നമ്മുടെ ശുശ്രൂഷയിൽ നിഷ്പക്ഷത പ്രകടമാക്കൽ
1 “ദൈവത്തിനു മുഖപക്ഷമില്ല” എന്നാൽ “അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു” എന്നു പത്രോസ് പ്രസ്താവിച്ചു. (പ്രവൃ. 10:34, 35) വ്യക്തമായി പ്രസ്താവിച്ച ആ സത്യത്തെ പൂർണമായി അംഗീകരിച്ചുകൊണ്ടാണു നമ്മുടെ ശുശ്രൂഷ ഇന്നു നിർവഹിക്കപ്പെടുന്നത്. അതുകൊണ്ട് സുവാർത്തയുമായി സകലരെയും സമീപിക്കുന്നതിൽനിന്നു നമ്മെ തടയുന്ന ഏതു പ്രതിബന്ധത്തെയും തരണം ചെയ്യാൻ എല്ലാ ശ്രമവും നടത്തേണ്ടതു പ്രധാനമാണ്.
2 ചില പ്രദേശങ്ങളിൽ നാം വീടുതോറും പ്രസംഗിക്കുമ്പോൾ, നമ്മുടെ സഭയിൽ ഉപയോഗിക്കുന്ന ഭാഷ സംസാരിക്കുകയോ മനസ്സിലാക്കുകയോ ചെയ്യാൻ കഴിയാത്ത ആളുകളെ കാണുന്നത് അസാധാരണമല്ല. നാം പ്രസംഗിക്കുന്ന രാജ്യ സന്ദേശത്തിന്റെ മുഴു പ്രയോജനവും അനുഭവിക്കുന്നതിൽനിന്നു ഭാഷാ പ്രതിബന്ധം ചില ആളുകളെ തടഞ്ഞേക്കാം. ആംഗ്യം കൊണ്ട് ആശയവിനിയമം നടത്തുന്ന ബധിരർ ഇവരിൽ പെട്ടവരാണ്. ഇപ്രകാരമുളള ആളുകളുടെ അടുത്തേക്കു സുവാർത്തയുമായി ഫലകരമായ രീതിയിൽ എത്തിച്ചേരുന്നതിൽനിന്നു നമ്മെ തടഞ്ഞുനിർത്തുന്ന ഭാഷാ പ്രതിബന്ധത്തെ തരണം ചെയ്യാൻ നമ്മെ സഹായിക്കുന്നതിന് എന്തു ചെയ്യാൻ കഴിയും?
3 1991-ൽ സൊസൈററി വിദേശ ഭാഷാ പിൻതുടർച്ചാ സ്ലിപ്പിനുളള S-70a ഫാറത്തിന്റെ ഒരു ശേഖരം ഐക്യ നാടുകളിലെ എല്ലാ സഭകളിലേക്കും അയച്ചിരുന്നു. ആംഗ്യഭാഷ ഉപയോഗിക്കുന്നവരുൾപ്പെടെ തങ്ങൾ ഏതു സഭയുടെ പ്രദേശത്തു വസിക്കുന്നുവോ ആ സഭയിൽ ഉപയോഗിക്കുന്ന ഭാഷ സംസാരിക്കാത്തവർക്കു തങ്ങളുടെ സ്വന്തം ഭാഷയിൽ രാജ്യ സന്ദേശം ലഭിക്കുന്നതിന് അവസരം ഉണ്ടാക്കിക്കൊടുക്കുക എന്നതാണ് ഈ സ്ലിപ്പിന്റെ ഉദ്ദേശ്യം.
4 ബധിരനായ ആരെയെങ്കിലുമോ സഭ ഉപയോഗിക്കുന്ന ഭാഷ മനസ്സിലാകാത്ത ആരെയെങ്കിലുമോ പ്രദേശത്തു കാണുകയാണെങ്കിൽ ഈ സ്ലിപ്പിൽ ഒരെണ്ണം നിങ്ങൾ വ്യക്തമായി പൂരിപ്പിക്കണം. ആ വ്യക്തി സത്യത്തിൽ താത്പര്യം പ്രകടമാക്കുന്നില്ലെങ്കിൽപ്പോലും ഇപ്രകാരം ചെയ്യേണ്ടതുണ്ട്. നിങ്ങൾക്ക് വ്യക്തിയുടെ പേര് എല്ലായ്പോഴും ലഭിച്ചെന്നു വരില്ല, എന്നാൽ മേൽവിലാസവും സംസാരിക്കുന്ന ഭാഷയും കുറിച്ചെടുക്കേണ്ടതുണ്ട്. ഈ സ്ലിപ്പ് രാജ്യഹാളിലെ വയൽസേവന റിപ്പോർട്ടിനുളള പെട്ടിയിൽ നിക്ഷേപിക്കാവുന്നതാണ്. സെക്രട്ടറി സ്ലിപ്പുകൾ ശേഖരിച്ച് അവയുടെ കൃത്യതയും വ്യക്തതയും പരിശോധിച്ച് അതിൽ കുറിച്ചിരിക്കുന്ന ഭാഷ സംസാരിക്കുന്ന ആളുകളുടെ ഉത്തരവാദിത്വം വഹിക്കുന്ന അടുത്തുളള സഭയ്ക്കോ കൂട്ടത്തിനോ അവ അയച്ചുകൊടുക്കും.
5 ചില സാഹചര്യങ്ങളിൽ ഇത് ആവശ്യമായിരിക്കുന്നില്ല. ദൃഷ്ടാന്തത്തിന്, ഐക്യനാടുകളിൽ സ്പാനിഷ് ഭാഷ സംസാരിക്കുന്ന സഭകൾക്ക് ആ ഭാഷ സംസാരിക്കുന്ന ആളുകൾ താമസിക്കുന്ന പ്രദേശം എവിടെയാണെന്നറിയാം. എന്നാൽ, ഒരു നിശ്ചിത ഭാഷ സംസാരിക്കുന്ന ആളുകൾ വ്യാപകമായി ചിതറിക്കിടക്കുകയായിരിക്കാം. അത്തരമൊരു ഭാഷ ഉപയോഗിക്കുന്ന സഭ അഥവാ കൂട്ടം വിപുലമായ പ്രദേശം ചെയ്തു തീർക്കേണ്ടതുണ്ടായിരിക്കാം, അതുകൊണ്ട് തങ്ങൾക്കു സഹായിക്കാൻ കഴിഞ്ഞേക്കാവുന്ന ആളുകളെ കണ്ടെത്തുന്നതിനു നൽകപ്പെടുന്ന സഹായത്തെ അവർ വിലമതിക്കും.
6 ആവശ്യമായ ഭാഷയിൽ ഒരു സാക്ഷ്യം നൽകുന്നതിനു ആ പ്രദേശത്ത് സഭയോ കൂട്ടമോ ഇല്ലെങ്കിൽ ആ ഭാഷ അറിയാവുന്നതും സന്ദർശനം നടത്താൻ കഴിയുന്നതുമായ ഒരു പ്രസാധകൻ പ്രാദേശിക സഭയിൽ ഉണ്ടായിരുന്നേക്കാം. നഗര മേൽവിചാരകനുമായി സംസാരിച്ചതിനു ശേഷവും ആ ഭാഷ സംസാരിക്കുന്ന ആരെയും കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ഒരു സാക്ഷ്യം കൊടുക്കാൻ ആ പ്രദേശത്തെ സഹോദരൻമാർ തങ്ങളാൽ ആകുന്നതെല്ലാം ചെയ്യേണ്ടതാണ്. ഇങ്ങനെയുളള സന്ദർഭങ്ങളിൽ ഭൂമിയിൽ എന്നേക്കും ജീവിതമാസ്വദിക്കുക എന്ന ലഘുപത്രിക വളരെ സഹായകമായിരുന്നിട്ടുണ്ട്.
7 ഓരോ പ്രസാധകനും പിൻതുടർച്ച സ്ലിപ്പ് ആവശ്യമനുസരിച്ച് ഉപയോഗിക്കുന്നതിൽ ജാഗ്രതയുളളവരായിരിക്കണം. സഭയിൽ S-70a ഫാറത്തിന്റെ ശേഖരം ഇല്ലെങ്കിൽ ആവശ്യമായിട്ടുളള വിവരങ്ങൾ ഒരു ചെറിയ കടലാസ്സിൽ എഴുതി മേൽവിവരിച്ച പ്രകാരം ഏൽപ്പിക്കേണ്ടതാണ്. ആളുകളുടെ ഭാഷ കണക്കാക്കാതെ സകലരിലേക്കും സുവാർത്തയുമായി എത്തിച്ചേരുന്നതിന് ആത്മാർഥമായ ശ്രമം ചെയ്യുന്നതിനാൽ “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കു”ന്ന നമ്മുടെ ദൈവമായ യഹോവയുടെ സ്നേഹത്തെ നാം പ്രതിഫലിപ്പിക്കുകയായിരിക്കും ചെയ്യുന്നത്.—1 തിമൊ. 2:4.