ലോകത്തെ മാറ്റിമറിച്ച ഒരു ബൈബിൾ പരിഭാഷ
ദൈവത്തിന്റെ പ്രവാചകനായ മോശ, 3,500 വർഷംമുമ്പ് ബൈബിൾ എഴുതാൻ ആരംഭിച്ചപ്പോൾ, അത് ഒരൊറ്റ ജനതയ്ക്കു മാത്രമേ വായിക്കാൻ കഴിയുമായിരുന്നുള്ളൂ. (ആവർത്തനപുസ്തകം 7:7) ആ ജനതയുടെ മാതൃഭാഷയായ എബ്രായയിൽ മാത്രമേ തിരുവെഴുത്തുകൾ ലഭ്യമായിരുന്നുള്ളൂ എന്നതായിരുന്നു കാരണം. എന്നാൽ കാലക്രമേണ ആ അവസ്ഥയ്ക്കു മാറ്റംവരുമായിരുന്നു.
നൂറ്റാണ്ടുകളിൽ ഉടനീളം ബൈബിൾ സന്ദേശവും അതിന്റെ യഥാർഥ സ്വാധീനവും വ്യാപിപ്പിക്കുന്നതിൽ ആദ്യത്തെ പരിഭാഷയായ സെപ്റ്റുവജിന്റ വഹിച്ചിരിക്കുന്ന പങ്ക് നിസ്സാരമല്ല. ആ പരിഭാഷ എന്തിനുവേണ്ടി ആയിരുന്നു? ലോകത്തെ മാറ്റിമറിച്ച ഒരു പരിഭാഷ ആയിരുന്നു അതെന്ന് യഥാർഥത്തിൽ പറയാൻ കഴിയുമോ?
ഒരു നിശ്വസ്ത പരിഭാഷയോ?
പൊ.യു.മു. 7-ഉം 6-ഉം നൂറ്റാണ്ടുകളിലെ, ബാബിലോന്യ പ്രവാസത്തിനു ശേഷം അനേകം യഹൂദന്മാർ പുരാതന ഇസ്രായേലിനും യഹൂദയ്ക്കും വെളിയിൽത്തന്നെ പാർത്തു. പ്രവാസത്തിൽ ജനിച്ച യഹൂദന്മാർക്ക് എബ്രായ ഭാഷ രണ്ടാം സ്ഥാനത്ത് ആയിത്തീർന്നു. പൊ.യു.മു. 3-ാം നൂറ്റാണ്ട് ആയപ്പോഴേക്കും, യവന സാമ്രാജ്യത്തിന്റെ ഒരു വലിയ സാംസ്കാരിക കേന്ദ്രമായ, ഈജിപ്തിലെ അലക്സാഡ്രിയയിൽ ഒരു യഹൂദ സമൂഹം ഉണ്ടായിരുന്നു. ഗ്രീക്ക് മാതൃഭാഷ ആയിത്തീർന്നിരുന്ന അവർക്ക് പ്രസ്തുത ഭാഷയിലേക്കു തിരുവെഴുത്തുകൾ പരിഭാഷപ്പെടുത്തേണ്ടതിന്റെ ആവശ്യം തോന്നി.
ആ സമയംവരെ, ബൈബിളിന്റെ നിശ്വസ്ത സന്ദേശം എബ്രായ ഭാഷയിലാണ് എഴുതപ്പെട്ടിരുന്നത്, ഏതാനും ചില ഭാഗങ്ങൾ മാത്രം ആ ഭാഷയുമായി വളരെ അടുപ്പമുള്ള അരമായയിൽ എഴുതപ്പെട്ടു. ദൈവവചനം ഒരു വ്യത്യസ്ത ഭാഷയിലേക്കു പരിഭാഷപ്പെടുത്തുന്നതു ദിവ്യനിശ്വസ്തതയുടെ ശക്തമായ സ്വാധീനങ്ങൾ കുറയ്ക്കുകയും ഒരുപക്ഷേ തെറ്റായ വ്യാഖ്യാനങ്ങളിൽ കലാശിക്കുകയുംപോലും ചെയ്യുമായിരുന്നോ? പരിഭാഷയിൽ തെറ്റുകൾ കടന്നുകൂടാൻ സാധ്യത ഉണ്ടായിരുന്നതുകൊണ്ട്, നിശ്വസ്ത വചനം ഭരമേൽപ്പിക്കപ്പെട്ടിരുന്ന യഹൂദന്മാർക്ക് അതിന് അനുമതി നൽകാൻ കഴിയുമായിരുന്നോ?—സങ്കീർത്തനം 147:19, 20; റോമർ 3:1, 2.
ഈ പ്രധാന സംഗതികളെ കുറിച്ച് ഉത്കണ്ഠ ഉണ്ടായിരുന്നു. എന്നാൽ, യഹൂദന്മാർക്കു ദൈവവചനം മനസ്സിലാകണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സംഗതിയെന്ന വാദത്തിനുമുമ്പിൽ അവസാനം മറ്റെല്ലാ തടസ്സവാദങ്ങളും വഴിമാറി. മോശ എഴുതിയ, ബൈബിളിന്റെ ആദ്യത്തെ 5 പുസ്തകങ്ങളായ തോറ അങ്ങനെ ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്താൻ തീരുമാനമായി. യഥാർഥ പരിഭാഷാ പ്രക്രിയ സംബന്ധിച്ച വിവരങ്ങൾ ഐതിഹ്യങ്ങളിൽ കെട്ടുപിണഞ്ഞു കിടക്കുന്നു. ലെറ്റർ ഓഫ് അരിസ്റ്റെയസ് പ്രകാരം, ഈജിപ്തിലെ ഭരണാധിപനായ ടോളമി രണ്ടാമൻ (പൊ.യു.മു. 285-246) തന്റെ കൊട്ടാര ലൈബ്രറിയിൽ പഞ്ചഗ്രന്ഥങ്ങളുടെ (അഥവാ, തോറയുടെ) ഒരു ഗ്രീക്കു ഭാഷാന്തരം വേണമെന്ന് ആഗ്രഹിച്ചു. അദ്ദേഹം ഇതിനായി 72 യഹൂദ പണ്ഡിതന്മാരെ നിയമിച്ചു. ഇസ്രായേലിൽനിന്ന് ഈജിപ്തിൽ എത്തിയ പ്രസ്തുത പരിഭാഷകർ 72 ദിവസംകൊണ്ട് കൃത്യം നിർവഹിച്ചു. എന്നിട്ട്, ആ പരിഭാഷ യഹൂദ സമുദായത്തെ വായിച്ചുകേൾപ്പിച്ചു. അതു ഹൃദ്യവും കൃത്യതയുള്ളതും ആണെന്ന് അവർ സമ്മതിച്ചു. എന്നാൽ പ്രസ്തുത സംഭവത്തിന്റെ പൊടിപ്പും തൊങ്ങലും വെച്ച പിൽക്കാല ഭാഷ്യം പറയുന്നത്, പരിഭാഷകർ ഓരോരുത്തരും വെവ്വേറെ മുറികളിലായിരുന്നിട്ടും അവരുടെ പരിഭാഷകൾ ഒരു അക്ഷരത്തിനുപോലും വ്യത്യാസമില്ലാതെ ഒരേപോലുള്ളത് ആയിരുന്നു എന്നാണ്. 72 പരിഭാഷകരെ കുറിച്ചുള്ള പാരമ്പര്യം നിമിത്തമാണ് ഈ ഗ്രീക്കു ബൈബിൾ പരിഭാഷയ്ക്ക് സെപ്റ്റുവജിന്റ് എന്ന പേർ ലഭിച്ചത്. ഇത് “എഴുപത്” എന്ന് അർഥം ഉള്ള ഒരു ലത്തീൻ പദത്തിൽനിന്നു വരുന്നതാണ്.
ലെറ്റർ ഓഫ് അരിസ്റ്റെയസിന്റെ ആധികാരികത സംശയിക്കത്തക്കതാണെന്ന് മിക്ക ആധുനിക പണ്ഡിതരും സമ്മതിക്കുന്നുണ്ട്. പ്രസ്തുത പരിഭാഷയ്ക്കുവേണ്ടി മുൻകൈ എടുത്തത് ടോളമി രണ്ടാമൻ അല്ല, മറിച്ച് അലക്സാൻഡ്രിയയിലെ യഹൂദ സമുദായ നേതാക്കന്മാർ ആയിരുന്നു എന്നും അവർ വിശ്വസിക്കുന്നു. എന്നാൽ, സെപ്റ്റുവജിന്റ് മൂല തിരുവെഴുത്തുകളെപ്പോലെതന്നെ നിശ്വസ്തമാണെന്ന പൊതുവായ ഒരു വിശ്വാസം ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാർക്ക് ഉണ്ടായിരുന്നതായി അലക്സാൻഡ്രിയയിലെ യഹൂദ തത്ത്വചിന്തകനായ ഫൈലോയുടെയും യഹൂദ ചരിത്രകാരനായ ജോസീഫസിന്റെയും എഴുത്തുകളും തൽമൂദും പ്രകടമാക്കുന്നുണ്ട്. വ്യക്തമായും, സെപ്റ്റുവജിന്റിനെ ലോകവ്യാപക യഹൂദ സമുദായത്തിനു സ്വീകാര്യമാക്കാനുള്ള ശ്രമത്തിന്റെ ഫലമായിരുന്നു അത്തരം വിശ്വാസങ്ങൾ.
ആദ്യ പരിഭാഷയിൽ മോശയുടെ അഞ്ചു പുസ്തകങ്ങളേ ഉണ്ടായിരുന്നുള്ളു എങ്കിലും, അവസാനം സെപ്റ്റുവജിന്റ് എന്നത് ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്തിയ മുഴു എബ്രായ തിരുവെഴുത്തുകളെയും സൂചിപ്പിക്കുന്ന പേർ ആയിത്തീർന്നു. ശേഷിച്ച പുസ്തകങ്ങൾ പരിഭാഷപ്പെടുത്താൻ പിന്നെയും ഏതാണ്ട് നൂറു വർഷങ്ങൾ വേണ്ടിവന്നു. മുഴു സെപ്റ്റുവജിന്റും പൂർത്തിയായത് ഒരു ഏകോപിത ശ്രമത്തിലൂടെ ആയിരുന്നില്ല, മറിച്ച് പലപ്പോഴായുള്ള ശ്രമങ്ങളിലൂടെ ആയിരുന്നു. പ്രാപ്തിയിലും എബ്രായ ഭാഷാ ജ്ഞാനത്തിലും പരിഭാഷകർ വ്യത്യസ്തർ ആയിരുന്നു. മിക്ക പുസ്തകങ്ങളുടെയും പരിഭാഷ അക്ഷരീയമായിരുന്നു, ചിലത് അങ്ങേയറ്റം അക്ഷരീയമായിരുന്നു; എന്നാൽ ചില ഭാഗങ്ങൾ ഏറെ സ്വാതന്ത്ര്യം എടുത്തു നിർവഹിച്ചവയും ആയിരുന്നു. തത്ഫലമായി ചില പുസ്തകങ്ങൾ വിപുലീകരിക്കപ്പെടുകയോ ഹ്രസ്വമാക്കപ്പെടുകയോ ചെയ്തു. പൊ.യു.മു. രണ്ടാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും, എബ്രായ തിരുവെഴുത്തുകളിലെ എല്ലാ പുസ്തകങ്ങളും ഗ്രീക്കിൽ വായിക്കാൻ കഴിയുമായിരുന്നു. ചില പൊരുത്തക്കേടുകൾ ഉണ്ടായിരുന്നിട്ടും, എബ്രായ തിരുവെഴുത്തുകൾ ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്തിയതിന്റെ ഫലങ്ങൾ പരിഭാഷകർ പ്രതീക്ഷിച്ചതിലും വളരെ വലിയതായിരുന്നു.
യാഫെത്ത്, ശേമിന്റെ കൂടാരത്തിൽ?
സെപ്റ്റുവജിന്റിനെക്കുറിച്ചു ചർച്ച ചെയ്യവേ, തൽമൂദ് ഉല്പത്തി 9:27 ഉദ്ധരിക്കുന്നു: “യാഫെത്ത് . . . ശേമിന്റെ കൂടാരത്തിൽ വസിക്കട്ടെ.” (ബാബിലോന്യ തൽമൂദ്, മെഗില്ലാഹ് 9ബി) സെപ്റ്റുവജിന്റിലെ ഗ്രീക്കു ഭാഷാ സൗന്ദര്യത്തിലൂടെ, യാഫെത്ത് (ജാവാന്റെ പിതാവ്, ഗ്രീക്കുകാരുടെ ഉത്ഭവം അദ്ദേഹത്തിൽനിന്ന് ആയിരുന്നു) ശേമിന്റെ (ഇസ്രായേൽ ജനതയുടെ പിതാമഹൻ) കൂടാരത്തിൽ പാർത്തിരുന്നുവെന്ന് തൽമൂദ് ആലങ്കാരികമായി അർഥമാക്കുന്നു. എന്നാൽ, സെപ്റ്റുവജിന്റിലൂടെ ശേം യാഫെത്തിന്റെ കൂടാരങ്ങളിൽ പാർത്തുവെന്നും പറയാവുന്നതാണ്. അത് എങ്ങനെ?
മഹാനായ അലക്സാണ്ടറുടെ പിടിച്ചടക്കലുകൾക്കു ശേഷം, പൊ.യു.മു. നാലാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ, അധിനിവേശ നാടുകളിലെല്ലാം ഗ്രീക്കു ഭാഷയും സംസ്കാരവും പ്രചരിപ്പിക്കാൻ ഒരു ഊർജിത ശ്രമം നടക്കുകയുണ്ടായി. ഈ നയത്തെയാണ് യവനവത്കരണം എന്നു പറയുന്നത്. തങ്ങളുടെ സംസ്കാരം നിരന്തരം ആക്രമണ ഭീഷണിയിലാണെന്ന് യഹൂദന്മാർക്കു തോന്നി. ഗ്രീക്കു സംസ്കാരവും തത്ത്വചിന്തയും പ്രബലമാകുന്നത് യഹൂദന്മാരുടെ മതത്തിന്റെതന്നെ അസ്തിവാരം ഇളക്കുമായിരുന്നു. ഈ ആക്രമണത്തെ എന്തു ചെറുക്കും?
സെപ്റ്റുവജിന്റ് പരിഭാഷയ്ക്കുള്ള സാധ്യമായ ഒരു പ്രചോദനത്തെ കുറിച്ച്, യഹൂദ ബൈബിൾ പരിഭാഷകനായ മാക്സ് മാർഗോലസ് അഭിപ്രായപ്പെടുന്നു: “പരിഭാഷ വേണമെന്ന ആശയം ഉത്ഭവിച്ചത് യഹൂദ സമൂഹത്തിൽനിന്നാണ് എന്ന് അനുമാനിച്ചാൽ, യഹൂദ നിയമം വിജാതീയർക്കു ലഭ്യമാക്കി യവനന്മാരുടെ [ഗ്രീക്കുകാരുടെ] ജ്ഞാനത്തെ വെല്ലുന്ന ഒരു സംസ്കാരം യഹൂദന്മാർക്കുണ്ടെന്നു ലോകത്തെ ബോധ്യപ്പെടുത്തുക എന്ന മറ്റൊരു പ്രചോദനം ഉണ്ടായിരുന്നതായി കാണാം.” അതുകൊണ്ട് ഗ്രീക്കുഭാഷക്കാരുടെ ലോകത്ത് എബ്രായ തിരുവെഴുത്തുകൾ ലഭ്യമാക്കിയത് ഒരുതരം പ്രതിരോധവും, പ്രത്യാക്രമണവും എന്ന നിലയ്ക്കായിരിക്കാം.
അലക്സാണ്ടറുടെ യവനവത്കരണ നയം ഗ്രീക്കിനെ ലോകത്തിലെ അന്താരാഷ്ട്ര ഭാഷയാക്കി. അദ്ദേഹത്തിന്റെ രാജ്യം റോമാക്കാർ കൈയേറിയപ്പോൾപ്പോലും, ജനതകൾക്കിടയിൽ വാണിജ്യത്തിനും വാർത്താവിനിമയത്തിനും ഉപയോഗിച്ചിരുന്ന ഭാഷ സാധാരണ (അഥവാ, കൊയ്നി) ഗ്രീക്കുതന്നെയായിരുന്നു. ഇത് ബോധപൂർവകമായ ഒരു ശ്രമത്തിന്റെ ഫലമായിരുന്നാലും സ്വാഭാവിക പരിണതിയായിരുന്നാലും, യഹൂദന്മാരുടെ ദൈവവുമായോ നിയമങ്ങളുമായോ മുൻപരിചയം ഇല്ലാതിരുന്ന അനേകം യഹൂദേതരർക്കിടയിൽ എബ്രായ തിരുവെഴുത്തുകളുടെ സെപ്റ്റുവജിന്റ് പതിപ്പിന് പെട്ടെന്ന് അംഗീകാരം കൈവന്നു. ഫലങ്ങൾ തികച്ചും അതിശയകരമായിരുന്നു.
മതപരിവർത്തിതരും ദൈവഭയമുള്ളവരും
“മോശയുടെ നിയമനിർമാണത്തിന്റെ സൗന്ദര്യവും അന്തസ്സും യഹൂദർക്കിടയിൽ മാത്രമല്ല, മറ്റ് ജനതകൾക്കിടയിലും ആദരിക്കപ്പെടുന്നു” എന്ന് പൊ.യു. ഒന്നാം നൂറ്റാണ്ട് ആയപ്പോഴേക്കും ഫൈലോയ്ക്ക് എഴുതാൻ കഴിഞ്ഞു. ഒന്നാം നൂറ്റാണ്ടിൽ പാലസ്തീനു വെളിയിൽ പാർത്തിരുന്ന യഹൂദന്മാരെ കുറിച്ച്, യഹൂദ ചരിത്രകാരനായ ജോസഫ് ക്ലോസ്നർ പറയുന്നു: “ലക്ഷക്കണക്കിനു വരുന്ന ഈ യഹൂദരെല്ലാം കൊച്ചു പാലസ്തീനിൽനിന്നു മാത്രമായി കുടിയേറിപ്പാർത്തവർ ആണെന്നു വിശ്വസിക്കാൻ പ്രയാസമാണ്. ഈ വലിയ വർധനവിനു കാരണം സ്ത്രീപുരുഷ മതപരിവർത്തിതരുടെ വലിയ തോതിലുള്ള ആഗമനമാണ് എന്നത് നിഷേധിക്കാനാവില്ല.”
എന്നിരുന്നാലും, ആകർഷകമായ ഈ വിവരങ്ങൾകൊണ്ടു മാത്രം ചിത്രം പൂർണമാകുന്നില്ല. യഹൂദ ചരിത്ര പ്രൊഫസറും എഴുത്തുകാരനുമായ ഷേ ജെ. ഡി. കൊഹൻ പ്രസ്താവിക്കുന്നു: “പൊ.യു.മു. സമാപന നൂറ്റാണ്ടുകളിലും പൊ.യു. ആദ്യത്തെ രണ്ടു നൂറ്റാണ്ടുകളിലും വിജാതീയരായ അനേകം സ്ത്രീപുരുഷന്മാർ യഹൂദ മതത്തിലേക്കു പരിവർത്തനം ചെയ്തു. എന്നാൽ പരിവർത്തനം ചെയ്തിട്ടില്ലെങ്കിലും യഹൂദ മതത്തിന്റെ ചില വശങ്ങൾ സ്വീകരിച്ച വിജാതീയരുടെ എണ്ണം അതിലും കൂടുതൽ ആയിരുന്നു.” മതപരിവർത്തനം ചെയ്യാത്ത ഇക്കൂട്ടരെ ക്ലോസ്നറും കൊഹനും പരാമർശിക്കുന്നത് ദൈവഭയമുള്ളവർ എന്നാണ്. ആ കാലഘട്ടത്തിലെ ഗ്രീക്കു സാഹിത്യങ്ങളിൽ പ്രസ്തുത പ്രയോഗം കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്നുണ്ട്.
മതപരിവർത്തിതനും ദൈവഭയമുള്ളവനും തമ്മിലുള്ള വ്യത്യാസമെന്ത്? മതപരിവർത്തിതർ പൂർണമായും പരിവർത്തനം ചെയ്തിരുന്നവരാണ്, (മറ്റ് ദൈവങ്ങളെ തിരസ്കരിച്ച്) ഇസ്രായേലിന്റെ ദൈവത്തെ സ്വീകരിച്ചിരുന്നതിനാലും പരിച്ഛേദനയേറ്റ് ഇസ്രായേൽ ജനത്തോടു ചേർന്നിരുന്നതിനാലും അവർ എല്ലാ അർഥത്തിലും യഹൂദരായി കരുതപ്പെട്ടിരുന്നു. എന്നാൽ ദൈവഭയമുള്ളവരുടെ കാര്യം വ്യത്യസ്തമാണ്: “ഈ വിജാതീയർ അനേകം യഹൂദ ആചാരങ്ങൾ അനുസരിക്കുകയും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ യഹൂദന്മാരുടെ ദൈവത്തെ ആരാധിക്കുകയും ചെയ്തിരുന്നെങ്കിലും, അവർ തങ്ങളെത്തന്നെ യഹൂദരായി വീക്ഷിക്കുകയോ മറ്റുള്ളവരാൽ യഹൂദരായി വീക്ഷിക്കപ്പെടുകയോ ചെയ്തില്ല,” കൊഹൻ പറയുന്നു. അവർ യഹൂദമതം സ്വീകരിച്ച് “അതിന്റെ ചില ആചാരങ്ങൾ അനുസരിച്ചെങ്കിലും . . . പൂർണമായി യഹൂദന്മാരായിത്തീരാഞ്ഞതു നിമിത്തം” ക്ലൊസ്നർ അവരെ “മധ്യസ്ഥാനത്ത് നിൽക്കുന്നവർ” എന്നു വർണിക്കുന്നു.
മിഷനറി പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന യഹൂദന്മാരുമായി ചർച്ച ചെയ്തതുകൊണ്ടോ നടത്തയിലും ആചാരത്തിലും പെരുമാറ്റത്തിലും യഹൂദന്മാർ എത്ര വ്യത്യസ്തരാണെന്നു നിരീക്ഷിച്ചതുകൊണ്ടോ ആയിരിക്കാം ചിലർ ദൈവത്തിൽ തത്പരർ ആയിത്തീർന്നത്. എന്നാൽ ഈ ദൈവഭയമുള്ളവരെ യഹോവയാം ദൈവത്തെ കുറിച്ചു പഠിക്കാൻ സഹായിക്കുന്നതിന് സെപ്റ്റുവജിന്റ് മുഖ്യ ഉപാധിയായി. ഒന്നാം നൂറ്റാണ്ടിലെ ‘ദൈവഭയമുള്ളവരു’ടെ കൃത്യ സംഖ്യ അറിയാൻ നിർവാഹമില്ലെങ്കിലും സെപ്റ്റുവജിന്റിനെ കുറിച്ച് നിസ്സംശയമായും ഒരു കാര്യം പറയാവുന്നതാണ്, അത് റോമാ സാമ്രാജ്യത്തിൽ ഉടനീളം ഗണ്യമായ തോതിൽ ദൈവപരിജ്ഞാനം പ്രചരിപ്പിച്ചു. സെപ്റ്റുവജിന്റിലൂടെ പ്രധാനപ്പെട്ട അസ്തിവാരവും ഇട്ടു.
സെപ്റ്റുവജിന്റ് വഴിയൊരുക്കാൻ സഹായിച്ചു
ക്രിസ്ത്യാനിത്വത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ സെപ്റ്റുവജിന്റ് നിർണായക പങ്കു വഹിച്ചു. പൊ.യു. 33-ലെ പെന്തക്കോസ്തിൽ ക്രിസ്തീയ സഭ സ്ഥാപിതമായ സമയത്ത് സന്നിഹിതർ ആയിരുന്നവരിൽ ഗ്രീക്കു ഭാഷക്കാരായ അനേകം യഹൂദർ ഉണ്ടായിരുന്നു. ആദ്യ കാലത്ത് ക്രിസ്തുവിന്റെ ശിഷ്യർ ആയിത്തീർന്നവരിൽ മതപരിവർത്തിതരും ഉണ്ടായിരുന്നു. (പ്രവൃത്തികൾ 2:5-11; 6:1-6; 8:26-38) യേശുവിന്റെ അപ്പൊസ്തലന്മാരുടെയും മറ്റ് ആദിമ ശിഷ്യരുടെയും നിശ്വസ്ത എഴുത്തുകൾ സാധ്യമാകുന്നത്ര വലിയ കൂട്ടം ആളുകളെ ഉദ്ദേശിച്ചുള്ളത് ആയിരുന്നതിനാൽ, അവയെല്ലാം ഗ്രീക്കിലാണ് രേഖപ്പെടുത്തപ്പെട്ടത്.a അതുകൊണ്ട്, ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ പ്രത്യക്ഷപ്പെടുന്ന എബ്രായ തിരുവെഴുത്തുകളിൽനിന്നുള്ള അനേകം ഉദ്ധരണികൾ സെപ്റ്റുവജിന്റിൽനിന്ന് ഉള്ളതായിരുന്നു.
സ്വാഭാവിക യഹൂദന്മാർക്കും മതപരിവർത്തിതർക്കും പുറമേ മറ്റുള്ളവരും രാജ്യസന്ദേശം സ്വീകരിക്കാൻ തയ്യാറായി. വിജാതീയനായ കൊർന്നേല്യൊസ് “ഭക്തനും തന്റെ സകല ഗൃഹത്തോടും കൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി ജനത്തിന്നു വളരെ ധർമ്മം കൊടുത്തും എപ്പോഴും ദൈവത്തോടു പ്രാർത്ഥിച്ചും പോന്നി”രുന്നവനും ആയിരുന്നു. ക്രിസ്തുവിന്റെ അനുഗാമികൾ എന്ന നിലയിൽ പൊ.യു. 36-ൽ ആദ്യമായി സ്നാപനമേറ്റ വിജാതീയർ കൊർന്നേല്യൊസും കുടുംബവും അവന്റെ ഭവനത്തിൽ കൂടിവന്നിരുന്ന മറ്റുള്ളവരും ആയിരുന്നു. (പ്രവൃത്തികൾ 10:1, 2, 24, 44-48; ലൂക്കൊസ് 7:2-10 താരതമ്യം ചെയ്യുക.) പൗലൊസ് അപ്പൊസ്തലൻ ഏഷ്യാ മൈനറിലൂടെയും ഗ്രീസിലൂടെയും യാത്ര ചെയ്തപ്പോൾ, ദൈവത്തെ ഭയപ്പെട്ടിരുന്നവരോടും “ദൈവത്തെ ആരാധിച്ചിരുന്ന ഗ്രീക്കുകാ”രോടും പ്രസംഗിക്കുകയുണ്ടായി. (പ്രവൃത്തികൾ 13:16, 26; 17:4, NW) കൊർന്നേല്യൊസും മറ്റു വിജാതീയരും സുവാർത്ത സ്വീകരിക്കാൻ തയ്യാറായത് എന്തുകൊണ്ടായിരുന്നു? സെപ്റ്റുവജിന്റ് ആയിരുന്നു അതിനു വഴിയൊരുക്കിയത്. ചുരുക്കത്തിൽ, സെപ്റ്റുവജിന്റ് “അതിപ്രധാന പുസ്തകമാണ്” എന്നും “അതിനെ മാറ്റിനിർത്തി ക്രൈസ്തവ ലോകത്തെയും പാശ്ചാത്യ സംസ്കാരത്തെയും കുറിച്ച് ചിന്തിക്കാനാവില്ല” എന്നും ഒരു പണ്ഡിതൻ പറയുന്നു.
സെപ്റ്റുവജിന്റിന് അതിന്റെ “നിശ്വസ്തത” നഷ്ടമാകുന്നു
സെപ്റ്റുവജിന്റിന്റെ വ്യാപകമായ ഉപയോഗം അവസാനം യഹൂദരിൽ അമർഷം ഉണ്ടാക്കി. ഉദാഹരണത്തിന്, ക്രിസ്ത്യാനികളുമായുള്ള ചർച്ചയ്ക്കിടയിൽ, സെപ്റ്റുവജിന്റ് കൃത്യമായ പരിഭാഷ അല്ലെന്ന് യഹൂദന്മാർ വാദിക്കുമായിരുന്നു. പൊ.യു. രണ്ടാം നൂറ്റാണ്ട് ആയപ്പോഴേക്കും, ഒരു കാലത്തു നിശ്വസ്തമെന്നു യഹൂദ സമൂഹം വാഴ്ത്തിയിരുന്ന പ്രസ്തുത പരിഭാഷയെ കുറിച്ച് അവർ മറിച്ചു പറയാൻ തുടങ്ങി. റബ്ബിമാർ 72 പരിഭാഷകരെ കുറിച്ചുള്ള ഐതിഹ്യം തള്ളിക്കളഞ്ഞു. അവർ ഇങ്ങനെ പ്രസ്താവിച്ചു: “ഒരിക്കൽ 5 മൂപ്പന്മാർ ടോളമി രാജാവിനു വേണ്ടി തോറ ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്തി. തോറ കൃത്യമായി പരിഭാഷപ്പെടുത്താഞ്ഞതുകൊണ്ട്, ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ആ ദിനം കരിദിനം ആയിരുന്നു, സ്വർണ കാളക്കുട്ടിയെ ഉണ്ടാക്കിയ ദിനം പോലെ.” തങ്ങളുടെ കർശനമായ കാഴ്ചപ്പാടുകളുമായി പൊരുത്തമുള്ളതാക്കാൻ വേണ്ടി, റബ്ബിമാർ ഒരു പുതിയ ഗ്രീക്കു പരിഭാഷ ഏർപ്പാടാക്കി. അതിൻപ്രകാരം, റബ്ബി അകിവായുടെ ശിഷ്യനായ അക്വില എന്നു പേരായ ഒരു യഹൂദ മതപരിവർത്തിതൻ പൊ.യു. രണ്ടാം നൂറ്റാണ്ടിൽ പുതിയ പരിഭാഷ തയ്യാറാക്കി.
സെപ്റ്റുവജിന്റിന്റെ ഉപയോഗം യഹൂദന്മാർ നിറുത്തിയെങ്കിലും, അത് വളർച്ചാ ദശയിലായിരുന്ന കത്തോലിക്കാ സഭയുടെ ഔദ്യോഗിക “പഴയ നിയമം” ആയിത്തീർന്നു. ജെറോമിന്റെ ലത്തിൻ വൾഗേറ്റ് വരുന്നതുവരെ ആ നില തുടർന്നു. ഒരു പരിഭാഷയ്ക്ക് ഒരിക്കലും മൂലകൃതിയുടെ സ്ഥാനം ലഭിക്കില്ലെങ്കിലും, യഹോവയാം ദൈവത്തെയും യേശുക്രിസ്തു മുഖാന്തരമുള്ള അവന്റെ രാജ്യത്തെയും കുറിച്ചുള്ള പരിജ്ഞാനം വ്യാപകമാക്കുന്നതിൽ സെപ്റ്റുവജിന്റ് ഗണ്യമായ പങ്ക് വഹിച്ചു. സത്യമായും, സെപ്റ്റുവജിന്റ് ലോകത്തെ മാറ്റിമറിച്ച ഒരു പരിഭാഷതന്നെ.
[അടിക്കുറിപ്പുകൾ]
a മത്തായിയുടെ സുവിശേഷം ആദ്യം എഴുതപ്പെട്ടത് എബ്രായയിൽ ആയിരിക്കാം, പിന്നീട് അതിന്റെ ഗ്രീക്കു പരിഭാഷ നടന്നിരിക്കാം.
[31-ാം പേജിലെ ചിത്രം]
പൗലൊസിന്റെ പ്രസംഗം കേട്ട അനേകർക്കും “സെപ്റ്റുവജിന്റ്” മനസ്സിലാക്കാൻ കഴിഞ്ഞു
[29-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Courtesy of Israel Antiquities Authority