യഹോവയുടെ സാക്ഷികളുടെ “ദിവ്യ ബോധന”ഡിസ്ട്രിക്ററ് കൺവെൻഷൻ 1993
1 ലോകമെമ്പാടും 1992-ലെ “പ്രകാശ വാഹകർ” ഡിസ്ട്രിക്ററ് കൺവെൻഷനു സംബന്ധിച്ച എല്ലാവരും ഇരുളടഞ്ഞ ഒരു ലോകത്തിൽ പ്രകാശവാഹകരായി സേവിക്കാൻ പദവി ലഭിച്ചതിനോടുളള തങ്ങളുടെ വിലമതിപ്പു പ്രകടമാക്കി. (2 പത്രൊ. 1:19) ലോകവ്യാപകമായി ആയിരക്കണക്കിനു പ്രിയപ്പെട്ടവർ ജലസ്നാപനത്താൽ തങ്ങളുടെ സമർപ്പണം ലക്ഷ്യപ്പെടുത്തി പ്രകാശവാഹകരുടെ വലിയ പുരുഷാരത്തോടു ചേർന്നത് എത്ര പുളകപ്രദമായിരുന്നു! ഫലപ്രദരായിരിക്കുന്നതിന്, പ്രകാശവാഹകർ നമ്മുടെ മഹാപ്രബോധകനെയും മഹദ്ഗുരുവിനെയും അനുകരിക്കേണ്ട ആവശ്യമുണ്ട്. നമുക്കു വാസ്തവത്തിൽ “കാതലായ” ഒരു സന്ദേശമുണ്ട്, ഈ ജീവൽപ്രധാന വിവരവുമായി ആളുകളുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിൽ കൂടുതൽ ഫലപ്രദരായിരിക്കുന്നതിന് ഈ വർഷത്തെ “ദിവ്യ ബോധന” ഡിസ്ട്രിക്ററ് കൺവെൻഷനുകൾ നമ്മെ സഹായിക്കും. (സങ്കീ. 119:160; മത്താ. 28:20) ഗോളമെമ്പാടുമുളള മിഷനറിമാർ തങ്ങളുടെ മാതൃരാജ്യത്ത് ഈ കൺവെൻഷനുകളിൽ സംബന്ധിക്കാൻ ഇപ്പോൾതന്നെ ആസൂത്രണം ചെയ്യുകയാണ്. നിങ്ങളും നിങ്ങളുടെ കുടുംബവും സമാനമായ ആസൂത്രണങ്ങൾ ചെയ്യുന്നുവോ? സമ്പന്നമായ ഈ ആത്മീയ സദ്യയിൽ സംബന്ധിക്കുവാൻ നിങ്ങളുടെ ബൈബിൾവിദ്യാർത്ഥികളെ എന്തുകൊണ്ടു പ്രോത്സാഹിപ്പിച്ചുകൂടാ?
2 പ്രാരംഭഗീതം മുതൽ സമാപനപ്രാർത്ഥന വരെ നാലു ദിവസവും മനോഹരമായ ആത്മീയപരിപാടി പൂർണ്ണമായി ആസ്വദിക്കുന്നതിനുവേണ്ടി നിങ്ങൾക്ക് അവിടെ ആയിരിക്കാൻ കഴിയേണ്ടതിനു ശ്രദ്ധാപൂർവ്വവും പ്രാർത്ഥനാപൂർവ്വവും നിങ്ങളുടെ കൺവെൻഷൻ ക്രമീകരണങ്ങൾ ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുക. സഹായം ആവശ്യമുണ്ടായിരുന്നേക്കാവുന്നവരെ, വിശേഷിച്ചും പുതിയവരെ നിങ്ങളുടെ ആസൂത്രണങ്ങളിൽ സ്നേഹപൂർവ്വം ഉൾപ്പെടുത്തുക, അവർക്കും എല്ലാ സെഷനിലും സംബന്ധിക്കാൻ കഴിയേണ്ടതിനുതന്നെ. (ഗലാ. 6:10) കാര്യപരിപാടി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 1:30ന് ആരംഭിക്കുകയും ഏകദേശം 5:00 മണിക്ക് അവസാനിക്കുകയും ചെയ്യുന്നു. ഞായറാഴ്ച രാവിലെ 9:20ന് സെഷൻ തുടങ്ങുകയും ഉച്ചകഴിഞ്ഞ് ഏകദേശം 4:10ന് സമാപിക്കുകയും ചെയ്യും. പിൻവരുന്ന വിവരങ്ങൾ നിങ്ങളുടെ പ്രാഥമിക ഒരുക്കങ്ങൾക്ക് നിങ്ങളെ സഹായിക്കും.
3 ഈ വർഷം ഇന്ത്യയിൽ 18 കൺവെൻഷനുകൾ പട്ടികപ്പെടുത്തിയിട്ടുണ്ടെന്ന് അറിയുന്നത് നിങ്ങൾക്ക് സന്തോഷമായിരിക്കും, അദ്യത്തേത് സെപ്ററംബർ അവസാനത്തേക്ക് പട്ടികപ്പെടുത്തിയിരിക്കുന്നു. കൺവെൻഷനുകൾ ഒക്ടോബറിലും നവംബറിലും നടന്നുകൊണ്ടിരിക്കും, ഡിസംബറിൽ രണ്ടു കൺവെൻഷനുകൾ കേരളത്തിലും നടക്കും. നിങ്ങൾക്കറിയാവുന്നതുപോലെ, കഴിഞ്ഞ ഏതാനും വർഷങ്ങളിൽ നമുക്ക് ഏതാണ്ട് 30 കൺവെൻഷനുകൾ ഉണ്ടായിരുന്നു. ഓരോന്നിലും കൂടുതൽ സഹോദരങ്ങൾ സംബന്ധിക്കത്തക്കവണ്ണം ഈ വർഷം കൺവെൻഷനുകളുടെ എണ്ണം കുറച്ചു പട്ടികപ്പെടുത്തിയിരിക്കുന്നു, ഈ കൺവെൻഷനുകളിൽ പലതും ഗണ്യമായി വലുതായിരിക്കാൻ നാം പ്രതീക്ഷിക്കുകയും ചെയ്യുന്നു. വലിയ ആൾക്കൂട്ടങ്ങൾ സഹോദരങ്ങളിൽ കൂടിയ ഉത്സാഹം ജനിപ്പിക്കുകയും അതുപോലെതന്നെ നിരീക്ഷകർക്ക് ഒരു നല്ല സാക്ഷ്യം നൽകുകയും ചെയ്യും. അത് കൺവെൻഷൻ പ്രസംഗകരുടെ തെരഞ്ഞെടുപ്പിൽ കൂടിയ വിവേചന കാണിക്കാൻ നമ്മെ പ്രാപ്തരാക്കും, അത് കൺവെൻഷനുകളുടെ നിലവാരം ഉയർത്തുകയും ചെയ്യും.
4 താമസസൗകര്യം സമ്പാദിക്കാനുളള നിർദ്ദേശങ്ങൾ: മുൻകാലത്തെപ്പോലെ ഈ വർഷവും ഞങ്ങൾ മുറിയപേക്ഷാഫോറങ്ങൾ നിങ്ങൾക്ക് അയച്ചുതരും. കൺവെൻഷൻ താമസസൗകര്യ ക്രമീകരണത്തിലൂടെ താമസസൗകര്യം ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും മുറിയപേക്ഷാഫോറത്തിൽ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങൾ വ്യക്തമായും വൃത്തിയായും പൂരിപ്പിച്ച് ഉടൻതന്നെ തങ്ങളുടെ സഭാസെക്രട്ടറിയെയോ കൺവെൻഷൻ കൊ-ഓർഡിനേറററെയോ ഏൽപിക്കണം. അദ്ദേഹം അതു പരിശോധിച്ച് ഒപ്പിട്ട് താമസംവിനാ നിങ്ങൾ സംബന്ധിക്കാൻ ഉദ്ദേശിക്കുന്ന കൺവെൻഷൻ നഗരത്തിലെ താമസസൗകര്യ ഡിപ്പാർട്ടുമെൻറിന് അയച്ചുകൊടുക്കും. ദയവായി നിങ്ങളുടെ കൺവെൻഷനു വളരെ മുമ്പുതന്നെ ഇതു ചെയ്യുക. ഓരോ മുറിക്കും ഒരു മുറിയപേക്ഷാഫോറം വീതം അയക്കണം. ആ ഒരു മുറിയിൽ താമസിക്കാൻ പോകുന്നവരുടെ പേരുകൾ മാത്രം അതിൽ കൊടുക്കണം. കൂട്ടം ഒരു മുറിയിൽ താമസിക്കാൻ കഴിയാതവണ്ണം വലുതാണെങ്കിൽ താമസസൗകര്യ ഡിപ്പാർട്ടുമെൻറ് ചില വ്യക്തികളെ മറെറാരു മുറിയിലേക്ക് നിയമിക്കും.
5 ഹോട്ടൽ മുറികളാണ് ഇഷ്ടപ്പെടുന്നതെങ്കിൽ അതും നിങ്ങൾക്കു കൊടുക്കാൻ കഴിയുന്ന വാടകയും നിങ്ങളുടെ ഫോറത്തിൽ വലതുവശത്തെ കോളത്തിൽ കാണിക്കുക. നിങ്ങളുടെ മുറിയപേക്ഷാഫോറത്തോടുകൂടെ നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന നിരക്കിൽ നിങ്ങളുടെ മൊത്തം താമസകാലത്തേക്കുളള വാടക കൊടുക്കുന്നതിനു വേണ്ട ഒരു മണിയോർഡറും അടക്കം ചെയ്യുക. തപാൽ തടസ്സങ്ങളും നഷ്ടപ്പെടലുകളും കണക്കിലെടുത്ത്, നിങ്ങളുടെ അപേക്ഷ വേണ്ടുവോളം നേരത്തെ അയച്ചുവെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ തപാൽ രസീതു തിരിച്ചുകിട്ടത്തക്കവണ്ണം റെജിസ്ററർ ചെയ്ത് അയക്കുന്നത് കൂടുതൽ സുരക്ഷിതമായിരിക്കും.
6 നിങ്ങളുടെ താമസസൗകര്യം ലഭിച്ചാലുടൻ അതു നിങ്ങളെ അറിയിക്കും. ഒരിക്കൽ ക്രമീകരണം ചെയ്തുകഴിഞ്ഞാൽ നിങ്ങൾക്കു നിയമിച്ചിരിക്കുന്ന മുറി ദയവായി കയ്യേൽക്കുക, എന്തുകൊണ്ടെന്നാൽ നിങ്ങൾ പറഞ്ഞിരിക്കുന്ന തീയതിയിൽ നിങ്ങൾ എത്തുമെന്ന് ആതിഥേയനെ അഥവാ ഹോട്ടൽ മാനേജ്മെൻറിനെ അറിയിച്ചിട്ടുണ്ട്.
7 നിങ്ങൾ കൺവെൻഷൻ നഗരത്തിൽ എത്താൻ ഉദ്ദേശിക്കുന്ന തീയതി സംബന്ധിച്ചാണെങ്കിൽ, നിങ്ങൾ അതേ തീയതിയിൽതന്നെ എത്തിച്ചേരുക, കാരണം നിങ്ങളുടെ അപേക്ഷപ്രകാരം റിസർവേഷനുകൾ നടത്തിയിരിക്കുന്നു. എത്തിച്ചേർന്നാൽ ഉടനെ നിങ്ങളുടെ നിയമിത താമസസ്ഥലത്തേക്ക് എത്രയും നേരത്തെ പോകുക. ഒഴിവാക്കാനാവാത്ത ഏതെങ്കിലും കാരണത്താൽ നിങ്ങൾക്ക് പട്ടികയനുസരിച്ച് എത്തിച്ചേരാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടേത് ഒരു ഹോട്ടലിലെയോ ഡോർമിറററിയിലെയോ താമസസൗകര്യമാണെങ്കിൽ ഹോട്ടൽ മാനേജരെ ദയവായി അറിയിക്കുക.
8 പ്രത്യേക ആവശ്യങ്ങൾ: പ്രത്യേക ആവശ്യങ്ങളുളള വ്യക്തികളുടെ പരിപാലനത്തിന് അവർ സഹവസിക്കുന്ന സഭ ക്രമീകരണങ്ങൾ ചെയ്യണം. വ്യക്തികളുടെ സാഹചര്യങ്ങൾ അറിയാവുന്ന മൂപ്പൻമാർക്കും മററുളളവർക്കും സ്നേഹപൂർവ്വം സഹായം നീട്ടിക്കൊടുക്കാൻ കഴിയും. ഇത് പ്രസാധകർ മിക്കപ്പോഴും മുഴുസമയ ശുശ്രൂഷയിലുളളവരുടെയും വയോധികരുടെയും വികലാംഗരുടെയും ഒരുപക്ഷേ മററുളളവരുടെയും ആവശ്യങ്ങൾ പരിഗണിക്കേണ്ടത് ആവശ്യമാക്കിത്തീർക്കുന്നു. അവരെ തങ്ങളോടുകൂടെ കൊണ്ടുപോയിക്കൊണ്ടോ മററു വിധങ്ങളിൽ അവരുടെ ആവശ്യങ്ങൾക്കായി കരുതിക്കൊണ്ടോ പ്രസാധകർക്കു സഹായം നീട്ടിക്കൊടുക്കാവുന്നതാണ്.—യാക്കോ. 2:15-17; 1 യോഹ. 3:17, 18.
9 സഭയിലുളളവർക്ക് അവരെ സഹായിക്കാൻ കഴിയുകയില്ലെങ്കിൽ പ്രത്യേക ആവശ്യങ്ങളുളള പ്രസാധകർക്ക് അനുയോജ്യമായ താമസസൗകര്യങ്ങൾ കൊടുക്കാൻ താമസസൗകര്യ ഡിപ്പാർട്ടുമെൻറ് തീർച്ചയായും പരിശ്രമിക്കും. ഈ പ്രസാധകർക്ക് അവരുടെ അവസ്ഥ സഭാസെക്രട്ടറിയോടു സംസാരിക്കാവുന്നതാണ്. അവരുടെ സ്വന്തം താമസസൗകര്യം ക്രമീകരിക്കാൻ ഈ വ്യക്തികളെ സഹായിക്കുന്നതിനു സഭക്കു കഴിയുമോയെന്നു കാണാൻ സെക്രട്ടറി സേവന കമ്മിററിയോട് സംസാരിക്കണം. ആവശ്യമായ സഹായം കൊടുക്കാൻ സഭക്കു കഴിവില്ലെങ്കിൽ സെക്രട്ടറിക്ക് കൺവെൻഷൻ താമസസൗകര്യ ഡിപ്പാർട്ടുമെൻറിന് ഒരു പ്രത്യേക കത്തെഴുതാവുന്നതാണ്. സെക്രട്ടറി സാഹചര്യങ്ങൾ വിശദമായി വിവരിക്കണം. ഇതെല്ലാം കൺവെൻഷനു വളരെ മുമ്പേ ചെയ്തിരിക്കണം. അവരുടെ താമസം സംബന്ധിച്ച് അപേക്ഷിക്കുന്ന വ്യക്തിക്ക് നേരിട്ടു അറിയിപ്പു കൊടുക്കുന്നതായിരിക്കും.
10 ചിലപ്പോഴെല്ലാം സ്വകാര്യ ഭവനങ്ങളിൽ താമസസൗകര്യം ലഭ്യമാണ്, അപേക്ഷിക്കാവുന്നതുമാണ്. അത്തരം അപേക്ഷകൾ കൊടുക്കുന്നവർ കൺവെൻഷനു മുമ്പും പിമ്പും കൂടുതൽ ദിവസങ്ങളിൽ താമസിക്കാൻ പ്രതീക്ഷിച്ചുകൊണ്ട് സഹോദരങ്ങളുടെ ആതിഥ്യത്തിൽനിന്ന് മുതലെടുക്കുന്നത് ഉചിതമല്ല. ഈ മുറികൾ കൺവെൻഷൻ കാലത്തേക്കു മാത്രം നൽകപ്പെടുന്നവയാണ്. അത്തരം താമസസൗകര്യങ്ങൾ ലഭിക്കുന്നവർ തങ്ങളും തങ്ങളുടെ മക്കളും ആതിഥേയന്റെ ഭവനത്തോട് ആദരവു കാണിക്കുന്നുവെന്നും അയാളുടെ സാധനസാമഗ്രികൾക്ക് കേടുവരുത്തുകയോ ചുഴിഞ്ഞു പരിശോധിക്കുകയോ ഭവനത്തിലെ സ്വകാര്യമുറികളിൽ പ്രവേശിക്കുകയോ ചെയ്യുന്നില്ലെന്നും ഉറപ്പുവരുത്തണം. ഈ വശത്ത് വീട്ടുകാർക്ക് എന്തെങ്കിലും പ്രയാസങ്ങൾ അനുഭവപ്പെടുന്നെങ്കിൽ ഇവ ഉടൻ കൺവെൻഷനിലെ താമസസൗകാര്യ മേൽവിചാരകന്റെ ശ്രദ്ധയിൽപെടുത്തണം, സഹായിക്കാൻ അദ്ദേഹം സന്തോഷമുളളവനായിരിക്കും.
11 നിയമിത പ്രദേശത്തിനു വെളിയിൽനിന്നു ഹാജരാകുന്ന പ്രതിനിധികൾ: മിക്കവാറും എല്ലാവരുടെയും കാര്യത്തിൽ ഹാജരാകാൻ നിങ്ങൾക്ക് നിയമനം നൽകിയിരിക്കുന്ന സ്ഥാനം നിങ്ങളുടെ സഭയോട് ഏററവും അടുത്തുളളതായിരിക്കും. വേണ്ടുവോളം ഇരിപ്പിടവും സാഹിത്യവും ഭക്ഷണവും താമസസൗകര്യവും മററും കരുതിയിരിക്കുന്നത് ഭൂരിപക്ഷം പ്രസാധകരും തങ്ങളുടെ സഭ നിയമിക്കപ്പെട്ടിരിക്കുന്ന കൺവെൻഷനിൽ സംബന്ധിക്കുമെന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തിലാണ്. എന്നിരുന്നാലും, നല്ല കാരണങ്ങളാൽ നിങ്ങൾ നിയമിക്കപ്പെടാത്ത ഒരു കൺവെൻഷനിൽ നിങ്ങൾ സംബന്ധിക്കുകയും നിങ്ങൾക്ക് താമസസൗകര്യം ആവശ്യമായിരിക്കുകയും ചെയ്യുന്നെങ്കിൽ ഞങ്ങൾ പിന്നീട് നൽകുവാൻ പോകുന്ന പട്ടികയിൽനിന്ന് ആ കൺവെൻഷൻ കേന്ദ്രത്തിലെ മേൽവിലാസത്തിൽ നിങ്ങളുടെ മുറിയപേക്ഷാഫോറങ്ങൾ അയക്കാവുന്നതാണ്.
12 നിങ്ങളുടെ സഹകരണം ആവശ്യം: താമസസൗകര്യ ക്രമീകരണത്തിന്റെ വിജയം ഉൾപ്പെട്ടിരിക്കുന്ന എല്ലാവരുടെയും സഹകരണത്തെ ആശ്രയിച്ചിരിക്കുന്നു. (എബ്രാ. 13:17) അതുകൊണ്ട്, സൊസൈററിയുടെ താമസസൗകര്യ ക്രമീകരണത്തോട് പൂർണ്ണമായി സഹകരിക്കാൻ ഞങ്ങൾ എല്ലാവരോടും അപേക്ഷിക്കുകയാണ്, അങ്ങനെ ചില ഹോട്ടലുകളുമായി ഇടപെടുന്നതിൽ നാം ഇപ്പോഴും അനുഭവിക്കുന്ന പ്രയാസങ്ങൾ തടയാൻ കഴിയും. മുൻകാലത്ത് കൺവെൻഷൻ അനുബന്ധങ്ങളിൽ നൽകിയിട്ടുളള വ്യക്തമായ നിർദ്ദേശം മിക്ക പ്രസാധകരും ഹൃദയത്തിൽ സ്വീകരിച്ചിട്ടുണ്ട്, പല നല്ല ഫലങ്ങൾ അനുഭവിക്കുന്നുമുണ്ട്. എന്നിരുന്നാലും, ഹോട്ടൽ താമസസൗകര്യം ലഭിക്കുന്നതിന് പിൻവരുന്ന മാർഗ്ഗരേഖകൾ ദയവായി പ്രമാണിക്കുക എന്ന് അപേക്ഷിക്കുന്നത് ഇപ്പോഴും ആവശ്യമാണ്:
(എ) ദയവായി നിങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ലാത്ത ഒരു ഹോട്ടലിലോ അല്ലെങ്കിൽ പരിശോധിച്ചശേഷം നല്ലതു തെരഞ്ഞെടുക്കുകയും മററുളളവ ഒഴിവാക്കുകയും ചെയ്യാമെന്ന പ്രതീക്ഷയിൽ ഒന്നിലധികം ഹോട്ടലുകളിലോ സ്വകാര്യമായി റിസർവ്വുചെയ്യരുത്. (മത്താ. 5:37) ഇത് നീതിരഹിതമാണ്, കാരണം തങ്ങൾക്കു കിട്ടാവുന്ന ഇടപാടുകൾ ലഭിക്കുന്നതിൽനിന്ന് അതു ഹോട്ടലുകളെ തടയുകയും വളരെ ആവശ്യമായിരിക്കുന്ന ആ മുറികൾ മററു പ്രസാധകർക്ക് കിട്ടാതാക്കുകയും ചെയ്യുന്നു.
(ബി) പേരുകൾ നൽകാതെയും ഓരോ മുറിക്കും ഉടൻ ഡെപ്പോസിററ് അയച്ചുകൊണ്ടും നിങ്ങൾക്കുതന്നെയോ മററുളളവർക്കോ മുറികൾ റിസർവ്വുചെയ്യരുത്.
(സി) നിയമവും അധികാരികളും അനുവദിക്കുന്നതിലും അധികം ആളുകളെ മുറിയിൽ താമസിപ്പിക്കരുത്, സാധാരണഗതിയിൽ കുട്ടികൾ ഉൾപ്പെടെ നാലോ അഞ്ചോ, അതിലും അധികം വരില്ല. മുറിയിൽ ഉണ്ടായിരിക്കുമെന്ന് നിങ്ങൾ സമ്മതിച്ച ആളുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുളള ഒരു നിരക്കാണ് നിങ്ങൾ കൊടുത്തിരിക്കുന്നതെന്ന് ഓർക്കുക.
13 ഈ മണ്ഡലങ്ങളിലുളള ലംഘനങ്ങൾ നിരക്കു കുറക്കാൻവേണ്ടി സംസാരിക്കുന്നതു പ്രയാസമാക്കുന്നു, അത് യഹോവയുടെ നാമത്തിനും അവന്റെ സ്ഥാപനത്തിനും നിന്ദ വരുത്തുകയും ചെയ്യുന്നു. (സങ്കീ. 119:168) അതുകൊണ്ട്, എന്തെങ്കിലും പ്രശ്നങ്ങൾ അനുഭവപ്പെട്ടോയെന്നും ഉൾപ്പെട്ടിരുന്നതാരെന്നും ഹോട്ടലുകളിൽ അന്വേഷിക്കാൻ സൊസൈററി താമസസൗകര്യ ഡിപ്പാർട്ടുമെൻറിനോട് ആവശ്യപ്പെടും. നമ്മുടെ സഹോദരങ്ങളുടെ ചെലവു കുറക്കാൻ സമ്മേളന സംഘടന കഠിനവേല ചെയ്തുകൊണ്ടിരിക്കുന്നു, അതുകൊണ്ട്, ഈ കരുതൽ തുടരാൻ കഴിയേണ്ടതിന് സൊസൈററിയുടെ താമസസൗകര്യ ക്രമീകരണത്തോട് പൂർണ്ണമായി സഹകരിക്കുന്നത് എല്ലാവരുടെയും അത്യുത്തമ താത്പര്യങ്ങൾക്ക് ഉതകും. സഹകരിക്കുന്ന ഹോട്ടലുകളിൽ ഗുണമേൻമയുളള താമസസൗകര്യം കണ്ടെത്താൻ താമസസൗകര്യ ഡിപ്പാർട്ടുമെൻറ് ശ്രമിക്കുന്നു. പ്രതിനിധികൾക്ക് കൺവെൻഷനിൽ മികച്ച ആത്മീയ കാര്യപരിപാടി ആസ്വദിക്കാൻ കഴിയേണ്ടതിന് കഴിവതും സൗകര്യപ്രദമായും ലാഭകരമായും താമസിക്കാൻ അവരെ സഹായിക്കുകയെന്നതാണ് നമ്മുടെ ലക്ഷ്യം.
[6-ാം പേജിലെ ചതുരം]
ആയിരത്തിത്തൊളളായിരത്തിതൊണ്ണൂററിമൂന്നിലെ ഡിസ്ട്രിക്ററ് കൺവെൻഷനുകളുടെ സ്ഥലങ്ങൾ, തീയതികൾ, ഭാഷകൾ, നിയമിത സർക്കിട്ടുകൾ എന്നിവയുടെ പട്ടിക
Location Dates Language Circuits Covered
Bombay September 23-26 E/HI MA-1
Hyderabad October 7-10 E/TU AP-1, 2A
Mangalore October 14-17 KN KA-2
Madras October 14-17 E/TL TN-1
Bangalore October 21-24 E/TL TN-2
Mysore October 21-24 KA KA-2
Calcutta October 21-24 E/BE WB-1 A, B
Madurai October 28-31 TL TN-3, 4
Jamshedpur October 28-31 E/HI WB-1 A
Gauhati October 28-31 E/AE AS-1
Ahmedabad November 11-14 GU MA-2 B
Port Blair November 18-21 HI AP-2 B
Kathmandu November 18-21 NP AS-1B
Margao November 18-21 E/KT KA-1
New Delhi November 25-28 E/HI UP-1 A, B
Pune November 25-28 MR MA-2 A
Kottayam December 16-19 MY KE-4 - 7
Calicut December 23-26 MY KE-1, 2, 3