നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനമായ യേശുക്രിസ്തുവിനെ ബഹുമാനിക്കുക
1 യഹോവയുടെ ഉദ്ദേശ്യനിവൃത്തിയിൽ യേശുക്രിസ്തുവിന്റെ പങ്ക് ഗ്രഹിക്കുന്നത് ജീവൽപ്രധാനമാണ്. യേശു അനുസരണമുളള മനുഷ്യവർഗ്ഗത്തിനുവേണ്ടി തന്റെ ജീവൻ ഒരു മറുവിലയായി നൽകി. (മത്താ. 20:28) യേശുക്രിസ്തു മുഖാന്തരമുളള യഹോവയുടെ സ്നേഹപൂർവകമായ കരുതൽ ഇല്ലാതിരുന്നെങ്കിൽ നാം ഭാവിയെ സംബന്ധിച്ച് പ്രത്യാശയില്ലാതെ ഒരു മരണാവസ്ഥയിൽ തുടരുമായിരുന്നു.
2 സ്മാരക കാലത്ത് പ്രത്യേകാൽ നാം യേശുവിന്റെ ജീവിതത്തെയും അവന്റെ പഠിപ്പിക്കലുകളെയും അവന്റെ യാഗത്തെയും സംബന്ധിച്ച് വിചിന്തനംചെയ്യുന്നു. (ലൂക്കോ. 22:19) “നാം പാപികളായിരിക്കെത്തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചതിനാൽ ദൈവം നമ്മോടുളള തന്റെ സ്വന്തം സ്നേഹം ശുപാർശ ചെയ്യുന്നു” എന്നു വിലമതിച്ചുകൊണ്ട് നാം ഉത്സാഹത്തോടെ മററുളളവർക്കു സുവാർത്ത പങ്കുവെക്കുന്നതിനാൽ ദൈവത്തെയും ക്രിസ്തുവിനെയും ബഹുമാനിക്കാൻ പ്രേരിതരായിത്തീരുന്നു. നമുക്ക് ഇത് എപ്രകാരം ചെയ്യാൻ കഴിയും?—റോമ. 5:8, 10.
കൃതജ്ഞത പ്രകടിപ്പിക്കുക
3 യഹോവയുടെ ദൃശ്യസ്ഥാപനം യേശുവിന്റെ ശിരഃസ്ഥാനത്തിൻ കീഴിൽ പ്രവർത്തിക്കുന്നു എന്ന് നാം തിരിച്ചറിയുന്നു. ഇവിടെ ഭൂമിയിൽ വിശ്വസ്ത അടിമവർഗ്ഗം നമുക്കാവശ്യമായ ആത്മീയ പോഷണം പ്രദാനം ചെയ്യുന്നു. യേശു തന്റെ ബാല്യകാലംമുതൽ അവന്റെ പിതാവിന്റെ വചനത്തോട് ആഴമായ വിലമതിപ്പ് കാണിച്ചു, നാമും മററുളളവരെ ഫലപ്രദമായി പഠിപ്പിക്കുക എന്ന വീക്ഷണത്തിൽ പ്രദാനം ചെയ്യപ്പെട്ടിരിക്കുന്ന ആത്മീയാഹാരം കഴിച്ചുകൊണ്ടും ദഹിപ്പിച്ചുകൊണ്ടും അവന്റെ ദൃഷ്ടാന്തം പിൻപററാൻ ആഗ്രഹിക്കുന്നു. (മത്താ. 24:45, 46; ലൂക്കോ. 2:46-50) നാം സ്ഥാപനത്തിന്റെ നിർദ്ദേശങ്ങൾ പിൻപററിക്കൊണ്ടും മൂപ്പൻമാരോട് സഹകരിച്ചുകൊണ്ടും അതിനോടും അതു പ്രദാനംചെയ്യുന്ന ആത്മീയ കരുതലുകളോടുമുളള നമ്മുടെ കൃതജ്ഞത കാണിക്കുന്നു.
4 നമുക്ക് ദൈവവചനത്തിൽ നിന്ന് പഠിക്കുന്നത് ബാധകമാക്കിക്കൊണ്ടും ക്രിസ്തുവിനോടുളള ബഹുമാനം കാണിക്കുന്നതിനും നമ്മുടെ ശുശ്രൂഷയെ അലങ്കരിക്കുന്നതിനും കഴിയും. യേശു “പാപികളോട് വേർപെട്ട,” കുററരഹിതനായ ഒരു മഹാപുരോഹിതനായിരുന്നു. (എബ്രാ. 7:26) അവൻ ഒന്നു പറയുകയും മറെറാന്നു പ്രവർത്തിക്കുകയും ചെയ്യുന്നതിന്റെ കുററമുളളവനല്ലായിരുന്നു. സഹ അടിമകൾ എന്ന നിലയിൽ നാമും അതേ ഉന്നതനിലവാരത്തിൽ ജീവിക്കേണ്ടയാവശ്യമുണ്ട്. അതുകൊണ്ട് നാം മററുളളവരോട് യഹോവ വാഗ്ദത്തം ചെയ്തിട്ടുളള നീതിയുളള പുതിയവ്യവസ്ഥിതിയെ സംബന്ധിച്ചു പറയുമ്പോൾ നാം ആ പുതിയ ലോകത്തോടു മമതാബന്ധമുളളവരെന്നു നമ്മെ തിരിച്ചറിയിക്കുന്ന ഒരു വിധത്തിൽ ഇപ്പോൾ ജീവിക്കുന്നതിന് നാം ആഗ്രഹിക്കുന്നു.—മത്താ. 7:21; 1 കൊരി. 1:18; 1 യോഹ. 2:17.
ക്രിസ്തുവിന്റെ ശിരഃസ്ഥാനത്തിൻകീഴിൽ പ്രസംഗിക്കുക
5 മെയ്യിലും ജൂണിലും നാം വീക്ഷാഗോപുര വരിസംഖ്യ സമർപ്പിക്കും. വീക്ഷാഗോപുരത്തിന്റെ ഓരോ ലക്കത്തിന്റെയും 2-ാം പേജിൽ വിശദീകരിച്ചിരിക്കുന്നതുപോലെ, “തന്റെ ചൊരിയപ്പെട്ട രക്തത്താൽ മനുഷ്യവർഗ്ഗത്തിന് നിത്യജീവൻ ലഭിക്കുന്നതിനുളള വഴി തുറന്നുതന്ന, ഇപ്പോൾ ഭരിക്കുന്ന രാജാവായ യേശുക്രിസ്തുവിലുളള വിശ്വാസ”ത്തെ പ്രോത്സാഹിപ്പിക്കുകയാണ് അതിന്റെ ലക്ഷ്യമെന്ന് ഭാവി വായനക്കാരെ കാണിച്ചുകൊണ്ട് നമുക്ക് യേശുവിനെ ബഹുമാനിക്കാൻ കഴിയും. സാധ്യമാകുമ്പോഴെല്ലാം ആദ്യം വരിസംഖ്യ വാഗ്ദാനംചെയ്യാൻ നിശ്ചയമുണ്ടായിരിക്കുക. വരിസംഖ്യ സ്വീകരിക്കുന്നില്ലെങ്കിൽ, സത്യത്തിന്റെ കുറെ വിത്തുകൾ നടാൻതക്കവണ്ണം നിങ്ങൾക്ക് രണ്ടു മാസികകളും ഒരു ലഘുപത്രികയും സമർപ്പിക്കാവുന്നതാണ്.
6 ഇതുവരെ സാക്ഷികളാകാത്ത ഒരു വലിയ കൂട്ടം ആളുകൾ സ്മാരകത്തിനു ഹാജരായിക്കൊണ്ട് യേശുവിനോട് ആദരവ് കാണിച്ചു. അവരെ ഒരു വ്യക്തിപരമായ ബൈബിളദ്ധ്യയനത്തിലൂടെ ആത്മീയമായി കൂടുതൽ പുരോഗതി നേടുന്നതിന് സഹായിക്കാൻ കഴിയുമോ? ആരെങ്കിലും സന്ദർശിച്ചുകൊണ്ട് അവർക്കാവശ്യമായ സഹായം വാഗ്ദാനംചെയ്യുന്നതിന് നിശ്ചയമുണ്ടായിരിക്കുക. സ്നേഹപൂർവകമായ സഹായംകൊണ്ട് ചിലർ കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ അടുത്ത ആചരണത്തിനുമുമ്പ് ശുശ്രൂഷയിൽ പങ്കെടുക്കുന്ന അളവോളം പുരോഗതി നേടിയേക്കാം.
7 നാം നമ്മുടെ വീണ്ടെടുപ്പുകാരനായ യേശുവിന്റെ സ്നേഹപൂർവകമായ ബലിയിൽ എത്ര നന്ദിയുളളവരാണ്! അവൻ നമുക്ക് ഒരു സുനിശ്ചിതപ്രത്യാശ പ്രദാനം ചെയ്തിരിക്കുന്നു. അവന്റെ ജീവിതരീതിയും അവന്റെ ശുശ്രൂഷയുടെ രേഖയും നമുക്കു പിൻപററുന്നതിനുളള ഒരു പരിപൂർണ്ണ മാതൃകയായി ഉതകുന്നു.