യഥാർഥ വിശ്വാസം അത് ഉണ്ടായിരിക്കുക ഇപ്പോഴും സാധ്യമാണോ?
“ദൈവകൃപയിലുള്ള സുദൃഢമായ, പൂർണ ഉറപ്പാണ് വിശ്വാസം. ഒരു വിശ്വാസി അതിനായി തന്റെ ജീവനെ ഒരായിരം തവണ ത്യജിക്കാൻ തയ്യാറാകുമാറ് അത്രയ്ക്ക് ഉറപ്പുള്ളതാണ് അത്.”—മാർട്ടിൻ ലൂഥർ, 1522.
“ക്രിസ്തീയ വിശ്വാസവും അനുഷ്ഠാനങ്ങളും ഏതാണ്ട് പൊയ്പോയിരിക്കുന്ന, എല്ലാംകൊണ്ടും മതേതരസ്വഭാവമുള്ള ഒരു സമൂഹത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്.”—ലൂഡോവിക് കെന്നഡി, 1999.
വിശ്വാസം സംബന്ധിച്ച വീക്ഷണങ്ങൾ ഗണ്യമാംവിധം വ്യത്യസ്തങ്ങളാണ്. കഴിഞ്ഞ കാലങ്ങളിൽ, ആളുകൾ പൊതുവെ ദൈവവിശ്വാസികൾ ആയിരുന്നു. എന്നാൽ, സന്ദേഹവാദവും ദുരിതങ്ങളും നിറഞ്ഞ ഇന്നത്തെ ലോകത്തിൽ ദൈവത്തിലും ബൈബിളിലും ഉള്ള യഥാർഥ വിശ്വാസം ത്വരിതഗതിയിൽ അപ്രത്യക്ഷമാകുകയാണ്.
യഥാർഥ വിശ്വാസം
പലരെയും സംബന്ധിച്ചിടത്തോളം, “വിശ്വാസം” എന്നത് ഒരു മതം ആചരിക്കുന്നതോ ഒരു ആരാധനാരീതി പിൻപറ്റുന്നതോ മാത്രമാണ്. എന്നാൽ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന പ്രകാരം “വിശ്വാസം” എന്ന പദം അടിസ്ഥാനപരമായി ദൈവത്തിലും അവന്റെ വാഗ്ദാനങ്ങളിലുമുള്ള സമ്പൂർണ ആശ്രയത്വത്തെ—അചഞ്ചലമായ, തികഞ്ഞ ബോധ്യത്തെ—അർഥമാക്കുന്നു. യേശുക്രിസ്തുവിന്റെ ശിഷ്യരെ തിരിച്ചറിയിക്കുന്ന ഒരു ഗുണമാണ് അത്.
ഒരവസരത്തിൽ യേശുക്രിസ്തു, “മടുത്തുപോകാതെ” പ്രാർഥിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ചു പറയുകയുണ്ടായി. എന്നാൽ അതോടൊപ്പം, യഥാർഥ വിശ്വാസം നമ്മുടെ നാളിൽ വാസ്തവത്തിൽ ഉണ്ടായിരിക്കുമോ എന്നതു സംബന്ധിച്ച് അവൻ ഒരു ചോദ്യം ഉന്നയിക്കുകയും ചെയ്തു. അവൻ ഇങ്ങനെ ചോദിച്ചു: “മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ [ഇങ്ങനെയുള്ള] വിശ്വാസം കണ്ടെത്തുമോ”? അവൻ അങ്ങനെ ചോദിച്ചത് എന്തുകൊണ്ടായിരുന്നു?—ലൂക്കൊസ് 18:1, 8.
നഷ്ടമാകുന്ന വിശ്വാസം
ആളുകൾക്ക് അവരുടെ വിശ്വാസം നഷ്ടമാകാൻ ഇടയാക്കുന്ന കാരണങ്ങൾ പലതാണ്. അനുദിന ജീവിതത്തിലെ വേദനകളും ദുരിതങ്ങളും അതിൽ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, മൈക്കൾ ഗോൾഡറിന്റെ അനുഭവം പരിചിന്തിക്കുക. മാഞ്ചെസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ടീമിലെ നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ 1958-ലെ മ്യൂണിക് വിമാന ദുരന്തത്തിന്റെ സമയത്ത് അദ്ദേഹം ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിൽ ഇടവക വികാരിയായിരുന്നു. “ആളുകളുടെ ദുഃഖത്തിന്റെ തീവ്രതയ്ക്കു മുന്നിൽ [ഗോൾഡറിന്] നിസ്സഹായത തോന്നി” എന്ന് ഒരു ബിബിസി ടെലിവിഷൻ പരിപാടിയുടെ പ്രക്ഷേപകനായ ജോൺ ബേക്ക്വെൽ വിവരിച്ചു. അതോടെ അദ്ദേഹത്തിന്, “മനുഷ്യന്റെ കാര്യാദികളിൽ ഇടപെടുന്ന ഒരു ദൈവത്തിലുള്ള തന്റെ വിശ്വാസം നഷ്ടമായി.” “ബൈബിൾ ദൈവത്തിന്റെ . . . പിഴവുപറ്റാത്ത വചനമല്ല” പകരം “പിഴവുകളോടു കൂടിയ, അങ്ങുമിങ്ങും ഏതാനും നിശ്വസ്ത മൊഴികൾ അടങ്ങിയ മനുഷ്യന്റെ വചനമാണ്” എന്നും ഗോൾഡർ അഭിപ്രായപ്പെട്ടു.
ചിലപ്പോൾ വിശ്വാസം വാടിപ്പോകുന്നു. എഴുത്തുകാരനും പ്രക്ഷേപകനുമായ ലൂഡോവിക് കെന്നഡിക്കു സംഭവിച്ചത് അതായിരുന്നു. കുട്ടിക്കാലം മുതൽക്കേ അദ്ദേഹത്തിന്റെ, “മനസ്സിൽ ഇടയ്ക്കിടെ [ദൈവത്തെ കുറിച്ചുള്ള] സംശയങ്ങളും അനിശ്ചിതത്വങ്ങളും പൊങ്ങിവന്നിരുന്നു. ക്രമേണ [അദ്ദേഹത്തിന്റെ] വിശ്വാസം നഷ്ടമായി” എന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം നൽകാൻ ആർക്കും കഴിഞ്ഞില്ലത്രേ. കടൽയാത്രയ്ക്കിടെ പിതാവു കൊല്ലപ്പെട്ടത് അദ്ദേഹത്തിന്റെ ദുർബലമായ വിശ്വാസത്തെ ഒന്നുകൂടി ദുർബലമാക്കി. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമൻ പടക്കപ്പലുകൾ അദ്ദേഹത്തിന്റെ പിതാവു സഞ്ചരിച്ചിരുന്ന യാത്രാക്കപ്പലിനെ ആക്രമിച്ചു നശിപ്പിച്ചപ്പോൾ “കടലിലെ ആപത്തുകളിൽനിന്നും ശത്രുവിന്റെ ആക്രമണങ്ങളിൽനിന്നും ഞങ്ങളെ രക്ഷിക്കണേ” എന്ന പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കാതെ പോയി.—എല്ലാം സാങ്കൽപ്പികം—ദൈവത്തിനു വിട (ഇംഗ്ലീഷ്).
അത്തരം അനുഭവങ്ങൾ അസാധാരണമല്ല. “വിശ്വാസം എല്ലാവർക്കും ഇല്ലല്ലോ” എന്ന് അപ്പൊസ്തലനായ പൗലൊസ് പറയുന്നു. (2 തെസ്സലൊനീക്യർ 3:2) നിങ്ങൾ എന്തു കരുതുന്നു? അനുദിനം സന്ദേഹങ്ങൾ വർധിച്ചുവരുന്ന ഇന്നത്തെ ലോകത്തിൽ ദൈവത്തിലും അവന്റെ വചനത്തിലും യഥാർഥ വിശ്വാസം ഉണ്ടായിരിക്കുക സാധ്യമാണോ? ഇതു സംബന്ധിച്ച് പിൻവരുന്ന ലേഖനം എന്തു പറയുന്നു എന്നു പരിശോധിക്കുക.