‘നീ ഒരു ഉത്തമ സ്ത്രീ ആണ്’
ഒരു മോവാബ്യ യുവതിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രശംസാവാക്കുകളാണ് ഇവ. ഒരു ഇസ്രായേല്യ സ്ത്രീയായ നൊവൊമിയുടെ മരുമകളും ഒരു വിധവയുമായ രൂത്ത് ആയിരുന്നു ആ യുവതി. ഏതാണ്ട് 3,000 വർഷം മുമ്പ്, ന്യായാധിപന്മാരുടെ ഭരണകാലത്ത്, ഇസ്രായേലിൽ ജീവിച്ചിരുന്ന അവൾ ഒരു ഉത്തമ സ്ത്രീ എന്ന പേർ സമ്പാദിച്ചിരുന്നു. (രൂത്ത് 3:11) അവൾ എങ്ങനെയാണ് ഈ ഖ്യാതി നേടിയെടുത്തത്? അവളുടെ മാതൃകയിൽനിന്ന് ആർക്കു പ്രയോജനം അനുഭവിക്കാനാകും?
“വെറുതെ ഇരുന്നു അഹോവൃത്തി കഴിക്കുന്ന”വളായിരുന്നില്ല രൂത്ത്. അവൾ വളരെ നേരം വയലിൽ കാലാപെറുക്കിക്കൊണ്ട് കഠിനാധ്വാനം ചെയ്തിരുന്നു. അവളുടെ ആ ശുഷ്കാന്തി അവളെ തീർച്ചയായും പ്രശംസാർഹയാക്കി. ജോലിഭാരം ലഘൂകരിക്കാനുള്ള അവസരം ലഭിച്ചപ്പോൾപ്പോലും പ്രതീക്ഷിച്ചതിലധികം ചെയ്തുകൊണ്ട് അവൾ അധ്വാനിച്ചു. പ്രശംസാർഹയായ, സാമർഥ്യമുള്ള, കഠിനാധ്വാനിയായ ഭാര്യയെ കുറിച്ചുള്ള ബൈബിൾ വിവരണം അവൾക്കു നന്നേ യോജിക്കും.—സദൃശവാക്യങ്ങൾ 31:10-31; രൂത്ത് 2:7, 15-17.
രൂത്തിന്റെ ആത്മീയ ഗുണങ്ങൾ—താഴ്മയോടും ആത്മത്യാഗത്തോടും കൂടിയ അവളുടെ മനോഭാവവും വിശ്വസ്ത സ്നേഹവും—ആയിരുന്നു അവൾക്കു കീർത്തി നേടിക്കൊടുത്ത പ്രമുഖ സംഗതികൾ. മാതാപിതാക്കളെയും സ്വദേശത്തെയും വിട്ട്, വിവാഹത്തിലൂടെ ഭദ്രമായ ജീവിതം ലഭിക്കുമെന്ന പ്രതീക്ഷയൊന്നുമില്ലാതെ അവൾ നൊവൊമിയോടു പറ്റിനിന്നു. അതേസമയം, തന്റെ അമ്മായിയമ്മയായ നൊവൊമിയുടെ ദൈവമായ യഹോവയെ സേവിക്കാനും അവൾ ആഗ്രഹം പ്രകടിപ്പിച്ചു. അവൾ ‘ഏഴു പുത്രന്മാരെക്കാൾ [നൊവൊമിക്ക്] ഉത്തമ’യായിരുന്നുവെന്നു പറഞ്ഞുകൊണ്ട് തിരുവെഴുത്തു വിവരണം അവളുടെ മൂല്യത്തെ ഊന്നിപ്പറയുന്നു.—രൂത്ത് 1:16, 17; 2:11, 12; 4:15.
മനുഷ്യർക്കിടയിൽ രൂത്തിന്റെ വൈശിഷ്ട്യം പ്രശംസാർഹം ആയിരുന്നെങ്കിലും, അതിലും പ്രധാനപ്പെട്ട സംഗതി ദൈവം അവളുടെ ഗുണങ്ങളെ അനുകൂലമായി വിലയിരുത്തി യേശുക്രിസ്തുവിന്റെ ഒരു പൂർവിക ആയിത്തീരാനുള്ള പദവി നൽകിക്കൊണ്ട് അവൾക്കു പ്രതിഫലം നൽകി എന്നതാണ്. (മത്തായി 1:5; 1 പത്രൊസ് 3:4) ക്രിസ്തീയ സ്ത്രീകൾക്കു മാത്രമല്ല, യഹോവയെ ആരാധിക്കുന്നുവെന്ന് അവകാശപ്പെടുന്ന എല്ലാവർക്കുമുള്ള എത്ര നല്ല ഒരു ദൃഷ്ടാന്തമാണ് രൂത്ത്!