‘സകലർക്കും സന്തോഷം പകരേണ്ട ഒന്ന്’
ദക്ഷിണ പസിഫിക്കിലെ ഒമ്പതു ദ്വീപുകൾ അടങ്ങിയ മനോഹരമായ ഒരു രാജ്യമാണ് ടുവാലു. അവിടത്തെ ജനസംഖ്യ 10,500-ഓളം വരും. “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും [ദൈവം] ഇച്ഛിക്കുന്നു” എന്ന് അറിയാവുന്ന അവിടത്തെ യഹോവയുടെ സാക്ഷികൾ തങ്ങളുടെ സ്വന്തം ഭാഷയിൽ ബൈബിൾ പ്രസിദ്ധീകരണങ്ങൾ ഉണ്ടായിരിക്കാൻ അതിയായി വാഞ്ഛിച്ചു. (1 തിമൊഥെയൊസ് 2:4) എന്നാൽ, ടുവാലുവനിൽ നിഘണ്ടു ഇല്ലായിരുന്നതിനാൽ ആ ഭാഷയിൽ സാഹിത്യങ്ങൾ ലഭ്യമാക്കുക എന്നത് ഒരു വെല്ലുവിളിതന്നെയായിരുന്നു. എന്നുവരികിലും, 1979-ൽ, അവിടെ സേവിച്ചുകൊണ്ടിരുന്ന യഹോവയുടെ സാക്ഷികളുടെ ഒരു മിഷനറി, വെല്ലുവിളി നിറഞ്ഞ ആ ദൗത്യം ഏറ്റെടുത്തു. അദ്ദേഹവും ഭാര്യയും ഒരു പ്രാദേശിക കുടുംബത്തോടൊപ്പം താമസിച്ച് ഭാഷ പഠിച്ചു. ക്രമേണ, ടുവാലുവൻ ഭാഷയിൽ ഒരു ശബ്ദാവലി ഉണ്ടാക്കാൻ അവർക്കു സാധിച്ചു. 1984-ൽ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ടുവാലുവൻ ഭാഷയിൽ നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
എന്നേക്കും ജീവിക്കാൻ പുസ്തകം പ്രസിദ്ധീകരിച്ചതിൽ വിലമതിപ്പു പ്രകടമാക്കിക്കൊണ്ട് ടുവാലുവിന്റെ മുൻ പ്രധാനമന്ത്രി ഡോ. ടി. പൂവാപൂവ ഇങ്ങനെ എഴുതി: “ഈ പുസ്തകം . . . ടുവാലുവിന്റെ പൈതൃകത്തോടു പുതുതായി ചേർക്കപ്പെട്ട അമൂല്യ നിധിയാണ്. ഈ ദേശത്തിലെ ജനങ്ങളുടെ ആത്മീയ ജീവൻ കെട്ടുപണി ചെയ്യുന്നതിൽ നിങ്ങൾ വഹിച്ചിരിക്കുന്ന സ്തുത്യർഹമായ പങ്കിനെ ഓർത്ത് നിങ്ങൾക്ക് അഭിമാനിക്കാനാകും. വിദ്യാഭ്യാസത്തിന് ഉതകുന്ന ഗ്രന്ഥങ്ങളുടെ അച്ചടിയോടുള്ള ബന്ധത്തിൽ ഈ പുസ്തകത്തിന്റെ പേര് ടുവാലുവിന്റെ ചരിത്രത്താളുകളിൽ സ്ഥാനം പിടിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. . . . ഈ [നേട്ടം] സകലർക്കും സന്തോഷം പകരേണ്ട ഒന്നാണ്.”
എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ പരിഭാഷകൻ സമാഹരിച്ച പദസഞ്ചയം 1993-ൽ ടുവാലുവൻ-ഇംഗ്ലീഷ് നിഘണ്ടു പ്രസിദ്ധീകരിക്കുന്നതിലേക്കു നയിച്ചു. ആ ഭാഷയിലുള്ള ആദ്യത്തെ നിഘണ്ടു ആയിരുന്നു അത്. ഈയിടെ ടുവാലുവിലെ ദേശീയ ഭാഷാ സമിതി ടുവാലുവൻ ഭാഷയിൽ തങ്ങൾ ആദ്യമായി തയ്യാറാക്കുന്ന നിഘണ്ടുവിനു വേണ്ടി ആ നിഘണ്ടു ഉപയോഗിക്കുന്നതിനുള്ള അനുവാദം ചോദിച്ചുകൊണ്ട് സൊസൈറ്റിക്ക് എഴുതി.
1989 ജനുവരി 1 മുതൽ ടുവാലുവൻ ഭാഷയിൽ വീക്ഷാഗോപുരം മാസിക പ്രതിമാസപതിപ്പായി പ്രസിദ്ധീകരിച്ചു വരുന്നു. നിങ്ങൾ ഇപ്പോൾ നിങ്ങളുടെ മാതൃഭാഷയിലല്ല ഈ മാസിക വായിക്കുന്നതെങ്കിൽ ഇതിന്റെ രണ്ടാം പേജു തുറന്ന് വീക്ഷാഗോപുരം പ്രസിദ്ധീകരിക്കുന്ന ഭാഷകളിൽ നിങ്ങളുടെ മാതൃഭാഷയും പട്ടികപ്പെടുത്തിയിട്ടുണ്ടോ എന്നു പരിശോധിക്കരുതോ? മാതൃഭാഷയിൽ ഈ പ്രസിദ്ധീകരണം വായിക്കുന്നതു നിങ്ങൾക്കു കൂടുതൽ സന്തോഷം കൈവരുത്തുമെന്നതു തീർച്ചയാണ്.