അവർ ‘സത്യം വാങ്ങി’!
“സത്യം വില്ക്കയല്ല വാങ്ങുകയത്രേ വേണ്ടതു.” (സദൃശവാക്യങ്ങൾ 23:23) ജ്ഞാനിയായ ശലോമോൻ അപ്രകാരം ഉദ്ബോധിപ്പിച്ചു. സത്യത്തെക്കുറിച്ച് പൊതുവിൽ അങ്ങനെ പറയാമെന്നിരിക്കെ, ദൈവവചനമായ ബൈബിളിൽ കാണപ്പെടുന്ന സത്യത്തിന്റെ കാര്യത്തിൽ അത് വിശേഷിച്ചും അങ്ങനെതന്നെയാണ്. അത്തരം സത്യത്തിന് നിത്യജീവനിലേക്കു നയിക്കാൻ കഴിയും! (യോഹന്നാൻ 17:3, 17) എന്നാൽ അത്തരം സത്യം വിലകൊടുക്കാതെ നേടാനാവില്ലെന്നു കുറിക്കൊള്ളുക. അത് ‘വാങ്ങാൻ,’ അതായത് അതു നേടുന്നതിനുവേണ്ടി ചിലത് ബലികഴിക്കാൻ അല്ലെങ്കിൽ ത്യജിക്കാൻ ഒരുവനു മനസ്സൊരുക്കമുണ്ടായിരിക്കണം. (മത്തായി 13:45, 46 താരതമ്യം ചെയ്യുക.) ആളുകൾ പൊതുവേ അതു ചെയ്യാൻ മനസ്സുള്ളവരല്ല. എന്നാൽ അനേകം രാജ്യങ്ങളിൽ, എണ്ണത്തിൽ വർധിച്ചുകൊണ്ടിരിക്കുന്ന ധൈര്യശാലികളായ വ്യക്തികൾ ബൈബിൾ സത്യം വാങ്ങിക്കൊണ്ടിരിക്കുന്നു—മിക്കപ്പോഴും വ്യക്തിപരമായി വലിയ വിലയൊടുക്കിക്കൊണ്ടുതന്നെ.
ദൃഷ്ടാന്തത്തിന്, പശ്ചിമാഫ്രിക്കൻ രാജ്യമായ ഘാനയിലെ യഹോവയുടെ സാക്ഷികളുടെ കാര്യമെടുക്കുക. 1989 ജൂണിൽ, ബൈബിൾ സത്യം സ്വീകരിച്ച് അത് മറ്റുള്ളവരുമായി ഉത്സാഹപൂർവം പങ്കുവെക്കുന്ന 34,000-ത്തിലധികം ആളുകൾ ആ രാജ്യത്തുണ്ടായിരുന്നു. പരസ്യമായ പ്രസംഗവേലയുടെമേൽ അപ്പോൾ നിയമപരമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. എന്നാൽ, നിയമപരമായ തടസ്സം ഉണ്ടായിരുന്നിട്ടും ആത്മാർഥഹൃദയർ ‘സത്യം വാങ്ങു’ന്നതിൽ തുടർന്നു. 1991 ഒക്ടോബർ 31-ന് നിയന്ത്രണങ്ങൾ അവസാനിച്ചു. 1995 മധ്യത്തോടെ, നിയന്ത്രണങ്ങൾ നീക്കംചെയ്ത് വെറും മൂന്നരവർഷം കഴിഞ്ഞ്, ഘാനയിലെ പ്രവർത്തനനിരതരായ യഹോവയുടെ സാക്ഷികളുടെ എണ്ണം 46,104-ആയി വർധിച്ചിരുന്നു! ഈ വർഷം എണ്ണം 52,800-ൽപ്പരമായി വർധിച്ചിരിക്കുന്നു.
ദൈവവചനത്തിലെ സത്യങ്ങളിലേക്ക് എന്താണ് ആളുകളെ ആകർഷിച്ചിരിക്കുന്നത്? ‘സത്യം വാങ്ങു’ന്നതിന് ചിലർ എന്തു ത്യാഗങ്ങൾ ചെയ്യേണ്ടതുണ്ടായിരുന്നു? ഉത്തരത്തിനായി, ഘാനക്കാരായ മൂന്ന് ക്രിസ്ത്യാനികളുടെ അനുഭവങ്ങൾ നമുക്കു പരിശോധിക്കാം.
ബൈബിൾ പഠിപ്പിക്കലുകളാൽ ആകർഷിക്കപ്പെട്ടു
20-നുമേൽ പ്രായമുള്ള ഒരു യുവതിയുടെ കാര്യം നമുക്ക് ആദ്യം പരിഗണിക്കാം. അവളുടെ പിതാവ് ഒരു പാസ്റ്ററായിരുന്നു. എന്നിട്ടും പിതാവിന്റെ മതം ഉപേക്ഷിക്കാൻ അവൾ തീരുമാനിച്ചു. കാരണമോ? സത്യത്തോടുള്ള അവളുടെ സ്നേഹം.
അവൾ ഒരിക്കൽ വിശദീകരിച്ചു: “സാക്ഷികൾ വീടുതോറും പോകുമ്പോൾ ഞങ്ങളുടെ വീട്ടിലും വരാറുണ്ടായിരുന്നു. അവരുമായി ഏതാനും ചർച്ചകൾ നടത്തിക്കഴിഞ്ഞപ്പോൾ, അവർ പഠിപ്പിക്കുന്ന കാര്യങ്ങൾ തികച്ചും ബൈബിളധിഷ്ഠിതമാണെന്ന് എനിക്കു മനസ്സിലായി. ത്രിത്വം, നരകാഗ്നി, ദേഹിയുടെ അമർത്യത, പ്രത്യേകിച്ചും വിശ്വാസരോഗശാന്തി തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് ഞാൻ ചോദ്യങ്ങൾ ഉന്നയിച്ചു. ആ ഉപദേശങ്ങൾ ബൈബിളിൽനിന്നാണെന്ന് ഞാൻ ശക്തമായി വിശ്വസിച്ചു. എന്നാൽ അതല്ല യാഥാർഥ്യമെന്ന് മനസ്സിലാക്കാൻ സാക്ഷികൾ എന്നെ സഹായിച്ചു.”—ആ വിഷയങ്ങൾ സംബന്ധിച്ച ബൈബിളിന്റെ വീക്ഷണത്തെക്കുറിച്ചുള്ള സൂചനയ്ക്ക് ദയവായി മർക്കൊസ് 13:32; റോമർ 6:23; പ്രവൃത്തികൾ 10:40; 1 കൊരിന്ത്യർ 13:8-10 എന്നിവ കാണുക.
ആ ചെറുപ്പക്കാരി ഇങ്ങനെ കൂട്ടിച്ചേർത്തു: “എന്നാൽ, എന്റെ കുടുംബത്തിൽനിന്ന് ശക്തമായ എതിർപ്പുണ്ടായിരുന്നു, പ്രത്യേകിച്ചും പിതാവിൽനിന്ന്. ഞാൻ വഴിതെറ്റിക്കപ്പെടുകയാണെന്ന് അദ്ദേഹം വിചാരിച്ചു. പക്ഷേ, യഹോവയുടെ സാക്ഷികളിൽനിന്ന് പഠിച്ചുകൊണ്ടിരുന്നത് സത്യമാണെന്ന് ഞാൻ മനസ്സിലാക്കി. ബൈബിളിൽനിന്നുള്ള ആ കാര്യങ്ങൾ പിതാവിനെ ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹം ശ്രദ്ധിക്കുമായിരുന്നില്ല. വാസ്തവത്തിൽ, എതിർപ്പു കൂടുതൽ രൂക്ഷമായി.
“എന്നിരുന്നാലും ഞാൻ ഉറച്ചുനിന്നു. യഥാർഥ പരിജ്ഞാനം മാത്രമേ പറുദീസയിലെ നിത്യജീവനിലേക്കു നയിക്കുകയുള്ളൂവെന്ന് ഞാൻ മനസ്സിലാക്കി. അതു മുറുകെപ്പിടിക്കാൻ ഞാൻ ദൃഢനിശ്ചയം ചെയ്തു. ഞാൻ അഭിമുഖീകരിച്ചുകൊണ്ടിരുന്ന പ്രശ്നങ്ങളെക്കുറിച്ച് പ്രാദേശിക സാക്ഷികൾ കേട്ടപ്പോൾ, അവർ എന്നെ പ്രോത്സാഹിപ്പിക്കുകയും ചില അടിസ്ഥാന ആവശ്യങ്ങൾ സാധിച്ചുതരികയും ചെയ്തുകൊണ്ട് സ്നേഹപൂർവം എന്റെ സഹായത്തിനെത്തി. യോഹന്നാൻ 13:35-ൽ കാണുന്ന യേശുവിന്റെ വാക്കുകളുടെ പ്രാധാന്യം മനസ്സിലാക്കാൻ അതെന്നെ സഹായിച്ചു: ‘നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാർ എന്നു എല്ലാവരും അറിയും.’ യഹോവയുടെ സാക്ഷികൾ സത്യമതം ആചരിക്കുന്നുവെന്ന എന്റെ ബോധ്യം കൂടുതൽ ആഴമുള്ളതായിത്തീർന്നു. പിന്നീട്, ഞാൻ ജീവിതത്തിൽ മെച്ചപ്പെട്ട മാറ്റങ്ങൾ വരുത്തിയിരിക്കുന്നതായി മാതാപിതാക്കൾ ശ്രദ്ധിച്ചപ്പോൾ അത് അവർക്ക് ഇഷ്ടമാകുകയും എന്നോടുള്ള അവരുടെ മനോഭാവത്തിന് മാറ്റംവരികയും ചെയ്തു—എന്റെ ജ്യേഷ്ഠനോടൊപ്പം ബൈബിൾ പഠിക്കാൻ പിതാവ് സാക്ഷികളോട് ആവശ്യപ്പെട്ട ഘട്ടത്തോളം!”
സത്യം സംബന്ധിച്ചു തനിക്കുതന്നെ ബോധ്യം വരുത്തൽ
സാക്ഷികളായ മാതാപിതാക്കളാൽ വളർത്തപ്പെട്ട ചില ചെറുപ്പക്കാർക്കും ‘സത്യം വാങ്ങു’ന്നത് ഒരു വെല്ലുവിളിയാണ്. ബൈബിൾസത്യത്തെ നിസ്സാരമായെടുക്കാൻ ചില ചെറുപ്പക്കാർ ചായ്വുള്ളവരാണ്. ആ സത്യങ്ങൾ തങ്ങളുടെ സ്വന്തമാക്കാൻ അവർ പരാജയപ്പെടുന്നെങ്കിൽ അവരുടെ വിശ്വാസം ബലഹീനമായിരിക്കാൻ, ഉപരിപ്ലവമായിരിക്കാൻ സാധ്യതയുണ്ട്. (മത്തായി 13:20, 21 താരതമ്യം ചെയ്യുക.) ചെറുപ്പമായിരുന്നപ്പോൾ താൻ എങ്ങനെയാണ് ‘സത്യം വാങ്ങി’യതെന്ന് 30-നുമേൽ പ്രായമുള്ള നഥനയേൽ പറയുന്നു.
“ഞാനൊരു ശിശുവായിരുന്നപ്പോൾമുതൽ മാതാപിതാക്കൾ എന്നെ ബൈബിൾ പഠിപ്പിച്ചിരുന്നു,” അദ്ദേഹം ഓർമിക്കുന്നു. “വളർന്നപ്പോൾ ഞാൻ പ്രസംഗവേലയിൽ അവരെ അനുഗമിച്ചു. എന്നാൽ വാസ്തവത്തിൽ ഒരു സാക്ഷിയായിത്തീരാൻ ഞാൻ തീരുമാനിച്ചിട്ടില്ലായിരുന്നു. കാര്യങ്ങൾ സ്വയം പരിശോധിക്കേണ്ടതുണ്ടെന്ന് ഞാൻ കാലക്രമത്തിൽ തിരിച്ചറിയാനിടയായി.
“മതപരമായ മറ്റൊരു വിശുദ്ധ ഗ്രന്ഥവുമല്ല, മറിച്ച് ബൈബിളാണ് ദൈവത്തിന്റെ വചനം എന്ന് എനിക്ക് ആദ്യംതന്നെ ബോധ്യപ്പെടേണ്ടതുണ്ടായിരുന്നു. കൃത്യമായി നിറവേറിയ അനേകം വ്യക്തമായ പ്രവചനങ്ങൾ അടങ്ങുന്ന ഏക വിശുദ്ധ ഗ്രന്ഥം അതാണെന്ന് വ്യക്തിപരമായ പഠനത്തിലൂടെ ഞാൻ മനസ്സിലാക്കി. ബൈബിളിൽ നിരവധി ശാസ്ത്രീയ സത്യങ്ങളും അടങ്ങിയിട്ടുണ്ടെന്ന് എനിക്കു മനസ്സിലായി, അതിനൊരു ഉദാഹരണമാണ് ‘ഭൂമിയെ ശൂന്യതയുടെമേൽ തൂക്കിയിട്ടിരിക്കുന്നു’ എന്നത്. (ഇയ്യോബ് 26:7, പി.ഒ.സി. ബൈബിൾ) നമ്മുടെ സൗരയൂഥത്തെക്കുറിച്ച് ശാസ്ത്രജ്ഞന്മാർ മനസ്സിലാക്കുന്നതിന് ആയിരക്കണക്കിനു വർഷങ്ങൾ മുമ്പാണ് ആ വാക്കുകൾ എഴുതപ്പെട്ടത്. അത്തരം കാര്യങ്ങൾ എഴുതുന്നതിന് മനുഷ്യരെ നിശ്വസ്തരാക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ!a
“അടുത്തതായി, ബൈബിളിൽ പഠിപ്പിച്ചിരിക്കുന്ന സത്യങ്ങൾ പഠിപ്പിക്കുകയും അത് അനുഷ്ഠിക്കുകയും ചെയ്യുന്ന മതസ്ഥാപനം ഏതാണെന്നു കണ്ടുപിടിക്കാൻ ഞാൻ ആഗ്രഹിച്ചു. നരകാഗ്നി, ത്രിത്വം, മരണത്തെ അതിജീവിക്കുന്ന അമർത്യദേഹി എന്നീ കാര്യങ്ങൾ മിക്ക മതങ്ങളും പഠിപ്പിക്കുന്നു. എന്നാൽ ഈ ഉപദേശങ്ങളിൽ കഴമ്പുള്ളതായി എനിക്കു തോന്നിയില്ല. ഞാൻ ഇങ്ങനെ ന്യായവാദം ചെയ്തു: ഒരു ശിക്ഷയെന്ന നിലയിൽ തന്റെ കുട്ടിയുടെ കൈ തിളയ്ക്കുന്ന വെള്ളത്തിൽ മുക്കുന്ന ഒരു പിതാവ് ദുഷ്ടനായിരിക്കില്ലേ? അപ്പോൾപ്പിന്നെ സ്നേഹവാനായ ഒരു ദൈവത്തിന് എങ്ങനെ തന്റെ മക്കളെ തീനരകത്തിലിട്ട് ദണ്ഡിപ്പിക്കാൻ സാധിക്കും? എന്നാൽ, ‘പാപത്തിന്റെ ശമ്പളം മരണമത്രേ’—ഏതെങ്കിലും അഗ്നിനരകമല്ല—എന്നു പറയുന്ന റോമർ 6:23 പോലുള്ള ബൈബിൾ വാക്യങ്ങൾക്കു ചേർച്ചയിലാണ് യഹോവയുടെ സാക്ഷികളുടെ പഠിപ്പിക്കൽ. അത് എനിക്ക് അർഥവത്തായി തോന്നി.
“എല്ലാ അംഗങ്ങളും ബൈബിളിന്റെ നിലവാരങ്ങളനുസരിച്ച് ജീവിക്കണമെന്ന് യഹോവയുടെ സാക്ഷികൾ നിഷ്കർഷിക്കുന്നതായും അനുതാപമില്ലാതെ പാപം ചെയ്യുന്നവരെ അവർ പുറത്താക്കുന്നതായും ഞാൻ നിരീക്ഷിച്ചു. ഇതിന്റെയെല്ലാം വീക്ഷണത്തിൽ, യഹോവയുടെ സാക്ഷികളുടെ പക്കൽ സത്യമുണ്ടെന്ന് ഞാൻ നിഗമനം ചെയ്തു. അവരിൽ ഒരാളായിത്തീരാൻ ഞാൻ വ്യക്തിപരമായി തീരുമാനമെടുത്തു. ഒരു സാക്ഷിയെന്നനിലയിൽ സ്നാപനമേൽക്കുന്നതിന് യോഗ്യതപ്രാപിക്കാൻ ഞാൻ കഠിനശ്രമം ചെയ്തു.”—1 കൊരിന്ത്യർ 5:11-13.
ക്രിസ്തീയ മാതാപിതാക്കളാൽ വളർത്തപ്പെട്ട ചെറുപ്പക്കാരും ‘സത്യം വാങ്ങേ’ണ്ടതുണ്ടെന്ന് നഥനയേലിന്റെ അനുഭവം നന്നായി ചിത്രീകരിക്കുന്നു. അവർ ക്രിസ്തീയ യോഗങ്ങളിൽ കേവലം ഹാജരായാൽ മാത്രം പോരാ. പുരാതന ബെരോവാക്കാരെപ്പോലെ അവരും, “അതു അങ്ങനെ തന്നെയോ എന്നു ദിനമ്പ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു” നോക്കണം. (പ്രവൃത്തികൾ 17:11) അതിന് സമയവും ശ്രമവും ആവശ്യമാണ്, എന്നാൽ ശക്തമായ വിശ്വാസവും ബോധ്യവുമായിരിക്കും ഫലം.—എഫെസ്യർ 3:17-19 താരതമ്യം ചെയ്യുക.
വ്യാജമത മിഥ്യാബോധത്തിൽനിന്ന് മുക്തൻ
പ്രസ്ബിറ്റേറിയൻ സഭയും രഹസ്യസാഹോദര്യ സംഘവും വിട്ടുപോന്നപ്പോൾ ഘാനക്കാരനായ ഗോഡ്വിന് ഏകദേശം 70 വയസ്സുണ്ടായിരുന്നു. “ആക്ഷേപകരമെന്നു ഞാൻ കണ്ടെത്തിയ കാര്യങ്ങൾ പള്ളിയിൽ നടന്നിരുന്നു,” ഗോഡ്വിൻ പറയുന്നു. “ദൃഷ്ടാന്തത്തിന്, അവിടെ കടുത്ത ഉൾപ്പോരുണ്ടായിരുന്നു, അതിപ്പോഴും തുടരുന്നു. ക്രമസമാധാനം നിലനിർത്തുന്നതിന് ചിലപ്പോഴൊക്കെ പൊലീസ് എത്തിച്ചേരേണ്ടതുണ്ടായിരുന്നു! ഇത് ക്രിസ്തുവിന്റെ അനുഗാമികൾക്കു യോജിച്ചതാണെന്ന് ഞാൻ കരുതിയില്ല. അങ്ങനെയിരിക്കെ എനിക്കും ഒരു സഹപ്രസ്ബിറ്റേറിയനും ഇടയിൽ ഒരു പ്രശ്നം ഉണ്ടായി. ഒരു ലൗകിക കോടതി അന്യായം കേൾക്കുകയും മറ്റേ വ്യക്തിയെ കുറ്റക്കാരനായി വിധിക്കുകയും ചെയ്തു. എന്നാൽ, പള്ളിയിലെ ശുശ്രൂഷകൻ ന്യായരഹിതമായി മറ്റേ വ്യക്തിയുടെ പക്ഷംപിടിക്കുകയും മുഴു സഭയുടെയും മുമ്പാകെ എന്നെ ഔദ്യോഗികമായി ശാസിക്കാൻ ശ്രമിക്കുകയും ചെയ്തു! ഞാൻ അദ്ദേഹത്തോട് കാര്യങ്ങൾ വെട്ടിത്തുറന്നു പറഞ്ഞിട്ട് പള്ളിയിൽനിന്ന് ഇറങ്ങിപ്പോയി—പിന്നെ ഞാൻ ഒരിക്കലും തിരിച്ചുപോയിട്ടില്ല.
“കുറച്ചുകാലം കഴിഞ്ഞ് യഹോവയുടെ സാക്ഷികൾ എന്റെ ഭവനം സന്ദർശിച്ചു. ആദ്യം ഞാൻ വെറുതേ കേട്ടു, കാരണം ദൈവത്തെക്കുറിച്ചു പറയുന്നവരെ നിരസിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. പതിറ്റാണ്ടുകളോളം ഞാനൊരു പ്രസ്ബിറ്റേറിയൻ ആയിരുന്നെങ്കിലും എനിക്ക് അറിയില്ലാത്ത ഒരുപാടു കാര്യങ്ങൾ ബൈബിളിലുണ്ടെന്ന് എനിക്കു മനസ്സിലായിത്തുടങ്ങി. ദൃഷ്ടാന്തത്തിന്, ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശ ബൈബിൾ വെച്ചുനീട്ടുന്നുണ്ടെന്ന് ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല.b ഞാൻ യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങിയപ്പോൾ, അവരുടെ പെരുമാറ്റരീതികൾ, വിശേഷിച്ചും അവരുടെ ഇടയിലെ ചെറുപ്പക്കാരുടെ വസ്ത്രധാരണവും ചമയവും എന്നിൽ വളരെയേറെ മതിപ്പുളവാക്കി. വാസ്തവമായും ബൈബിൾ തത്ത്വങ്ങൾ അനുസരിച്ച് ജീവിച്ചിരുന്നവരായിരുന്നു അവർ!”
എന്നിട്ടും, ‘സത്യം വാങ്ങു’ന്നതിന് അദ്ദേഹം തന്റെ ജീവിതത്തിൽ ശ്രമകരമായ പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ടായിരുന്നു. ഗോഡ്വിൻ ഓർമിക്കുന്നു: “ഞാൻ ഒരു രഹസ്യസാഹോദര്യ സംഘത്തിലെ അംഗമായിരുന്നു. സംഘാംഗങ്ങൾക്ക് സഹായം പ്രദാനം ചെയ്യുന്ന ഒരു സാഹോദര്യ സംഘടനയായി അത് അറിയപ്പെടുന്നെങ്കിലും, തലയോട്ടികളുടെയും എല്ലുകളുടെയും ഉപയോഗം ഉൾപ്പെടുന്ന അനുഷ്ഠാനങ്ങളും ആത്മാക്കളോടുള്ള അഭയയാചനകളും ഞാൻ ആചരിച്ചു. തങ്ങളുമായി സമ്പർക്കം പുലർത്തുന്നവരെ ആത്മീയമായി പുരോഗമിക്കാൻ ഈ ആത്മാക്കൾ സഹായിക്കുന്നതായി കരുതപ്പെട്ടിരുന്നു.
“ആത്മവിദ്യയ്ക്ക് ഒരുവനെ സാത്താന്റെയും അവന്റെ ദുഷ്ടാത്മസേനകളുടെയും സ്വാധീനത്തിൻ കീഴിലാക്കാൻ കഴിയുമെന്നതിനാൽ ആത്മവിദ്യയിലുള്ള ഏതൊരു ഉൾപ്പെടലിനെയും യഹോവയാം ദൈവം വെറുക്കുന്നുവെന്ന് മനസ്സിലാക്കാൻ എന്റെ പഠനങ്ങൾ എന്നെ സഹായിച്ചു.c രഹസ്യസാഹോദര്യ സംഘത്തിലെ സകല അതീന്ദ്രിയത്വവും സഹിതം അതിലെ ഒരംഗമായി ഞാൻ തുടരുമോ, അതോ ഞാൻ അതു നിർത്തി യഹോവയെ പ്രസാദിപ്പിക്കുമോ? ഞാൻ രണ്ടാമത്തേത് തിരഞ്ഞെടുത്തു. രഹസ്യസാഹോദര്യ സംഘടനയോടു ബന്ധപ്പെട്ട് എനിക്കുണ്ടായിരുന്ന എല്ലാ സാധനസാമഗ്രികളും ഞാൻ നശിപ്പിച്ചു, സംഘടനയുടെ യോഗങ്ങൾക്ക് ഞാൻ ധരിച്ചിരുന്ന വിശേഷ വസ്ത്രംപോലും. ‘സത്യം നിങ്ങളെ സ്വതന്ത്രൻമാരാക്കും,’ എന്ന യേശുവിന്റെ വാഗ്ദാനത്തിന്റെ സത്യത ഞാൻ അനുഭവിച്ചറിഞ്ഞു! (യോഹന്നാൻ 8:32) പഠിച്ച കാര്യങ്ങൾ ഞാനിപ്പോൾ മറ്റുള്ളവരുമായി സന്തോഷപൂർവം പങ്കുവെക്കുന്നു. എനിക്കു യാതൊരു നഷ്ടബോധവും തോന്നുന്നില്ല.”
‘സത്യം വാങ്ങു’ന്നതിനുവേണ്ടി ആത്മാർഥഹൃദയരായ അനേകായിരമാളുകൾ സമാനമായി വലിയ ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്. ഇവിടെ ചർച്ചചെയ്ത മൂന്നു ക്രിസ്ത്യാനികളെപ്പോലെ അവർക്കും തങ്ങൾ വരുത്തിയ മാറ്റങ്ങളെപ്രതി യാതൊരു നഷ്ടബോധവും തോന്നുന്നില്ല. അവർക്ക് ബൈബിൾ സത്യം, “സാക്ഷാലുള്ള [“യഥാർഥ,” NW] ജീവനെ പിടിച്ചു കൊള്ളേണ്ടതിന്നു വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം” നൽകിയിരിക്കുന്നു. (1 തിമൊഥെയൊസ് 6:19) നിങ്ങൾ ‘സത്യം വാങ്ങു’ന്നെങ്കിൽ, ‘യഥാർഥ ജീവനും’ അതോടൊപ്പമുള്ള സകല അനുഗ്രഹങ്ങളും നിത്യം നിങ്ങളുടേതായിരിക്കും.
[അടിക്കുറിപ്പുകൾ]
a കൂടുതലായ വിവരത്തിന്, വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ച, ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ (ഇംഗ്ലീഷ്) എന്ന പുസ്തകം കാണുക.
b ഉദാഹരണത്തിന്, സങ്കീർത്തനം 37:9-11, 29 കാണുക.
c ആവർത്തനപുസ്തകം 18:10-12; ഗലാത്യർ 5:19-21 എന്നിവ കാണുക.
[9-ാം പേജിലെ ചിത്രം]
നഥനയേൽ
[9-ാം പേജിലെ ചിത്രം]
ഗോഡ്വിൻ