രഹസ്യം വെളിപ്പെടുത്താനുള്ള സമയം
ചില കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നത് സമാധാനം നിലനിറുത്താനും ശണ്ഠ ഒഴിവാക്കാനും സഹായിക്കും. എന്നാൽ രഹസ്യം വെളിപ്പെടുത്താൻ ഒരു സമയമുണ്ടോ? ദൈവത്തെ കുറിച്ച് ആമോസ് പ്രവാചകൻ പറയുന്നതു ശ്രദ്ധിക്കുക: “യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.” (ആമോസ് 3:7) ഈ വാക്കുകളിൽനിന്നു രഹസ്യം സൂക്ഷിക്കുന്നതിനെ കുറിച്ചു നമുക്കു ചില കാര്യങ്ങൾ പഠിക്കാൻ സാധിക്കും. യഹോവ ചില കാര്യങ്ങൾ കുറെ കാലത്തേക്കു രഹസ്യമാക്കി വെക്കുകയും ഒടുവിൽ ചില വ്യക്തികൾക്ക് അവ വെളിപ്പെടുത്തുകയും ചെയ്തേക്കാം. ഇക്കാര്യത്തിൽ നമുക്ക് എങ്ങനെ യഹോവയെ അനുകരിക്കാം?
ചിലപ്പോൾ, ക്രിസ്തീയ സഭയിലെ നിയമിത ഇടയന്മാർ ഒരു കാര്യം രഹസ്യമാക്കി വെക്കുന്നതു പ്രയോജനപ്രദമെന്നു കണ്ടെത്തുന്നു. (പ്രവൃത്തികൾ 20:28) ഉദാഹരണത്തിന്, സഭയുടെ പ്രയോജനത്തെ മുൻനിറുത്തി, സഭാ ഉത്തരവാദിത്വങ്ങളോടുള്ള ബന്ധത്തിൽ വരുത്തിയ ചില ക്രമീകരണങ്ങളോ മാറ്റങ്ങളോ സംബന്ധിച്ച വിശദാംശങ്ങൾ ഒരു നിശ്ചിത സമയത്തേക്കു രഹസ്യമായി സൂക്ഷിക്കാൻ അവർ തീരുമാനിച്ചേക്കാം.
എന്നിരുന്നാലും അത്തരം സന്ദർഭങ്ങളിൽ, അക്കാര്യം വെളിപ്പെടുത്താനുള്ളതാണോ, എപ്പോൾ, എങ്ങനെയാണു വെളിപ്പെടുത്താൻ പോകുന്നത് എന്നൊക്കെ ഉൾപ്പെട്ടിരിക്കുന്നവരെ വ്യക്തമായി അറിയിക്കേണ്ടതു പ്രധാനമാണ്. ഒരു സംഗതി എപ്പോഴാണു പരസ്യമായി വെളിപ്പെടുത്തുന്നത് എന്ന് അറിയുന്നത് രഹസ്യം സൂക്ഷിക്കാൻ അവരെ സഹായിക്കും.—സദൃശവാക്യങ്ങൾ 25:9.