വർണശബളമായ ഹെയ്റ്റിയിൽ സുവാർത്തയുടെ സുഗന്ധം
കരീബിയൻ നാടുകളിലെ ഏറ്റവും ഉയർന്ന മലനിരകൾ തലയെടുപ്പോടെ നിൽക്കുന്ന ഹിസ്പനിയോള എന്ന ഉഷ്ണമേഖലാ ദ്വീപിലാണ് ഹെയ്റ്റിയും ഡൊമിനിക്കൻ റിപ്പബ്ലിക്കും സ്ഥിതിചെയ്യുന്നത്. അവിടത്തെ പല കൊടുമുടികൾക്കും 2,400 മീറ്ററിലധികം ഉയരമുണ്ട്. “തണുപ്പുള്ള” മാസങ്ങളിൽ, ഉയർന്ന പ്രദേശങ്ങളിലെ ചെറിയ കുളങ്ങളിൽ തുഷാരവും കനംകുറഞ്ഞ മഞ്ഞുപാളികളും രൂപം കൊണ്ടേക്കാം.
പച്ചപുതച്ച ഉഷ്ണമേഖലാ വനങ്ങൾ നിറഞ്ഞതാണ് ഹെയ്റ്റിയുടെ ദക്ഷിണഭാഗത്തുള്ള മലനിരകളും താഴ്വാരങ്ങളും. എന്നാൽ മറ്റിടങ്ങളിൽ പർവതങ്ങൾ മിക്കവാറും വരണ്ടതും ശുഷ്കിച്ചതുമാണ്, വനനശീകരണത്തിന്റെ ഇരകളാണ് ഇവയെല്ലാം. നിങ്ങളുടെ യാത്ര വടക്കോട്ടായാലും തെക്കോട്ടായാലും ഹെയ്റ്റി പ്രകൃതിരമണീയമാണെന്ന് നിങ്ങൾ കണ്ടെത്തും. വളഞ്ഞുപുളഞ്ഞു പോകുന്ന, വീതികുറഞ്ഞ ചില മലമ്പാതകളിലൂടെയുള്ള യാത്ര കരയുടെയും കടലിന്റെയും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ മാറി മാറി സമ്മാനിക്കും. ഉജ്ജ്വല വർണങ്ങളിലുള്ള വൈവിധ്യമാർന്ന പൂക്കളും നിങ്ങൾക്ക് എവിടെയും കാണാനാകും.
പ്രകൃതിരമണീയമായ ഈ രാജ്യത്തെ 83 ലക്ഷം ജനങ്ങളിൽ ഭൂരിഭാഗവും ആഫ്രിക്കൻ വംശജരായ ഗ്രാമവാസികളാണ്. മിക്കവരും പാവപ്പെട്ടവരാണെങ്കിലും അതിഥിപ്രിയരും ദയാലുക്കളും ആണ്. ഏകദേശം 60 വർഷമായി യഹോവയുടെ സാക്ഷികൾ ദൈവരാജ്യത്തിന്റെ സുവിശേഷം അവരുടെ പക്കൽ എത്തിക്കുന്നതിൽ സന്തോഷം കണ്ടെത്തിയിട്ടുണ്ട്. അവർക്ക് എന്നും ഹാർദമായ സ്വാഗതം ലഭിച്ചിട്ടുമുണ്ട്.—മത്തായി 24:14.
ഒരു ഉൾനാടൻ പട്ടണത്തിലെ പ്രസംഗപ്രവർത്തനം
ഒരു ഉൾനാടൻ പട്ടണത്തിലേക്കുള്ള ഒരു മിഷനറിയുടെ ആദ്യയാത്രാനുഭവം അവർ ഇങ്ങനെ എഴുതുന്നു:
“2003 മാർച്ചിലെ ഒരു ദിവസം. കാസാൽ എന്ന കൊച്ചു പട്ടണത്തിൽ ഞങ്ങൾ പ്രസംഗ പ്രവർത്തനത്തിനായി പോയി; തലസ്ഥാനമായ പോർട്ട്-ഔ-പ്രിൻസിൽനിന്നു 30 കിലോമീറ്റർ അകലെ കാബാറേയിലുള്ള ഞങ്ങളുടെ ഇപ്പോഴത്തെ മിഷനറി ഭവനത്തിൽനിന്ന് ഏകദേശം അരമണിക്കൂർ ദൂരമുണ്ട് ഇവിടേക്ക്. 1999-ലാണ് സാക്ഷികൾ അവിടെ അവസാനമായി പ്രവർത്തിച്ചത്. അതുകൊണ്ടുതന്നെ വളരെ ആകാംക്ഷയോടെ രാവിലെ ഏഴുമണിക്കു ഞങ്ങൾ യാത്ര പുറപ്പെട്ടു. ഞങ്ങൾ 22 പേരുണ്ടായിരുന്നു, സഭയിലെ ഏതാണ്ട് എല്ലാവരുംതന്നെ. രണ്ടു വാനുകളാണ് ഞങ്ങൾ യാത്രയ്ക്ക് ഉപയോഗിച്ചത്. ചിരിച്ചും കളിച്ചും വർത്തമാനം പറഞ്ഞും ആവേശത്തിമിർപ്പിലായിരുന്നു എല്ലാവരും. കുത്തനെയുള്ള മൺപാതകളിലൂടെയുള്ള യാത്ര അവസാനിച്ചത് വലിയ മരങ്ങളാൽ അലങ്കരിക്കപ്പെട്ട ഒരു താഴ്വരയിലായിരുന്നു. താഴ്വരയിലൂടെ ഒഴുകുന്ന ഒരു നദിയുടെ ഇരുകരകളിലുമായി കാസാൽ പട്ടണം സ്ഥിതിചെയ്യുന്നു.
“1800-കളുടെ തുടക്കത്തിൽ, മുൻ അടിമകൾക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിനുവേണ്ടി ഹെയ്റ്റിയിലെത്തിയ പോളണ്ടുകാരായ ചില സൈനികർ, ഫലഭൂയിഷ്ഠമായ ഈ താഴ്വരയിൽ ഹെയ്റ്റിക്കാരായ ഭാര്യമാരോടൊത്ത് താമസമാക്കിയതോടെയാണ് പ്രശാന്തമായ ഈ പട്ടണത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ഫലമോ? വെളുത്തവരെയും ഇരുനിറക്കാരെയും തവിട്ടു നിറക്കാരെയും അവിടെ കാണാനാകും; പച്ചനിറത്തിലുള്ള കണ്ണ്, ഇരുണ്ട തവിട്ടുനിറത്തിലുള്ള കണ്ണ് എന്നിങ്ങനെ കണ്ണുകളുടെ നിറത്തിലുമുണ്ട് വൈവിധ്യം. എന്തായാലും ഈ വ്യത്യസ്ത നിറക്കാരെല്ലാം ഒന്നിച്ചു താമസിക്കുന്നത് രസകരമായ ഒരു കാഴ്ച തന്നെയാണ്.
“ഞങ്ങളുടെ ആദ്യവീട്ടുകാരൻ ഒരു താത്പര്യവും കാണിച്ചില്ല. തിരിഞ്ഞുനടക്കവേ ഒരു മനുഷ്യൻ ഞങ്ങളുടെ അടുത്തേക്കു വന്നു. ദൈവവും യേശുവും വ്യത്യസ്തരാണെന്നു ഞങ്ങൾ വിശ്വസിക്കുന്നുണ്ടോയെന്ന് അയാൾക്കറിയണം. ഞങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് അയാൾ തന്റെ ബൈബിൾ എടുത്തുകൊണ്ടുവന്നു. തുടർന്നുണ്ടായ തിരുവെഴുത്തു ചർച്ച, യേശു ദൈവപുത്രനാണെന്നും യഹോവയാണ് ‘ഏകസത്യദൈവ’മെന്നും അയാളെ ബോധ്യപ്പെടുത്തി. (യോഹന്നാൻ 17:3) പലരും അവരോടു സംസാരിക്കുന്നതിനുവേണ്ടി ഞങ്ങളെ അകത്തോട്ടു ക്ഷണിച്ചു. ചിലർ ചോദിച്ചു: ‘നിങ്ങളിനി എന്നാണു തിരിച്ചുവരുന്നതും ഞങ്ങളോടൊപ്പം ബൈബിൾ പഠിക്കുന്നതും?’
“ഉച്ചഭക്ഷണം കഴിക്കാൻവേണ്ടി നല്ലൊരു മരത്തണലിൽ ഞങ്ങൾ ഒത്തുചേർന്നു. രണ്ടു സഹോദരിമാർ ചേർന്ന് ഒരു വലിയ കലം നിറയെ മീൻ പാകം ചെയ്തു കൊണ്ടുവന്നിരുന്നു. വളരെ നന്നായിരുന്നു അത്! ഭക്ഷണംകഴിച്ചും സംസാരിച്ചും അവിടെ ഇരിക്കവേ, വഴിപോക്കരോട് ഞങ്ങൾ സുവാർത്ത പ്രസംഗിക്കുകയും ചെയ്തു. ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങൾ നദി കുറുകെക്കടന്ന് അക്കരയ്ക്കുപോയി. തങ്ങളുടെ കൊച്ചുവീടുകളുടെ അരികിലുള്ള മരത്തണലിൽ ഇരിക്കുന്ന ആ നല്ല മനുഷ്യരോടു സംസാരിക്കുന്നത് ഞങ്ങൾ ശരിക്കും ആസ്വദിച്ചു. കുട്ടികൾ കളിക്കുന്നതിന്റെയും സ്ത്രീകൾ പുഴയിൽ തുണിയലക്കുന്നതിന്റെയും മുത്തശ്ശിമാർ കാപ്പിക്കുരു പൊടിക്കുന്നതിന്റെയും ഒക്കെ ശബ്ദം എത്ര ഹൃദ്യമായിരുന്നെന്നോ!
“മണി നാലായത് പെട്ടെന്നാണ്, കാബാറേയിലേക്കു മടങ്ങാൻവേണ്ടി ആഹ്ലാദചിത്തരായ ഞങ്ങൾ വാനുകളുടെ അടുത്തേക്കു നടന്നു. അതിഥിപ്രിയരും സൗഹൃദമനസ്കരുമായ ആളുകൾ താമസിക്കുന്ന കാസാൽ ആദ്യമായി സന്ദർശിച്ചത് ഞാനും എന്റെ ഭർത്താവും ശരിക്കാസ്വദിച്ചു.”
യഹോവയുടെ സാക്ഷികളുടെ മിഷനറിമാർ ഹെയ്റ്റിയിൽ ആദ്യമായി കാലുകുത്തിയ 1945-നുശേഷം, രാജ്യഘോഷകരുടെ എണ്ണത്തിൽ സ്ഥിരമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഇന്നിപ്പോൾ എകദേശം 14,000 പേർ പ്രസംഗ പ്രവർത്തനത്തിൽ ഏർപ്പെടുകയും 22,000-ത്തിലേറെ ഭവന ബൈബിളധ്യയനങ്ങൾ നടത്തുകയും ചെയ്യുന്നു. 2005 മാർച്ചിൽ സ്മാരക ആഘോഷത്തിൽ സംബന്ധിച്ച 59,372 പേരുടെ ജീവിതത്തെ അവർ സ്പർശിച്ചിരിക്കുന്നു. ദൈവരാജ്യസുവാർത്തയുടെ പരസ്യഘോഷണം അവർ സതീക്ഷ്ണം നിർവഹിച്ചുകൊണ്ടാണിരിക്കുന്നത്. യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം ജനങ്ങളെ സ്വാധീനിച്ചിരിക്കുന്ന വിവിധ വശങ്ങൾ ഒന്നു പരിചിന്തിക്കാം.
സുവാർത്ത—വർണശബളമായ കലാസൃഷ്ടികളിലൂടെ
വർണോജ്ജ്വലമായ വസ്തുക്കൾ ഇഷ്ടപ്പെടുന്നവരാണ് ഭൂരിപക്ഷം ഹെയ്റ്റിക്കാരും. ഈ താത്പര്യം അവരുടെ വസ്ത്രങ്ങളിലും വീടുകളുടെ പെയ്ന്റിങ്ങിലും ഉദ്യാനങ്ങളിലെ പൂക്കളുടെ വർണവൈവിധ്യത്തിലും കലാസൃഷ്ടികളിലുമെല്ലാം കാണാൻ സാധിക്കും. ലാർ ആയിസിയെൻ എന്നറിയപ്പെടുന്ന പ്രാദേശിക സ്റ്റൈലിലുള്ള പെയ്ന്റിങ്ങുകൾ വഴിയോരത്തു വിൽപ്പനയ്ക്കു വെച്ചിരിക്കുന്നത് പോർട്ട്-ഔ-പ്രിൻസിലുടനീളം കാണാം. ഇവ വാങ്ങാൻ ലോകത്തിന്റെ പലഭാഗത്തുനിന്നും ആളുകൾ ഇവിടെ എത്താറുണ്ട്.
ഈ വർണശബളത ക്യാൻവാസുകളിൽ മാത്രമല്ല കാണാനുള്ളത്. ഭാവനാ സമ്പന്നമായ ചിത്രങ്ങൾകൊണ്ട് അലങ്കരിച്ച, കാമിയോണെറ്റ് അല്ലെങ്കിൽ ടാപ്-ടാപ് എന്നറിയപ്പെടുന്ന വാഹനങ്ങൾകൊണ്ട് പോർട്ട്-ഔ-പ്രിൻസിലെ നിരത്തുകൾ സജീവമാണ്. ഇവയിൽ, ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള പെയ്ന്റിങ്ങുകളും സാധാരണമാണ്.
വഴിയോരത്തുകൂടി നടക്കുമ്പോൾ, വളരെ പരിചയമുള്ള ഒരു രംഗം നിങ്ങൾ കണ്ടേക്കാം—ആദാമും ഹവ്വായും ഏദെനിൽ നിൽക്കുന്ന രംഗം പോലൊന്ന്. ഇപ്പോൾ കടന്നുപോയ ഒരു കാമിയോണെറ്റിന്റെ പിൻഭാഗത്തെ ഗ്ലാസ്സിൽ ആ രംഗം ചിത്രീകരിച്ചിട്ടുണ്ട്. യഹോവയുടെ പേരു വരുന്ന തിരുവെഴുത്തുകളും പരസ്യവാചകങ്ങളും പലപ്പോഴും ഈ വാഹനങ്ങളിലും വാണിജ്യ സ്ഥാപനങ്ങളുടെ പേരുകളിലും ഉപയോഗിക്കാറുണ്ട്.
സ്കൂളിൽ സുവാർത്ത പങ്കുവെക്കുന്നു
ഹെയ്റ്റിയിലെ യുവസാക്ഷികൾക്ക് തങ്ങളുടെ സഹപാഠികളെ ബൈബിൾ പഠിക്കാൻ സഹായിക്കുന്നതിന് അനുകൂലമായ സാഹചര്യമാണുള്ളത്. 17 വയസ്സുകാരിയായ ഒരു സാക്ഷിയുടെ അനുഭവം ഇതിനൊരു ഉദാഹരണമാണ്.
“ഒരു സഹപാഠി ഒരു ദിവസം എന്റെ അടുക്കൽ വന്നിട്ട് ‘പരസംഗം’ എന്നുപറഞ്ഞാൽ എന്താണർഥമെന്നു ചോദിച്ചു. വെറുതെ ശൃംഗരിക്കാൻ വരുകയാണെന്നു കരുതി ഞാനവനെ ഗൗനിച്ചില്ല. എന്നാലൊരു ആൺകുട്ടിയോട് അവൻ ഈ ചോദ്യം ആവർത്തിച്ചപ്പോൾ, അത് മൊത്തം ക്ലാസ്സിനും താത്പര്യമുള്ള ഒരു വിഷയമായി മാറി. അതുകൊണ്ട് പിറ്റേ ആഴ്ച, ഈ വിഷയത്തെക്കുറിച്ച് ഗവേഷണം നടത്തിയശേഷം, യഹോവയുടെ സാക്ഷികൾ ധാർമികമായും ആത്മീയമായും ശാരീരികമായും ശുദ്ധരായി നിലകൊള്ളാൻ ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്ന് ഞാൻ ക്ലാസ്സിനു മുമ്പാകെ വിശദീകരിച്ചു.
“കുട്ടികൾ കുറെ ചോദ്യങ്ങൾ ചോദിച്ചു, ഉത്തരങ്ങൾ ബൈബിളിൽ നിന്നുകൊടുത്തപ്പോൾ അവർക്കതു സ്വീകാര്യമായിരുന്നു. എന്തിന്, ആദ്യം വിമുഖത കാണിച്ച ഹെഡ്മാസ്റ്റർ പോലും പിന്നീട് ചോദ്യങ്ങൾ ചോദിക്കുകയും മറ്റു ക്ലാസ്സുകളിൽക്കൂടി ഞാൻ സംസാരിക്കുന്നതിനു വേണ്ട ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു. യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളുംa എന്ന പുസ്തകം ഞാനവർക്കു കാണിച്ചുകൊടുത്തു. പലർക്കും ആ പുസ്തകം ഇഷ്ടമായി. അടുത്തദിവസം ഞാൻ സഹപാഠികൾക്ക് 45 പുസ്തകങ്ങൾ സമർപ്പിച്ചു. പലരും പെട്ടെന്നുതന്നെ അതു വായിച്ചു തീർത്തു. തങ്ങളുടെ വീടുകൾക്കടുത്തുള്ള സാക്ഷികളുമായി ചിലർ ബൈബിൾ പഠിക്കുകയും ചെയ്യുന്നു. എന്റെ വീടിന്റെ അടുത്തുള്ള ഒരു വിദ്യാർഥി ഇപ്പോൾ എല്ലാ യോഗങ്ങൾക്കും വരുന്നുണ്ട്.”
ക്രയോൾ ഭാഷ ഉപയോഗിക്കുന്നു
നാടിനെയും നാട്ടുകാരെയും പോലെതന്നെ കൗതുകമുണർത്തുന്നതാണ് ഹെയ്തിയൻ ക്രയോൾ ഭാഷയും. ഹെയ്റ്റിക്കാരുടെ മാതൃഭാഷ അതായത് ഹൃദയത്തിന്റെ ഭാഷയായ ഇത് ഫ്രഞ്ചു വാക്കുകളും പശ്ചിമാഫ്രിക്കൻ വ്യാകരണവും ചേർന്നുണ്ടായതാണ്. യഹോവയുടെ സാക്ഷികൾ അവരുടെ ശുശ്രൂഷയിൽ മുഖ്യമായും ഈ ഭാഷയാണ് ഉപയോഗിക്കുക. ഹെയ്തിയൻ ക്രയോളിൽ കൂടുതൽ ബൈബിൾ സാഹിത്യങ്ങൾ ഉത്പാദിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.
1987-ൽ, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! എന്ന ലഘുപത്രിക ഹെയ്തിയൻ ക്രയോൾ ഭാഷയിലേക്കു വിവർത്തനം ചെയ്തു. പിന്നീട് നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകവും അതേത്തുടർന്ന് ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയും ക്രയോളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. ദൈവവചനത്തിലെ അടിസ്ഥാന സത്യങ്ങൾ മനസ്സിലാക്കുന്നതിന് ഈ പ്രസിദ്ധീകരണങ്ങൾ പുതിയ ബൈബിൾ വിദ്യാർഥികളെ വളരെയധികം സഹായിച്ചിട്ടുണ്ട്. 2002 സെപ്റ്റംബർ 1 മുതൽ വീക്ഷാഗോപുരവും ഹെയ്തിയൻ ക്രയോൾ ഭാഷയിൽ ലഭ്യമാണ്. ഫ്രഞ്ചുഭാഷയിലുള്ള സാഹിത്യങ്ങൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെങ്കിലും പലരും തങ്ങളുടെ സ്വന്തം ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങൾ വായിക്കാനാണ് താത്പര്യപ്പെടുന്നത്.
സുവാർത്ത ജയിലിലും
അടുത്തകാലത്ത് യഹോവയുടെ സാക്ഷികൾ ജയിലുകളിലെ അന്തേവാസികൾക്കും സുവാർത്ത എത്തിച്ചു കൊടുക്കാൻ തുടങ്ങി. ദുഃഖകരമായ ഈ സാഹചര്യത്തിൽ കഴിയുന്ന ഇവർക്ക് സമാശ്വാസത്തിന്റെ സന്ദേശം പകർന്നുകൊടുക്കാൻ സാക്ഷികൾക്ക് സന്തോഷമേയുള്ളു. ഒരു ക്രിസ്തീയ ശുശ്രൂഷകന്റേതാണ് പിൻവരുന്ന റിപ്പോർട്ട്.
“ഒരു ജയിലിലെ ഞങ്ങളുടെ ആദ്യ സന്ദർശനത്തിൽ, ഞങ്ങളെ കാണുന്നതിനുവേണ്ടി തടവുകാരെയെല്ലാം ഒരു വലിയ മുറിയിലേക്കു കൊണ്ടുവന്നു. അവരെങ്ങനെ പ്രതികരിക്കും എന്നു ഞങ്ങൾക്കു നിശ്ചയമില്ലായിരുന്നു. ബൈബിൾ മനസ്സിലാക്കാൻ അവരെ സഹായിക്കുന്നതിനു വേണ്ടിയാണ് ഞങ്ങൾ ചെന്നിരിക്കുന്നതെന്ന് വിശദീകരിച്ചപ്പോൾ അവർ 50 പേരും ഞങ്ങളെ സഹർഷം സ്വാഗതം ചെയ്തു. ക്രയോൾ ഭാഷയിലുള്ള, എഴുത്തും വായനയും പഠിക്കുന്നതിൽ ഉത്സുകരായിരിക്കുക, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! എന്നീ ലഘുപത്രികകൾ ഞങ്ങളവർക്കു സമർപ്പിച്ചു, കൂടാതെ 26 പേരോടൊപ്പം ബൈബിളധ്യയനം ആരംഭിക്കുകയും ചെയ്തു. സന്നിഹിതരായിരുന്നവരിൽ പത്തുപേർ നിരക്ഷരരായിരുന്നു, എന്നാൽ ലഘുപത്രികകളിലെ ചിത്രങ്ങൾ ഉപയോഗിച്ചു പഠിക്കാൻ കഴിയുമെന്നു കാണിച്ചുകൊടുത്തപ്പോൾ അവരും പഠിക്കാൻ താത്പര്യം പ്രകടമാക്കി.”
സാക്ഷികൾ മടങ്ങിച്ചെന്നപ്പോൾ ഒരാൾ പറഞ്ഞു: “ഞാൻ ഈ ലഘുപത്രിക പലയാവർത്തി വായിച്ചു. വായിച്ചതിനെക്കുറിച്ചു ചിന്തിച്ച്, നിങ്ങൾ വരാൻവേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ.” സായുധകൊള്ള നടത്തിയതിന് അറസ്റ്റു ചെയ്യപ്പെട്ട ഒരാൾ തനിക്കു മാറ്റം വരുത്തണം എന്നു പറഞ്ഞു, എന്നിട്ട് തന്റെ ഭാര്യയെ ബൈബിൾ പഠിപ്പിക്കാൻ ആരെയെങ്കിലും അയയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. രണ്ടു കുട്ടികളുടെ പിതാവായ ഒരു തടവുകാരനും ഇതേ ആവശ്യം ഉന്നയിച്ചു. കാരണം അയാളുടെ ഭാര്യ ശരിയായ വിശ്വാസവും വ്യാജമായ വിശ്വാസവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയണമെന്ന് അയാൾ ആഗ്രഹിച്ചു. തന്റെ ഇടവകയിലെ അംഗങ്ങളുടെ പക്കൽനിന്ന് വൻ തുക തട്ടിയെടുത്തതിന് ശിക്ഷ ലഭിച്ച ഒരു പ്രോട്ടസ്റ്റന്റ് പുരോഹിതൻ പറഞ്ഞത് താനിപ്പോൾ സത്യം കണ്ടെത്തിയിരിക്കുന്നു എന്നാണ്. ജയിൽവിമോചിതനായ ശേഷം തന്റെ ഇടവകാംഗങ്ങളെ യഹോവയുടെ സാക്ഷികൾ ആയിത്തീരാൻ സഹായിക്കുമെന്നും അയാൾ പറഞ്ഞു.
ക്രയോൾ ഭാഷയിലുള്ള ആവശ്യം ലഘുപത്രിക സ്വന്തമായി ഇല്ലാതിരുന്ന ഒരു തടവുകാരൻ തന്റെ സഹതടവുകാരന്റെ ലഘുപത്രിക മുഴുവൻ പകർത്തിയെഴുതി; മാത്രമല്ല അതു മുഴുവൻ മനഃപാഠമാക്കുകയും ചെയ്തു. ഒരു തടവുകാരി താൻ പഠിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ മറ്റ് ഒമ്പത് തടവുകാരികളുമായി പങ്കുവെക്കാൻ തുടങ്ങി; എന്തിനധികം പറയുന്നു, അവൾ അവരെ പഠിപ്പിക്കാനും തുടങ്ങി. ലഘുപത്രിക പഠിച്ചു കഴിഞ്ഞ് പരിജ്ഞാനം പുസ്തകം പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒരു തടവുകാരൻ മറ്റു തടവുകാരോട് സുവിശേഷിക്കാൻ ആരംഭിച്ചു. അധികം താമസിയാതെ അയാൾ നാലുപേർക്കു ബൈബിളധ്യയനം നടത്താനും തുടങ്ങി.
മെർക്കോണിയുടെb ചില ബന്ധുക്കൾ യഹോവയുടെ സാക്ഷികളാണ്, കൂടാതെ അയാൾ നേരത്തേ ബൈബിൾ പഠിക്കുകയും ചെയ്തിരുന്നു. ബന്ധുക്കൾ അയാൾക്ക് കൊണ്ടുകൊടുത്ത ബൈബിൾ സാഹിത്യങ്ങൾ വായിക്കാൻ അയാൾ മറ്റുതടവുകാരെ പ്രോത്സാഹിപ്പിക്കുമായിരുന്നു. അയാൾ പറയുന്നു: “ഞാൻ സാഹിത്യങ്ങൾ മറ്റുള്ളവർക്കു കൊടുക്കുമ്പോൾ അവരെന്നെ യഹോവയുടെ സാക്ഷി എന്നു വിളിക്കും. അപ്പോൾ സാക്ഷി അല്ലെന്നു ഞാനവരോടു പറയും, കാരണം ഒരു സാക്ഷിയായിരിക്കുക എന്നാൽ എന്താണെന്ന് എനിക്കറിയാം. എനിക്കിനി ബൈബിൾ പഠനം ഗൗരവമായി എടുക്കണം, സ്നാപനമേൽക്കുകയും വേണം. എന്റെ ജ്യേഷ്ഠന്മാർ പിൻപറ്റിയ വഴി ഞാനും ചെറുപ്പത്തിൽ പിന്തുടർന്നിരുന്നെങ്കിൽ എനിക്കിങ്ങനെ ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു.”
മെർക്കോണിയുടെ കയ്യിൽനിന്നു സാഹിത്യം സ്വീകരിച്ച ഒരു തടവുകാരൻ, അദ്ദേഹത്തെ സന്ദർശിച്ച സാക്ഷിയോടു പറഞ്ഞു: “കഴിഞ്ഞ തിങ്കളാഴ്ച നിങ്ങളിവിടെ വന്നില്ലേ, അതിനു മുമ്പ് വളരെ നിരാശയിൽ ആയിരുന്നു ഞാൻ, ആത്മഹത്യ ചെയ്യാനും തീരുമാനിച്ചിരുന്നു. എന്നാൽ മാസികകൾ വായിച്ചതിനു ശേഷം, ചെയ്ത തെറ്റുകളെപ്രതി ക്ഷമചോദിച്ചുകൊണ്ട് ഞാൻ ദൈവത്തോടു പ്രാർഥിച്ചു. മാത്രമല്ല നേരായവഴി കാണിച്ചുതരാൻ ആരെയെങ്കിലും അയയ്ക്കേണമേ എന്നും അപേക്ഷിച്ചു. അടുത്ത ദിവസം നിങ്ങളിവിടെ വന്നു തടവുകാർക്ക് ബൈബിളധ്യയനം വാഗ്ദാനം ചെയ്തപ്പോൾ എനിക്കെത്ര സന്തോഷം തോന്നിയെന്നോ! യഹോവയെ സേവിക്കാൻ എന്നെയും പഠിപ്പിക്കാമോ?”
പലർക്കും സുവാർത്തയെത്തിക്കുന്ന ഉണരുക!
2000 ഡിസംബർ 8 ലക്കം ഉണരുക!യുടെ ആമുഖ ലേഖനങ്ങൾ നഴ്സിങ്ങിനെ കുറിച്ചുള്ളതായിരുന്നു. ഒരു സ്ത്രീ അതിന്റെ 2,000 കോപ്പികൾ സമ്പാദിച്ച്, പോർട്ട്-ഔ-പ്രിൻസിൽ നടന്ന ഒരു സെമിനാറിൽ പങ്കെടുത്ത നഴ്സുമാർക്ക് വിതരണം ചെയ്തു. പോലീസുകാരെയും അവരുടെ ജോലിയെയുംകുറിച്ച് ചർച്ചചെയ്ത 2002 ആഗസ്റ്റ് 8 ലക്കം ഉണരുക! പോർട്ട്-ഔ-പ്രിൻസിലെ പോലീസുകാരുടെ ഇടയിൽ വ്യാപകമായി വിതരണം ചെയ്തു. അവർ വളരെ വിലമതിച്ച ഒരു മാസിക ആയിരുന്നു അത്. ഇപ്പോഴും സാക്ഷികളെ വഴിയിൽ തടഞ്ഞുനിറുത്തി ചിലർ ആ മാസികയുടെ കൂടുതൽ കോപ്പികൾ ആവശ്യപ്പെടാറുണ്ട്.
അടുത്തയിടെ, ലോകാരോഗ്യ സംഘടനയിലെ ഒരു ഉദ്യോഗസ്ഥ എയ്ഡ്സിനെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുന്നതിന് ഒരു പരിപാടി സംഘടിപ്പിച്ചു. അവരെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിലേക്കു ക്ഷണിക്കുകയും ഉണരുക!യിൽ ഈ വിഷയത്തെക്കുറിച്ചു വന്ന ലേഖനങ്ങൾ കാണിക്കുകയും ചെയ്തു. എയ്ഡ്സ് തടയാനുള്ള ഏറ്റവും മെച്ചപ്പെട്ട മാർഗത്തെക്കുറിച്ചും എയ്ഡ്സ്ബാധിതരെ അവരുടെ സാഹചര്യവുമായി പൊരുത്തപ്പെടാൻ എങ്ങനെ സഹായിക്കാം എന്നതിനെക്കുറിച്ചും ഉള്ള ബൈബിളധിഷ്ഠിത ലേഖനങ്ങൾ അവരിൽ വലിയ മതിപ്പുളവാക്കി. ഈ വിഷയത്തിൽ ഇതുപോലുള്ള വിവരങ്ങൾ പ്രദാനം ചെയ്യുന്നതിൽ ഉണരുക! മുൻപന്തിയിലാണെന്ന് അവർ അഭിപ്രായപ്പെട്ടു.
അതേ, ലോകത്തിലെ മറ്റ് 234 രാജ്യങ്ങളിലുമെന്നപോലെ വർണശബളമായ ഹെയ്റ്റിയിലും, യഹോവയുടെ സാക്ഷികൾ വിവിധ സരണികളിലൂടെ സുവാർത്ത വ്യാപിപ്പിക്കുന്നു. പ്രത്യാശയുടെ ഈ സന്ദേശത്തോട് പലരും അനുകൂലമായി പ്രതികരിക്കുന്നുമുണ്ട്. അങ്ങനെ ജീവിതത്തിലെ ഇന്നത്തെ പ്രയാസങ്ങളിൽ മനം മടുത്തിരിക്കാതെ ഭാവിയിലെ പ്രതീക്ഷാനിർഭരമായ പുതിയലോകത്തിലേക്ക്—സത്യദൈവമായ യഹോവയുടെ എല്ലാ ആരാധകരും പൂർണതയുള്ള ജീവിതം ആസ്വദിക്കുന്ന ആ കാലത്തേക്ക്—നോക്കാനുള്ള സഹായം അവർക്കു ലഭിക്കുന്നു.—വെളിപ്പാടു 21:4, 5.
[അടിക്കുറിപ്പുകൾ]
a ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന സാഹിത്യങ്ങൾ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്.
b പേരിനു മാറ്റം വരുത്തിയിരിക്കുന്നു.
[9-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
പശ്ചാത്തലം: ©Adalberto Rios Szalay/photodisc/age fotostock