നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചോ? എങ്കിൽ, പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിങ്ങൾക്കാകുമോ എന്നു നോക്കുക:
• “ചിന്താപ്രാപ്‌തി” ഒരു സംരക്ഷണമെന്നു തെളിയുന്നത് എങ്ങനെ? (സദൃശ്യവാക്യങ്ങൾ 1:4, NW)
ആത്മീയ അപകടങ്ങൾക്കെതിരെ അതു നമ്മെ ജാഗരൂകരാക്കും. ജോലിസ്ഥലത്തും മറ്റും ലൈംഗിക പ്രലോഭനങ്ങൾക്കു വശംവദരാകാതിരുന്നുകൊണ്ടു ജ്ഞാനപൂർവകമായ ഒരു ഗതി സ്വീകരിക്കാൻ ചിന്താപ്രാപ്‌തി നമ്മെ പ്രചോദിപ്പിക്കും. സഹക്രിസ്‌ത്യാനികൾ അപൂർണരാണെന്നു മനസ്സിലാക്കാൻ അതു നമ്മെ സഹായിക്കും. അപ്പോൾ, ഏതെങ്കിലും വിധത്തിൽ അവർ നമ്മെ അസ്വസ്ഥരാക്കിയാലും ചിന്താപ്രാപ്‌തിയുള്ള ഒരു വ്യക്തി എന്ന നിലയിൽ തിടുക്കത്തിൽ നാം പ്രതികരിക്കുകയില്ല. നമ്മെ ആത്മീയ പാതയിൽ നിന്നു വ്യതിചലിപ്പിക്കുന്ന ഭൗതികത്വത്തിന്റെ സമ്മർദങ്ങൾ ഒഴിവാക്കാനും ചിന്താപ്രാപ്‌തി നമ്മെ പ്രാപ്‌തരാക്കും.—8/15, പേജുകൾ 21-4.
• അയൽക്കാർ എന്ന നിലയിൽ ഒരു മുതൽക്കൂട്ടായിരിക്കാൻ നമുക്ക് എങ്ങനെ കഴിയും?
നല്ല ഒരു ദാതാവും വിലമതിപ്പുള്ള ഒരു സ്വീകർത്താവും ആയിരിക്കുന്നത് നല്ല അയൽക്കാരനായിരിക്കാനുള്ള രണ്ടു മാർഗങ്ങൾ ആണ്. ദുരന്തം പ്രഹരിക്കുമ്പോൾ നല്ല അയൽക്കാരനായിരിക്കുന്നത് ഒരു മുതൽക്കൂട്ടു തന്നെയാണ്. ദുഷ്ടത അവസാനിപ്പിക്കുന്നതിനായി ദൈവം നടപടി സ്വീകരിക്കാനുള്ള സമയം ആസന്നമായിരിക്കുന്നു എന്ന മുന്നറിയിപ്പു മറ്റുള്ളവർക്കു നൽകിക്കൊണ്ട് യഹോവയുടെ സാക്ഷികൾ നല്ല അയൽക്കാരായിരിക്കാൻ പരമാവധി ശ്രമിക്കുന്നു.—9/1, പേജുകൾ 4-7.
• ബൈബിൾ പറയുന്നപ്രകാരം, യഥാർഥ വിശുദ്ധന്മാർ ആരാണ്, എങ്ങനെയാണ് അവർ മനുഷ്യവർഗത്തെ സഹായിക്കുന്നത്?
ആദിമ ക്രിസ്‌ത്യാനികൾ എല്ലാവരും വിശുദ്ധരായിരുന്നു. അവർ വിശുദ്ധന്മാരാക്കപ്പെട്ടത് മനുഷ്യരാലോ ഏതെങ്കിലും സംഘടനയാലോ അല്ല മറിച്ച് ദൈവത്താലായിരുന്നു. (റോമർ 1:7) പുനരുത്ഥാനം പ്രാപിക്കുന്ന വിശുദ്ധന്മാർ ഭൂമിയിലെ വിശ്വസ്‌ത മനുഷ്യരെ അനുഗ്രഹിക്കുന്നതിൽ യേശുവിനോടൊപ്പം പ്രവർത്തിക്കും. (എഫെസ്യർ 1:18-21)—9/15, പേജുകൾ 5-7.
• പുരാതന ഗ്രീസിലെ കായികാഭ്യാസ പ്രകടനങ്ങളെ കുറിച്ചു ചില കാര്യങ്ങൾ അറിയുന്നത് ക്രിസ്‌ത്യാനികൾക്കു പ്രയോജനം ചെയ്‌തേക്കാവുന്നത് എങ്ങനെ?
അപ്പൊസ്‌തലന്മാരായ പത്രൊസിന്റെയും പൗലൊസിന്റെയും ലേഖനങ്ങളിൽ പുരാതന കായികമത്സരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഉദാഹരണങ്ങളും പരാമർശങ്ങളും ഉണ്ട്. (1 കൊരിന്ത്യർ 9:26; 1 തിമൊഥെയൊസ് 4:7; 2 തിമൊഥെയൊസ് 2:5; 1 പത്രൊസ് 5:10, NW) പുരാതന കായികാഭ്യാസിയെ സംബന്ധിച്ചിടത്തോളം, ഒരു നല്ല പരിശീലകൻ ഉണ്ടായിരിക്കുന്നതും ആത്മനിയന്ത്രണം പാലിക്കുന്നതും തന്റെ പ്രയത്‌നത്തിൽ നന്നായി ശ്രദ്ധിക്കുന്നതും പ്രധാനമായിരുന്നു. ഇന്നു ക്രിസ്‌ത്യാനികളുടെ ആത്മീയ ഉദ്യമങ്ങളുടെ കാര്യത്തിലും ഇതു സത്യമാണ്.—10/1, പേജുകൾ 28-31.
• അന്യനാട്ടിൽ കുട്ടികളെ വളർത്തിക്കൊണ്ടു വരുന്നതിന്റെ വെല്ലുവിളികളും പ്രയോജനങ്ങളും എന്തൊക്കെയാണ്?
പല കുട്ടികളും മാതാപിതാക്കളെക്കാൾ വേഗത്തിൽ പുതിയ ഭാഷ പഠിക്കുന്നതുകൊണ്ട് കുട്ടികളുടെ സംസാരവും പ്രതികരണവുമൊക്കെ മനസ്സിലാക്കാൻ മാതാപിതാക്കൾക്കു ബുദ്ധിമുട്ടായിരുന്നേക്കാം. ഇനി മാതാപിതാക്കൾ സ്വന്തം ഭാഷയിൽ ബൈബിൾ പഠിക്കുമ്പോൾ കുട്ടികൾക്കത് എളുപ്പം മനസ്സിലായെന്നു വരില്ല. എന്നാൽ മാതാപിതാക്കൾ തങ്ങളുടെ മാതൃഭാഷ കുട്ടികളെ പഠിപ്പിക്കുകയാണെങ്കിൽ കുടുംബബന്ധം ഏറെ ഉറപ്പുള്ളതായിരിക്കാൻ അതു സഹായിക്കും, മാത്രമല്ല കുട്ടികൾ രണ്ടു ഭാഷയുമായും രണ്ടു സംസ്‌കാരവുമായും പരിചയത്തിലാകാൻ ഇടയാകുകയും ചെയ്യും.—10/15, പേജുകൾ 22-6.
• ക്ഷമചോദിക്കാൻ പഠിക്കേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
ശിഥിലമായിപ്പോയ ഒരു ബന്ധം വിളക്കിച്ചേർക്കാൻ ആത്മാർഥമായ ഒരു ക്ഷമാപണത്തിനു കഴിയും. ക്ഷമാപണത്തിന്റെ പ്രഭാവം തെളിയിക്കുന്ന ഉദാഹരണങ്ങൾ ബൈബിൾ നൽകുന്നുമുണ്ട്. (1 ശമൂവേൽ 15:2-35; പ്രവൃത്തികൾ 23:1-5) രണ്ടു വ്യക്തികൾക്കിടയിൽ പ്രശ്‌നമുണ്ടാകുമ്പോൾ, മിക്കപ്പോഴും രണ്ടുപേരുടെ ഭാഗത്തും എന്തെങ്കിലും കുറ്റം കാണും. അതുകൊണ്ട്, പരസ്‌പരമുള്ള വിട്ടുവീഴ്‌ചയും ക്ഷമാപണവും ആവശ്യമാണ്.—11/1, പേജുകൾ 4-7.
• ചൂതാട്ടം, അത് ചെറിയ തുകയ്‌ക്കുള്ളതായാൽ പോലും, തെറ്റായിരിക്കുന്നത് എന്തുകൊണ്ട്?
ചൂതാട്ടം ഒരുവനിൽ തൻകാര്യതത്‌പരതയും മത്സരമനോഭാവവും അത്യാഗ്രഹവും വളർത്തും. ബൈബിൾ കുറ്റംവിധിക്കുന്ന പ്രവണതകളാണ് അവയെല്ലാം. (1 കൊരിന്ത്യർ 6:9, 10) ചൂതാട്ടത്തോട് ആസക്തിയുള്ള പലരും ചെറുപ്രായത്തിൽത്തന്നെ കൊച്ചുകൊച്ചു പന്തയങ്ങൾ വെച്ച് ആ ശീലം വളർത്തിയെടുത്തവരാണ്.—11/1, പേജ് 31.
• നിരവധി ബൈബിൾ പുസ്‌തകങ്ങൾ എഴുതപ്പെട്ടതു ഗ്രീക്കിലായിരുന്നിട്ടും, ബൈബിൾ ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്തേണ്ട ആവശ്യം വന്നത് എന്തുകൊണ്ടാണ്, അതിന് എന്തു ഫലമുണ്ടായി?
ഗ്രീക്കു തിരുവെഴുത്തുകൾ എഴുതപ്പെട്ട സമയത്തെ ഗ്രീക്കു ഭാഷയും, എബ്രായ തിരുവെഴുത്തുകളുടെ സെപ്‌റ്റുവജിന്റു പരിഭാഷയിലെ ഗ്രീക്കും ഇന്നത്തെ ഗ്രീക്കുഭാഷയിൽ നിന്നു തികച്ചും വ്യത്യസ്‌തമാണ്. കഴിഞ്ഞ നൂറ്റാണ്ടുകളിലുടനീളം സംസാരഭാഷയിലുള്ള ഗ്രീക്കിലേക്കു ബൈബിൾ പരിഭാഷപ്പെടുത്താനുള്ള നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഇന്ന് ഒരു സാധാരണക്കാരനു വായിച്ചു മനസ്സിലാക്കാൻ പറ്റുന്ന ഭാഷയിലുള്ള, ഭാഗികമോ പൂർണമോ ആയ മുപ്പതോളം ബൈബിൾ പരിഭാഷകൾ ഗ്രീക്കിലുണ്ട്. അവയിൽ ശ്രദ്ധേയമായ ഒന്നാണ് 1997-ൽ പ്രസിദ്ധീകരിച്ച വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം.—11/15, പേജുകൾ 26-9.
• ക്രിസ്‌ത്യാനികൾ ദശാംശം കൊടുക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
ഇസ്രായേല്യർക്കു നൽകിയ ന്യായപ്രമാണത്തിൽ ദശാംശ ക്രമീകരണം ഉൾപ്പെടുത്തിയത് ലേവി ഗോത്രത്തെയും ദരിദ്രരെയും സഹായിക്കാൻ വേണ്ടി ആയിരുന്നു. (ലേവ്യപുസ്‌തകം 27:30; ആവർത്തനപുസ്‌തകം 14:28, 29) യേശുവിന്റെ ബലിമരണം ന്യായപ്രമാണത്തെ നീക്കിക്കളഞ്ഞപ്പോൾ ദശാംശ ക്രമീകരണവും നീങ്ങിപ്പോയി. (എഫെസ്യർ 2:13-15) ആദിമ ക്രിസ്‌തീയ സഭയിൽ ഒരു ക്രിസ്‌ത്യാനി തന്റെ കഴിവിനനുസരിച്ചും താൻ ഹൃദയത്തിൽ നിശ്ചയിച്ചതു പോലെയും കൊടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. (2 കൊരിന്ത്യർ 9:5, 7)—12/1, പേജുകൾ 4-6.
• അന്തിമ പരിശോധനയിൽ സാത്താൻ ഒരു വലിയ ജനതതിയെ വഴിതെറ്റിക്കുമെന്ന് വെളിപ്പാടു 20:8 അർഥമാക്കുന്നുണ്ടോ?
വഴിതെറ്റിക്കപ്പെട്ടവർ ‘കടൽപ്പുറത്തെ മണൽ പോലെ’ ആയിരിക്കുമെന്നു ബൈബിൾ പറയുന്നു. എണ്ണി തിട്ടപ്പെടുത്തിയിട്ടില്ലാത്ത ഒരു സംഖ്യയെ കുറിക്കാനാണു ബൈബിളിൽ ഈ പദപ്രയോഗം മിക്കപ്പോഴും ഉപയോഗിക്കുന്നത്. എന്നാൽ അത് അതിബൃഹത്തായ ഒരു സംഖ്യ ആണെന്നുള്ള അർഥവുമില്ല. അബ്രാഹാമിന്റെ സന്തതി “കടല്‌ക്കരയിലെ മണൽപോലെ” ആയിരിക്കുമെന്നു പറഞ്ഞെങ്കിലും ആത്യന്തികമായി അത് യേശുവിനെ കൂടാതെ 1,44,000 പേർ ആണെന്നു തെളിഞ്ഞു. (ഉല്‌പത്തി 22:17; വെളിപ്പാടു 14:1-4)—12/1, പേജ് 29.