ഫ്രാൻസിലെ—ഒരു അവിസ്മരണീയ സംഭവം
“വേണ്ടാ, വേണ്ടാ യഹോവാ നഗരം വേണ്ടാ!” പട്ടണത്തിൽ അങ്ങോളമിങ്ങോളം പ്രദർശിപ്പിച്ചിരുന്ന പോസ്റ്ററുകളിലെ മുദ്രാവാക്യമായിരുന്നു അത്. “യഹോവാ പദ്ധതിക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കുവിൻ,” ഒരു എതിർ ഘടകം ആഹ്വാനം ചെയ്തു. പത്രങ്ങളിലും മറ്റും പ്രസിദ്ധീകരിക്കപ്പെട്ട ഇത്തരം നൂറു കണക്കിന് ലേഖനങ്ങൾ, ഈ പ്രശ്നം പൊതുജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ചു. ഹർജികൾ ഒപ്പുവെക്കപ്പെട്ടു, പ്രസ്തുത പദ്ധതിയെ പരാമർശിച്ചു കൊണ്ടുള്ള അഞ്ചര ലക്ഷത്തിലധികം ലഘുലേഖകളുടെ ഒരു മഹാപ്രളയം പ്രാദേശിക തപാൽ പെട്ടികളിലേക്കു പ്രവഹിച്ചു. പൊതുവേ ശാന്തമായ വടക്കു പടിഞ്ഞാറൻ ഫ്രാൻസിലെ ലൂവിയേ എന്ന പട്ടണത്തിന്റെ ഉറക്കം കെടുത്തിയ ആ പദ്ധതി എന്തായിരുന്നു? യഹോവയുടെ സാക്ഷികളുടെ പുതിയ ബ്രാഞ്ച് ഓഫീസിനും താമസ സൗകര്യത്തിനുമായുള്ള കെട്ടിട നിർമാണ നിർദേശം.
യഹോവ വളരുമാറാക്കുന്നു
യഹോവയുടെ സാക്ഷികളുടെ ഫ്രാൻസിലെ പ്രവർത്തനങ്ങൾക്ക് 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോളം പഴക്കമുണ്ട്. ദക്ഷിണ ഫ്രാൻസിലെ ബോവിനിൽ 1905-ലായിരുന്നു ആദ്യത്തെ ബൈബിൾ സാഹിത്യ ഡിപ്പോ തുറന്നത്. 1919 ആയപ്പോഴേക്കും പാരീസിൽ ഒരു ചെറിയ ഓഫീസ് പ്രവർത്തിക്കുന്നുണ്ടായിരുന്നു. 1930-ലാണ് ഔദ്യോഗികമായി അവിടെ ഒരു ബ്രാഞ്ച് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. ആ ഓഫീസിൽ പ്രവർത്തിച്ചിരുന്നവർ പിറ്റേ വർഷം പാരീസിനു വടക്കുള്ള ആങ്കാൻ ലേ ബാനിലുള്ള ബെഥേൽ ഭവനത്തിലേക്കു താമസം മാറി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ബെഥേൽ കുടുംബം പാരീസിലേക്കു തിരിച്ചുപോന്നു. തുടർന്ന് 1959-ൽ, തലസ്ഥാന നഗരിയുടെ പശ്ചിമ പ്രാന്തപ്രദേശമായ ബൂലോൺ ബിയാങ്കൂറിലെ ഒരു അഞ്ചുനില കെട്ടിടത്തിലേക്കു ബ്രാഞ്ച് മാറ്റി.
രാജ്യപ്രസംഗ വേലയുടെ പുരോഗതിയെത്തുടർന്ന് 1973-ൽ, അച്ചടിശാലയും ഷിപ്പിങ് വിഭാഗവും പാരീസിന് 100 കിലോമീറ്റർ പടിഞ്ഞാറുള്ള ലൂവിയേയിലേക്കു മാറ്റി. എന്നാൽ ഓഫീസ് ബൂലോൺ ബിയാങ്കുറിൽതന്നെ തുടർന്നു. 1978-ലും 1985-ലും സൗകര്യങ്ങൾ വർധിപ്പിച്ചെങ്കിലും, ഫ്രാൻസിലെ പ്രസാധകരുടെ എണ്ണത്തിലുണ്ടായ വർധനവ് ലൂവിയേയിലെ ബ്രാഞ്ച് സൗകര്യങ്ങൾ അപര്യാപ്തമാക്കിത്തീർത്തു. തന്മൂലം, സൗകര്യങ്ങൾ വർധിപ്പിച്ചുകൊണ്ട് മുഴു ബെഥേൽ കുടുംബത്തെയും ഒരു സ്ഥലത്ത് ആക്കാൻ തീരുമാനിച്ചു. തുടക്കത്തിൽ സൂചിപ്പിച്ചതു പോലെ, ഈ പദ്ധതി എല്ലാവർക്കും സ്വീകാര്യമായിരുന്നില്ല. എതിർപ്പ് ഉണ്ടായിരുന്നെങ്കിലും, അച്ചടിശാലയിൽനിന്ന് വെറും ഒന്നര കിലോമീറ്റർ അകലെയായി ഒരു സ്ഥലം കണ്ടെത്തി. തുടർന്ന് ആറു വർഷം നീണ്ടുനിന്ന അഹോരാത്ര പ്രയത്നം തുടങ്ങി. അങ്ങനെ 23 വർഷമായി രണ്ടിടങ്ങളിലായിരുന്ന മുഴു ബെഥേൽ കുടുംബവും 1996 ആഗസ്റ്റിൽ ലൂവിയേയിൽ ഒന്നിച്ചു ചേർന്നു.
അങ്ങനെ, ഫ്രാൻസ് ബെഥേൽ കുടുംബത്തിലെ 300 അംഗങ്ങളും മറ്റു 42 ബ്രാഞ്ചുകളിൽ നിന്നുള്ള 329 പ്രതിനിധികളും അടങ്ങിയ 1,187 പേരുടെ ഒരു സന്തുഷ്ട ഗണം, ഭരണസംഘത്തിലെ അംഗമായ ലോയ്ഡ് ബാരി സഹോദരൻ നിർവഹിച്ച സമർപ്പണ പ്രസംഗം ശ്രദ്ധിക്കാൻ വർധിച്ച സന്തോഷത്തോടെയാണ് 1997 നവംബർ 15, ശനിയാഴ്ച അവിടെ സമ്മേളിച്ചത്. സമർപ്പണം നടക്കുന്നതു ശത്രുതയുടെയും ഫ്രാൻസിൽ ഉടനീളം യഹോവയുടെ സാക്ഷികൾക്കെതിരെ വാർത്താമാധ്യമങ്ങൾ അഴിച്ചുവിട്ട തുടർച്ചയായ കടുത്ത അപഹാസ്യ പ്രചാരണങ്ങളുടെയും മധ്യത്തിലായിരുന്നതിനാൽ, ഈ വിജയാഘോഷത്തിൽ ഫ്രാൻസിലെ സാക്ഷികളായ എല്ലാവർക്കും പങ്കുപറ്റാൻ സാധിക്കണം എന്നു തീരുമാനിച്ചു. അതിനാൽ നവംബർ 16 ഞായറാഴ്ച, പാരീസിന്റെ വടക്കുള്ള വിൽപാന്റ് പ്രദർശന കേന്ദ്രത്തിൽ “ക്രിസ്തുവിന്റെ സ്നേഹത്തിൽ വസിപ്പിൻ” എന്ന വിഷയത്തോടു കൂടിയ ഒരു പ്രത്യേക യോഗം ക്രമീകരിച്ചു. ഫ്രാൻസിലെ എല്ലാ യഹോവയുടെ സാക്ഷികളും ബെൽജിയം, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലുള്ള ഫ്രഞ്ച് സംസാരിക്കുന്ന സാക്ഷികളും കൂടാതെ ജർമനി, ബ്രിട്ടൻ, നെതർലൻഡ്സ്, ലക്സംബർഗ് എന്നീ രാജ്യങ്ങളിലെ സഭകളും പ്രസ്തുത പരിപാടിക്കായി ക്ഷണിക്കപ്പെട്ടു.
ഒരു ചരിത്രപ്രധാന കൂടിവരവ്
പ്രസ്തുത കൂടിവരവിനുള്ള ഒരുക്കങ്ങൾ ആറു മാസം മുമ്പുതന്നെ ആരംഭിച്ചു. എന്നാൽ, സമർപ്പണത്തിനു കേവലം രണ്ടാഴ്ച മുമ്പ്, പ്രധാന നിരത്തുകളും ഇന്ധന വിതരണ സംവിധാനങ്ങളും തടസ്സപ്പെടുത്തിക്കൊണ്ട്, ഫ്രാൻസിലെ ട്രക്ക് ഡ്രൈവർമാർ പണിമുടക്ക് ആരംഭിച്ചു. കസേരയും മറ്റു സാധനസാമഗ്രികളും കൃത്യസമയത്ത് എത്തിക്കാൻ കഴിയുമായിരുന്നോ? പാതകളിലെ പ്രതിബന്ധങ്ങൾ എത്തിച്ചേരാൻ സഹോദരങ്ങൾക്കു തടസ്സമാകുമായിരുന്നോ? ആശ്വാസകരമെന്നു പറയട്ടെ, ഒരാഴ്ചയ്ക്കുള്ളിൽ പണിമുടക്കു പിൻവലിക്കുകയും ഗതാഗതം പുനരാരംഭിക്കുകയും ചെയ്തു. സമർപ്പണ വാരാന്ത്യത്തിന്റെ തലേ വെള്ളിയാഴ്ച സായാഹ്നത്തോടെ, 38 ട്രക്കുകളിൽ 84,000 കസേരകൾ പരിപാടിക്കായി വാടകയ്ക്കെടുത്തിരുന്ന വിശാലമായ രണ്ടു ഹാളുകളിലേക്കു കൊണ്ടുവന്നു. ഇരിപ്പിടങ്ങൾ, പ്ലാറ്റ്ഫാറം, ശബ്ദസംവിധാനം, ഒമ്പതു കൂറ്റൻ വീഡിയോ സ്ക്രീനുകൾ എന്നിവ സ്ഥാപിക്കാനായി 800-ലധികം സഹോദരങ്ങൾ അന്നു രാത്രിയിലും ശനിയാഴ്ച രാവിലെ ഒമ്പതരവരെയും കഠിനമായി അധ്വാനിച്ചു.
ഞായറാഴ്ച രാവിലെ ആറു മണിക്ക് വാതിലുകൾ തുറന്നു കൊടുത്തു. തുടർന്ന് ആളുകൾ ഉള്ളിൽ പ്രവേശിക്കാൻ തുടങ്ങി. പ്രത്യേകം ഏർപ്പെടുത്തിയ 17 ട്രെയിനുകളിൽ 13,000-ത്തിലധികം സാക്ഷികൾ തലസ്ഥാനത്ത് എത്തിച്ചേർന്നു. വന്നെത്തിയവരെ സ്വീകരിച്ച്, ഓരോരോ കൂട്ടങ്ങളായി കൺവെൻഷൻ സ്ഥലത്തേക്ക് ആനയിക്കാൻ 200-ലധികം പ്രാദേശിക സഹോദരീസഹോദരന്മാർ റെയിൽവേ സ്റ്റേഷനിൽ സന്നിഹിതരായിരുന്നു. സ്നേഹപുരസ്സരമായ ഈ ക്രമീകരണം “സുരക്ഷിതത്വത്തിന്റെയും ആശ്വാസത്തിന്റെയും അനുഭവം” പ്രദാനം ചെയ്തെന്ന് ഒരു സഹോദരി അഭിപ്രായപ്പെട്ടു.
മറ്റു ചിലർ പാരീസിലെത്തിയത് വിമാനത്തിലോ കാറിലോ ആയിരുന്നു. എന്നിരുന്നാലും ഭൂരിഭാഗവും വന്നത് 953 ബസുകളിലായിരുന്നു. അതേസമയം, പാരീസ് ഭാഗത്തു നിന്നുള്ളവർ പൊതുവാഹനങ്ങളിലാണ് പ്രദർശന കേന്ദ്രത്തിൽ എത്തിയത്. ചിലർ രാത്രി മുഴുവനും യാത്ര ചെയ്യുകയായിരുന്നു. മറ്റു ചിലർ വെട്ടം വീണപ്പോഴേ വീടുകളിൽനിന്ന് യാത്ര തിരിച്ചിരുന്നു. എന്നുവരികിലും, ഈ യോഗത്തിൽ സംബന്ധിക്കാനുള്ള അവരുടെ അഭിവാഞ്ഛ ശ്രദ്ധേയമായിരുന്നു. ഉത്സാഹത്തിമിർപ്പോടെയുള്ള അഭിവാദനങ്ങളും ഊഷ്മള ആശ്ലേഷങ്ങളും വർഷങ്ങളായി പരസ്പരം കാണാതിരുന്ന സുഹൃത്തുക്കളുടെ പുനഃസമാഗമത്തിന് മാറ്റുകൂട്ടി. നാനാവർണത്തിലുള്ള വേഷഭൂഷാദികൾ ഈ സന്തുഷ്ട പുരുഷാരത്തിന് ഒരു സാർവദേശീയ ഭാവം നൽകി. അസാധാരണമായ ചിലത് സംഭവിക്കാൻ പോകുകയായിരുന്നു എന്നതിനു സംശയമില്ല.
രാവിലെ 10 മണിക്ക് പരിപാടി ആരംഭിച്ചപ്പോഴേക്കും എല്ലാ ഇരിപ്പിടങ്ങളും നിറഞ്ഞിരുന്നു. എന്നിട്ടും ഓരോ മിനിറ്റിലും നൂറുകണക്കിന് ആളുകൾ വന്നുകൊണ്ടിരുന്നു. എവിടെ നോക്കിയാലും മന്ദസ്മിതം തൂകുന്ന മുഖങ്ങൾ മാത്രം. നിന്നുകൊണ്ടോ സിമന്റു തറയിൽ ഇരുന്നുകൊണ്ടോ ആണ് ആയിരങ്ങൾ പരിപാടി ശ്രദ്ധിച്ചത്. ഈ യോഗ വിഷയത്തിന്റെ അന്തഃസത്തയോടുള്ള ചേർച്ചയിൽ, പ്രായം കൂടിയ ആളുകൾക്ക് ഇരിക്കാനായി യുവജനങ്ങൾ സ്നേഹപുരസ്സരം കസേര ഒഴിഞ്ഞു കൊടുത്തു. “യാതൊരു പരിചയവുമില്ലാത്ത ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാർക്ക് ഇരിപ്പിടം ഒഴിഞ്ഞു കൊടുക്കാൻ ഞങ്ങൾക്ക് എത്ര സന്തോഷമായിരുന്നുവെന്നോ!” ഒരു ദമ്പതികൾ എഴുതി. മിക്കവരും ആത്മത്യാഗത്തിന്റെ ഉത്തമ മനോഭാവം പ്രദർശിപ്പിച്ചു: “വെള്ളിയാഴ്ച രാത്രിയിൽ ഞങ്ങൾ നിരത്തിയ കസേരയുടെ അടുക്കൽ നിന്നുകൊണ്ടാണ് ഞങ്ങൾ മുഴു പരിപാടിയും ശ്രദ്ധിച്ചത്. എന്നാൽ അവിടെ സന്നിഹിതരാകാൻ സാധിച്ചതുതന്നെ യഹോവയോടുള്ള നന്ദി നിറഞ്ഞുതുളുമ്പാൻ ഇടയാക്കി.”
ക്ഷീണവും അസൗകര്യങ്ങളും ഉണ്ടായിരുന്നിട്ടും മറ്റു രാജ്യങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾക്കും ലോയ്ഡ് ബാരി സഹോദരനും ഭരണസംഘത്തിലെ മറ്റൊരു അംഗമായ ഡാനിയേൽ സിഡ്ലിക് സഹോദരനും നിർവഹിച്ച പ്രസംഗങ്ങൾക്കും പ്രതിനിധികൾ ദത്തശ്രദ്ധ നൽകി. “യഹോവ ബലം വർധിപ്പിക്കുന്നു” എന്ന വിഷയമാണ് ബാരി സഹോദരൻ വികസിപ്പിച്ചത്. വിവിധ പീഡാനുഭവങ്ങൾ ഉണ്ടായിരുന്നിട്ടും വർധനവ് നൽകിക്കൊണ്ട് യഹോവ തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നത് എപ്രകാരമെന്ന് അദ്ദേഹം വ്യക്തമായി എടുത്തുകാട്ടി. “യഹോവ ദൈവമായിരിക്കുന്ന ജനം സന്തുഷ്ടർ!” എന്നതായിരുന്നു സിഡ്ലിക് സഹോദരന്റെ പ്രസംഗ വിഷയം. യഹോവയുടെ സാക്ഷികൾ ഇപ്പോൾ ഫ്രാൻസിൽ നേരിടുന്ന എതിർപ്പിനോടുള്ള ബന്ധത്തിൽ ആ രണ്ടു പ്രസംഗങ്ങളും തികച്ചും കാലോചിതമായിരുന്നു. യഥാർഥ സന്തുഷ്ടി അധിഷ്ഠിതമായിരിക്കുന്നത് ബാഹ്യ ഘടകങ്ങളിലല്ല, മറിച്ച് യഹോവയുമായുള്ള നമ്മുടെ ബന്ധത്തിലും ജീവിതത്തോടുള്ള നമ്മുടെ മനോഭാവത്തിലും ആണെന്ന് സിഡ്ലിക് സഹോദരൻ വ്യക്തമാക്കി. “നിങ്ങൾ സന്തുഷ്ടരാണോ?” എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിനുള്ള പ്രതികരണം ഇടിനാദം പോലുള്ള കരഘോഷമായിരുന്നു.
“സന്തോഷം നഷ്ടപ്പെട്ടിരുന്ന” ഒരു സഹോദരി അതിനു ശേഷം ഇങ്ങനെ എഴുതി: “സന്തുഷ്ടി എന്റെ എത്തുപാടിലാണെന്നു ഞാൻ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. എന്റെ ശ്രമങ്ങൾ ശരിയായ ദിശയിലായിരുന്നില്ല. മാറ്റം വരുത്തേണ്ടത് എങ്ങനെയെന്ന് ആ പ്രസംഗത്തിലൂടെ യഹോവ എനിക്കു കാണിച്ചുതന്നു.” ഒരു സഹോദരൻ ഇങ്ങനെ പ്രസ്താവിച്ചു: “യഹോവയുടെ ഹൃദയം സന്തോഷിപ്പിക്കുന്നതിനായി പോരാടാൻ ഞാനിപ്പോൾ ആഗ്രഹിക്കുന്നു. എന്റെ ഉള്ളിന്റെയുള്ളിൽ ഞാൻ ആസ്വദിക്കാൻ തുടങ്ങിയ സന്തോഷം തട്ടിയെടുക്കാൻ ഒന്നിനെയും ഞാൻ അനുവദിക്കില്ല.”
പരിപാടിയുടെ ഉപസംഹാര വേളയിൽ വളരെ ഉത്സാഹത്തോടെയാണ് അധ്യക്ഷൻ ഹാജർ അറിയിച്ചത്: 95,888. അതാകട്ടെ, യഹോവയുടെ സാക്ഷികളുടെ ഫ്രാൻസിലെ എക്കാലത്തെയും ഏറ്റവും വലിയ കൂടിവരവും!
സന്തോഷാശ്രുക്കളോടെ ആലപിച്ച സമാപന ഗീതത്തിനും പ്രാർഥനയ്ക്കും ശേഷം സമ്മിശ്ര വികാരങ്ങളോടെ സഹോദരങ്ങൾ മടക്കയാത്ര തുടങ്ങി. ഊഷ്മളവും സൗഹാർദപരവുമായ ഈ കൂടിവരവ് ശ്രദ്ധിക്കപ്പെടാതെ പോയില്ല. പ്രതിനിധികളുടെ പെരുമാറ്റത്തെ കുറിച്ച് ഡ്രൈവർമാരിൽനിന്നു ധാരാളം നല്ല അഭിപ്രായങ്ങൾ ലഭിച്ചു. 953 ബസുകൾ യാതൊരു ഗതാഗത കുരുക്കും കൂടാതെ രണ്ടു മണിക്കൂർകൊണ്ട് പ്രദർശന കേന്ദ്രത്തിൽനിന്ന് പുറത്തു കടക്കാൻ ഇടയാക്കിയ ക്രമീകരണവും അവരിൽ മതിപ്പുളവാക്കി! റെയിൽവേ ജീവനക്കാരും മറ്റു പൊതു വാഹനങ്ങളിലെ ജീവനക്കാരും പ്രതിനിധികളുടെ പെരുമാറ്റം വളരെ വിലമതിച്ചു. നിരവധി നല്ല ചർച്ചകൾക്ക് അതു കാരണമായി. ഒരു നല്ല സാക്ഷ്യം നൽകപ്പെടുകയും ചെയ്തു.
“ഒരു മരുപ്പച്ച”
അപ്പോസ്തലനായ പൗലൊസ് സഹക്രിസ്ത്യാനികളെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സത്പ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.” (എബ്രായർ 10:24, 25) തീർച്ചയായും ഈ പ്രത്യേക യോഗപരിപാടി സകലർക്കും പ്രോത്സാഹനത്തിന്റെ ഒരു ഉറവ് ആയിരുന്നു. ഒരു സഹോദരി വർണിച്ചതുപോലെ, അത് “ഒരു മരുപ്പച്ച” ആയിരുന്നു. “ഊർജസ്വലരായി, പ്രോത്സാഹിതരായി, ബലിഷ്ഠരായി, യഹോവയുടെ സേവനത്തിൽ മുമ്പെന്നത്തെക്കാളും സന്തോഷിക്കാൻ നിശ്ചയദാർഢ്യമുള്ളവരായാണ് ഞങ്ങൾ അവിടം വിട്ടത്,” ടോഗോ ബ്രാഞ്ചിൽനിന്നുള്ള സഹോദരങ്ങൾ എഴുതി. “ദുഃഖിതർ നവോന്മേഷത്തോടെ വീട്ടിലേക്കു പോയി,” ഒരു സർക്കിട്ട് മേൽവിചാരകൻ അഭിപ്രായപ്പെട്ടു. “സഹോദരങ്ങൾ ഉത്തേജിതരും ബലിഷ്ഠരുമാക്കപ്പെട്ടു” എന്ന് മറ്റൊരു സർക്കിട്ട് മേൽവിചാരകൻ പ്രസ്താവിച്ചു. “യഹോവയുടെ സ്ഥാപനത്തോട് ഇത്ര അടുപ്പം മുമ്പൊരിക്കലും ഞങ്ങൾക്കു തോന്നിയിട്ടില്ല” എന്ന് എഴുതാൻ ഒരു ദമ്പതികൾ പ്രചോദിതരായി.
“എന്റെ കാലടി സമനിലത്തു നില്ക്കുന്നു; സഭകളിൽ ഞാൻ യഹോവയെ വാഴ്ത്തും,” സങ്കീർത്തനക്കാരൻ പ്രസ്താവിച്ചു. (സങ്കീർത്തനം 26:12) പ്രതിബന്ധങ്ങളുടെ മധ്യേ ആത്മീയ സുസ്ഥിരത കൈവരിക്കാൻ ഇത്തരം ക്രിസ്തീയ കൂടിവരവുകൾ എല്ലാവരെയും സഹായിക്കുന്നു. “എന്തൊക്കെ കഷ്ടതകൾ നേരിടേണ്ടി വന്നാലും . . . ഈ അസാധാരണ നിമിഷങ്ങൾ ഞങ്ങളുടെ മനസ്സിൽ ആഴത്തിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. അത് ഞങ്ങൾക്ക് ആശ്വാസമായി എന്നെന്നും അവിടെ ഉണ്ടായിരിക്കുകയും ചെയ്യും.” സമാനമായി ഒരു സഞ്ചാര മേൽവിചാരകൻ എഴുതി: “പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ അവയെ തരണം ചെയ്യാൻ പറുദീസയുടെ ഈ പൂർവവീക്ഷണം ഞങ്ങളെ സഹായിക്കും.”
“ജാതികളുടെ കുലങ്ങളേ, യഹോവെക്കു കൊടുപ്പിൻ; മഹത്വവും ബലവും യഹോവെക്കു കൊടുപ്പിൻ” എന്ന് സങ്കീർത്തനം 96:7 ആഹ്വാനം ചെയ്യുന്നു. ഫ്രാൻസിലെ പുതിയ ബ്രാഞ്ച് സൗകര്യങ്ങളുടെ സമർപ്പണം യഹോവയെ സംബന്ധിച്ചിടത്തോളം ഒരു മഹത്തായ വിജയമാണെന്നതിൽ യാതൊരു സംശയവുമില്ല. അത്രയും കടുത്ത, വ്യാപകമായ എതിർപ്പിൻ മധ്യേ പ്രസ്തുത പദ്ധതി പൂർത്തീകരണത്തിലേക്കു കൊണ്ടുവരാൻ അവനു മാത്രമേ കഴിയുമായിരുന്നുള്ളൂ. ‘ക്രിസ്തുവിന്റെ സ്നേഹത്തിൽ വസിക്കാനും’ ‘തങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കാനും’ ഫ്രാൻസിലെ യഹോവയുടെ സാക്ഷികൾ മുമ്പെന്നത്തെക്കാളും ദൃഢചിത്തരാണ്. (യോഹന്നാൻ 15:9; മത്തായി 5:16) സമർപ്പണ പരിപാടിയിൽ സംബന്ധിച്ച എല്ലാവരും സങ്കീർത്തനക്കാരന്റെ പിൻവരുന്ന വികാരം തുറന്നു പ്രകടമാക്കുന്നവരാണ്: “ഇതു യഹോവയാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു.”—സങ്കീർത്തനം 118:23.
[26-ാം പേജിലെ ചിത്രം]
ഡാനിയേൽ സിഡ്ലിക്
[26-ാം പേജിലെ ചിത്രം]
ലോയ്ഡ് ബാരി
[26-ാം പേജിലെ ചിത്രം]
വിൽപാന്റ് പ്രദർശന കേന്ദ്രത്തിലെ പ്രത്യേക പരിപാടിക്ക് 95,888 പേർ ഹാജരായി
[28-ാം പേജിലെ ചിത്രം]
ആയിരങ്ങൾ നിന്നുകൊണ്ടോ തറയിൽ ഇരുന്നുകൊണ്ടോ ആണ് പരിപാടി ശ്രദ്ധിച്ചത്