അവർ മതം ഉപേക്ഷിക്കുന്നത് എന്തുകൊണ്ട്?
താൻ ഒരു മതത്തിലും അംഗമല്ലെന്നു പ്രഷ്യയിലെ (ഇപ്പോൾ ഉത്തര ജർമനിയിൽ) ഒരു നിവാസി പറയുന്നത് 19-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മിക്കവാറും കേട്ടുകേൾവി പോലും ഇല്ലാഞ്ഞ ഒരു സംഗതിയായിരുന്നു. വാസ്തവത്തിൽ, ഒരു മുഖ്യധാരാ മതത്തിൽനിന്നു വ്യവസ്ഥാപിതമല്ലാത്ത ഒരു സഭയിലേക്കു പരിവർത്തനം ചെയ്യുന്നതുതന്നെ ഒരുവനെ പൊലീസ് നിരീക്ഷണത്തിൽ ആക്കുമായിരുന്നു. കാലം എത്ര മാറിയിരിക്കുന്നു!
ഇന്ന്, വലിയൊരു കൂട്ടം ജർമൻകാർ പള്ളികളിൽനിന്നു രാജി വെയ്ക്കുന്നു. റിപ്പോർട്ടു ചെയ്യപ്പെടുന്ന പ്രകാരം, 4 പേരിൽ 1 ആൾ താൻ ഒരു മതത്തിലും അംഗമല്ലെന്ന് അവകാശപ്പെടുന്നു. ഓസ്ട്രിയയിലും സ്വിറ്റ്സർലൻഡിലും സമാനമായ ഒരു പ്രവണത കാണാം. ഒരു മതത്തിന്റെ ജീവരക്തം സംഖ്യാബലം ആണെങ്കിൽ, ജർമൻ എഴുത്തുകാരനായ റൈമർ ഗ്രോനെമയർ അഭിപ്രായപ്പെടുന്നതു പോലെ, “യൂറോപ്പിലെ സഭകൾ രക്തം വാർന്നു മരിക്കുകയാണ്.”
അവർ മതത്തെ തിരസ്കരിക്കുന്നതിന്റെ കാരണം
എന്തുകൊണ്ടാണ് അനേകരും സംഘടിത മതത്തെ തിരസ്കരിക്കുന്നത്? മിക്കപ്പോഴും സാമ്പത്തിക കാരണങ്ങളാൽ, അംഗങ്ങൾ സഭാനികുതി നൽകേണ്ടതുള്ള രാജ്യങ്ങളിൽ വിശേഷിച്ചും. അനേകർ ചോദിക്കുന്നു, ‘ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം എന്തിന് പള്ളിക്കു കൊടുക്കണം?’ പള്ളിയുടെ അമിത സമ്പത്തും അധികാരവും ചിലരിൽ വെറുപ്പ് ഉളവാക്കുന്നു. ജർമനിയിലെ കൊളോണിലുള്ള കർദിനാൾ യോവാച്ചിം മൈസ്നറുടെ അഭിപ്രായത്തോട് അവർ യോജിച്ചേക്കാം. ഭൗതിക വസ്തുക്കൾക്കു വളരെ ഏറെ ശ്രദ്ധ നൽകാനും “ക്രിസ്തുവിലുള്ള വിശ്വാസത്തെ വേണ്ടത്ര ഗൗരവമായി എടുക്കാതിരി”ക്കാനും സഭയുടെ സമ്പത്ത് അതിനെ പ്രേരിപ്പിച്ചിരിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്.
സഭ മടുപ്പിക്കുന്നതും വിരസവും ആണെന്നും അതിനു തങ്ങളുടെ ആത്മീയ വിശപ്പ് തൃപ്തിപ്പെടുത്താൻ പ്രാപ്തിയില്ലെന്നും കണ്ടെത്തുന്നതു നിമിത്തമാണ് പലരും സഭ വിട്ടുപോകുന്നത്. ആമോസ് പ്രവാചകൻ മുൻകൂട്ടി പറഞ്ഞ ക്ഷാമത്താൽ, “അപ്പത്തിന്നായുള്ള വിശപ്പല്ല വെള്ളത്തിന്നായുള്ള ദാഹവുമല്ല, യഹോവയുടെ വചനങ്ങളെ കേൾക്കേണ്ടതിന്നുള്ള വിശ”പ്പിനാൽ, [“ക്ഷാമ”ത്താൽ, NW] അവർ ദുരിതം അനുഭവിക്കുകയാണ്. (ആമോസ് 8:11) തങ്ങളുടെ മതത്തിൽ നിന്ന് ഒട്ടുംതന്നെ പോഷണം ലഭിക്കാത്തതിനാൽ അവർ അതു വിട്ടുപോകുന്നു.
നേരിടുന്ന പ്രശ്നങ്ങൾ യഥാർഥമാണെങ്കിലും, സകല മതങ്ങളും ഉപേക്ഷിക്കുന്നത് ഉചിതമായ പ്രതികരണമാണോ? പഴം പോലെ തോന്നിക്കുന്ന ഒന്ന് കാണുന്ന, വിശന്നു വലഞ്ഞ ഒരു മനുഷ്യനെ ഭാവനയിൽ കാണുക. അയാൾ അതു തിന്നാൻ തുടങ്ങുമ്പോഴാണ് അറിയുന്നത്, അത് മെഴുകുകൊണ്ട് ഉള്ളതാണെന്ന്. തിന്നു വിശപ്പ് അടക്കുക എന്ന ആശയം അതോടെ അയാൾ ഉപേക്ഷിക്കുമോ? ഇല്ല, അയാൾ ശരിയായ ആഹാരം അന്വേഷിക്കും. അതുപോലെ, ഒരു മതം അതിലെ അംഗങ്ങളുടെ ആത്മീയ വിശപ്പ് തൃപ്തിപ്പെടുത്തുന്നില്ലെങ്കിൽ അവർ മതംതന്നെ പാടേ ഉപേക്ഷിക്കണമോ? അതോ, തങ്ങളുടെ ആത്മീയ വിശപ്പു തൃപ്തിപ്പെടുത്താനുള്ള മാർഗം തേടുന്നതായിരിക്കുമോ കൂടുതൽ ജ്ഞാനപൂർവകമായ സംഗതി? പിൻവരുന്ന ലേഖനം വ്യക്തമാക്കുന്നതു പോലെ, അതാണ് അനേകർ ചെയ്തിട്ടുള്ളത്.