അലക്സാണ്ടർ ആറാമൻ റോമിനു മറക്കാനാകാത്ത പാപ്പാ
കത്തോലിക്കരുടെ പക്ഷത്തുനിന്നു ചിന്തിച്ചാൽ, അലക്സാണ്ടർ ആറാമനെതിരെ ആക്ഷേപം ചൊരിയാൻ പറ്റുന്ന കടുത്ത വാക്കുകൾ ഒന്നും നിലവിലില്ല.” (ഗെഷിഹ്റ്റെ ഡേർ പാപ്സ്റ്റെ സിറ്റ് ഡേം ഔസ്ഗാംങ് ഡെസ് മിറ്റ്റ്റെലാൽറ്റെഴ്സ്) [മധ്യയുഗങ്ങളുടെ അവസാനം മുതലുള്ള പാപ്പാമാരുടെ ചരിത്രം]. “അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം അങ്ങേയറ്റം നിന്ദ്യമായിരുന്നു . . . ഈ പാപ്പാ സഭയ്ക്കു യാതൊരു ബഹുമതിയും നൽകിയിട്ടില്ല എന്നതു സമ്മതിക്കേണ്ടിയിരിക്കുന്നു. ബോർജ കുടുംബത്തിന്റെ സമകാലികർ ഇത്തരം അപരാധങ്ങൾ കണ്ടു ശീലിച്ചവർ ആയിരുന്നെങ്കിലും ഈ കുടുംബത്തിന്റെ കുറ്റകൃത്യങ്ങൾ അവർ കൊടും ഭീതിയോടെയാണു നോക്കിനിന്നത്. നാലു നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഈ ചെയ്തികളുടെ പ്രതിധ്വനികൾ നിലച്ചിട്ടില്ല.”—ലേഗ്ലിസ് ഏ ലാ റെനാസേൻസ് (1449-1517) (സഭയും നവോത്ഥാനവും).
റോമൻ കത്തോലിക്കാ സഭയെ കുറിച്ചുള്ള ആദരണീയമായ ചരിത്രകൃതികൾ ഒരു പാപ്പായെയും കുടുംബത്തെയും പറ്റി ഇത്തരം രൂക്ഷമായ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നത് എന്തുകൊണ്ടാണ്? ഈ നിശിത വിമർശനം അർഹിക്കുന്ന എന്താണ് അവർ ചെയ്തത്? ഇ ബോർജ ലാർട്ടെ പോട്ടേറീ (ബോർജ കുടുംബം—അധികാരത്തിന്റെ കലാപ്രദർശനം) എന്ന പേരിൽ റോമിൽ ഒരു എക്സിബിഷൻ (ഒക്ടോബർ 2002-ഫെബ്രുവരി 2003) നടത്തപ്പെട്ടു. ഇത്, സമ്പൂർണ അധികാരം തങ്ങളിൽ നിക്ഷിപ്തമാണെന്ന് അവകാശപ്പെട്ട പാപ്പാധീശത്വത്തെ കുറിച്ചും പ്രത്യേകിച്ച് റോഡ്റിഗോ ബോർജ അഥവാ അലക്സാണ്ടർ ആറാമൻ (പാപ്പാ 1492-1503) ഈ അധികാരങ്ങൾ ഉപയോഗിച്ച വിധത്തെ കുറിച്ചും മനസ്സിലാക്കാനുള്ള ഒരവസരം നൽകുന്നു.
അധികാരത്തിലേറുന്നു
ഇപ്പോൾ സ്പെയിനിന്റെ ഭാഗമായ അരഗണിലെ ഹാറ്റിവായിലുള്ള ഒരു പ്രമുഖ കുടുംബത്തിൽ 1431-നാണ് റോഡ്റിഗോ ബോർജ ജനിച്ചത്. റോഡ്റിഗോയുടെ അമ്മാവൻ അൽഫോൻസോ ഡി ബോർജ വാലെൻഷ്യയിലെ ബിഷപ്പായിരുന്നു. മരുമകന്റെ പഠനകാര്യങ്ങളിൽ മേൽനോട്ടം വഹിച്ചിരുന്ന ഇദ്ദേഹം റോഡ്റിഗോയ്ക്ക്, കൗമാരത്തിലായിരിക്കെത്തന്നെ വലിയ വരുമാനം നേടിക്കൊടുക്കുമായിരുന്ന സഭാപദവികൾ നൽകി. അപ്പോഴേക്കും ഒരു കർദിനാൾ ആയിത്തീർന്നിരുന്ന അൽഫോൻസോയുടെ സംരക്ഷണത്തണലിൽ 18 വയസ്സുകാരൻ റോഡ്റിഗോ നിയമം പഠിക്കാൻ ഇറ്റലിയിലേക്കു പോയി. അൽഫോൻസോ, കാലിക്സ്റ്റസ് മൂന്നാമൻ എന്ന പേരിൽ പാപ്പാ ആയി സ്ഥാനാരോഹണം ചെയ്തശേഷം റോഡ്റിഗോയെയും മറ്റൊരു മരുമകനെയും കർദിനാളന്മാരാക്കി. കൂടാതെ, മരുമകനായ പേരെ ലൂയിസ് ബോർജയെ പല നഗരങ്ങളുടെയും ഗവർണർ ആക്കുകയും ചെയ്തു. അധികനാൾ കഴിയുന്നതിനു മുമ്പ് റോഡ്റിഗോയെ സഭയുടെ വൈസ്-ചാൻസലർ പദവിയിൽ അവരോധിച്ചു. പാപ്പാധീശ കാലഘട്ടത്തിൽ അദ്ദേഹത്തിനു ലഭിച്ച ഈ സ്ഥാനം എണ്ണമറ്റ നിലങ്ങൾ സ്വന്തമാക്കാനും അളവറ്റ സമ്പത്തു വാരിക്കൂട്ടാനും അധികാരം കൈയാളാനും ഒരു രാജകുമാരനെപ്പോലെ ജീവിതം നയിക്കാനും അദ്ദേഹത്തിന് അവസരം നൽകി.
റോഡ്റിഗോ ബുദ്ധിശാലിയും ഒന്നാന്തരം പ്രസംഗകനും കലകളുടെ രക്ഷാധികാരിയും തന്റെ ലക്ഷ്യം നേടുന്നതിന് എന്തും ചെയ്യാൻ മടിക്കാത്തവനും ആയിരുന്നു. അദ്ദേഹത്തിന് ഒരുപാട് അവിഹിത ബന്ധങ്ങൾ ഉണ്ടായിരുന്നു. തന്റെ ജീവിത പങ്കാളിയിൽ ഉള്ള നാലു കുട്ടികളെ കൂടാതെ മറ്റു സ്ത്രീകളിലായി വേറെയും കുട്ടികൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. “അനിയന്ത്രിതമായ ഭോഗാസക്തിയും” “കടിഞ്ഞാണില്ലാത്ത ഉല്ലാസപ്രിയവും” നിമിത്തം പയസ് രണ്ടാമൻ പാപ്പാ അദ്ദേഹത്തെ ശാസിച്ചെങ്കിലും റോഡ്റിഗോ തന്റെ വഴികൾക്കു മാറ്റമൊന്നും വരുത്തിയില്ല.
ഇന്നസെന്റ് എട്ടാമൻ പാപ്പാ 1492-ൽ അന്തരിച്ചതിനെ തുടർന്ന് സഭയിലെ കർദിനാളന്മാർ ഒരു പിൻഗാമിയെ തെരഞ്ഞെടുക്കാനായി കൂടിവന്നു. ഇവിടെ, സമർഥനായ റോഡ്റിഗോ വിജയം ഉറപ്പാക്കിയെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. പാപ്പായെ തെരഞ്ഞെടുക്കുന്ന സ്വകാര്യയോഗമുറിയിൽനിന്ന്, അലക്സാണ്ടർ ആറാമൻ പാപ്പായായി പുറത്തുവരുന്നതിന് അദ്ദേഹം കർദിനാളന്മാർക്കെല്ലാം മോഹനവാഗ്ദാനങ്ങളും പദവികളും വെച്ചുനീട്ടി. കർദിനാളന്മാരുടെ വോട്ടുകൾക്ക് റോഡ്റിഗോ പകരം നൽകിയത് എന്തായിരുന്നു? സഭാപദവികൾ, കൊട്ടാരങ്ങൾ, മണിമേടകൾ, നഗരങ്ങൾ, സന്ന്യാസി മഠങ്ങൾ, സമ്പത്തു കുന്നുകൂട്ടാൻ കഴിയുന്ന രൂപതകൾ എന്നിവയെല്ലാം. അലക്സാണ്ടർ ആറാമന്റെ വാഴ്ചക്കാലം, “റോമൻ കത്തോലിക്കാ സഭയ്ക്ക് പേരുദോഷത്തിന്റെയും അപവാദത്തിന്റെയും നാളുകളായിരുന്നു” എന്ന് ഒരു സഭാചരിത്രകാരൻ പറഞ്ഞത് എന്തുകൊണ്ടാണെന്നു നിങ്ങൾക്കു മനസ്സിലായി കാണുമല്ലോ.
രാജകുമാരന്മാരെക്കാൾ ഒട്ടും മെച്ചമായിരുന്നില്ല
സഭയുടെ തലവനെന്ന നിലയിലുള്ള തന്റെ ആത്മീയ അധികാരത്തിന്റെ പിൻബലത്തിൽ അലക്സാണ്ടർ ആറാമൻ, അമേരിക്കകളിൽ പുതുതായി കണ്ടെത്തിയ ഭൂവിഭാഗങ്ങളുടെ അവകാശത്തെ ചൊല്ലി സ്പെയിനും പോർച്ചുഗലും തമ്മിലുണ്ടായ തർക്കം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ സാമ്രാജ്യത്വ അധികാരം, അദ്ദേഹത്തെ മധ്യ ഇറ്റലിയിലെ സംസ്ഥാനങ്ങളുടെ തലവനാക്കി. നവോത്ഥാന കാലഘട്ടത്തിലെ ഏതൊരു ചക്രവർത്തിയെയും പോലെയാണ് അദ്ദേഹം തന്റെ രാജ്യം അടക്കിവാണത്. അദ്ദേഹത്തിനു മുമ്പും പിമ്പും വാഴ്ച നടത്തിയിരുന്ന പാപ്പാമാരുടേതുപോലെതന്നെ കൈക്കൂലിയും സ്വജനപക്ഷപാതവും ദുരൂഹമരണങ്ങളും അലക്സാണ്ടർ ആറാമന്റെ ഭരണകാലത്തിന്റെയും പ്രത്യേകതകളായിരുന്നു.
ഈ പ്രക്ഷുബ്ധമായ സമയത്ത്, ഇറ്റലിയിലെ ഭൂപ്രദേശങ്ങൾ സ്വന്തമാക്കാൻ ശത്രുശക്തികൾ കടിപിടികൂടുന്നുണ്ടായിരുന്നു. പാപ്പാ അപ്പോൾ കൈയുംകെട്ടി നോക്കിനിന്നില്ല. പകരം, ഈ അവസരത്തെ അദ്ദേഹം നന്നായി മുതലെടുത്തു. തനിക്കു തോന്നിയതുപോലെ പണിയുകയും അഴിക്കുകയും ചെയ്ത രാഷ്ട്രീയ കരുനീക്കത്തിലൂടെയും സഖ്യ ഉടമ്പടിയിലൂടെയും അദ്ദേഹം കൂടുതൽ അധികാരം നേടുകയും മക്കളുടെ ഭാവി ഭദ്രമാക്കുകയും ചെയ്തു. ബോർജ കുടുംബത്തെ അദ്ദേഹം ഉത്തുംഗങ്ങളിൽ എത്തിച്ചു. അദ്ദേഹത്തിന്റെ പുത്രൻ ഹ്വാൻ, കാസ്റ്റിൽ രാജാവിന്റെ ഒരു ബന്ധുവിനെ വിവാഹം കഴിച്ചു. അങ്ങനെ ഹ്വാൻ സ്പെയിനിലെ ഗാൻഡിയയുടെ നാടുവാഴി ആയിത്തീർന്നു. മറ്റൊരു പുത്രനായ ജോഫ്രേ, നേപ്പിൾസ് രാജാവിന്റെ കൊച്ചുമകളെയാണ് വിവാഹം കഴിച്ചത്.
ഫ്രാൻസുമായി ഒരു സഖ്യം രൂപീകരിക്കേണ്ടത് ആവശ്യമാണെന്നു പാപ്പായ്ക്കു തോന്നിയപ്പോൾ, 13 വയസ്സുള്ള തന്റെ പുത്രി ലുക്രെറ്റ്സ്യയും അരഗണീസ് പ്രഭുവുമായി നേരത്തേ നിശ്ചയിച്ചിരുന്ന വിവാഹം റദ്ദാക്കിയിട്ട്, അവളെ മിലാനിലെ നാടുവാഴിയുടെ ഒരു ബന്ധുവിനു നൽകി. ഈ വിവാഹം ഒരുതരത്തിലും രാഷ്ട്രീയ നേട്ടം കൈവരുത്തില്ലെന്നു മനസ്സിലായപ്പോൾ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് അത് അസാധുവാക്കിയിട്ട് ലുക്രെറ്റ്സ്യയെ ശത്രു കുലത്തിൽപ്പെട്ട അരഗണിലെ അൽഫോൻസോയ്ക്കു വിവാഹം കഴിച്ചുകൊടുത്തു. ലുക്രെറ്റ്സ്യയുടെ സഹോദരനും അത്യാഗ്രഹിയും നിഷ്ഠുരനുമായ ചേസാറേ ബോർജ ഇതിനോടകം ഫ്രാൻസിലെ ലൂയിസ് പന്ത്രണ്ടാമനുമായി സഖ്യം ഉണ്ടാക്കിയിരുന്നു. തന്റെ സഹോദരിയുടെ പുതിയ ഭർത്താവായ അരഗണിലെ അൽഫോൻസോ, ചേസാറേയുടെ കണ്ണിലെ കരടായി. അദ്ദേഹത്തെ ഒഴിവാക്കാൻ എന്താണു മാർഗം? ലുക്രെറ്റ്സ്യയുടെ നിർഭാഗ്യവാനായ ഭർത്താവ് അൽഫോൻസോയെ കുറിച്ച് ഒരു ഉറവിടം ഇപ്രകാരം പറയുന്നു: “സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ഗോവണിപ്പടികളിൽ വെച്ച് അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ച നാലു കൊലയാളികളാൽ അദ്ദേഹത്തിനു മുറിവേറ്റു. മുറിവു ഭേദമായിവരവേ ചേസാറേയുടെ വേലക്കാരിൽ ഒരാൾ അദ്ദേഹത്തെ ശ്വാസംമുട്ടിച്ചു കൊന്നു.” നയതന്ത്ര സംഖ്യത്തിന് പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയ പാപ്പാ ലുക്രെറ്റ്സ്യയ്ക്ക് മൂന്നാമതൊരു വിവാഹം തീരുമാനിച്ചു. അപ്പോൾ 21 വയസ്സുണ്ടായിരുന്ന അവൾ ഫെരാരയിലെ ശക്തനായ നാടുവാഴിയുടെ പുത്രന് ഭാര്യ ആയിത്തീർന്നു.
ചേസാറേയുടെ ജീവിതം “തത്ത്വദീക്ഷയില്ലായ്മയുടെയും രക്തപ്പുഴയുടെയും കഥ” എന്നു വർണിക്കപ്പെട്ടിരിക്കുന്നു. 17-ാം വയസ്സിൽ ചേസാറേയെ പിതാവ് കർദിനാളായി വാഴിച്ചിരുന്നു. പക്ഷേ, സൂത്രശാലിയും അധികാരമോഹിയും അഴിമതിവീരനും ആയിരുന്ന ചേസാറേയ്ക്കു സഭാപദവികളെക്കാൾ ചേരുന്നതു പടവെട്ടലായിരുന്നു. സഭാപദവികൾ രാജിവെച്ച്, വാലെന്റിനോയ്സിലെ നാടുവാഴി പദവി കിട്ടാനായി അദ്ദേഹം ഒരു ഫ്രഞ്ച് രാജകുമാരിയെ വിവാഹം കഴിച്ചു. അങ്ങനെ ഫ്രഞ്ച് സൈന്യത്തിന്റെ പിന്തുണയോടെ വടക്കൻ ഇറ്റലിയെ തന്റെ കീഴിൽ കൊണ്ടുവരുന്നതിനായി അദ്ദേഹം ഉപരോധവും നരഹത്യയും തുടങ്ങി.
ഫ്രാൻസിലെ ലൂയി പന്ത്രണ്ടാമൻ വ്യാജാരോപണം ഉന്നയിച്ച് വിവാഹമോചനത്തിന് ആവശ്യപ്പെട്ടപ്പോൾ പാപ്പാ അതിന് ഒത്താശ ചെയ്തുകൊടുത്തു. ചേസാറേയുടെ മുന്നോട്ടുള്ള പ്രയാണങ്ങൾക്ക് ഫ്രഞ്ച് സൈന്യത്തിന്റെ പിന്തുണ ഉറപ്പുവരുത്താനായിരുന്നു പാപ്പാ ഇതു ചെയ്തത്. വിവാഹമോചിതനായ ലൂയി പന്ത്രണ്ടാമൻ ബ്രിട്ടനിയിലെ ആനിയെ വിവാഹം കഴിച്ച് അവൾക്കു ലഭിച്ച നാട്ടുരാജ്യം തന്റെ രാജ്യത്തോടു ചേർത്തു. ഒരു പരാമർശ ഗ്രന്ഥം ഇങ്ങനെ പറയുന്നു: “തന്റെ കുടുംബാംഗങ്ങളുടെ ലൗകിക നേട്ടങ്ങൾക്കായി [പാപ്പാ] സഭയുടെ അഭിമാനവും നിലവാരങ്ങളും കളഞ്ഞുകുളിച്ചു.”
പാപ്പായുടെ തോന്നിയവാസത്തിനെതിരെ വിമർശനം
ബോർജയുടെ താന്തോന്നിത്തം ധാരാളം വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി, ഒപ്പം നിരവധി ശത്രുക്കളെയും. പാപ്പാ തന്റെ വിമർശകർക്കു പുല്ലുവിലപോലും കൽപ്പിച്ചില്ല. എന്നാൽ ഒരാളെ അദ്ദേഹത്തിന് അത്രവേഗം ഒഴിവാക്കാൻ കഴിഞ്ഞില്ല. ഡോമിനിക്കൻ സന്യാസിയായ ഗിരൊലാമൊ സാവൊനറോളാ ആയിരുന്നു അത്. തീപ്പൊരി പ്രസംഗങ്ങൾ നടത്തിയിരുന്ന അദ്ദേഹം ഫ്ളോറൻസിലെ രാഷ്ട്രീയ നേതാവുമായിരുന്നു. ഇദ്ദേഹം പാപ്പായെയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും അരമനയിലെ അഴിഞ്ഞാട്ടത്തെയും എല്ലാം കുറ്റം വിധിച്ചു. പാപ്പായെ അധികാരത്തിൽനിന്നു മാറ്റാനും സഭാനടപടികൾ നവീകരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. സാവൊനറോളാ ഇങ്ങനെ വിളിച്ചുകൂവി: “സഭാനേതാക്കന്മാരേ . . . രാത്രി നിങ്ങൾ വെപ്പാട്ടികളുടെ അടുക്കൽ പോയിട്ട് രാവിലെ വിശുദ്ധ വൈദിക കർമം അനുഷ്ഠിക്കുന്നു.” അദ്ദേഹം പിന്നീട് ഇങ്ങനെ പറഞ്ഞു: “[ഈ നേതാക്കന്മാർക്ക്] ഒരു ദുർമാർഗിയുടെ മുഖമാണുള്ളത്. അവരുടെ ചെയ്തികൾ സഭയ്ക്ക് അപമാനകരമാണ്. ഇവർക്ക് ക്രിസ്തീയ വിശ്വാസം ഇല്ലെന്ന് ഞാൻ പറയുന്നു.”
സാവൊനറോളായെ കൈയിലെടുക്കാൻ പാപ്പാ അദ്ദേഹത്തിന് കർദിനാൾ പദവി വെച്ചുനീട്ടി. എന്നാൽ അദ്ദേഹം അതു നിരസിക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ പാപ്പാവിരുദ്ധ രാഷ്ട്രീയമാണോ പ്രസംഗപ്രവർത്തനമാണോ അദ്ദേഹത്തിന്റെ നാശത്തിനു കാരണമായതെന്ന് അറിയില്ല. ഏതായാലും ഒടുവിൽ സാവൊനറോളായെ ഭ്രഷ്ടനാക്കി, അദ്ദേഹത്തെ അറസ്റ്റുചെയ്തു, കുറ്റം സമ്മതിപ്പിക്കാൻ പീഡിപ്പിച്ചു, എന്നിട്ട് സ്തംഭത്തിലേറ്റി ചുട്ടുകൊന്നു.
സുപ്രധാന ചോദ്യങ്ങൾ
ഈ ചരിത്ര സംഭവങ്ങൾ ചില പ്രധാനപ്പെട്ട ചോദ്യങ്ങൾ ഉയർത്തുന്നു. ഒരു പാപ്പായുടെ ഇത്തരത്തിലുള്ള ഉപജാപങ്ങൾക്കും സ്വഭാവങ്ങൾക്കും എന്തു വിശദീകരണമാണുള്ളത്? ചരിത്രകാരന്മാർ അവയെ എപ്രകാരമാണു വിശദീകരിക്കുന്നത്? വ്യത്യസ്ത ന്യായവാദങ്ങൾ ഉരുത്തിരിഞ്ഞിട്ടുണ്ട്.
അലക്സാണ്ടർ ആറാമനെ അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തണമെന്ന് അനേകരും പറയുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയവും സഭാപരവുമായ പ്രവർത്തനങ്ങളിൽ പ്രതിഫലിച്ചത്, സമാധാനം സംരക്ഷിക്കുന്നതിനും ശക്തിയുടെ കാര്യത്തിൽ ശത്രുരാജ്യങ്ങളുമായി തുല്യത കൈവരിക്കുന്നതിനും പാപ്പാധികാരത്തെ എതിർക്കുന്ന സഖ്യകക്ഷികളുമായുള്ള സുഹൃദ്ബന്ധം ശക്തിപ്പെടുത്തുന്നതിനും തുർക്കികളുടെ ഭീഷണിയെ നേരിടാൻ തക്കവണ്ണം ക്രൈസ്തവലോകത്തിന്റെ ചക്രവർത്തിമാരെ ഏകീഭവിപ്പിച്ചു നിറുത്തുന്നതിനുമുള്ള ആഗ്രഹമായിരുന്നു എന്ന് അവർക്കു തോന്നുന്നു.
എന്നാൽ അദ്ദേഹത്തിന്റെ സ്വഭാവമോ? “സഭയുടെ ചരിത്രത്തിലെല്ലാം ചീത്ത ക്രിസ്ത്യാനികളും വിലകെട്ട പുരോഹിതന്മാരും ഉണ്ടായിരുന്നിട്ടുണ്ട്” എന്ന് ഒരു പണ്ഡിതൻ പറയുന്നു. “ആരും ഇതൊന്നും കണ്ടു ഞെട്ടിപ്പോകാതിരിക്കാൻ ക്രിസ്തുതന്നെ ഇതു മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നു; അവൻ തന്റെ സഭയെ നല്ലവിത്തും കളയും വളരുന്ന ഒരു വയലിനോട് ഉപമിക്കുന്നു, അഥവാ നല്ല മത്സ്യവും ചീത്ത മത്സ്യവും ഉള്ള ഒരു വലയോട് ഉപമിക്കുന്നു, അവന്റെ അപ്പൊസ്തലന്മാരിൽ ഒരു യൂദാസ് ഉണ്ടായിരുന്നതുപോലെതന്നെ.”a
ആ പണ്ഡിതൻ തുടരുന്നു: “രത്നം പതിച്ചിരിക്കുന്ന ഒരു ലോഹത്തകിടിനു രൂപവൈകല്യം ഉണ്ടെന്നു കരുതി അതിലെ രത്നത്തിന്റെ മൂല്യം ഒട്ടും കുറയാത്തതുപോലെ ഒരു പുരോഹിതന്റെ പാപപൂർണമായ ഗതി . . . അദ്ദേഹത്തിന്റെ പഠിപ്പിക്കലുകളുടെ വിലയിടിക്കുന്നില്ല. സ്വർണം സ്വർണംതന്നെയായിരിക്കും, അതു കൈകാര്യം ചെയ്യുന്നത് ശുദ്ധമോ അശുദ്ധമോ ആയ കരങ്ങളാണെങ്കിലും.” അലക്സാണ്ടർ ആറാമന്റെ കാര്യത്തിൽ, യേശു ശാസ്ത്രിമാരെയും പരീശന്മാരെയും കുറിച്ചു തന്റെ ശിഷ്യന്മാരോടു പറഞ്ഞ പിൻവരുന്ന വാക്കുകളാണ് ആത്മാർഥതയുള്ള കത്തോലിക്കർ പിൻപറ്റേണ്ടത് എന്ന് ഒരു കത്തോലിക്കാ ചരിത്രകാരൻ പറഞ്ഞു: “അവർ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്വിൻ; അവരുടെ പ്രവൃത്തികൾപോലെ ചെയ്യരുതുതാനും.” (മത്തായി 23:2, 3) വാസ്തവത്തിൽ ഇത്തരം ന്യായവാദം നിങ്ങളെ തൃപ്തിപ്പെടുത്തുന്നുണ്ടോ?
ഇത് യഥാർഥ ക്രിസ്ത്യാനിത്വം ആണോ?
ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരുടെ മാറ്റുരയ്ക്കാൻ യേശു വളരെ ലളിതമായ ഒരു മാർഗരേഖ നൽകുകയുണ്ടായി. “അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം; മുള്ളുകളിൽനിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ? നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു. നല്ല വൃക്ഷത്തിന്നു ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന്നു നല്ല ഫലവും കായ്പാൻ കഴികയില്ല. ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും.”—മത്തായി 7:16-18, 20.
സത്യക്രിസ്ത്യാനിത്വത്തിന്റെ സ്ഥാപകനായ യേശുവും അവന്റെ മാതൃകായോഗ്യരായ യഥാർഥ അനുഗാമികളും പിൻപറ്റിയ നിലവാരങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഉടനീളം മതനേതാക്കന്മാർ എങ്ങനെയുള്ള ഒരു മാതൃകയാണു വെച്ചത്? ഇന്ന് അവർ എങ്ങനെയുള്ള മാതൃകയാണു വെക്കുന്നത്? നമുക്ക് കേവലം രണ്ടു മേഖലകളെ കുറിച്ചു ചിന്തിക്കാം—രാഷ്ട്രീയ കാര്യങ്ങളിലുള്ള നിലപാടും ജീവിതരീതിയും.
യേശു ഒരു രാജകുമാരൻ അല്ലായിരുന്നു. അവൻ തികച്ചും ലളിതമായ ഒരു ജീവിതം നയിച്ചു. തനിക്കു “തല ചായിപ്പാൻ ഇടം ഇല്ല” എന്നുപോലും യേശു പറഞ്ഞത് അതുകൊണ്ടാണ്. അവന്റെ രാജ്യം ‘ഐഹികമല്ലായിരുന്നു’ അവന്റെ അനുഗാമികളെ സംബന്ധിച്ചാണെങ്കിലോ, “[അവൻ] ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ല.” യേശു തന്റെ നാളിലെ രാഷ്ട്രീയ കാര്യാദികളിൽ ഇടപെടാൻ വിസമ്മതിച്ചു.—മത്തായി 8:20; യോഹന്നാൻ 6:15; 17:16; 18:36.
നൂറ്റാണ്ടുകളിൽ ഉടനീളം മതസംഘടനകൾ അധികാരത്തിനും സാമ്പത്തിക നേട്ടങ്ങൾക്കുമായി രാഷ്ട്രീയ ഭരണാധികാരികളുമായി ചങ്ങാത്തം കൂടുകയും അതിന്റെ ഫലമായി സാധാരണക്കാരായ ജനങ്ങൾക്ക് ദുരിതം അനുഭവിക്കേണ്ടിവരികയും ചെയ്തിരിക്കുന്നു എന്നത് സത്യമല്ലേ? അജഗണങ്ങൾ ദാരിദ്ര്യത്തിൽ കഴിയുമ്പോൾ അവരെ മേയ്ക്കുന്ന പുരോഹിതന്മാരിൽ അനേകരും സുഖലോലുപതയിൽ ആറാടുന്നു എന്നതും വാസ്തവമല്ലേ?
യേശുവിന്റെ അർധസഹോദരനായ യാക്കോബ് ഇപ്രകാരം പറഞ്ഞു: “വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.” (യാക്കോബ് 4:4) എന്തുകൊണ്ടാണ് അവർ “ദൈവത്തിന്റെ ശത്രു” ആയിത്തീരുന്നത്? 1 യോഹന്നാൻ 5:19 ഇപ്രകാരം പറയുന്നു: “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.”
അലക്സാണ്ടർ ആറാമന്റെ ധാർമികബോധത്തെ കുറിച്ച്, ബോർജയുടെ സമകാലികനായ ഒരു ചരിത്രകാരൻ ഇപ്രകാരം എഴുതി: “അദ്ദേഹത്തിന്റെ ജീവിതരീതി ഭോഗാസക്തി നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന് ലജ്ജയോ ആത്മാർഥതയോ വിശ്വാസമോ മതമോ ഒന്നുമില്ലായിരുന്നു. അടക്കാനാവാത്ത അത്യാഗ്രഹവും കടിഞ്ഞാണില്ലാത്ത അധികാരത്വരയും കിരാതമായ നിഷ്ഠുരതയും തന്റെ മക്കളുടെ ഉന്നമനത്തിനായുള്ള ജ്വലിക്കുന്ന അതിമോഹവും അദ്ദേഹത്തെ വരിഞ്ഞുമുറുക്കിയിരുന്നു.” അത്തരത്തിൽ പ്രവർത്തിച്ച പൗരോഹിത്യ ശ്രേണിയിലെ ഏകവ്യക്തി ആയിരുന്നില്ല ബോർജ.
ഇത്തരം പെരുമാറ്റങ്ങളെ കുറിച്ചു ബൈബിളിന് എന്താണു പറയാനുള്ളത്? “അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ?” എന്ന് അപ്പൊസ്തലനായ പൗലൊസ് ചോദിച്ചു. “നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, . . . വ്യഭിചാരികൾ, . . .അത്യാഗ്രഹികൾ, എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.”—1 കൊരിന്ത്യർ 6:9, 10.
അടുത്തകാലത്ത് ബോർജ കുടുംബത്തെ കുറിച്ച് റോമിൽ നടത്തിയ എക്സിബിഷന്റെ ഒരു ലക്ഷ്യം “ഈ മഹാ വ്യക്തികളെ അവർ ജീവിച്ച കാലഘട്ടത്തോടുള്ള ബന്ധത്തിൽ വീക്ഷിക്കുന്നതിനു പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു. . . . ഇത് അവരെ മനസ്സിലാക്കാനാണ്. അവർക്കു മാപ്പുകൊടുക്കാനോ കുറ്റം വിധിക്കാനോ അല്ല.” യഥാർഥത്തിൽ, സന്ദർശകർക്കു സ്വന്തം നിഗമനങ്ങളിൽ എത്തിച്ചേരാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ആകട്ടെ, നിങ്ങൾ എന്തു നിഗമനത്തിലാണ് എത്തിച്ചേർന്നത്?
[അടിക്കുറിപ്പ്]
a ഈ ഉപമകളുടെ കൃത്യതയുള്ള വിശദീകരണത്തിന് 1995 ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 5-6 പേജുകളും 1992 സെപ്റ്റംബർ 15 ലക്കം വീക്ഷാഗോപുരത്തന്റെ 17-22 പേജുകളും കാണുക.
[26 -ാം പേജിലെ ചിത്രം]
റോഡ്റിഗോ ബോർജ, അലക്സാണ്ടർ ആറാമൻ പാപ്പാ
[27 -ാം പേജിലെ ചിത്രം]
തന്റെ അധികാരം കഴിയുന്നത്ര വർധിപ്പിക്കുക എന്ന ലക്ഷ്യം സാധിക്കാൻ ലുക്രെറ്റ്സ്യ ബോർജയെ അവളുടെ പിതാവു കരുവാക്കി
[28 -ാം പേജിലെ ചിത്രം]
ചേസാറേ ബോർജ ഒരു അധികാര മോഹിയും അഴിമതി വീരനുമായിരുന്നു
[29 -ാം പേജിലെ ചിത്രം]
ഗിരൊലാമൊ സാവൊനറോളായെ നിശ്ശബ്ദനാക്കാൻ കഴിയാഞ്ഞതിനാൽ സ്തംഭത്തിലേറ്റി ചുട്ടുകൊന്നു