നമ്മുടെ പ്രദേശത്തുളള യുവജനങ്ങളെ സഹായിക്കൽ
1 യുവജനങ്ങൾ അഭിമുഖീകരിക്കുന്ന ചോദ്യങ്ങളും പ്രശ്നങ്ങളും അവരെ കുഴക്കുന്നു. സങ്കീർത്തനക്കാരൻ ഇപ്രകാരം ചോദിച്ചു, “ഒരു യുവാവ് തന്റെ പാതയെ എങ്ങനെ നിർമ്മലമാക്കും?” മററു വാക്കുകളിൽ പറഞ്ഞാൽ യുവജനങ്ങളെ കുഴക്കുന്ന ചോദ്യങ്ങൾക്ക് പ്രായോഗികമായ ഉത്തരങ്ങൾ ലഭിക്കാൻ അവരെ എങ്ങനെ സഹായിക്കാൻ കഴിയും? ഇത്തരം ചോദ്യങ്ങൾ തന്നെ: ‘ഞാൻ മദ്യവും മയക്കുമരുന്നുകളും പരീക്ഷിച്ചുനോക്കണമോ?’, ‘വിവാഹത്തിനുമുമ്പുളള ലൈംഗികബന്ധം സംബന്ധിച്ചെന്ത്?’, ‘ഞാൻ എന്തു തൊഴിൽ തിരഞ്ഞെടുക്കണം?’. സങ്കീർത്തനക്കാരൻ ഉത്തരം നൽകുന്നു: “നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽത്തന്നെ.”—സങ്കീർത്തനം 119:9.
2 യുവജനങ്ങൾക്ക് ഉപദേശത്തിന്റെ ഏററവും നല്ല ഉറവ് ദൈവവചനമായ ബൈബിളാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ “യുവാക്കളുടെ പ്രക്ഷുബ്ധമായ ആഗ്രഹങ്ങൾ” നന്നായി അറിയുന്ന യഹോവയാം ദൈവത്താൽ അത് നിശ്വസ്തമാണ്. (2തിമൊ. 2:22, ഫിലിപ്പ്സ്) അത് ഇന്നത്തെ യുവാക്കളെ ഉൽക്കണ്ഠപ്പെടുത്തുന്ന അനേകം പ്രശ്നങ്ങളുടെയും മൂലകാരണത്തിലേക്കു ചെല്ലുകയും അവർക്ക് ഭാവിയിലേക്ക് ഒരു പ്രത്യാശ വെച്ചുനീട്ടുകയും ചെയ്യുന്നു. ഇന്ന് ബൈബിളിന്റെ ഉപദേശം അനുസരിക്കുന്ന ആയിരക്കണക്കിന് യുവജനങ്ങളുടെ യഥാർത്ഥജീവിതാനുഭവങ്ങൾ അതിന്റെ ബുദ്ധ്യുപദേശം പ്രയോജനകരമാണെന്ന് തെളിയിക്കുന്നു. ഏപ്രിലിൽ നമ്മുടെ പ്രദേശത്തുളള യുവജനങ്ങളെ സഹായിക്കുന്നതിന് നാം യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകം വിശേഷവൽക്കരിക്കുന്നതായിരിക്കും. അത് യുവജനങ്ങളുടെ താല്പര്യങ്ങളുടെ സംഗതിയിൽ വിസ്തൃതമായ ഒരു മണ്ഡലം കൈകാര്യം ചെയ്യുന്നു, അതിന്റെ ബുദ്ധ്യുപദേശം ബൈബിളിൽ അധിഷ്ഠിതവുമാണ്!
3 യുവജനങ്ങൾ ചോദിക്കുന്നു പുസ്തകത്തെക്കുറിച്ച് യുവാക്കൾ എങ്ങനെ കരുതുന്നു? ഒരു പതിനാറുവയസ്സുകാരി ഇപ്രകാരം പറഞ്ഞു, “ഞാൻ ഉളളടക്കത്തിന്റെ പട്ടിക വായിച്ചപ്പോൾ അത് എന്റെ സ്വന്തം ജീവിതത്തെ നോക്കിക്കാണുന്നതുപോലെയായിരുന്നു. അതുകൊണ്ട് പല ചോദ്യങ്ങളും ഒരിക്കൽ അല്ലെങ്കിൽ മറെറാരിക്കൽ ഞാൻ എന്നോടുതന്നെ ചോദിച്ചവയായിരുന്നു.” ഇഷ്ടം തോന്നിയ മറെറാരു പതിനഞ്ചുവയസ്സുകാരൻ ഇപ്രകാരം സമ്മതിച്ചു, “അത്രയധികം വായിക്കുന്നത് എനിക്ക് ഇഷ്ടമല്ല, എന്നാൽ ഞാൻ അത് വായിച്ചുതുടങ്ങിയപ്പോൾ മടക്കിവെക്കാൻ കഴിയാതവണ്ണം അത് അത്ര നല്ലതായിരുന്നു.” മുതിർന്നവരും ആ പുസ്തകത്തെക്കുറിച്ച് വിലമതിപ്പ് പ്രകടമാക്കിയിട്ടുണ്ട്. ഒരു സഞ്ചാരമേൽവിചാരകന്റെ ഭാര്യ പറഞ്ഞു, “എനിക്കും ഭർത്താവിനും സ്വന്തം കുട്ടികളില്ല. എന്നുവരികിലും വിവരങ്ങൾ അവതരിപ്പിച്ചിരിക്കുന്ന വിധം ഞങ്ങൾക്കും മൂല്യമുളളതാണെന്ന് ഞാൻ കണ്ടെത്തി. ‘ആളുകൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും!’ എന്ന് ആ പുസ്തകത്തെ എളുപ്പം നാമകരണം ചെയ്യാമായിരുന്നു.” സ്പഷ്ടമായും അനേകർ തങ്ങൾക്കുതന്നെ പ്രയോജനം വരുത്തിക്കൊണ്ട് യുവജനങ്ങൾ ചോദിക്കുന്നു പുസ്തകം വായിക്കുമളവിൽ സന്തോഷം കണ്ടെത്തുന്നു.
4 ആത്മാർത്ഥമായി ‘യുവജനങ്ങൾ ചോദിക്കുന്നു’ എല്ലാവർക്കും ശുപാർശചെയ്യുക: ഏപ്രിലിൽ നിങ്ങൾ മററുളളവരുമായി തിരുവെഴുത്തുചർച്ചകളിൽ ഏർപ്പെടുമ്പോൾ യുവജനങ്ങൾ ചോദിക്കുന്നു പുസ്തകം ചെറുപ്പക്കാരെയും മുതിർന്നവരെയും കാണിക്കുന്നതിന് വൈമനസ്യം തോന്നരുത്. പുസ്തകത്തിൽ അവർക്ക് മനസ്സിലാകുന്നില്ലാത്ത ഭാഗം അടയാളപ്പെടുത്താമെന്നും നിങ്ങൾ തിരിച്ചുചെല്ലുമ്പോൾ ആ ആശയങ്ങൾ അവരുമൊത്ത് ചർച്ചചെയ്യാമെന്നും ഒരു പ്രതി സ്വീകരിക്കുന്നവരോട് പറയുക. ഒരു മടക്കസന്ദർശനത്തിന് കൂടുതലായ അടിത്തറ പാകാൻ ഇതൊരു മാർഗ്ഗമായിരുന്നേക്കാം.
5 വീടുതോറുമുളള സേവനത്തിനു പുറമെ നിങ്ങൾക്ക് യുവജനങ്ങൾ ചോദിക്കുന്നു പുസ്തകം ബന്ധുക്കൾക്കും പരിചയക്കാർക്കും വ്യാപാരബന്ധങ്ങളിലുളളവർക്കും അനൗപചാരികമായി സമർപ്പിക്കാൻ കഴിയും. വർണ്ണശബളമായ ചിത്രങ്ങളുടെ ശക്തമായ ദൃശ്യസ്വാധീനത്തിൽനിന്ന്, ഉളളടക്കത്തിൽനിന്നും യുവാക്കളെ അത്യധികം ഉൽക്കണ്ഠപ്പെടുത്തുന്ന അതിലെ ചോദ്യങ്ങളിൽനിന്നും, അഥവാ ഓരോ അദ്ധ്യായത്തിന്റെയും ഒടുവിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങളിൽനിന്നോ ഇററാലിക്സിൽ കാണിച്ചിരിക്കുന്ന വിവരങ്ങളിൽനിന്നോ, നിങ്ങൾക്ക് വ്യക്തിപരമായി എങ്ങനെ പ്രയോജനം ലഭിച്ചുവെന്ന് ചൂണ്ടിക്കാണിക്കുക. ഇതിനു പുറമെ നമ്മുടെ രാജ്യശുശ്രൂഷ 1991 ജനുവരി ലക്കത്തിന്റെ 6-ാം പേജിൽ നൽകിയിട്ടുളള സഹായകമായ നിർദ്ദേശങ്ങൾ പുനരവലോകനം നടത്താൻ നിങ്ങൾ ഇഷ്ടപ്പെട്ടേക്കാം.
6 യുവാക്കളെയും ബൈബിളിൽ അടങ്ങിയിരിക്കുന്ന പ്രായോഗികജ്ഞാനത്തെ ആദരിക്കുന്ന ഏതൊരുവനെയും സഹായിക്കുന്നതിന് ഇന്നത്തെ ദൈവത്തിന്റെ സരണിയിലൂടെ പ്രദാനംചെയ്തിരിക്കുന്ന ഒരു പുസ്തകം നമുക്കുളളതിൽ നാം എത്ര അനുഗൃഹീതരാണ്. യുവജനങ്ങൾ ചോദിക്കുന്നു പുസ്തകം പോലെ അത്ര വിലയുളള ഒരു സഹായി നമ്മെ ഭരമേല്പ്പിച്ചിരിക്കുന്നതുകൊണ്ട് നമുക്ക് അനുകൂലഭാവത്തോടെ അത് എല്ലാവർക്കും സമർപ്പിക്കാം. നാം അങ്ങനെ ചെയ്യുമളവിൽ, ദൈവത്തിന്റെ പുതിയലോകത്തിലെ നിത്യജീവന്റെ പ്രത്യാശ സ്വന്തമാക്കാനും നമ്മുടെ സൃഷ്ടാവിന്റെ ഇഷ്ടം ചെയ്യുന്നതിൽ നമ്മോട് ചേരാനും അനേകം യുവജനങ്ങളും മററുളളവരും സഹായിക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നു.—വെളി. 4:11.