കേന്ദ്ര ഭരണഘടനാ കോടതിയിൽ വിജയം
ജർമനിയിലെ യഹോവയുടെ സാക്ഷികൾക്ക് കാൾസ്റൂവയിലെ കേന്ദ്ര ഭരണഘടനാ കോടതിയിൽ ചരിത്രപ്രധാനമായ ഒരു വിജയം ലഭിച്ചു. അവർക്കു ലഭിച്ച നിയമാംഗീകാരത്തോടുള്ള ബന്ധത്തിൽ അതൊരു നാഴികക്കല്ലായിരുന്നു.
കഴിഞ്ഞ 100 വർഷത്തിലധികമായി യഹോവയുടെ സാക്ഷികൾ ജർമനിയിൽ സജീവമായി പ്രവർത്തിക്കുന്നു. 20-ാം നൂറ്റാണ്ടിൽ നാസികളുടെയും കമ്മ്യൂണിസ്റ്റുകാരുടെയും രണ്ട് സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ നിലവിലിരുന്നപ്പോൾ അവർക്കു കടുത്ത പീഡനം സഹിക്കേണ്ടിവന്നിട്ടുണ്ട്. ചാരിറ്റബിൾ കോർപ്പറേഷൻ എന്ന നിലയിൽ നിയമാംഗീകാരം നേടാൻ 1990 മുതൽ സാക്ഷികൾ ശ്രമിച്ചിട്ടുണ്ട്. രണ്ട് അനുകൂല കോടതിവിധികളും ഒരു പ്രതികൂല വിധിയും ഉണ്ടായതിനെ തുടർന്ന് സാക്ഷികൾ കേന്ദ്ര ഭരണഘടനാ കോടതിയിൽ ഹർജി നൽകി, 2000 ഡിസംബർ 19-ന് കോടതി അതിനു വിധിപറഞ്ഞു.
യഹോവയുടെ സാക്ഷികൾക്ക് അനുകൂലമായി ഐകകണ്ഠ്യേനയുള്ള വിധി
ഡിവിഷൻ ബെഞ്ചിലെ ഏഴു ജഡ്ജിമാരും സാക്ഷികൾക്ക് അനുകൂലമായി വിധി പറഞ്ഞു. അവർ 1997-ൽ കേന്ദ്ര ഭരണകോടതി പുറപ്പെടുവിച്ച ഒരു വിധിന്യായം മറിച്ചു വിധിക്കുകയും സാക്ഷികളുടെ അപേക്ഷ പുനഃപരിശോധിക്കാൻ നിർദേശം നൽകുകയും ചെയ്തു.
രാഷ്ട്രവും മതവിഭാഗങ്ങളും തമ്മിലുള്ള അടിസ്ഥാന ബന്ധത്തെ കുറിച്ചു പറയാൻ കേന്ദ്ര ഭരണഘടനാ കോടതി പ്രസ്തുത അവസരം വിനിയോഗിച്ചു. അടിസ്ഥാനപരമായി, ഒരു വിഭാഗക്കാർ ഒരു മതമാണോ എന്ന് “നിർണയിക്കുന്നത് ആ വിഭാഗത്തിന്റെ വിശ്വാസങ്ങൾ അല്ല, മറിച്ച് അതിന്റെ പെരുമാറ്റമാണ്.”
സാക്ഷികൾ “ക്രിസ്തീയ നിഷ്പക്ഷത” പാലിക്കുമ്പോൾ, അവർ “ജനാധിപത്യം എന്ന ആശയത്തെ ആക്രമിക്കുന്നില്ല” എന്നും “ജനാധിപത്യ വ്യവസ്ഥയെ മാറ്റി മറ്റൊരു ഗവൺമെന്റിനെ പ്രതിഷ്ഠിക്കാൻ ആഗ്രഹിക്കുന്നില്ല” എന്നും കോടതി അഭിപ്രായപ്പെട്ടു. അതുകൊണ്ട് രാഷ്ട്രീയ തെരഞ്ഞെടുപ്പുകളിൽ സാക്ഷികൾ പങ്കെടുക്കുന്നില്ല എന്ന കാരണത്തെ ചൊല്ലി അവർക്കു നിയമാംഗീകാരം നൽകാതിരിക്കരുത്.—യോഹന്നാൻ 18:36; റോമർ 13:1.
രാഷ്ട്രം ആവശ്യപ്പെടുന്നതും മതം ആവശ്യപ്പെടുന്നതും പരസ്പര വിരുദ്ധമായ കാര്യങ്ങളാണെന്ന് ഒരു വിശ്വാസി—ഒരു സാക്ഷിയോ മറ്റേതെങ്കിലും വിശ്വാസത്തിൽ പെട്ടയാളോ—കണ്ടെത്തുമ്പോൾ അയാൾ “നിയമത്തിനുപരി തന്റെ മതവിശ്വാസങ്ങൾ അനുസരിച്ചുകൊണ്ട്” മനസ്സാക്ഷി പറയുന്നത് അനുസരിക്കുന്നെങ്കിൽ അതു ന്യായവും മതസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതുമായി രാഷ്ട്രം കണക്കാക്കേണ്ടതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.—പ്രവൃത്തികൾ 5:29.
ഈ കോടതിവിധി പത്രങ്ങളിലെ ഒരു മുഖ്യ വാർത്ത ആയിരുന്നു. ഈ കേസിനെ കുറിച്ചുള്ള വാർത്ത വരാത്ത പത്രങ്ങൾ ഒന്നുംതന്നെ ജർമനിയിൽ ഇല്ലായിരുന്നു എന്നു പറയാം. എല്ലാ പ്രമുഖ ടെലിവിഷൻ, റേഡിയോ നിലയങ്ങളും ഈ കേസ് സംബന്ധിച്ച റിപ്പോർട്ടുകളും അഭിമുഖങ്ങളും പ്രക്ഷേപണം ചെയ്തു. മുമ്പൊരിക്കലും ജർമനിയിൽ യഹോവയുടെ നാമത്തിന് ഇത്രയും വ്യാപകമായ പ്രസിദ്ധി ലഭിച്ചിട്ടില്ല.
[8-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
AP Photo/Daniel Maurer