പയനിയറിംഗ്—ഒരു സ്നേഹപ്രകടനം
1 യഹോവയോടും നമ്മുടെ സഹമനുഷ്യനോടുമുളള സ്നേഹമാണ് പ്രസംഗപ്രവർത്തനത്തിൽ കൂടുതൽ പൂർണ്ണമായി പങ്കെടുക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. യഹോവയോടും ആളുകളോടുമുളള നമ്മുടെ സ്നേഹം വളരുമ്പോൾ ശുശ്രൂഷയിൽ അതിലും കൂടുതലായ ഒരു പങ്കിനുവേണ്ടി ആസൂത്രണം ചെയ്യാൻ നാം പ്രചോദിപ്പിക്കപ്പെടുന്നു. ദൈവവചനത്തിന്റെ “സൂക്ഷ്മപരിജ്ഞാന”ത്തിൽ നാം വളരുമ്പോൾ നമ്മുടെ സ്നേഹം വികസിക്കുന്നു. (ഫിലി. 1:9, 10) യഹോവയുടെ ഇഷ്ടം നാം എത്രയധികം പഠിക്കുന്നുവോ, അത്രയധികമായി നാം ജീവിക്കുന്ന കാലത്തിന്റെ അടിയന്തിരത നാം വിലമതിക്കാനിടയാകുന്നു. ഇത് മററുളളവരിലുളള നമ്മുടെ താൽപര്യം വർദ്ധിപ്പിക്കുന്നു. പയനിയർ സേവനം കയ്യേററുകൊണ്ട് അനേകർ അവരുടെ സ്നേഹപൂർവ്വമായ താൽപര്യം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു.
2 ഒരു സഹായപയനിയറോ നിരന്തരപയനിയറോ ആയിത്തീരാൻ ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നതിന് നിങ്ങൾക്കു കഴിയുമോ? നമുക്കെല്ലാവർക്കും പയനിയർ സേവനം നടത്താൻ കഴിയില്ലെന്നുളളത് സമ്മതിക്കുന്നു. എന്നാൽ നാം ഓരോരുത്തരും പ്രാർത്ഥനാപൂർവ്വം അവനവന്റെ സാഹചര്യങ്ങൾ അവലോകനം ചെയ്യണം.
3 പയനിയർ സേവനം നടത്താൻ വളരെയധികം ഒഴിവുസമയമുണ്ടെന്ന് അപൂർവം ക്രിസ്ത്യാനികളേ കണ്ടെത്തുന്നുളളു, അതുകൊണ്ട് ഇപ്പോൾ നമ്മുടെ സമയം കവർന്നെടുക്കുന്ന അനാവശ്യകാര്യങ്ങളിൽനിന്ന് ‘അവസരോചിതമായ സമയം വിലക്കുവാങ്ങേണ്ടത്’ ആവശ്യമായിത്തീരുന്നു. (എഫേ. 5:15-17) ദൈവത്തോടും ആളുകളോടുമുളള നമ്മുടെ സ്നേഹം നമ്മുടെ വ്യക്തിപരമായ ചില ആഗ്രഹങ്ങളും സുഖങ്ങളും ത്യജിക്കാൻ നമ്മെ മനസ്സൊരുക്കമുളളവരാക്കിത്തീർക്കേണ്ടതാണ്, നമ്മുടെ സ്നേഹം കൂടുതൽ തികവോടെ പ്രകടമാക്കുന്നതിനുതന്നെ. (മർക്കോ. 12:33) നാം വാങ്ങിക്കൂട്ടുന്ന പല വസ്തുക്കളും ഒരുപക്ഷേ സാധാരണമാണെന്ന് വിചാരിച്ചേക്കാമെങ്കിലും ലോകത്തിന്റെ മററു ഭാഗങ്ങളിൽ ആഡംബരവസ്തുക്കളായി വീക്ഷിക്കുന്നവ ആയിരിക്കാം.
4 ഈ ദൈവോൻമുഖവിധത്തിൽ ചിന്തിക്കാൻ തങ്ങളുടെ മക്കളെ സഹായിക്കുന്നതിന് മാതാപിതാക്കൾക്ക് എന്തുചെയ്യാൻ കഴിയും? മാതാപിതാക്കൾ ചെറുപ്രായം മുതൽ തങ്ങളുടെ മക്കളുടെ മുമ്പാകെ ദിവ്യാധിപത്യ ലാക്കുകൾ വെക്കണം. സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തീകരിക്കാറാകുമ്പോൾ അവർ ലൗകിക ലാക്കുകളേക്കുറിച്ചാണോ ആത്മീയ ലാക്കുകളേക്കുറിച്ചാണോ ചിന്തിക്കുന്നത്? ചെറുപ്രായത്തിൽ പയനിയർ സേവനത്തിൽ പ്രവേശിക്കുന്നതിൽനിന്ന് ലഭിക്കുന്ന നിലനിൽക്കുന്ന പ്രയോജനങ്ങൾ കാണാൻ നാം നമ്മുടെ ചെറുപ്പക്കാരെ സഹായിക്കണം. (മത്താ. 6:19-21) അത് ദൈവത്തെ പ്രസാദിപ്പിക്കുകയും അവനോടുളള നമ്മുടെ വിശ്വസ്തതയുടെയും ഭക്തിയുടെയും തെളിവു നൽകുകയും ചെയ്യുന്നു. അത് മററുളളവരുടെ ജീവനും രക്ഷിക്കുന്നു.
5 ‘എല്ലാത്തരം ആളുകളും രക്ഷിക്കപ്പെടണമെന്നുളളത്’ ദൈവത്തിന്റെ ഇഷ്ടമാണ്. (1 തിമൊ. 2:4) ഇത് നമ്മുടേയും ഇഷ്ടമാണെന്ന് നമുക്ക് പ്രകടമാക്കാൻ കഴിയുമോ? നാം രാജ്യതാൽപര്യങ്ങൾ ഒന്നാമതു വെക്കാൻ മനസ്സുളളവരാണെങ്കിൽ നമുക്കതിനു കഴിയും. ജീവിതാവശ്യങ്ങൾ യഹോവ പ്രദാനം ചെയ്യുമെന്ന് വിശ്വാസമുണ്ടായിരിക്കുന്നതിനാലും നമുക്കിതു ചെയ്യാൻ കഴിയും. (മത്താ. 6:31-33) സാമ്പത്തിക അവസ്ഥകൾ വഷളായേക്കാം, എന്നാൽ നമുക്കുവേണ്ടി കരുതുമെന്നുളള യഹോവയുടെ വാഗ്ദത്തം ഒരിക്കലും മാറുന്നില്ല.—സങ്കീ. 37:25.
6 നമ്മുടെ സാഹചര്യം അനുവദിക്കുവോളം വയൽശുശ്രൂഷയിൽ പങ്കെടുക്കാനുളള നമ്മുടെ കഠിനപ്രയത്നം സ്നേഹത്തിന്റെ ഒരു പ്രകടനമാണ്. ചിലരുടെ കാര്യത്തിൽ ഇത് ഒരു നിരന്തര പയനിയർ ആയിരിക്കുന്നതിനെ അർത്ഥമാക്കും. 1992 സെപ്ററംബർ 1 ആകുമ്പോഴേക്കും തുടങ്ങാൻ നിങ്ങൾക്കാവതെല്ലാം എന്തുകൊണ്ട് ചെയ്തുകൂടാ?