്ന് ഈ “ക്രിസ്തീയ നിരീശ്വരവാദികൾ” തറപ്പിച്ചു പറയുന്നു. അവരിൽ ഒരംഗം പറയുന്നതനുസരിച്ച് ദൈവം കേവലം “ഒരു ആശയമാണ്.” ഒരു പ്രകൃത്യതീത ദൈവം എന്നത് മേലാൽ അവരുടെ ചിന്താഗതിയുമായി യോജിക്കുന്നില്ല.
“ദൈവം മരിച്ചു” എന്നത് 1960-കളിൽ ജനപ്രീതിയാർജിച്ച ഒരു മുദ്രാവാക്യമായിരുന്നു. അത് 19-ാം നൂറ്റാണ്ടിലെ ജർമൻ തത്ത്വചിന്തകനായ ഫിഡ്റിച്ച് നിച്ചെന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിച്ചു. തങ്ങൾക്കു തോന്നുന്നതെല്ലാം ചെയ്യാൻ, യാതൊരു ധാർമിക നിയന്ത്രണവും പാലിക്കാതെ സ്വതന്ത്ര ലൈംഗികതയിലും മയക്കുമരുന്നു ദുരുപയോഗത്തിലും മുഴുകാൻ അതു മിക്ക ചെറുപ്പക്കാർക്കും ഒഴിവുകഴിവു നൽകി. പ്രേമവക്താക്കളായ ഹിപ്പികൾ എന്നറിയപ്പെട്ട അവരെ അത്തരം സ്വാതന്ത്ര്യം ഏറെ സന്തുഷ്ടവും അധികം സംതൃപ്തിദായകവുമായ ജീവിതത്തിലേക്കു നയിച്ചോ?
അതേ ദശകത്തിൽത്തന്നെ ആംഗ്ലിക്കൻ ബിഷപ്പായ ജോൺ എ. ടി. റോബിൻസൻ ദൈവത്തോടു വിശ്വസ്തനായിരിക്ക (ഇംഗ്ലീഷ്) എന്ന വിവാദപരമായ പുസ്തകം പ്രസിദ്ധീകരിച്ചു. ദൈവത്തെക്കുറിച്ച്, “മാനുഷ അനുഭവത്തിലെ വികാരതീവ്രതയുടെ ഒരു ഘടകം എന്നതിലുപരിയായി” ചിന്തിച്ചതിന് സഹവൈദികരിൽ മിക്കവരും അദ്ദേഹത്തെ വിമർശിച്ചു. ദൈവശാസ്ത്ര പ്രൊഫസറായ കിത്ത് വാർഡ് ചോദിച്ചു: “ജ്ഞാനികൾ ഇപ്പോൾ തള്ളിക്കളഞ്ഞിരിക്കുന്ന, ഒരുതരം പഴഞ്ചൻ അന്ധവിശ്വാസമാണോ ദൈവവിശ്വാസം?” സ്വന്തം ചോദ്യത്തിന് ഉത്തരം നൽകിക്കൊണ്ട് അദ്ദേഹം പറഞ്ഞു: “ഇന്ന് മതത്തിൽ, ദൈവത്തെക്കുറിച്ചുള്ള പരമ്പരാഗത അറിവു വീണ്ടെടുക്കുക എന്നതിനെക്കാൾ പ്രധാനപ്പെട്ടതായി ഒന്നുമില്ല.”
കഷ്ടപ്പാടുകളും വ്യക്തിത്വമുള്ള ദൈവവും
വ്യക്തിത്വമുള്ള ഒരു ദൈവത്തിൽ വിശ്വസിക്കുന്ന ഒട്ടുമിക്കവരും തങ്ങളുടെ വിശ്വാസത്തെ തങ്ങൾ കാണുന്ന ദുരന്തങ്ങളും കഷ്ടപ്പാടുകളുമായി ബന്ധപ്പെടുത്തുക ബുദ്ധിമുട്ടാണെന്നു കണ്ടെത്തുന്നു. ദൃഷ്ടാന്തത്തിന്, 1996 മാർച്ചിൽ സ്കോട്ട്ലൻഡിലെ ഡൺബ്ലേനിൽ 16 കൊച്ചുകുട്ടികളെയും അധ്യാപികയെയും വെടിവെച്ചു കൊന്നു. “ദൈവനിശ്ചയത്തെക്കുറിച്ച് എനിക്കൊരു പിടിയും കിട്ടുന്നില്ല” എന്ന് അങ്ങേയറ്റം നിരാശപൂണ്ട ഒരു സ്ത്രീ പറഞ്ഞു. ആ കുട്ടികളുടെ സ്കൂളിനു വെളിയിൽ പുഷ്പങ്ങളോടൊപ്പം വെച്ചിരുന്ന ഒരു കാർഡ് ആ ദുരന്തത്തിന്റെ കഠോര വേദന വിളിച്ചോതുന്നതായിരുന്നു. അതിൽ ഒരൊറ്റ വാക്കേ ഉണ്ടായിരുന്നുള്ളൂ, “എന്തുകൊണ്ട്?” ഡൺബ്ലേൻ പള്ളിയിലെ ശുശ്രൂഷകൻ ഉത്തരമായി പറഞ്ഞു: “യാതൊരു വിശദീകരണവുമില്ല. ഇത് എന്തുകൊണ്ടു സംഭവിക്കണമായിരുന്നെന്നതിന് ഉത്തരം നൽകാൻ ഞങ്ങൾക്കാവില്ല.”
പിന്നീട് അതേ വർഷംതന്നെ ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ജനസമ്മതനായ ഒരു യുവ പുരോഹിതൻ ദാരുണമായി കൊല്ലപ്പെട്ടു. “എന്തുകൊണ്ട്? എന്തുകൊണ്ട്? എന്ന ചോദ്യവുമായി ദൈവത്തിന്റെ വാതിലിൽ ശക്തമായി മുട്ടിവിളിക്കുന്ന”തിനെക്കുറിച്ച് ലിവർപൂളിലെ ആർച്ച്ഡീക്കൻ സംസാരിക്കുന്നത് ഞെട്ടലിൽനിന്ന് അപ്പോഴും മുക്തമാകാഞ്ഞ സഭ കേട്ടതായി ചർച്ച് ടൈംസ് റിപ്പോർട്ടു ചെയ്തു. ഈ വൈദികനും വ്യക്തിത്വമുള്ള ദൈവത്തിൽനിന്നുള്ള യാതൊരു ആശ്വാസവാക്കുകളും നൽകാനില്ലായിരുന്നു.
അപ്പോൾപ്പിന്നെ നാമെന്താണ് വിശ്വസിക്കേണ്ടത്? വ്യക്തിത്വമുള്ള ഒരു ദൈവത്തിൽ വിശ്വസിക്കുന്നതു ന്യായയുക്തമാണ്. മുകളിൽ ഉന്നയിച്ചിരിക്കുന്ന ശക്തമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള മാർഗം അതാണ്. പിൻവരുന്ന ലേഖനത്തിൽ അവതരിപ്പിച്ചിരിക്കുന്ന തെളിവു പരിഗണിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്.
[3-ാം പേജിലെ ചിത്രം]
കാർഡിൽ ചോദിച്ചിരുന്നു, “എന്തുകൊണ്ട്?”
[കടപ്പാട]
NEWSTEAM No. 278468/Sipa Press