യഹോവയെ ബഹുമാനിക്കാൻ പ്രത്യേക കൺവെൻഷനുകൾ
1 വാർഷികകൺവെൻഷനുകൾ യഹോവയുടെ സാക്ഷികൾക്ക് സന്തോഷകരമായ ക്രിസ്തീയസഹവാസത്തോടൊപ്പം ആത്മീയ നവോൻമേഷവും പ്രോത്സാഹനവും പ്രദാനം ചെയ്യുന്നു. യഹോവയുടെ ജനത്തിന്റെ വലിയ കൺവെൻഷനുകൾ യഹോവയുടെ നാമത്തെയും രാജ്യത്തിന്റെ സുവാർത്തയെയും പ്രസിദ്ധമാക്കുന്നതിനുളള ഫലപ്രദമായ ഒരു മാർഗ്ഗമായും പ്രയോജനപ്പെടുന്നു.
2 എല്ലാ സഹോദരൻമാരുടെയും പ്രയോജനത്തിനുവേണ്ടി ഓരോ വർഷവും ക്രമമായ ഡിസ്ട്രിക്ട് കൺവെൻഷനുകൾ ഭൂമിയിലെങ്ങും നടത്തപ്പെടുന്നു. പിന്നീട്, ചില സമയങ്ങളിൽ ചില പ്രദേശങ്ങളിൽ പ്രത്യേക കൺവെൻഷനുകൾ നടത്തപ്പെടുന്നു. ഇത് സ്ഥാപനത്തിന്റെ സാർവദേശീയ സ്വഭാവം പ്രകടമാക്കുന്നതിനും ഒരു വർദ്ധിച്ച സാക്ഷ്യം കൊടുക്കുന്നതിനുമുളള അവസരം പ്രദാനം ചെയ്യുന്നു. 1989-ൽ പോളണ്ടിൽ 3 പ്രത്യേക കൺവെൻഷനുകൾ നടത്തപ്പെട്ടു. ആ പ്രത്യേകകൺവെൻഷനുകളെക്കുറിച്ച് നമുക്കു കിട്ടിയ റിപ്പോർട്ടുകൾ എത്ര പുളകപ്രദമായിരുന്നു.
തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ ക്രമീകരണം
3 പ്രത്യേക കൺവെൻഷനുകളിൽ ഒന്നിൽ സംബന്ധിക്കാൻ ആയിരക്കണക്കിനു സഹോദരങ്ങൾക്ക് ആഗ്രഹമുണ്ട്. കാലക്രമത്തിൽ ഇവയിലൊന്നിൽ കൂടുതൽ സഹോദരൻമാർക്ക് സംബന്ധിക്കാൻ സാധിച്ചേക്കും. ഏതായാലും, പ്രത്യേകകൺവെൻഷനുകളുടെ ഉദ്ദേശ്യം സാധിക്കുന്നതിനും എല്ലാം ക്രമീകൃതമായി നടക്കുന്നതിനും നിർദ്ദിഷ്ടബ്രാഞ്ചുകളോരോന്നും ഒരു പ്രത്യേക കൺവെൻഷനിൽ സംബന്ധിക്കുന്നതിന് പ്രതിനിധികളുടെ ഒരു പരിമിതസംഖ്യയെ തിരഞ്ഞെടുക്കാനാണ് ഏർപ്പാടുചെയ്യുന്നത്. ഇത് സ്ഥലത്തെ സഹോദരൻമാരുടെ പ്രോൽസാഹനത്തിനുവേണ്ടിയും സകല നിരീക്ഷകർക്കും ഒരു സാക്ഷ്യത്തിന്റെ ഫലം ലഭ്യമാകുന്നതിനുമായി സാർവദേശീയ സഹോദരവർഗ്ഗത്തിന്റെ ഒരു സന്തുലിത പ്രതിനിധാനം പ്രദാനം ചെയ്യുന്നു. തീർച്ചയായും, അപേക്ഷിക്കുന്നവരും സ്ഥലത്തെ സഭാസേവനക്കമ്മിററി ശുപാർശചെയ്യുന്നവരുമായ എല്ലാവരെയും പ്രതിനിധികളായി തിരഞ്ഞെടുക്കാൻ കഴിയുകയില്ലെന്നാണ് ഇതിന്റെ അർത്ഥം. തിരഞ്ഞെടുക്കപ്പെടാത്തതിൽ ചിലർ നിരാശിതരായേക്കാം, എന്നാൽ അങ്ങനെയുളള ഒരു ക്രമീകരണത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ എല്ലാവരും മനസ്സിലാക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
4 ഒരു നല്ല സാക്ഷ്യം കൊടുക്കപ്പെടേണ്ടതിന് പ്രത്യേക കൺവെൻഷനുകൾക്കുവേണ്ടിയുളള ക്രമീകരണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് സൊസൈററി അപേക്ഷിക്കുകയാണ്. ചില സഹോദരൻമാർ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും ഒരു പ്രത്യേക കൺവെൻഷനിൽ സംബന്ധിക്കാൻ സ്വന്തം ക്രമീകരണങ്ങൾ ചെയ്യുകയാണെങ്കിൽ അത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന രാജ്യങ്ങളിൽനിന്ന് അയക്കപ്പെടുന്ന പ്രതിനിധികളുടെ എണ്ണം നിശ്ചയിക്കുന്നത് സൊസൈററിയാണ്. കൺവെൻഷൻ സൗകര്യങ്ങളിൽ തിരക്കൊഴിവാക്കാൻ ഇതാവശ്യമാണ്. കൺവെൻഷനുകളിൽ തിരക്കുണ്ടാവുകയാണെങ്കിൽ അത് കൺവെൻഷന്റെ സുഗമമായ നടത്തിപ്പിന് തടസ്സം സൃഷ്ടിക്കുകയും സ്ഥലത്തെ അധികാരികളിൽ ഒരു അനുകൂല ധാരണയുളവാക്കാതിരിക്കുകയും ചെയ്യും.
5 കൺവെൻഷനുകളിൽ സംബന്ധിക്കുന്നതിലുളള തങ്ങളുടെ ഉദ്ദേശ്യം രാജ്യതാൽപ്പര്യങ്ങളുടെ പുരോഗമിപ്പിക്കലാണെന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ മനസ്സിൽ കരുതണം. എല്ലാ പ്രതിനിധികളും സൊസൈററി ചെയ്യുന്ന യാത്രാക്രമീകരണങ്ങളോടും മററും സഹകരിക്കുകയും സ്വതന്ത്രമായ ക്രമീകരണങ്ങൾ ചെയ്യാതിരിക്കുകയും ചെയ്യുമ്പോൾ ഈ ഉദ്ദേശ്യം സാധിതമാകുന്നു.
6 ഈ വർഷം ജർമ്മനിയിലെ ബെർലിനിലും ബ്രസീലിലെ സാവംഗ് പോളോയിലും പ്രത്യേക കൺവെൻഷനുകൾ നടത്തപ്പെട്ടു. ഡിസംബറിൽ ആർജൻറീനായിലെ ബ്യൂനോസ് അയേഴ്സിൽ ഒരു പ്രത്യേക കൺവെൻഷൻ നടത്തപ്പെടും. 1991 ജനുവരിയിൽ വിദൂരപൂർവദേശത്ത് പ്രത്യേക കൺവെൻഷനുകൾ നടത്തപ്പെടും. മൂന്നു സ്ഥലങ്ങൾ ഫിലിപ്പീൻസിലെ മനിലായും തായ്വാനിലെ തായ്പ്പേയും തായ്ലണ്ടിലെ ബാങ്കോക്കുമായിരിക്കും. ഈ കൺവെൻഷനിലേക്കുളള പ്രതിനിധികളെ ഇപ്പോൾതന്നെ തിരഞ്ഞെടുത്തുകഴിഞ്ഞു. (ഈ ക്രമീകരണത്തിൽ ഇൻഡ്യ ഈ പ്രാവശ്യം ഉൾപ്പെടുത്തപ്പെട്ടിട്ടില്ല) തിരഞ്ഞെടുക്കപ്പെടുന്ന സകല പ്രതിനിധികളും മററു രാജ്യങ്ങളിൽനിന്ന് ഹാജരാകുന്ന പ്രതിനിധികളോടുളള സഹവാസത്തിൽ ഒരു നല്ല സാക്ഷ്യം കൊടുക്കാൻ സകല ശ്രമവും ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
7 പ്രത്യേക കൺവെൻഷനിലേക്കുളള പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടാലും, അല്ലെങ്കിൽ സ്ഥലത്തെ കൺവെൻഷനുകളിൽ സംബന്ധിച്ചാലും, നമ്മുടെ പ്രാർത്ഥനകളും നമ്മുടെ ദൈനംദിന നടത്തയും നാം ചെയ്യുന്നതിലെല്ലാം യഹോവയെ ബഹുമാനിക്കാനുളള നമ്മുടെ ആത്മാർത്ഥമായ ആഗ്രഹത്തിന്റെയും നമ്മുടെ മുഴുദേഹിയോടുകൂടിയ ഭക്തിയുടെയും തെളിവു നൽകട്ടെ!