നമ്മുടെ ഭൂമിയുടെ ഭാവി എന്തായിരിക്കും?
“പ്രാകൃതമായ ആഭ്യന്തര കലാപത്തിന്റെയും അസംഖ്യം പോരാട്ടങ്ങളുടെയും അഭയാർഥി പ്രവാഹത്തിന്റെയും യുദ്ധങ്ങളിൽ കൊല്ലപ്പെട്ട കോടിക്കണക്കിന് ആളുകളുടെയും ‘പ്രതിരോധ’ത്തിനായി ചെലവഴിക്കുന്ന ഭീമമായ തുകയുടെയും കാര്യമെടുത്താൽ 20-ാം നൂറ്റാണ്ടിന് തുല്യമായ മറ്റൊരു നൂറ്റാണ്ടുമില്ല” എന്ന് ലോക സൈനിക, സാമൂഹിക ചെലവുകൾ 1996 (ഇംഗ്ലീഷ്) പ്രസ്താവിക്കുന്നു. ഈ സ്ഥിതിവിശേഷത്തിനു മാറ്റം വരുമോ?
നൂറ്റാണ്ടുകൾക്കു മുമ്പ്, ദൈവം നൽകിയ ഒരു വാഗ്ദാനത്തെക്കുറിച്ച് അപ്പോസ്തലനായ പത്രൊസ് ക്രിസ്ത്യാനികളെ ഓർമിപ്പിച്ചു: “നാം [ദൈവത്തിന്റെ] വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.” (2 പത്രൊസ് 3:13) ആ വാക്കുകൾ വാസ്തവത്തിൽ യെശയ്യാ പ്രവചനത്തിന്റെ ഭാഗമായിരുന്നു. (യെശയ്യാവു 65:17; 66:22) പുരാതന ഇസ്രായേൽ ജനത ബാബിലോനിലെ 70 വർഷത്തെ പ്രവാസത്തിനുശേഷം വാഗ്ദത്ത ദേശത്തേക്കു പുനഃസ്ഥിതീകരിക്കപ്പെട്ടപ്പോൾ ആ പ്രവചനത്തിന്റെ പ്രാഥമിക നിവൃത്തി അനുഭവിച്ചു. “പുതിയ ആകാശവും പുതിയ ഭൂമിയും” സംബന്ധിച്ച വാഗ്ദത്തം ആവർത്തിച്ചു പറഞ്ഞുകൊണ്ട്, ഏറെ മഹത്തായ ഒരളവിൽ—ലോകവ്യാപകമായി—ആ പ്രവചനം നിവൃത്തിയാകുമെന്ന് പത്രൊസ് പ്രകടമാക്കി!
ഭൂമിയിലെങ്ങും നീതിനിഷ്ഠമായ അവസ്ഥകൾ സ്ഥാപിക്കുകയെന്നത് ദൈവഹിതമാണ്. ക്രിസ്തു രാജാവായിരിക്കുന്ന അവന്റെ സ്വർഗീയ രാജ്യം അത് സാധ്യമാക്കും. “ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.” (യെശയ്യാവു 2:4) ഭൂമിയിൽ അത്തരം സമ്പൂർണ സമാധാനവും സുരക്ഷിതത്വവും പ്രതീക്ഷിക്കാനും അതിനായി പ്രാർഥിക്കാനും യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. കർത്താവിന്റെ പ്രാർഥന എന്ന് അറിയപ്പെടുന്ന ആ പ്രാർഥനയിൽ ഇങ്ങനെ പറയുന്നു: “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.”—മത്തായി 6:9, 10.
സ്വർഗത്തിലെപ്പോലെ നീതിനിഷ്ഠമായ ഒരു ലോകത്തിൽ ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുമോ? ദൈവത്തെ അറിയുന്നതിന് മുഴുഹൃദയാ ശ്രമിക്കാനും അവന്റെ നീതിനിഷ്ഠമായ വഴികൾ അനുസരിച്ച് ജീവിക്കാനും ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും ബൈബിൾ വെച്ചുനീട്ടുന്ന പ്രത്യാശ അതാണ്.