നിങ്ങൾ സമർപ്പണത്തിനു ചേർച്ചയിലാണോ ജീവിക്കുന്നത്?
“നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു [“യഹോവയ്ക്ക്,”Nw] എന്നപോലെ മനസ്സോടെ ചെയ്വിൻ.”—കൊലൊസ്സ്യർ 3:23.
1. കായിക രംഗത്ത് ഏതുതരം അർപ്പണബോധം പ്രകടമാണ്?
കായികതാരങ്ങൾ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നത് എങ്ങനെയാണ്? ടെന്നീസ്, ഫുട്ബോൾ, ബാസ്കറ്റ്ബോൾ, ബേസ്ബോൾ, ഓട്ടം, ഗോൾഫ് എന്നിങ്ങനെ ഏതൊരു കായിക രംഗത്തും വെട്ടിത്തിളങ്ങുന്ന കായിക താരങ്ങൾക്ക അതു സാധിക്കുന്നത് തങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന മത്സരക്കളിയിൽ കഴിയുന്നത്ര സമർഥരായിത്തീരാൻ വേണ്ടി പരിശീലനത്തിൽ തങ്ങളുടെ ശരീരവും മനസ്സും പൂർണമായി അർപ്പിക്കുന്നതിലൂടെയാണ്. ശാരീരികവും മാനസികവുമായ പരുവപ്പെടുത്തൽ അതിനു പ്രധാനമാണ്. കേവലം ഇത്തരത്തിലുള്ള ഒരു അർപ്പണ ബോധമാണോ ബൈബിൾപരമായ അർഥത്തിൽ സമർപ്പണത്തെ കുറിച്ചു ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കേണ്ടത്?
2. ബൈബിളിൽ “സമർപ്പണം” എന്തിനെ അർഥമാക്കുന്നു? ദൃഷ്ടാന്തീകരിക്കുക.
2 “സമർപ്പണ”ത്തിന്റെ ബൈബിൾപരമായ അർഥം എന്താണ്? “സമർപ്പിക്കുക” എന്ന പദം “വേർപെട്ടിരിക്കുക; വേർപെടുത്തപ്പെടുക; പിന്മാറുക” എന്നിങ്ങനെ അർഥമുള്ള ഒരു എബ്രായ പദത്തിന്റെ പരിഭാഷയാണ്.a പുരാതന ഇസ്രായേലിൽ, മഹാപുരോഹിതനായ അഹരോൻ തന്റെ തലപ്പാവിൽ “സമർപ്പണത്തിന്റെ വിശുദ്ധ അടയാളം” ധരിച്ചിരുന്നു. “വിശുദ്ധി യഹോവയ്ക്കുള്ളതാകുന്നു” എന്നതിന്റെ എബ്രായ പദങ്ങൾ കൊത്തിയിട്ടുള്ള തിളങ്ങുന്ന ഒരു സ്വർണഫലകം ആയിരുന്നു അത്. വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുന്ന യാതൊന്നും താൻ ചെയ്യരുതെന്നുള്ള കാര്യത്തിൽ അതു മഹാപുരോഹിതന് ഒരു ഓർമിപ്പിക്കലായി ഉതകി. എന്തെന്നാൽ “സമർപ്പണത്തിന്റെ അടയാളം, അവന്റെ ദൈവത്തിന്റെ അഭിഷേകതൈലം, അവന്റെമേൽ” ഉണ്ടായിരുന്നു.—പുറപ്പാടു 29:6; 39:30; ലേവ്യപുസ്തകം 21:12; NW.
3. സമർപ്പണം നമ്മുടെ നടത്തയെ എങ്ങനെ സ്വാധീനിക്കണം?
3 ഇതിൽനിന്ന് സമർപ്പണം ഗൗരവമേറിയ ഒരു സംഗതിയാണെന്ന് നമുക്കു കാണാൻ കഴിയും. ദൈവത്തിന്റെ ഒരു ദാസനായി സ്വമേധയാ തിരിച്ചറിയിക്കുന്നതിനെ അത് അർഥമാക്കുന്നു. അതിന് ശുദ്ധമായ നടത്ത അനിവാര്യമാണ്. അതുകൊണ്ട്, യഹോവയുടെ പിൻവരുന്ന വാക്കുകൾ പത്രൊസ് അപ്പൊസ്തലൻ ഉദ്ധരിച്ചത് എന്തുകൊണ്ടെന്ന് നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ: “ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ.” (1 പത്രൊസ് 1:15, 16) സമർപ്പിത ക്രിസ്ത്യാനികൾ എന്ന നിലയിൽ അവസാനംവരെ വിശ്വസ്തർ ആയിരുന്നുകൊണ്ട് നമ്മുടെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വം നമുക്കുണ്ട്. എന്നാൽ ക്രിസ്തീയ സമർപ്പണത്തിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?—ലേവ്യപുസ്തകം 19:2; മത്തായി 24:13.
4. നാം സമർപ്പണം എന്ന പടിയിൽ എത്തിച്ചേരുന്നത് എങ്ങനെ, അതിനെ എന്തിനോട് ഉപമിക്കാനാകും?
4 യഹോവയാം ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും, യേശുക്രിസ്തുവിനെയും ദൈവോദ്ദേശ്യത്തിൽ അവനുള്ള പങ്കിനെയും സംബന്ധിച്ച സൂക്ഷ്മപരിജ്ഞാനം നേടിയ ശേഷം, മുഴു ഹൃദയത്തോടും മനസ്സോടും ദേഹിയോടും ശക്തിയോടും കൂടെ ദൈവത്തെ സേവിക്കാൻ നാം വ്യക്തിപരമായി തീരുമാനിച്ചു. (മർക്കൊസ് 8:34; 12:30; യോഹന്നാൻ 17:3) അതിനെ ഒരു വ്യക്തിഗത പ്രതിജ്ഞയായി, ദൈവത്തിനുള്ള ഒരു നിരുപാധിക സമർപ്പണമായി വീക്ഷിക്കാനാകും. നമ്മുടെ സമർപ്പണം പെട്ടെന്നുള്ള ഒരു വൈകാരിക തിരത്തള്ളലിന്റെ ഫലമായിരുന്നില്ല. നമ്മുടെ യുക്തിബോധം ഉപയോഗിച്ച് കാര്യങ്ങൾ ശ്രദ്ധാപൂർവവും പ്രാർഥനാപൂർവവും വിലയിരുത്തിയ ശേഷം എടുത്ത ഒരു നടപടി ആയിരുന്നു അത്. അതുകൊണ്ട്, അതൊരു താത്കാലിക തീരുമാനം ആയിരുന്നില്ല. നിലം ഉഴാൻ തുടങ്ങിയിട്ട്, അതു വളരെ ബുദ്ധിമുട്ടാണെന്നോ വിദൂര ഭാവിയിലേ കൊയ്ത്തു നടക്കുകയുള്ളൂ എന്നോ അക്കാര്യത്തിൽ ഉറപ്പില്ലെന്നോ ഉള്ള കാരണത്താൽ, ഇടയ്ക്കുവെച്ച് പണി നിറുത്തിപ്പോകുന്ന ഒരു വ്യക്തിയെപ്പോലെ ആയിരിക്കാൻ നമുക്കാവില്ല. കടുത്ത പ്രതിബന്ധങ്ങളിന്മധ്യേ, ദിവ്യാധിപത്യ ഉത്തരവാദിത്വമാകുന്ന “കലപ്പെക്കു കൈ വെച്ച” ചിലരുടെ ഉദാഹരണങ്ങൾ പരിചിന്തിക്കുക.—ലൂക്കൊസ് 9:62; റോമർ 12:1, 2.
അവർ തങ്ങളുടെ സമർപ്പണത്തെ തള്ളിപ്പറഞ്ഞില്ല
5. ദൈവത്തിന്റെ ഒരു സമർപ്പിത ദാസനെന്ന നിലയിൽ യിരെമ്യാവ് ഒരു മികച്ച മാതൃക ആയിരുന്നത് എങ്ങനെ?
5 യിരെമ്യാവ് 40-ലേറെ വർഷം (പൊ.യു.മു. 647-607) യെരൂശലേമിൽ പ്രവാചക ശുശ്രൂഷ ചെയ്തു. അത് വളരെ ബുദ്ധിമുട്ടുള്ള ഒരു നിയമനം ആയിരുന്നു. തന്റെ പരിമിതികൾ സംബന്ധിച്ച് അവൻ തികച്ചും ബോധവാനായിരുന്നു. (യിരെമ്യാവു 1:2-6) യഹൂദയിലെ അഹങ്കാരികളായ ആളുകളെ അനുദിനം അഭിമുഖീകരിക്കാൻ അവന് ധൈര്യവും സഹിഷ്ണുതയും ആവശ്യമായിരുന്നു. (യിരെമ്യാവു 18:18; 38:4-6) എന്നിരുന്നാലും, യിരെമ്യാവ് യഹോവയാം ദൈവത്തിൽ ആശ്രയിച്ചു. ദൈവം അവനെ ബലപ്പെടുത്തി. അങ്ങനെ താൻ ദൈവത്തിന്റെ ഒരു യഥാർഥ സമർപ്പിത ദാസനാണെന്ന് അവൻ തെളിയിച്ചു.—യിരെമ്യാവു 1:18, 19.
6. യോഹന്നാൻ അപ്പൊസ്തലൻ നമുക്ക് എന്ത് മാതൃക വെച്ചു?
6 പൊതുവെ വാസയോഗ്യം അല്ലാതിരുന്ന പത്മൊസ് ദ്വീപിലേക്ക്, “ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം” വാർധക്യ കാലത്ത് നാടുകടത്തപ്പെട്ട വിശ്വസ്ത അപ്പൊസ്തലനായ യോഹന്നാന്റെ കാര്യമോ? (വെളിപ്പാടു 1:9) ഏകദേശം 60 വർഷക്കാലം അവൻ സഹിച്ചുനിൽക്കുകയും ഒരു ക്രിസ്ത്യാനി എന്ന നിലയിൽ തന്റെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കുകയും ചെയ്തു. റോമൻ സൈന്യം യെരൂശലേമിനെ നശിപ്പിച്ച ശേഷവും അവൻ ജീവിച്ചിരുന്നു. ഒരു സുവിശേഷ വിവരണവും മൂന്ന് നിശ്വസ്ത ലേഖനങ്ങളും വെളിപ്പാടു പുസ്തകവും എഴുതാനുള്ള പദവി അവനു ലഭിച്ചു. വെളിപ്പാടിൽ അർമഗെദോൻ യുദ്ധത്തെ അവൻ മുൻകൂട്ടി കണ്ടു. അർമഗെദോൻ തന്റെ ജീവിതകാലത്തു വരില്ലെന്നു മനസ്സിലായപ്പോൾ അവൻ തന്റെ ദൈവസേവനം നിറുത്തിയോ? അവൻ ഉദാസീനൻ ആയിത്തീർന്നോ? ഇല്ല, ‘സമയം അടുത്തിരുന്നു’ എങ്കിലും തന്റെ ദർശനങ്ങളുടെ നിവൃത്തി പിൽക്കാലത്തേ സംഭവിക്കുകയുള്ളൂ എന്ന അറിവോടെ യോഹന്നാൻ മരണത്തോളം വിശ്വസ്തനായി തുടർന്നു.—വെളിപ്പാടു 1:3; ദാനീയേൽ 12:4.
സമർപ്പണത്തിന്റെ ആധുനിക മാതൃകകൾ
7. ഒരു ക്രിസ്ത്യാനി ക്രിസ്തീയ സമർപ്പണത്തിന്റെ ഒരു മാതൃക ആയിരുന്നത് എങ്ങനെ?
7 അർമഗെദോൻ കാണാൻ കഴിയാതെ മരിച്ചുപോയ ആയിരക്കണക്കിന് വിശ്വസ്ത ക്രിസ്ത്യാനികൾ ഈ ആധുനിക കാലത്ത് തങ്ങളുടെ സമർപ്പണത്തോട് ഉത്സാഹപൂർവം പറ്റിനിന്നിട്ടുണ്ട്. അവരിൽ ഒരാളാണ് ഇംഗ്ലണ്ടിലെ ഏർണസ്റ്റ് ബീവെർ. 1939-ൽ, രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിലാണ് അദ്ദേഹം ഒരു സാക്ഷി ആയിത്തീർന്നത്. മുഴുസമയ ശുശ്രൂഷ ഏറ്റെടുക്കാനായി അദ്ദേഹം തഴച്ചുവളർന്നുകൊണ്ടിരുന്ന തന്റെ പ്രസ് ഫോട്ടോഗ്രാഫി ബിസിനസ് ഉപേക്ഷിച്ചു. ക്രിസ്തീയ നിഷ്പക്ഷത പാലിച്ചതു നിമിത്തം രണ്ടു വർഷം അദ്ദേഹത്തിന് ജയിലിൽ കിടക്കേണ്ടിവന്നു. കുടുംബാംഗങ്ങൾ അദ്ദേഹത്തെ പിന്തുണച്ചു. 1950-ൽ അദ്ദേഹത്തിന്റെ മൂന്നു മക്കൾ മിഷനറി പരിശീലനത്തിനായി ന്യൂയോർക്കിലെ വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിൽ പങ്കെടുത്തു. ബീവെർ സഹോദരൻ പ്രസംഗപ്രവർത്തനത്തിൽ വളരെ തീക്ഷ്ണതയുള്ളവൻ ആയിരുന്നതിനാൽ സുഹൃത്തുക്കൾ അദ്ദേഹത്തെ അർമഗെദോൻ ഏർണി എന്നു വിളിച്ചിരുന്നു. അദ്ദേഹം തന്റെ സമർപ്പണത്തോടു വിശ്വസ്തമായി പറ്റിനിന്നു. 1986-ൽ മരിക്കുന്നതു വരെ അദ്ദേഹം ദൈവത്തിന്റെ യുദ്ധമായ അർമഗെദോന്റെ സാമീപ്യത്തെ കുറിച്ച് ഘോഷിച്ചു. തന്റെ സമർപ്പണത്തെ ദൈവവുമായുള്ള ഒരു ഹ്രസ്വകാല ഉടമ്പടിയായി അദ്ദേഹം വീക്ഷിച്ചില്ല!b—1 കൊരിന്ത്യർ 15:58.
8, 9. (എ) ഫ്രാൻകോയുടെ വാഴ്ചക്കാലത്ത് സ്പെയിനിലെ അനേകം ചെറുപ്പക്കാർ എന്തു മാതൃക വെച്ചു? (ബി) ഏതു ചോദ്യങ്ങൾ ഉചിതമാണ്?
8 കുറഞ്ഞുപോകാത്ത തീക്ഷ്ണതയുടെ മറ്റൊരു ദൃഷ്ടാന്തം സ്പെയിനിൽ നിന്നുള്ളതാണ്. ഫ്രാൻകോയുടെ വാഴ്ചക്കാലത്ത് (1939-75) നൂറുകണക്കിന് സമർപ്പിത യുവസാക്ഷികൾ ക്രിസ്തീയ നിഷ്പക്ഷത നിലനിറുത്തി. അവരിൽ അനേകരും പത്തോ അതിലേറെയോ വർഷങ്ങൾ പട്ടാള തടവറകളിൽ ചെലവഴിച്ചു. ഒരു സാക്ഷിയായ ജീസസ് മാർട്ടിന് പല കേസുകളിലായി മൊത്തം 22 വർഷത്തെ ജയിൽശിക്ഷയാണ് ലഭിച്ചത്. ഉത്തരാഫ്രിക്കയിലെ പട്ടാള ജയിലിൽ ആയിരിക്കെ അദ്ദേഹത്തിന് മാരകമായ പ്രഹരം ഏൽക്കുകയുണ്ടായി. ഇതെല്ലാം സഹിച്ചുനിൽക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. എന്നിരുന്നാലും വിട്ടുവീഴ്ച ചെയ്യാൻ അദ്ദേഹം കൂട്ടാക്കിയില്ല.
9 ജയിലിൽനിന്ന് വിമുക്തരായാൽത്തന്നെ അത് എപ്പോഴായിരിക്കുമെന്ന് മിക്ക സന്ദർഭങ്ങളിലും ഈ ചെറുപ്പക്കാർക്ക് അറിയില്ലായിരുന്നു. കാരണം, ഒന്നിനുപിറകെ ഒന്നായി അവർക്കെതിരെ പല ശിക്ഷാവിധികൾ പുറപ്പെടുവിച്ചിരുന്നു. എങ്കിലും അവർ തങ്ങളുടെ ദൃഢവിശ്വസ്തത കാത്തുകൊള്ളുകയും തടവറയിൽ ആയിരുന്നപ്പോൾ പോലും ശുശ്രൂഷയോടുള്ള തീക്ഷ്ണത നിലനിറുത്തുകയും ചെയ്തു. അവസാനം 1973-ൽ സാഹചര്യം മെച്ചപ്പെട്ടു തുടങ്ങിയപ്പോൾ ഈ സാക്ഷികളിൽ മിക്കവരെയും ജയിലിൽനിന്ന് വിട്ടയച്ചു. അന്ന് മുപ്പതുകളുടെ തുടക്കത്തിൽ ആയിരുന്ന അവർ ഉടൻതന്നെ മുഴുസമയ ശുശ്രൂഷ ഏറ്റെടുത്തു. ചിലർ പ്രത്യേക പയനിയർമാരും സഞ്ചാരമേൽവിചാരകന്മാരും ആയിത്തീർന്നു. ജയിലിൽ ആയിരിക്കെ അവർ തങ്ങളുടെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിച്ചു. പുറത്തുവന്ന ശേഷവും ബഹുഭൂരിപക്ഷവും ആ നിലയിൽ തുടർന്നിരിക്കുന്നു.c ഇന്ന് നമ്മെ സംബന്ധിച്ചെന്ത്? ഈ വിശ്വസ്ത ക്രിസ്ത്യാനികളെ പോലെ നാമും നമ്മുടെ സമർപ്പണത്തോടു വിശ്വസ്തത പുലർത്തുന്നുണ്ടോ?—എബ്രായർ 10:32-34; 13:3.
നമ്മുടെ സമർപ്പണത്തെ കുറിച്ചുള്ള ശരിയായ വീക്ഷണം
10. (എ) നമ്മുടെ സമർപ്പണത്തെ നാം എങ്ങനെ വീക്ഷിക്കണം? (ബി) യഹോവയ്ക്കുള്ള നമ്മുടെ സേവനത്തെ അവൻ എങ്ങനെ വീക്ഷിക്കുന്നു?
10 ദൈവത്തിനുള്ള നമ്മുടെ സമർപ്പണത്തെ നാം എങ്ങനെയാണു വീക്ഷിക്കുന്നത്? ദൈവേഷ്ടം ചെയ്യാനുള്ള ആ സമർപ്പണമാണോ നമ്മുടെ ജീവിതത്തിലെ മുഖ്യ സംഗതി? നാം ചെറുപ്പക്കാരോ പ്രായമായവരോ വിവാഹിതരോ ഏകാകികളോ ആരോഗ്യമുള്ളവരോ രോഗികളോ ആയിരുന്നാലും, നമ്മുടെ സാഹചര്യങ്ങൾക്ക് അനുസൃതമായി സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ നാം കഠിന ശ്രമം ചെയ്യണം. ഒരു പയനിയറോ വാച്ച് ടവർ സൊസൈറ്റിയുടെ ഒരു ബ്രാഞ്ച് ഓഫീസിലെ ഒരു സ്വമേധയാ സേവകനോ ഒരു മിഷനറിയോ ഒരു സഞ്ചാരമേൽവിചാരകനോ ആയിരുന്നുകൊണ്ട് മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെടാൻ സാഹചര്യം ഒരുവനെ അനുവദിച്ചേക്കാം. അതേസമയം ചില മാതാപിതാക്കൾ തങ്ങളുടെ കുടുംബത്തിന്റെ ശാരീരികവും ആത്മീയവുമായ ആവശ്യങ്ങൾക്കു വേണ്ടി കരുതുന്നതിൽ പൂർണമായും വ്യാപൃതരായിരുന്നേക്കാം. അവർ ശുശ്രൂഷയിൽ മാസംതോറും ചെലവഴിക്കുന്ന താരതമ്യേന കുറഞ്ഞ മണിക്കൂറുകൾക്ക് ഒരു മുഴുസമയ സേവകൻ ചെലവഴിക്കുന്ന അനേകം മണിക്കൂറുകളെക്കാൾ ദൈവദൃഷ്ടിയിൽ മൂല്യം കുറവാണോ? അല്ല. ദൈവം ഒരിക്കലും നമുക്കു സാധിക്കാത്തത് നമ്മിൽനിന്ന് ആവശ്യപ്പെടുന്നില്ല. പൗലൊസ് അപ്പൊസ്തലൻ ഈ തത്ത്വം പ്രസ്താവിച്ചു: “ഒരുത്തന്നു മനസ്സൊരുക്കം ഉണ്ടെങ്കിൽ പ്രാപ്തിയില്ലാത്തതുപോലെയല്ല പ്രാപ്തിയുള്ളതുപോലെ കൊടുത്താൽ അവന്നു ദൈവപ്രസാദം ലഭിക്കും.”—2 കൊരിന്ത്യർ 8:12.
11. നമ്മുടെ രക്ഷ എന്തിനെയാണ് ആശ്രയിച്ചിരിക്കുന്നത്?
11 എന്തായിരുന്നാലും, നമ്മുടെ രക്ഷ നാം ചെയ്തേക്കാവുന്ന കാര്യങ്ങളെയല്ല, മറിച്ച് നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെയുള്ള യഹോവയുടെ അനർഹദയയെയാണ് ആശ്രയിച്ചിരിക്കുന്നത്. പൗലൊസ് അത് വ്യക്തമായി ഇങ്ങനെ വിശദീകരിച്ചു: “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു, അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നതു.” എന്നിരുന്നാലും, നമ്മുടെ പ്രവൃത്തികൾ ദൈവത്തിന്റെ വാഗ്ദാനങ്ങളിലുള്ള നമ്മുടെ സജീവ വിശ്വാസത്തിന്റെ തെളിവാണ്.—റോമർ 3:23, 24; യാക്കോബ് 2:17, 18, 24.
12. നമ്മുടെ സേവനത്തെ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യരുതാത്തത് എന്തുകൊണ്ട്?
12 ദൈവസേവനത്തിൽ ചെലവഴിക്കുന്ന സമയം, സമർപ്പിക്കുന്ന ബൈബിൾ സാഹിത്യങ്ങളുടെ എണ്ണം, നടത്തുന്ന ബൈബിൾ അധ്യയനങ്ങളുടെ എണ്ണം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നാം നമ്മെത്തന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യേണ്ടതില്ല. (ഗലാത്യർ 6:3, 4, NW) ക്രിസ്തീയ ശുശ്രൂഷയിൽ നാം എത്രയേറെ കാര്യങ്ങൾ ചെയ്താലും, താഴ്മയുള്ളവർ ആയിരിക്കാൻ നമ്മെ സഹായിക്കുന്ന, യേശുവിന്റെ പിൻവരുന്ന വാക്കുകൾ നാം ഓർമിക്കേണ്ടതാണ്: “അവ്വണ്ണം നിങ്ങളോടു കല്പിച്ചതു ഒക്കെയും ചെയ്തശേഷം: ഞങ്ങൾ പ്രയോജനം ഇല്ലാത്ത ദാസന്മാർ ചെയ്യേണ്ടതേ ചെയ്തിട്ടുള്ളു എന്നു നിങ്ങളും പറവിൻ.” (ലൂക്കൊസ് 17:10) നമ്മോടു “കല്പിച്ചതു ഒക്കെയും” ചെയ്തിട്ടുണ്ടെന്ന് വാസ്തവത്തിൽ നമുക്ക് എത്ര കൂടെക്കൂടെ പറയാൻ കഴിയും? അതുകൊണ്ട് ചോദ്യം ഇതാണ്, ദൈവത്തിനുള്ള നമ്മുടെ സേവനത്തിന്റെ ഗുണനിലവാരം എന്തായിരിക്കണം?—2 കൊരിന്ത്യർ 10:17.
ഓരോ ദിവസത്തെയും മൂല്യവത്താക്കുക
13. സമർപ്പണത്തിനു ചേർച്ചയിൽ പ്രവർത്തിക്കുമ്പോൾ നമുക്ക് എന്തു മനോഭാവം ആവശ്യമാണ്?
13 ഭാര്യാഭർത്താക്കന്മാർക്കും കുട്ടികൾക്കും മാതാപിതാക്കൾക്കും അടിമകൾക്കും ബുദ്ധിയുപദേശം നൽകിയ ശേഷം പൗലൊസ് എഴുതുന്നു: “നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്വിൻ. അവകാശമെന്ന പ്രതിഫലം കർത്താവു തരും എന്നറിഞ്ഞു കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ.” (കൊലൊസ്സ്യർ 3:23, 24) നാം യഹോവയുടെ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്നത് മനുഷ്യരെ ബോധിപ്പിക്കാനല്ല. യേശുക്രിസ്തുവിന്റെ മാതൃക പിൻപറ്റിക്കൊണ്ട് ദൈവത്തെ സേവിക്കാനാണ് നാം ശ്രമിക്കുന്നത്. താരതമ്യേന ഹ്രസ്വമായിരുന്ന തന്റെ ശുശ്രൂഷ അവൻ അടിയന്തിരതാ ബോധത്തോടെ ചെയ്തു.—1 പത്രൊസ് 2:21.
14. അന്ത്യകാലത്തെ കുറിച്ച് പത്രൊസ് എന്തു മുന്നറിയിപ്പു നൽകി?
14 പത്രൊസ് അപ്പൊസ്തലനും അടിയന്തിരതാ ബോധം പ്രകടമാക്കി. ക്രിസ്തുവിന്റെ സാന്നിധ്യത്തെ കുറിച്ച് സ്വന്തം താത്പര്യങ്ങൾക്ക് അനുസൃതമായി സംശയങ്ങൾ ഉന്നയിക്കുന്ന വിശ്വാസത്യാഗികളും സന്ദേഹവാദികളുമായ പരിഹാസികൾ അന്ത്യകാലത്ത് ഉണ്ടായിരിക്കുമെന്ന് തന്റെ രണ്ടാമത്തെ ലേഖനത്തിൽ അവൻ മുന്നറിയിപ്പു നൽകി. എന്നിരുന്നാലും അവൻ ഇങ്ങനെ പറഞ്ഞു: “ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു. കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും.” അതേ, യഹോവയുടെ ദിവസം വരുമെന്ന് ഉറപ്പാണ്. അതുകൊണ്ട്, ദൈവത്തിന്റെ വാഗ്ദാനത്തിലുള്ള നമ്മുടെ വിശ്വാസം വാസ്തവത്തിൽ എത്രമാത്രം ഉറച്ചതും ശക്തവും ആണെന്നുള്ളതിനെ നാം അനുദിന ചിന്താവിഷയമാക്കണം.—2 പത്രൊസ് 3:3, 4, 9, 10.
15. ജീവിതത്തിലെ ഓരോ ദിവസത്തെയും നാം എങ്ങനെ വീക്ഷിക്കണം?
15 നമ്മുടെ സമർപ്പണത്തിനു ചേർച്ചയിൽ മനസ്സാക്ഷിപൂർവം ജീവിക്കണമെങ്കിൽ, യഹോവയ്ക്കു സ്തുതി കൈവരുത്തുന്ന വിധത്തിൽ നാം ഓരോ ദിവസത്തെയും ഉപയോഗിക്കണം. ഓരോ ദിവസത്തിന്റെയും ഒടുവിൽ, യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണത്തിനും രാജ്യസുവാർത്തയുടെ ഘോഷണത്തിനുമായി ആ ദിവസം നാം എന്തെല്ലാം ചെയ്തെന്ന് പിന്തിരിഞ്ഞു നോക്കാൻ നമുക്കു കഴിയുന്നുണ്ടോ? നമ്മുടെ നല്ല നടത്തയാലോ പരിപുഷ്ടിപ്പെടുത്തുന്ന സംസാരത്താലോ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും വേണ്ടിയുള്ള സ്നേഹപൂർവകമായ കരുതലിന്റെ രൂപത്തിലോ ആയിരിക്കാം നാം അപ്രകാരം ചെയ്തത്. ക്രിസ്തീയ വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കാൻ ലഭ്യമായ അവസരങ്ങൾ നാം ഉപയോഗിച്ചോ? ദൈവത്തിന്റെ വാഗ്ദാനങ്ങളെ കുറിച്ച് ഗൗരവമായി ചിന്തിക്കാൻ നാം ആരെയെങ്കിലും സഹായിച്ചോ? ഓരോ ദിവസവും നമുക്ക് ആത്മീയമായി മൂല്യവത്തായ എന്തെങ്കിലും ചെയ്യാം. ആലങ്കാരികമായി പറഞ്ഞാൽ, നമ്മുടെ ആത്മീയ ബാങ്ക് അക്കൗണ്ടിലെ നിക്ഷേപം നമുക്ക് ഓരോ ദിവസവും വർധിപ്പിക്കാം.—മത്തായി 6:20; 1 പത്രൊസ് 2:12; 3:15; യാക്കോബ് 3:13.
വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരിക്കുക
16. ദൈവത്തിനുള്ള നമ്മുടെ സമർപ്പണത്തെ ദുർബലപ്പെടുത്താൻ സാത്താൻ ഏതെല്ലാം വിധങ്ങളിൽ ശ്രമിക്കുന്നു?
16 ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം സാഹചര്യം ഇന്ന് കൂടുതൽ ദുഷ്കരം ആയിക്കൊണ്ടിരിക്കുകയാണ്. നന്മയും തിന്മയും, ശുദ്ധിയും അശുദ്ധിയും, ധാർമികതയും അധാർമികതയും, സദാചാരവും ദുരാചാരവും തമ്മിലുള്ള വ്യത്യാസത്തെ കൂടുതൽ അവ്യക്തമാക്കാൻ സാത്താനും അവന്റെ പിണയാളികളും ശ്രമിക്കുകയാണ്. (റോമർ 1:24-28; 16:17-19) മനസ്സിനെയും ഹൃദയത്തെയും ദുഷിപ്പിക്കുന്നത് അവൻ ഇന്ന് നമുക്ക് വളരെ എളുപ്പമാക്കിയിരിക്കുകയാണ്. അതിന് ഒരു ടെലിവിഷൻ റിമോട്ട് കൺട്രോളോ ഒരു കമ്പ്യൂട്ടർ കീബോർഡോ ഉപയോഗിച്ചാൽ മതി. നമ്മുടെ ആത്മീയ ദൃഷ്ടി മങ്ങിപ്പോകുകയോ തെറ്റായ സ്ഥലത്തു കേന്ദ്രീകരിക്കുകയോ ചെയ്യുന്നതിന്റെ ഫലമായി അവന്റെ കുടില തന്ത്രങ്ങൾ തിരിച്ചറിയാൻ നമുക്കു കഴിയാതെ പോയേക്കാം. ആത്മീയ മൂല്യങ്ങളുടെ കാര്യത്തിൽ നാം വിട്ടുവീഴ്ച ചെയ്താൽ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയം ദുർബലമായിത്തീരുകയും ‘കലപ്പ’യിന്മേലുള്ള നമ്മുടെ പിടി അയയുകയും ചെയ്തേക്കാം.—ലൂക്കൊസ് 9:62; ഫിലിപ്പിയർ 4:8.
17. ദൈവവുമായുള്ള നമ്മുടെ ബന്ധം നിലനിറുത്താൻ പൗലൊസിന്റെ ബുദ്ധിയുപദേശത്തിന് നമ്മെ എങ്ങനെ സഹായിക്കാനാകും?
17 അതുകൊണ്ട് തെസ്സലൊനീക്യ സഭയ്ക്ക് പൗലൊസ് എഴുതിയ വാക്കുകൾ വളരെ കാലോചിതമാണ്: “ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ. നിങ്ങൾ ദുർന്നടപ്പു വിട്ടൊഴിഞ്ഞു ഓരോരുത്തൻ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല, വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ.” (1 തെസ്സലൊനീക്യർ 4:3-5) അധാർമികതയിൽ ഏർപ്പെട്ടതിന്റെ ഫലമായി ചിലർ ക്രിസ്തീയ സഭയിൽനിന്നു പുറത്താക്കപ്പെട്ടിരിക്കുന്നു. ദൈവത്തിനുള്ള തങ്ങളുടെ സമർപ്പണത്തെ അവഗണിച്ചവരാണ് അവർ. ദൈവവുമായുള്ള തങ്ങളുടെ ബന്ധം ദുർബലമാകാൻ അവർ അനുവദിച്ചു. അങ്ങനെ അവരുടെ ജീവിതത്തിൽ അവന് യാതൊരു പ്രസക്തിയും ഇല്ലാതായി. എന്നിരുന്നാലും, പൗലൊസ് ഇങ്ങനെ പറഞ്ഞു: “ദൈവം നമ്മെ അശുദ്ധിക്കല്ല വിശുദ്ധീകരണത്തിന്നത്രേ വിളിച്ചതു. ആകയാൽ തുച്ഛീകരിക്കുന്നവൻ മനുഷ്യനെ അല്ല, തന്റെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു തരുന്ന ദൈവത്തെ തന്നേ തുച്ഛീകരിക്കുന്നു.”—1 തെസ്സലൊനീക്യർ 4:7, 8.
നിങ്ങളുടെ തീരുമാനം എന്താണ്?
18. നമ്മുടെ ദൃഢനിശ്ചയം എന്തായിരിക്കണം?
18 യഹോവയാം ദൈവത്തിനുള്ള നമ്മുടെ സമർപ്പണത്തിന്റെ ഗൗരവം വിലമതിക്കുന്നെങ്കിൽ, നാം എന്തു ചെയ്യാൻ ദൃഢനിശ്ചയം ഉള്ളവരായിരിക്കണം? നമ്മുടെ നടത്തയോടും ശുശ്രൂഷയോടും ഉള്ള ബന്ധത്തിൽ ഒരു നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കാൻ നാം ദൃഢനിശ്ചയം ചെയ്യണം. പത്രൊസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “ക്രിസ്തുവിൽ നിങ്ങൾക്കുള്ള നല്ല നടപ്പിനെ ദുഷിക്കുന്നവർ നിങ്ങളെ പഴിച്ചു പറയുന്നതിൽ ലജ്ജിക്കേണ്ടതിന്നു നല്ലമനസ്സാക്ഷിയുള്ളവരായിരിപ്പിൻ.” (1 പത്രൊസ് 3:16) നമ്മുടെ ക്രിസ്തീയ നടത്തയെ പ്രതി നാം ദുരിതവും ദ്രോഹവും അനുഭവിക്കേണ്ടി വന്നേക്കാം. ദൈവത്തോടുള്ള വിശ്വസ്തതയെയും ഭക്തിയെയും പ്രതി ക്രിസ്തുവും അത് അനുഭവിച്ചു. പത്രൊസ് ഇങ്ങനെ പറഞ്ഞു: “ക്രിസ്തു ജഡത്തിൽ കഷ്ടമനുഭവിച്ചതുകൊണ്ടു നിങ്ങളും ആ ഭാവം തന്നേ ആയുധമായി ധരിപ്പിൻ. ജഡത്തിൽ കഷ്ടമനുഭവിച്ചവൻ . . . പാപം വിട്ടൊഴിഞ്ഞിരിക്കുന്നു.”—1 പത്രൊസ് 4:1, 2.
19. നമ്മെക്കുറിച്ച് എന്തു പറയപ്പെടാൻ നാം ആഗ്രഹിക്കുന്നു?
19 സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയം ആത്മീയമായും ധാർമികമായും ശാരീരികമായും രോഗാതുരമായ സാത്താന്യ ലോകത്തിന്റെ കെണികളിൽനിന്നു നമ്മെ സംരക്ഷിക്കും. മാത്രമല്ല, ദൈവാംഗീകാരം ഉണ്ടെന്ന ആത്മവിശ്വാസം ആർജിക്കാനും അതു നമ്മെ സഹായിക്കും. സാത്താനും അവന്റെ പിണയാളികൾക്കും വാഗ്ദാനം ചെയ്യാൻ കഴിയുന്ന എന്തിനെക്കാളും എത്രയോ മെച്ചമാണത്. അതുകൊണ്ട്, സത്യം ആദ്യം അറിഞ്ഞപ്പോൾ നമുക്ക് ഉണ്ടായിരുന്ന സ്നേഹം നാം വിട്ടുകളഞ്ഞെന്ന് നമ്മെ സംബന്ധിച്ച് ഒരിക്കലും പറയാൻ ഇടവരാതിരിക്കട്ടെ. പകരം, ഒന്നാം നൂറ്റാണ്ടിലെ തുയഥൈര ക്രിസ്ത്യാനികളെ കുറിച്ച് യേശു പറഞ്ഞത് നമ്മെ കുറിച്ചും പറയാൻ ഇടവരട്ടെ: “ഞാൻ നിന്റെ പ്രവൃത്തിയും നിന്റെ സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹിഷ്ണുത എന്നിവയും നിന്റെ ഒടുവിലത്തെ പ്രവൃത്തി ആദ്യത്തേതിലും ഏറെയെന്നും അറിയുന്നു.” (വെളിപ്പാടു 2:4, 18, 19) അതേ, നമ്മുടെ സമർപ്പണത്തിന്റെ കാര്യത്തിൽ നമുക്ക് ശീതോഷ്ണവാന്മാർ ആകാതിരിക്കാം. മറിച്ച്, നമുക്ക് “ആത്മാവിൽ എരിവുള്ളവരായി” അവസാനംവരെ തീക്ഷ്ണതയോടെ നിലകൊള്ളാം—അന്ത്യം ആസന്നമാണ്.—റോമർ 12:11; വെളിപ്പാടു 3:15, 16.
[അടിക്കുറിപ്പുകൾ]
a 1987 ഏപ്രിൽ 15, വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 31-ാം പേജ് കാണുക.
b ഏർണസ്റ്റ് ബീവെറിന്റെ ജീവിതത്തെ കുറിച്ചുള്ള വിശദമായ വിവരണത്തിന് 1980 മാർച്ച് 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 8-11 പേജുകൾ കാണുക.
c വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം 1978, (ഇംഗ്ലീഷ്) പേജുകൾ 156-8, 201-18 കാണുക.
നിങ്ങൾ ഓർമിക്കുന്നുവോ?
• സമർപ്പണത്തിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
• പുരാതന കാലത്തെയും നമ്മുടെ കാലത്തെയും സമർപ്പിത ദൈവദാസന്മാരുടെ ഏതു മാതൃകകൾ നമുക്ക് അനുകരണാർഹമാണ്?
• ദൈവത്തിനുള്ള നമ്മുടെ സേവനത്തെ നാം എങ്ങനെ വീക്ഷിക്കണം?
• ദൈവത്തിനുള്ള നമ്മുടെ സമർപ്പണം സംബന്ധിച്ച് നമ്മുടെ ദൃഢനിശ്ചയം എന്തായിരിക്കണം?
[15-ാം പേജിലെ ചിത്രം]
മൃഗീയമായ പെരുമാറ്റം ഗണ്യമാക്കാതെ യിരെമ്യാവു വിശ്വസ്തനായി നിലകൊണ്ടു
[16-ാം പേജിലെ ചിത്രം]
തീക്ഷ്ണതയുള്ള ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ഏർണസ്റ്റ് ബീവെർ തന്റെ മക്കൾക്ക് ഒരു നല്ല മാതൃക വെച്ചു
[17-ാം പേജിലെ ചിത്രം]
സ്പാനീഷ് ജയിലുകളിലെ ആയിരക്കണക്കിനു യുവസാക്ഷികൾ തങ്ങളുടെ ദൃഢവിശ്വസ്തത കാത്തു
[18-ാം പേജിലെ ചിത്രങ്ങൾ]
ഓരോ ദിവസവും നമുക്ക് ആത്മീയ അർഥത്തിൽ മൂല്യവത്തായ എന്തെങ്കിലും ചെയ്യാം