പത്തൊമ്പതാം നൂറ്റാണ്ടിനെ നശിപ്പിച്ച യുദ്ധം
1914
ദിഓർലാൻഡോ സെന്റിനൽ എന്ന പത്രത്തിലെ കോളമെഴുത്തുകാരനായ ചാർളി റീസ് പുതിയ സഹസ്രാബ്ദത്തെ കുറിച്ച് ഇങ്ങനെ എഴുതി: “19-ാം നൂറ്റാണ്ടിനെ നശിപ്പിച്ച 1914-18-ലെ യുദ്ധം അവസാനിച്ചിട്ടില്ല.” എന്താണ് അദ്ദേഹം അർഥമാക്കിയത്? അദ്ദേഹം വിശദീകരിച്ചു: “ചരിത്രം കലണ്ടറുകളാലല്ല നിയന്ത്രിക്കപ്പെടുന്നത്. വിശ്വാസങ്ങളുടെയും സങ്കൽപ്പങ്ങളുടെയും മനോഭാവങ്ങളുടെയും ധാർമികതയുടെയും ഒരു സംഹിത എന്നു നിർവചിക്കപ്പെട്ട 19-ാം നൂറ്റാണ്ട് 1901 ജനു. 1-ന് അവസാനിച്ചില്ല. അത് അവസാനിച്ചത് 1914-ൽ ആണ്. അതേ വിധത്തിൽ തന്നെ നിർവചിക്കപ്പെട്ട 20-ാം നൂറ്റാണ്ട് തുടങ്ങിയത് അന്നാണ്. . . .
“നമ്മുടെ ജീവിതകാലത്ത് ചിന്താവിഷയമായി തീർന്നിട്ടുള്ള മിക്കവാറും എല്ലാ ഏറ്റുമുട്ടലുകളും ആ യുദ്ധത്തിൽനിന്ന് ഉത്ഭവിച്ചിട്ടുള്ളതാണ്. നമ്മുടെ കാലത്തെ ബൗദ്ധികവും സാംസ്കാരികവുമായ ഏതാണ്ട് എല്ലാ അടിയൊഴുക്കുകളുടെയും ഉത്ഭവം ആ യുദ്ധമാണ്. . . .
“അത് അത്രയേറെ കുഴപ്പങ്ങൾ വരുത്തിവെച്ചതിനു കാരണം മനുഷ്യർക്കു തങ്ങളുടെ ഭാവി നിയന്ത്രിക്കാൻ കഴിയുമെന്നുള്ള ആളുകളുടെ വിശ്വാസത്തെ അതു തകർത്തു എന്നതാണെന്നു ഞാൻ വിചാരിക്കുന്നു. . . . ആ വ്യാജ വിശ്വാസത്തിൽനിന്ന് അത് ആളുകളെ സ്വതന്ത്രരാക്കി. ഇരുപക്ഷവും വിചാരിച്ചതിൽ നിന്നു വ്യത്യസ്തമായ വിധത്തിലായിരുന്നു കാര്യങ്ങളുടെ പരിണതി. അത് ബ്രിട്ടീഷ്-ഫ്രഞ്ച് സാമ്രാജ്യങ്ങളെ നശിപ്പിച്ചു. ബ്രിട്ടീഷ്-ഫ്രഞ്ച്-ജർമൻ പുരുഷന്മാരുടെ ഒരു തലമുറയുടെ ഗണ്യമായൊരു ഭാഗത്തെ അതു കൊന്നൊടുക്കി. . . . ഒരു ഹ്രസ്വകാലം കൊണ്ട് അത് 1.1 കോടി ആളുകളെ വകവരുത്തി.”
യേശു പറഞ്ഞ “ജാതികളുടെ കാലം” അവസാനിക്കുന്ന വർഷമെന്ന നിലയിൽ 1914-ന്റെ പ്രാധാന്യം 120-ലധികം വർഷമായി യഹോവയുടെ സാക്ഷികൾ എടുത്തു പറഞ്ഞിട്ടുണ്ട്. (ലൂക്കൊസ് 21:24) പുനരുത്ഥാനം പ്രാപിക്കുകയും മഹത്ത്വീകരിക്കപ്പെടുകയും ചെയ്ത യേശുക്രിസ്തു ആ വർഷം സ്വർഗീയ രാജ്യത്തിന്റെ രാജാവായി സിംഹാസനസ്ഥനായി. ഈ നൂറ്റാണ്ടിന്റെ സ്വഭാവ വിശേഷതയായ സകല യാതനകളെയും ആ രാജ്യം മുഖാന്തരം യഹോവയാം ദൈവം നിത്യമായി നീക്കം ചെയ്യും.—സങ്കീർത്തനം 37:10, 11; സഭാപ്രസംഗി 8:9; വെളിപ്പാടു 21:3-5.
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട]
U.S. National Archives photo