“തീർച്ചയായും ആദരവുണർത്തുന്ന” ഒരു വേല
പത്രൊസ് അപ്പൊസ്തലൻ തന്റെ സഹക്രിസ്ത്യാനികളെ ബുദ്ധ്യുപദേശിച്ചുകൊണ്ട് എഴുതി: “ജാതികൾ നിങ്ങളെ ദുഷ്പ്രവൃത്തിക്കാർ എന്നു ദുഷിക്കുന്തോറും നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു . . . ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം.” (1 പത്രൊസ് 2:11, 12) അനേക വർഷങ്ങളായിട്ട് ഇറ്റലിയിലെ യഹോവയുടെ സാക്ഷികൾ പരസ്യമായി അത്തരം നല്ല നടത്ത കാഴ്ചവെച്ചിരിക്കുന്നു. “പുരമുകളിൽനിന്നു ഘോഷിപ്പിൻ” എന്ന യേശുവിന്റെ കൽപ്പനയുടെ അന്തഃസത്ത ഉൾക്കൊണ്ട് അവർ തങ്ങളുടെ എല്ലാ ക്രിസ്തീയ പ്രവർത്തനങ്ങളും പരസ്യമായി, എല്ലാവരും കാൺകെ നിർവഹിക്കുന്നു. (മത്തായി 10:27; യോഹന്നാൻ 18:20) അങ്ങനെയിരിക്കെ, ഒരു ഇറ്റാലിയൻ അറ്റോർണിയും ഒരു പുരോഹിതനും യഹോവയുടെ സാക്ഷികൾ “വ്യാജ മതവിഭാഗം” ആണെന്നും “ആളുകളെ കെണിയിലാക്കുന്ന രഹസ്യ വിഭാഗങ്ങ”ളിൽപ്പെട്ടത് ആണെന്നുമുള്ള ആരോപണങ്ങൾ പ്രസിദ്ധീകരിച്ചു. സാക്ഷികളാകട്ടെ, അപകീർത്തിപ്പെടുത്തുന്ന ഈ പ്രസ്താവനയ്ക്ക് എതിരെ കോടതിയെ സമീപിക്കാൻ തീരുമാനിച്ചു.
ആദ്യ വിചാരണയിൽ, അറ്റോർണിയോ പുരോഹിതനോ കുറ്റക്കാരല്ല എന്നു കോടതി വിധിച്ചു. എന്നാൽ, 1997 ജൂലൈ 17-ന്, വെനീസ് അപ്പീൽ കോടതി ആദ്യ കോടതിയുടെ വിധി മറിച്ചുവിധിച്ചുകൊണ്ട് രണ്ടു പ്രതികളും കുറ്റക്കാരാണെന്നു പ്രഖ്യാപിച്ചു. അപ്പീൽ കോടതി പ്രസ്താവിച്ചു: “പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന ഈ രണ്ടു വിവാദ ലേഖനങ്ങളിലും ‘യഹോവയുടെ സാക്ഷികൾ’ എന്ന മതാനുയായികളുടെ സത്പേരിനെ തീർച്ചയായും കളങ്കപ്പെടുത്താൻ പോന്ന പ്രയോഗങ്ങളും പ്രസ്താവനകളും ഉണ്ട്. അതിന്റെ അനുയായികളുടെമേൽ മനഃപൂർവം ചെളിവാരിയെറിയുക എന്നതാണ് ലേഖനങ്ങളുടെ ലക്ഷ്യമെന്നത് വ്യക്തമാണ്.” “റിപ്പോർട്ടു ചെയ്യാനും വിമർശിക്കാനുമുള്ള അവകാശത്തിന്റെ നിയമപരമായ വിനിയോഗമല്ല” ലേഖനങ്ങളിലൂടെ “നടത്തിയിരിക്കുന്നത്” എന്ന് കോടതി പ്രസ്താവിച്ചു. രണ്ടു ദൂഷകർക്കും പിഴ വിധിച്ച കോടതി രണ്ടു കേസുകളിലുമായി സാക്ഷികൾക്കു ചെലവഴിക്കേണ്ടിവന്ന കോടതി ഫീസിനും വക്കീൽ ഫീസിനും നഷ്ടപരിഹാരം കൊടുക്കാനും കൽപ്പിച്ചു.
ലിഖിത വിധിപ്രഖ്യാപനത്തിൽ വെനീസ് അപ്പീൽ കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടു: “[ഇറ്റാലിയൻ] ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ തുല്യമായി നടപ്പാക്കിക്കൊണ്ടും സംരക്ഷിച്ചുകൊണ്ടും മാത്രമേ അസഹിഷ്ണുതയുടെയും മതഭ്രാന്തിന്റെയും രൂപങ്ങളെ തടയാനാകുകയുള്ളൂ.” യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം രഹസ്യ സ്വഭാവമുള്ളതോ കപട മതപരമോ അല്ലെന്ന് ഈ വിധിന്യായം അംഗീകരിക്കുന്നു. “അനേകം നഗരങ്ങളിലും ഈ മതത്തിന്റെ സജീവ പ്രവർത്തനം ഉണ്ട്, അതിന്റെ അംഗങ്ങൾ വിശേഷിച്ചും ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും നടത്തുന്ന വ്യാപകമായ പ്രസംഗ പ്രവർത്തനങ്ങൾ പ്രസിദ്ധമാണ്, കൂടാതെ അവർ പ്രസംഗിക്കുന്ന ഉപദേശങ്ങളെ കുറിച്ച് ആര് എന്ത് ചിന്തിച്ചാലും അവരുടെ ശ്രമങ്ങൾ തീർച്ചയായും ആദരവുണർത്തുന്നതാണ് എന്നിങ്ങനെയുള്ള കാരണങ്ങളാൽ സാക്ഷികളെ രഹസ്യ വിഭാഗമായി മുദ്രയടിക്കുന്നത് ചരിത്ര സത്യത്തിന്റെ മാനദണ്ഡത്തിനു നിരക്കുന്നതല്ല” എന്നു കോടതി പ്രസ്താവിച്ചു. അങ്ങനെ, ഇറ്റലിയിൽ യഹോവയുടെ സാക്ഷികളുടെ തീക്ഷ്ണമായ പ്രസംഗവേലയുടെയും മാതൃകാപരമായ നടത്തയുടെയും ചരിത്രം അവർക്ക് എതിരെയുള്ള മുൻവിധിയെ നിർവീര്യമാക്കാൻ സഹായിച്ചിരിക്കുന്നു.—മത്തായി 5:14-16; 1 പത്രൊസ് 2:15.