യുവാക്കളേ—യഹോവയോട് ഒരു ദൃഢമായ ബന്ധം വളർത്തിയെടുക്കുക
1.സങ്കീർത്തനം 24:3-5-ൽ കാണുന്ന ഈ വാക്കുകൾ സന്തോഷകരമാണ്: “യഹോവയുടെ പർവതത്തിലേക്ക് ആർക്ക് കയറിപ്പോകാം, അവന്റെ വിശുദ്ധസ്ഥലത്ത് ആർക്ക് കയറിച്ചെല്ലാം? നിർദ്ദോഷമായ കൈകളും ഹൃദയശുദ്ധിയുമുളള ഏതൊരുവനും, എന്റെ ദേഹിയെ വെറും വ്യർത്ഥതയിലേക്ക് എത്തിക്കുകയൊ വഞ്ചനാത്മകമായ ഒരു സത്യം ചെയ്യുകയൊ ചെയ്തിട്ടില്ലാത്തവൻതന്നെ. അവൻ യഹോവയിൽ നിന്ന് അനുഗ്രഹവും തന്റെ രക്ഷയുടെ ദൈവത്തിൽനിന്ന് നീതിയും നേടും.” അതെ, യഹോവ ശുദ്ധരും നിർദ്ദോഷികളുമായവർ, വഞ്ചനാത്മകമായ ഒരു സത്യം ചെയ്തുകൊണ്ട് ഒരു കപട ജീവിതം നയിക്കാത്തവർ, അവന്റെ ഏററവും അടുത്ത സഹവാസത്തിലുണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു. അനേകം ക്രിസ്തീയ യുവാക്കൾ ഇന്ന് ആ വർണ്ണനക്ക് യോജിക്കുന്നു എന്ന് അറിയുന്നത് സന്തോഷകരമാണ്. അവർ യഹോവക്കും അവന്റെ സ്ഥാപനത്തിനും ഒരു യഥാർത്ഥ മുതൽകൂട്ടാണ്. അവരുടെ ധാർമ്മിക ശുദ്ധി അവരെ ദൈവദൃഷ്ടിയിൽ സുന്ദരരാക്കിത്തീർക്കുന്നു.
2.ഇന്ന് ചെറുപ്പക്കാർക്ക് ധാർമ്മികമായി ശുദ്ധിയുളളവരായിരിക്കുന്നത് എളുപ്പമാണോ? അല്ല. അനുദിനം അഭിമുഖീകരിക്കേണ്ട വെല്ലുവിളികൾ ഉണ്ട്. അശുദ്ധ സ്വാധീനങ്ങളുടെയും അധാർമ്മിക പെരുമാററത്തിന്റെയും ഒരു ലോകവ്യാപക വ്യാധി നിലവിലുണ്ട്. നിങ്ങളെത്തന്നെ സംരക്ഷിക്കുന്നതിന് നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? യഹോവയുമായി ഒരു ശക്തമായ ബന്ധം വികസിപ്പിച്ചെടുക്കേണ്ട ആവശ്യമുണ്ട്.
നിങ്ങൾ ചെയ്യേണ്ടത്
3.യഹോവയോടുളള ഒരു ഉററ ബന്ധത്തിൽ, യഹോവയുടെ ഗുണങ്ങളെസംബന്ധിച്ച ഹൃദയംഗമമായ വിലമതിപ്പ് ഉൾപ്പെടുന്നതിനാൽ അവൻ യഥാർത്ഥത്തിൽ എങ്ങനെയുളളവനാണെന്ന് നിങ്ങൾ ഗ്രഹിക്കേണ്ട ആവശ്യമുണ്ട്. ഇത് ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളോടുകൂടെ അവന്റെ വചനത്തിന്റെ ഒരു ഉൽസാഹപൂർവകമായ പഠനം ആവശ്യമാക്കിത്തീർക്കുന്നു. തിമൊഥെയോസിനെപ്പോലെ നിങ്ങൾ അവൻ “അടുത്തു പിൻപററിയിരിക്കുന്ന വിശ്വാസത്തിന്റെ വാക്കുകളും നല്ല ഉപദേശവും കൊണ്ട് പോഷിപ്പിക്കപ്പെടേണ്ട ആവശ്യമുണ്ട്.” (1 തിമൊ. 4:6) അത്തരം പഠനം നിങ്ങളെ “യഹോവയുടെ പ്രസന്നത” കാണാൻ സഹായിക്കും.” (സങ്കീ. 27:4) നിങ്ങൾ അവനെക്കുറിച്ച് എത്രയധികം പഠിക്കുന്നുവോ അത്രയധികം നിങ്ങൾ അവനിലേക്ക് അടുപ്പിക്കപ്പെടും.
4.അത്തരം ബന്ധം വികസിപ്പിക്കുന്നതിന് സമയവും പ്രയത്നവും ആവശ്യമാണ്. പൗലോസ് തിമൊഥെയോസിനോട് ഇപ്രകാരം പറഞ്ഞു: “നിന്റെ പുരോഗതി എല്ലാവർക്കും വെളിപ്പെടേണ്ടതിന് ഈ കാര്യങ്ങൾ വിചിന്തനംചെയ്യുക, അവയിൽ മുഴുകിയിരിക്ക.” (1 തിമൊ. 4:15) നിങ്ങൾ ഇതുവരെയും സ്നാനപ്പെട്ടിട്ടില്ലെങ്കിൽ സമർപ്പണവും സ്നാനവും ലക്ഷ്യം വെച്ച് പ്രവർത്തിക്കുക. നാം ഈ വ്യവസ്ഥിതിയുടെ അന്ത്യത്തോടടുത്ത് ആകയാൽ “ദൈവഭക്തിയുടെ പ്രവർത്തനങ്ങളിൽ” നാം “ഏതുതരം വ്യക്തികളാ”യിരിക്കണം എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. (2 പത്രോ. 3:11) നമ്മുടെ ദൈവവും ജീവദാതാവുമെന്ന നിലയിൽ നാം യഹോവയെ സംബന്ധിച്ച് എങ്ങനെ വിചാരിക്കുന്നു എന്നത് പ്രധാനമാണ്. ഒരുവന് ബഹുമാനവും ഉററ സ്നേഹവും ഉളള പിതാവിനോട് ഉണ്ടായിരിക്കേണ്ട തരത്തിലുളള അടുപ്പം നാം യഹോവയോട് വളർത്തിയെടുക്കുന്നുവെങ്കിൽ ആ ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന പ്രവൃത്തികൾ തുടർന്ന് വരും.—മലാ. 1:6.
5.സ്ഥാപനത്തിലെങ്ങുമുളള പതിനായിരക്കണക്കിന് യുവാക്കളും യുവതികളും തങ്ങളുടെ വീര്യവും ഊർജ്ജവും ഉൽസാഹവും പ്രസംഗപ്രവർത്തനത്തിൽ പങ്കുപററാൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. അവർ ഉത്തരം പറയാനുളള തയ്യാറോടും മനസ്സൊരുക്കത്തോടുംകൂടെ രാജ്യഹോളിൽ യോഗങ്ങളിൽ ഹാജരാകുന്നു. ആയിരങ്ങൾ തങ്ങളുടെ യുവശക്തി പയനിയർസേവനത്തിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. സദൃശവാക്യങ്ങൾ 20:29 അത്തരത്തിൽ നന്നായി ഉപയോഗിക്കുന്ന ശക്തിയെ “യുവാക്കളുടെ സൗന്ദര്യം” എന്ന് വിളിക്കുന്നു. യഹോവയോട് വ്യക്തിപരമായ ഒരു ഉററ ബന്ധം നട്ടുവളർത്തുന്നതിന് അവന്റെ സേവനത്തിലെ കഠിനാദ്ധ്വാനം ആവശ്യമാണെങ്കിലും അത് പ്രയത്നത്തിന് തക്ക മൂല്യമുളളതാണ്!
6.ചെറുപ്പക്കാരായ നിങ്ങളിലനേകർക്കും നിങ്ങൾ പിൻപറേറണ്ട ഗതി വരച്ചു തന്നിട്ടുളള ക്രിസ്തീയ മാതാപിതാക്കൻമാരുണ്ട്. അവർ ജീവന്റെ പാതയിൽ നിലനിൽക്കുന്നതിന് എടുക്കേണ്ട പടികൾ നിങ്ങൾക്ക് കാണിച്ചുതന്നിട്ടുണ്ട്. കർത്താവിനോട് ഐക്യത്തിലുളള നിങ്ങളുടെ മാതാപിതാക്കളെ ശ്രദ്ധിക്കുക. (എഫേ. 6:1) അവർ നിങ്ങളെ അത്യന്തം സ്നേഹിക്കുകയും നിങ്ങൾ വിജയിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. നിങ്ങൾ പുതിയ ലോകത്തിലുണ്ടായിരിക്കാൻ അവർ ആഗ്രഹിക്കുന്നു, അതുകൊണ്ട് അവർ ക്രമീകരിക്കുന്ന പഠന സമയങ്ങളോട് സഹകരിക്കുക. സത്യം നിങ്ങളുടെ സ്വന്തമാക്കുക. നിങ്ങൾക്ക് കഴിയുന്നത്ര യഹോവയെക്കുറിച്ച് പഠിക്കുക, അങ്ങനെയായാൽ നിങ്ങൾ അവനെ സ്നേഹിക്കത്തക്കവണ്ണം വളർന്നുവരികയും അവനെ എന്നേക്കും സേവിക്കുകയും ചെയ്യും.