“മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാർ?”
പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു പത്രപ്രവർത്തകൻ മഞ്ഞുതുള്ളികളെ “വായു മെനഞ്ഞെടുക്കുന്ന, ഭൂമിയുടെ ദ്രവാഭരണം” എന്നു വർണിക്കുകയുണ്ടായി. പുരാതന ഗോത്രപിതാവായ ഇയ്യോബിനോടു നമ്മുടെ സ്രഷ്ടാവു ചോദിച്ചു: “മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാർ?” (ഇയ്യോബ് 38:28) ദൈവം ഇയ്യോബിനെ അമൂല്യമായ മഞ്ഞുതുള്ളിയുടെ ദിവ്യ ഉത്ഭവത്തെ കുറിച്ച് അനുസ്മരിപ്പിക്കുക ആയിരുന്നു.
മഞ്ഞുതുള്ളിയുടെ തിളക്കമാർന്ന, രത്നസമാന മനോഹാരിതയ്ക്കു പുറമേ, ബൈബിളിൽ അതിനെ അനുഗ്രഹം, ഫലപുഷ്ടി, സമൃദ്ധി, ജീവപരിപാലനം എന്നിവയുമായി ബന്ധപ്പെടുത്തുന്നുണ്ട്. (ഉല്പത്തി 27:28; ആവർത്തനപുസ്തകം 33:13, 28; സെഖര്യാവു 8:12) ഇസ്രായേലിൽ മഴയില്ലാത്ത ഉഷ്ണകാലത്ത്, “ഹെർമോനിലെ മഞ്ഞുതുള്ളികളാ”ണ് ദേശത്തെ സസ്യങ്ങളെയും, അതുകൊണ്ടുതന്നെ അവിടത്തെ ജനത്തെയും സംരക്ഷിച്ചിരുന്നത്. ഹെർമോൻ പർവതത്തിലെ വനനിബിഢതയും, മഞ്ഞു പ്രദേശവും ഇപ്പോഴും രാത്രികാലങ്ങളിൽ നീരാവി പുറത്തുവിടുന്നു. അത് ഘനീഭവിച്ച് ധാരാളം മഞ്ഞുതുള്ളികൾ ഉണ്ടാകുന്നു. ഈ മഞ്ഞുതുള്ളികൾ പ്രദാനം ചെയ്യുന്ന നവോന്മേഷത്തെ, തന്നോടൊപ്പം യഹോവയെ ആരാധിക്കുന്നവരുമൊത്ത് ഐക്യത്തിൽ താമസിക്കുന്നതിന്റെ സുഖാനുഭൂതിയുമായി സങ്കീർത്തനക്കാരൻ താരതമ്യം ചെയ്തിരിക്കുന്നു.—സങ്കീർത്തനം 133:3, NW.
ഇസ്രായേലിനു മോശ നൽകിയ പ്രബോധനങ്ങൾ, മഞ്ഞുതുള്ളികൾപോലെ, മൃദുലവും നവോന്മേഷപ്രദവും ആയിരുന്നു. അവൻ പറഞ്ഞു: “എന്റെ വചനം മഞ്ഞുപോലെയും ഇളമ്പുല്ലിന്മേൽ പൊടിമഴപോലെയും സസ്യത്തിന്മേൽ മാരിപോലെയും ചൊരിയും.” (ആവർത്തനപുസ്തകം 32:2) ഇന്ന്, യഹോവയുടെ സാക്ഷികൾ ദൈവരാജ്യത്തെ കുറിച്ചുള്ള ജീവദായക സുവാർത്ത ഭൂമിയുടെ അറ്റങ്ങൾവരെയും ഘോഷിക്കുകയാണ്. (മത്തായി 24:14) ദൈവം ഈ ക്ഷണം നീട്ടിത്തരുകയാണ്: “ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ.” (വെളിപ്പാടു 22:17) എല്ലാ ജാതികളിൽനിന്നുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ദൈവത്തിൽനിന്നുള്ള ആത്മീയ നവോന്മേഷത്തിന്റെ ഈ ക്ഷണം സ്വീകരിക്കുകയാണ്. അതിനു ജീവനെ നിത്യമായി നിലനിർത്താൻ കഴിയും.