യുവാക്കളേ—യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുവിൻ
1 ഒരുവൻ യൗവനത്തിന്റെ ബലവും ഓജസ്സും ശരിയായ വിധം ഉപയോഗിക്കുമ്പോൾ ജീവിതം വാസ്തവമായും ആനന്ദകരമായിരിക്കും. “യൌവനക്കാരാ, നിന്റെ യൌവനത്തിൽ സന്തോഷിക്ക; യൌവനകാലത്തിൽ നിന്റെ ഹൃദയം ആനന്ദിക്കട്ടെ” എന്നു ജ്ഞാനിയായ ശലോമോൻ രാജാവ് എഴുതി. (സഭാ. 11:9) യുവജനങ്ങളായ നിങ്ങൾ നിങ്ങളുടെ പ്രവൃത്തികൾക്ക് ദൈവത്തോടു കണക്കു ബോധിപ്പിക്കാൻ ബാധ്യസ്ഥരാണ്.
2 നിങ്ങൾ എങ്ങനെ ജീവിക്കുന്നു എന്നതു നിങ്ങൾക്കു മാത്രമല്ല നിങ്ങളുടെ മാതാപിതാക്കൾക്കും പ്രധാനമായിരിക്കുന്നു. “ജ്ഞാനമുളള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകൻ അമ്മെക്കു വ്യസനഹേതുവാകുന്നു” എന്നു സദൃശവാക്യങ്ങൾ 10:1 പ്രസ്താവിക്കുന്നു. എന്നാൽ അതിലും പ്രധാനമായി, നിങ്ങളുടെ ജീവിതരീതി നിങ്ങളുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തെ ബാധിക്കുന്നു. അതുകൊണ്ടാണു യഹോവ സദൃശവാക്യങ്ങൾ 27:11-ൽ “മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക” എന്നു യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നത്. യുവാക്കളായ നിങ്ങൾക്കു യഹോവയുടെ ഹൃദയത്തെ ഇന്ന് എങ്ങനെ സന്തോഷിപ്പിക്കാനാകും? ഇതു പലവിധത്തിൽ നിർവഹിക്കാവുന്നതാണ്.
3 ശരിയായ മാതൃകയിലൂടെ: യുവജനങ്ങളായ നിങ്ങൾ ദൈവവചനത്തിൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന “ദുർഘടസമയങ്ങൾ” അനുഭവിക്കുന്നു. (2 തിമൊ. 3:1) നിങ്ങൾ അവിശ്വാസികളായ സഹപാഠികളിൽനിന്നും നിങ്ങളുടെ ബൈബിളധിഷ്ഠിത വീക്ഷണങ്ങളെ പരിഹസിക്കുന്ന അധ്യാപകരിൽനിന്നുപോലുമുളള സമ്മർദങ്ങൾക്കു വിധേയരായേക്കാം. ദൃഷ്ടാന്തത്തിന്, ഒരു അധ്യാപിക പരിണാമ സിദ്ധാന്തം വാസ്തവമാണെന്നും ബൈബിൾ കെട്ടുകഥയാണെന്നും അവതരിപ്പിച്ചു. എന്നാൽ, ഒരു യുവ പ്രസാധകൻ വിശ്വസ്തതയോടെ ബൈബിളിനുവേണ്ടി പ്രതിവാദം നടത്തി. തദ്ഫലമായി അനേകം ബൈബിളധ്യയനങ്ങൾ ആരംഭിച്ചു. താത്പര്യക്കാരായ ചിലർ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. യുവ സഹോദരീസഹോദരൻമാരായ നിങ്ങളുടെ വിശ്വാസം ഭക്തികെട്ട ലോകത്തെ കുററം വിധിക്കുകയും ഹൃദയപരമാർഥതയുളള ആളുകളെ സത്യത്തിലേക്ക് ആകർഷിക്കുകയും ചെയ്യുന്നു.—എബ്രായർ 11:7 താരതമ്യം ചെയ്യുക.
4 സഭയിലുളള നിങ്ങളുടെ സമപ്രായക്കാരെ ചീത്തക്കാര്യങ്ങൾക്ക് അവർ വഴങ്ങാതിരിക്കുന്നതിനു നിങ്ങൾക്കു പ്രോത്സാഹിപ്പിക്കാൻ കഴിയുമോ? സ്കൂളിലും വീട്ടിലും സഭയിലും നല്ല മാതൃക വച്ചുകൊണ്ടു മററു യുവ പ്രസാധകരുടെ വിശ്വാസത്തെ നിങ്ങൾക്കു ബലിഷ്ഠമാക്കാൻ കഴിയും. (റോമർ 1:12) മററുളളവർക്കു മാതൃക വച്ചുകൊണ്ട് യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുക.
5 വസ്ത്രധാരണത്തിലൂടെയും ചമയത്തിലൂടെയും: ഒരു യുവ സഹോദരിയുടെ ഒതുക്കമുളള വസ്ത്രധാരണംമൂലം അവരെ “തൊട്ടുകൂടാത്തവൾ” എന്നു മുദ്രകുത്തി. ലോകത്തിന്റെ ഭക്തികെട്ട പ്രമാണങ്ങളുമായി അനുരൂപപ്പെടുന്നതിന് ഇത് അവരെ സ്വാധീനിച്ചില്ല. പകരം, താൻ യഹോവയുടെ സാക്ഷികളിലൊരാളാണെന്നും സാക്ഷികളുടെ ഉന്നത നിലവാരമാണു താൻ പുലർത്തുന്നതെന്നും അവർ വിശദീകരിച്ചു. നിങ്ങൾക്ക് അപ്രകാരുളള മനക്കരുത്തുണ്ടോ? അതോ സാത്താന്റെ ലോകത്തിന്റെ ചിന്താഗതികളിലേക്കും നടത്തയിലേക്കും നിങ്ങളെ വളച്ചെടുക്കാൻ നിങ്ങൾ അതിനെ അനുവദിക്കുന്നുവോ? യുവാക്കളായ നിങ്ങളിലനേകരും യഹോവയുടെ പ്രബോധനങ്ങളെ അനുസരിക്കുകയും ലോകത്തിന്റെ പ്രാകൃതമായ രീതികളും അമിതഭ്രമവും മിഥ്യാധാരണകളും പഠിപ്പിക്കലുകളും ത്യജിക്കുകയും ചെയ്യുന്നതു നിരീക്ഷിക്കുന്നത് എത്ര ആനന്ദകരമാണ്. വാസ്തവത്തിൽ, യഹോവയുടെ സ്ഥാപനം നമ്മോടു പറഞ്ഞിരിക്കുന്നതുപോലെ, ലോകത്തിൽനിന്ന് ഉരുത്തിരിയുന്ന കാര്യങ്ങൾ ഭൂതങ്ങളാൽ സ്വാധീനിക്കപ്പെട്ടതാണെന്നു നാം തിരിച്ചറിയണം!—1 തിമൊ. 4:1.
6 വിനോദത്തിന്റെയും ഉല്ലാസത്തിന്റെയും തിരഞ്ഞെടുപ്പിലൂടെ: ശരിയായതരം വിനോദവും ഉല്ലാസവും ജ്ഞാനത്തോടെ തിരഞ്ഞെടുക്കുന്നതിനു കുട്ടികളെ സഹായിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു മാതാപിതാക്കൾ മനസ്സിൽ പിടിക്കേണ്ടതുണ്ട്. ഒരു സഹോദരൻ തനിക്കു വളരെയധികം ഇഷ്ടപ്പെട്ട ഒരു നല്ല കുടുംബത്തെക്കുറിച്ചു പുകഴ്ത്തിപ്പറഞ്ഞു. ആത്മീയ മനോഗതി ഉണ്ടായിരുന്ന മാതാപിതാക്കൾ പ്രദാനം ചെയ്ത മാർഗനിർദേശങ്ങൾ കുടുംബവിനോദത്തിലും ബാധകമാക്കി. ആ സഹോദരൻ അനുസ്മരിക്കുന്നു: “അവർ കാര്യങ്ങൾ ഒരുമിച്ചു ചെയ്യുന്നതിനെ ഞാൻ പ്രശംസിക്കുന്നു. മാതാപിതാക്കൾ കുട്ടികളെ സേവനത്തിൽ സഹായിക്കുകമാത്രമല്ല, ഉല്ലാസ വേളയാകുമ്പോൾ കാൽനട യാത്ര നടത്തുന്നതിലോ കാഴ്ചബംഗ്ലാവുകൾ സന്ദർശിക്കുന്നതിലോ അല്ലെങ്കിൽ വീട്ടിൽത്തന്നെയിരുന്നുകൊണ്ടു കളിക്കുകയോ കുടുംബ പദ്ധതികൾ തയ്യാറാക്കുകയോ ചെയ്യുന്നതിന്റെ ആനന്ദം അവർ ആസ്വദിച്ചു. അവർക്കു പരസ്പരവും മററുളളവരോടും ഉളള സ്നേഹം ഭാവിയിൽ എന്തുതന്നെ സംഭവിച്ചാലും അവർ സത്യത്തിൽ നടക്കുകതന്നെ ചെയ്യും എന്ന ആത്മവിശ്വാസം നിങ്ങൾക്കു പകരുന്നു.”
7 തീർച്ചയായും മുഴുകുടുംബത്തിനും വിനോദത്തിലും ഉല്ലാസത്തിലും ഏർപ്പെടാൻ സാധിക്കുകയില്ലാത്ത സമയങ്ങളുണ്ട്. യുവാക്കളായ നിങ്ങൾ ഇതേക്കുറിച്ചും നിങ്ങളുടെ ഒഴിവു സമയം എങ്ങനെ ചെലവിടാൻ തിരഞ്ഞെടുക്കുമെന്നതിന്റെ ഗൗരവത്തെക്കുറിച്ചും ബോധ്യമുളളവരായിരിക്കണം. സാധ്യമുളളിടത്തോളം ആളുകളെ വ്യതിചലിപ്പിക്കുന്നതിനു സാത്താൻ നിശ്ചയിച്ചുറച്ചിരിക്കുകയാണ്. ചെറുപ്പക്കാരും അനുഭവപരിചയം കുറഞ്ഞവരും വിശേഷിച്ചും അവന്റെ കുടില പ്രവൃത്തികൾക്കും വഞ്ചനാത്മകമായ പ്രേരണയ്ക്കും വശംവദരാണ്. (2 കൊരി. 11:3; എഫെ. 6:11) അതുകൊണ്ട്, വ്യതിചലിക്കുന്നതിനും സ്വാർഥമായ ഉല്ലാസതേട്ടത്തിന്റെയും അനീതിയുടെയും ജീവിതം പിന്തുടരുന്നതിനുംവേണ്ടി നിങ്ങളെ വശീകരിച്ചാകർഷിക്കാൻ സാത്താൻ ഇന്നു വിവിധ മാർഗങ്ങൾ ഉപയോഗിക്കുന്നു.
8 ഭൗതികത്വവും അധാർമികവുമായ ജീവിതരീതിയെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രമുഖ പ്രലോഭകനാണു ടെലിവിഷൻ. ചലച്ചിത്രങ്ങളും വീഡിയോകളും ക്രമമായി അക്രമവും വ്യക്തമായ ലൈംഗികതയും ചിത്രീകരിക്കുന്നു. ജനപ്രീതിയുളള സംഗീതം അങ്ങേയററം തരംതാണതും അശ്ലീലവും ആയിത്തീർന്നിരിക്കുന്നു. സാത്താന്റെ വശീകരണങ്ങൾ നിരുപദ്രവകരമായി തോന്നിയേക്കാം എന്നാൽ, അവ ആയിരക്കണക്കിനു ക്രിസ്തീയ യുവാക്കളെ തെററായ ചിന്തയുടെയും നടത്തയുടെയും കെണിയിലകപ്പെടുത്തിയിട്ടുണ്ട്. അപ്രകാരമുളള സമ്മർദങ്ങളെ ചെറുക്കുന്നതിനു നിങ്ങൾ നീതിയെ ഊർജസ്വലതയോടെ പിന്തുടരേണ്ടതുണ്ട്. (2 തിമൊ. 2:22) വിനോദവും ഉല്ലാസവും സംബന്ധിച്ചു ക്രമപ്പെടുത്തലുകൾ ആവശ്യമായിവരുന്നെങ്കിൽ അത് എപ്രകാരം ചെയ്യാൻ കഴിയും? സങ്കീർത്തനക്കാരൻ ഉത്തരം നൽകുന്നു: “ഞാൻ പൂർണ്ണ ഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു; നിന്റെ കല്പനകൾ വിട്ടുനടപ്പാൻ എനിക്കു ഇടവരരുതേ.”—സങ്കീ. 119:10.
9 സ്പോർട്സിലെയും വിനോദങ്ങളിലെയും താരങ്ങളെ പൂജിക്കുന്നതു സാധാരണമായിരിക്കുന്നു. അപൂർണരായ മനുഷ്യരെ പൂജിക്കുന്നത് ഒഴിവാക്കാൻ യഹോവാഭക്തി നിങ്ങളെ സഹായിക്കും. ഇന്ന് ലൈംഗികദുർമാർഗംപോലും അനേകരുടെയും ആരാധനാപാത്രമായി മാറിയിരിക്കുന്നു. അശ്ലീലചിത്രങ്ങളും ദുഷിപ്പിക്കുന്ന സംഗീതവും ഒഴിവാക്കിക്കൊണ്ട് ഈ പ്രവണതക്കെതിരെ നിങ്ങൾക്കു ജാഗ്രത പുലർത്താവുന്നതാണ്. സംഗീതത്തെ സംബന്ധിച്ച് അടുത്തയിടെ സഭാപുസ്തകാധ്യയനത്തിൽ പഠിച്ച വീക്ഷാഗോപുര ലേഖന ലഘുപത്രികയുടെ 40-ാം പേജ് പിൻവരുന്നവിധം വിശദീകരിക്കുന്നു: “സംഗീതം ഒരു ദിവ്യവരമാണ്. എന്നാൽ അത് അനേകർക്കും അനാരോഗ്യകരമായ ഒരു അഭീഷ്ടമായിത്തീർന്നിരിക്കുന്നു. . . . സംഗീതത്തെ അതിന്റെ സ്ഥാനത്തു നിർത്തുന്നതും യഹോവയുടെ പ്രവർത്തനത്തെ നിങ്ങളുടെ മുഖ്യതാത്പര്യമാക്കുന്നതും നിങ്ങളുടെ ലാക്കാക്കുക. നിങ്ങൾ തിരഞ്ഞെടുക്കുന്ന സംഗീതം സംബന്ധിച്ച് വിവേചനയും ശ്രദ്ധയുമുളളവരായിരിക്കുക. അങ്ങനെ ഈ ദിവ്യവരം ഉപയോഗിക്കാൻ—ദുരുപയോഗം ചെയ്യാനല്ല—നിങ്ങൾ പ്രാപ്തരായിത്തീരും.”
10 ചീത്തക്കാര്യങ്ങളോടു പൂർണ വെറുപ്പു നട്ടുവളർത്തുക. (സങ്കീ. 97:10) തെററു ചെയ്യാൻ പ്രേരിതരാകുമ്പോൾ യഹോവ കാര്യങ്ങളെ വീക്ഷിക്കുന്ന വിധങ്ങളെക്കുറിച്ചും അനാവശ്യ ഗർഭധാരണം, ലൈംഗികമായി പകരുന്ന രോഗങ്ങൾ, വൈകാരിക ശൂന്യത, സ്വാഭിമാന നഷ്ടം, സഭയിലെ പദവികളുടെ നഷ്ടം എന്നിങ്ങനെയുളള അനന്തരഫലങ്ങളെക്കുറിച്ചും പരിചിന്തിക്കുക. ദുഷ്ടതയെ പ്രോത്സാഹിപ്പിക്കുന്ന ടിവി പരിപാടികളും ചലച്ചിത്രങ്ങളും വീഡിയോകളും ഗാനങ്ങളും സംഭാഷണങ്ങളും ഒഴിവാക്കുക. “ഭോഷൻമാർ” എന്നു ബൈബിൾ തരംതിരിക്കുന്നവരുമായുളള സഹവാസം ഒഴിവാക്കുക. (സദൃ. 13:19) വിവേചനയുളളവരായിരിക്കുക; സഭയിൽ യഹോവയെയും അവിടുത്തെ നീതിയുളള പ്രമാണങ്ങളെയും സ്നേഹിക്കുന്നവരുമായുളള സഹവാസം തിരഞ്ഞെടുക്കുക.
11 അതേ, യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ വാസ്തവമായും ആഗ്രഹിക്കുന്ന യുവാക്കൾ എഫേസ്യർ 5:15, 16-ൽ [NW] കാണുന്ന പിൻവരുന്ന ബുദ്ധ്യുപദേശം അനുസരിക്കും: “നാളുകൾ ദുഷ്ടമാകയാൽ നിങ്ങൾക്കുവേണ്ടി അവസരോചിതമായ സമയം വിലയ്ക്കു വാങ്ങിക്കൊണ്ട്, നിങ്ങളുടെ നടപ്പ് അജ്ഞാനികളായിട്ടല്ല, ജ്ഞാനികളായിട്ടിരിക്കാൻ കർശനമായി സൂക്ഷിച്ചുകൊൾക.” ഈ അന്ത്യനാളുകളിൽ നിങ്ങളുടെ പുരോഗതിയെ “കർശനമായി സൂക്ഷി”ക്കുന്നതിനു നിങ്ങളെ എന്തു സഹായിക്കും?
12 ആത്മീയ ആവശ്യങ്ങൾക്കായുളള കരുതൽ: “തങ്ങളുടെ ആത്മീയ ആവശ്യങ്ങൾ സംബന്ധിച്ചു ബോധമുളളവർ സന്തുഷ്ടരാകുന്നു” എന്ന് മത്തായി 5:3-ൽ [NW] യേശു പറഞ്ഞു. നിങ്ങളുടെ ആത്മീയ ആവശ്യങ്ങൾ സംബന്ധിച്ചു ബോധമുളളവരായിരുന്നുകൊണ്ടു നിങ്ങൾക്കും സന്തുഷ്ടരായിരിക്കാൻ കഴിയും. സുവാർത്താ പ്രസംഗത്തിലെ സജീവമായ പങ്കെടുക്കൽ ആ ആവശ്യത്തെ തൃപ്തിപ്പെടുത്തുന്നതിൽ ഉൾപ്പെടുന്നു, കാരണം ഇവ നാം പഠിക്കുന്ന കാര്യങ്ങളിലുളള നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുന്നു.—റോമ. 10:17.
13 ശുശ്രൂഷയിൽ ക്രമമായി പങ്കെടുക്കുക എളുപ്പമല്ല എന്നു നിങ്ങൾക്കു സ്വന്ത അനുഭവത്തിൽനിന്നറിയാം. ഇതിലധികവും ആത്മവിശ്വാസക്കുറവുമൂലമാകാം. അതുകൊണ്ട്, നിങ്ങളുടെ ഭാഗത്ത് ഉറച്ച തീരുമാനം അത്യാവശ്യമാണ്. ശുശ്രൂഷയിൽ ക്രമമായ അടിസ്ഥാനത്തിൽ പങ്കെടുക്കുന്നതിനാൽ നിങ്ങൾക്കു സാക്ഷീകരണത്തിനുളള നിങ്ങളുടെ കഴിവു വർധിപ്പിച്ചെടുക്കുന്നതിനും പ്രസംഗത്തിനുളള നിങ്ങളുടെ കഴിവിൽ ആത്മവിശ്വാസം വളർത്തിയെടുക്കുന്നതിനും കഴിയും.
14 നിരന്തര പയനിയർമാരും മൂപ്പൻമാരുംപോലെ സഭയിൽ അധികം അനുഭവപരിചയമുളള പ്രസാധകരോടൊപ്പം പ്രവർത്തിക്കാൻ ക്രമീകരണം ചെയ്യുക. അവരുടെ അവതരണവും വീട്ടുവാതിൽക്കൽ എതിർപ്പിനെ കൈകാര്യം ചെയ്യുന്ന വിധവും ഏകാഗ്രതയോടെ ശ്രദ്ധിക്കുക. ന്യായവാദം പുസ്തകവും നമ്മുടെ രാജ്യ ശുശ്രൂഷയിൽ നൽകിയിരിക്കുന്ന നിർദേശങ്ങളും നല്ലവണ്ണം പ്രയോജനപ്പെടുത്തുക. നിങ്ങളുടെ മുഴുവനും യഹോവക്കു നൽകുന്നതിനാൽ താമസിയാതെ നിങ്ങൾ ശുശ്രൂഷയിൽ കൂടുതൽ സന്തുഷ്ടി ആസ്വദിക്കും.—പ്രവൃ. 20:35.
15 ചിലർ സ്കൂളിൽ സാക്ഷ്യം കൊടുക്കുന്നതിനുളള അവസരത്തെ പ്രയോജനപ്പെടുത്തുകയും ശിഷ്യരെ ഉളവാക്കുന്നതിൽ ശരിക്കു വിജയിക്കുകയും ചെയ്തിട്ടുണ്ട്. (മത്താ. 28:19, 20) “ക്ലാസില്ലാതിരുന്ന പീരിയഡുകളിൽ, വിശേഷിച്ചും അവധിക്കാലത്തോടടുത്ത സമയങ്ങളിൽ സാക്ഷ്യം കൊടുക്കുന്നതിനുളള അനേകം അവസരങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. എന്റെ മേശയിൽ മററുളളവർക്കു കാണാവുന്നിടത്തു ഞാൻ ബൈബിൾ സാഹിത്യങ്ങൾ വെച്ചപ്പോൾ താത്പര്യമുളള അനേകം വിദ്യാർഥികൾ എന്നെ സമീപിച്ചു” എന്ന് ഒരു ക്രിസ്തീയ യുവാവ് പറഞ്ഞു. ക്രമേണ അനേകം വിദ്യാർഥികളും അധ്യാപികപോലും ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. വാസ്തവത്തിൽ, അധ്യാപിക പുരോഗമിക്കുകയും സമർപ്പിത സാക്ഷിയായിത്തീരുന്ന ഘട്ടം വരെ എത്തുകയും ചെയ്തു. നിങ്ങളെപ്പോലെയുളള യുവ ആരാധകർ യഹോവയുടെ നാമത്തിനു സ്തുതികരേററുമ്പോൾ അവിടുന്നു വളരെ സന്തോഷിക്കുന്നു.
16 നിങ്ങളുടെ ആത്മീയ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിനുളള മറെറാരു മാർഗം വ്യക്തിപരമായ പഠനമാണ്. യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നതിനു നാം അവിടുത്തെക്കുറിച്ചും അവിടുത്തെ ഉദ്ദേശ്യങ്ങളെക്കുറിച്ചും അവിടുത്തെ വ്യവസ്ഥകളെക്കുറിച്ചും ആവശ്യമായ അറിവു സമ്പാദിക്കണം. നിങ്ങൾ വ്യക്തിപരമായ പഠനത്തിനുവേണ്ടി സമയം നീക്കിവയ്ക്കാറുണ്ടോ? നിങ്ങൾ ഭക്ഷിക്കാൻ ക്രമമായി സമയമെടുക്കുന്നതുപോലെ ക്രമമായി പഠിക്കുന്നുണ്ടോ? (യോഹ. 17:3) ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടികയിലെ ബൈബിൾ വായന ക്രമമായി നടത്തുന്നതിനുപുറമേ ബൈബിൾ വായനയ്ക്കുളള വ്യക്തിപരമായ ഒരു പട്ടിക നിങ്ങൾക്കുണ്ടോ? എല്ലാ യോഗങ്ങൾക്കുംവേണ്ടി നിങ്ങൾ നല്ലവണ്ണം തയ്യാറാകാറുണ്ടോ? വീക്ഷാഗോപുരവും ഉണരുക!യും നിങ്ങൾ ക്രമമായി വായിക്കാറുണ്ടോ? പ്രത്യേകിച്ച്, “യുവജനങ്ങൾ ചോദിക്കുന്നു. . . ” എന്ന ലേഖനപരമ്പരയിലെ ഓരോ ലേഖനവും ഓരോ തിരുവെഴുത്തും സൂക്ഷ്മമായി വിശകലനം ചെയ്തുകൊണ്ടു വായിക്കാൻ നിങ്ങൾ സമയം കണ്ടെത്താറുണ്ടോ? പ്രത്യേകിച്ചും നിങ്ങളുടെ ആത്മീയ ആവശ്യത്തിനായി സൊസൈററി രൂപകല്പനചെയ്ത യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തെപ്പററി മറന്നുകളയരുത്. ലോകത്തെമ്പാടുമുളള ക്രിസ്തീയ യുവാക്കളും മാതാപിതാക്കളും ഈ പുസ്തകം യഹോവയിലേക്ക് അടുത്തുവരുന്നതിനു തങ്ങളെ എങ്ങനെ സഹായിച്ചുവെന്നു പറയാനായി എഴുതിയിട്ടുണ്ട്.
17 നിങ്ങൾ ബൈബിളും ദിവ്യാധിപത്യ ബൈബിൾപഠന സഹായികളും വായിക്കുമ്പോൾ അവ യഹോവയെക്കുറിച്ചും അവിടുത്തെ ആലോചനകളെക്കുറിച്ചും അവിടുത്തെ ഉദ്ദേശ്യങ്ങളെക്കുറിച്ചും നിങ്ങളോടു പറയുന്നു. ഈ വിവരങ്ങൾ നിങ്ങൾക്ക് എങ്ങനെ സഹായകമായിരിക്കാമെന്നു പരിചിന്തിക്കുക. നിങ്ങൾ വായിക്കുന്നതു നേരത്തെ നിങ്ങൾ വായിച്ചിട്ടുളളതിനോടു ബന്ധപ്പെടുത്തുക. ഇതിൽ ധ്യാനം ഉൾപ്പെടുന്നു. ധ്യാനം വിവരങ്ങൾ ഹൃദയത്തിലെത്തുന്നതിനും നിങ്ങളെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു.—സങ്കീ. 77:12.
18 ആത്മീയ ആവശ്യങ്ങളെ സംബന്ധിച്ചു ബോധമുളള യുവാക്കൾ സഭായോഗങ്ങളിൽ ഹാജരാകുന്നതു കാണുന്നതിൽ നാം ആനന്ദിക്കുന്നു. യോഗങ്ങളിൽ ക്രമമായി അർഥവത്തായ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടു ക്രിസ്തീയ യുവാക്കളായ നിങ്ങൾക്കു മററുളളവരെ പ്രോത്സാഹിപ്പിക്കാൻ കഴിയും. ഓരോ യോഗത്തിലും ചുരുങ്ങിയത് ഒരു ഉത്തരമെങ്കിലും പറയാൻ ലക്ഷ്യമിടുക. യോഗത്തിനുമുമ്പും അതിനുശേഷവും പരിപുഷ്ടിപ്പെടുത്തുന്ന സഹവാസത്തിൽ പങ്കുചേർന്നുകൊണ്ട് വ്യത്യസ്ത പ്രായത്തിലുളള ആളുകളുമായി ഊഷ്മളമായ ബന്ധം നട്ടുവളർത്തുക. (എബ്രാ. 10:24, 25) എല്ലാ യോഗങ്ങളിലും, പ്രായംചെന്ന സഹോദരീസഹോദരൻമാരിൽ ചുരുങ്ങിയപക്ഷം ഒരാളെങ്കിലുമായി സംഭാഷണത്തിലേർപ്പെടാൻ തന്റെ മാതാപിതാക്കൾ തന്നെ പ്രോത്സാഹിപ്പിച്ചതായി ഒരു യുവ സഹോദരൻ അഭിപ്രായപ്പെട്ടു. സഭയിലെ പ്രായംചെന്ന അംഗങ്ങളുമായുളള സഹവാസത്തിലൂടെ നേടിയ അനുഭവപരിചയത്തെ ഇന്ന് അദ്ദേഹം വിലമതിക്കുന്നു.
19 ആത്മീയ ലാക്കുകൾ പിന്തുടരുക: അനേക യുവാക്കളുടെയും ജീവിതത്തിന് ഉദ്ദേശ്യവും ലക്ഷ്യവുമില്ലാത്തതു സങ്കടകരം തന്നെ. എന്നിരുന്നാലും, ദിവ്യാധിപത്യ ലാക്കുകൾ വയ്ക്കുകയും വിജയകരമായി അതു നേടിയെടുക്കുകയും ചെയ്യുന്നതിന്റെ അനുഭവം ഒന്നു വേറേ തന്നെയല്ലേ? ദൈവിക വിദ്യാഭ്യാസത്താൽ പ്രബുദ്ധരായി പിന്തുടരുന്ന ഈ ലാക്കുകൾ ഇപ്പോൾ വ്യക്തിപരമായി സംതൃപ്തി പകരുന്നതും ഒടുവിൽ നിത്യരക്ഷയിലേക്കു നയിക്കുന്നതുമായിരിക്കും.—സഭാ. 12:1, 13.
20 ലാക്കുകൾ വയ്ക്കുമ്പോൾ അത് ഒരു പ്രാർഥനാവിഷയമാക്കുക. നിങ്ങളുടെ മാതാപിതാക്കളോടോ മൂപ്പൻമാരോടോ സംസാരിക്കുക. നിങ്ങളെയും നിങ്ങളുടെ പ്രാപ്തിയെയും ശോധനചെയ്യുക, മററുളളവരോടു താരതമ്യം ചെയ്യാതെ, നിങ്ങൾക്കു നേടിയെടുക്കാവുന്ന പ്രായോഗികമായ ലാക്കുകൾ വയ്ക്കുക. ഓരോരുത്തരും ശാരീരികമായും മാനസികമായും വൈകാരികമായും ആത്മീയമായും വ്യത്യസ്തമായിട്ടാണു രൂപസംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ട്, മറെറാരാൾ ചെയ്യുന്നതെല്ലാം നേടാമെന്നു പ്രതീക്ഷിക്കാതിരിക്കുക.
21 നിങ്ങൾക്ക് എത്തിപ്പിടിക്കാവുന്ന ചില ലാക്കുകൾ എന്തെല്ലാമാണ്? നിങ്ങൾ ഇപ്പോൾ ഒരു പ്രസാധകനോ സ്നാപനമേററയാളോ അല്ലെങ്കിൽ എന്തുകൊണ്ട് അതു നിങ്ങളുടെ ലക്ഷ്യമാക്കിക്കൂടാ? നിങ്ങൾ ഒരു പ്രസാധകനാണെങ്കിൽ ഓരോ ആഴ്ചയിലും ശുശ്രൂഷയിൽ ഒരു നിശ്ചിത സമയം ചെലവിടുന്നതിനുളള ലാക്കു വയ്ക്കാവുന്നതാണ്. മടക്കസന്ദർശനങ്ങളിൽ യോഗ്യതയുളള ഒരു അധ്യാപകനായിരിക്കുന്നതിനുളള ശ്രമങ്ങൾ നടത്തുക, ബൈബിൾ അധ്യയനം നടത്തുക എന്നതു നിങ്ങളുടെ ഒരു ലക്ഷ്യമാക്കുക. നിങ്ങൾ സ്കൂളിൽ പഠിക്കുന്ന സ്നാപനമേററ യുവാവാണെങ്കിൽ വേനൽക്കാല അവധിക്കാലത്തു സഹായ പയനിയറിങ് നടത്തുന്നത് എന്തുകൊണ്ടു ലക്ഷ്യമാക്കിക്കൂടാ? “കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാനു”ണ്ട്.—1 കൊരി. 15:58.
22 മാതാപിതാക്കളിൽനിന്നുളള സഹായം മർമപ്രധാനം: ജീവൻ നേടിയെടുക്കുന്നതിനുളള ഉദ്യമത്തിൽ തങ്ങൾ തനിച്ചാണ് എന്നു സഭയിലുളള യുവാക്കൾ ഒരിക്കലും വിചാരിക്കരുത്. ദൈനംദിന തീരുമാനമെടുക്കലുകളിലും ജീവിതത്തിലെ തടസ്സങ്ങൾ തരണം ചെയ്യുന്നതിലും ചെറുപ്പക്കാരായ ഇവർക്കു സഹായമേകാൻ യഹോവ തന്റെ സ്ഥാപനത്തിലൂടെ ബുദ്ധ്യുപദേശം പ്രദാനം ചെയ്തിരിക്കുന്നു. തീർച്ചയായും, ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിനു മക്കളെ സഹായിക്കുന്നതിനുളള പ്രാഥമിക ഉത്തരവാദിത്വം സമർപ്പിതരായ മാതാപിതാക്കൾക്കുണ്ട്. 1 കൊരിന്ത്യർ 11:3-ൽ ബൈബിൾ കുടുംബത്തിന്റെ ശിരസ്സായി ഭർത്താവിനെ നിയോഗിക്കുന്നു. അതുകൊണ്ട്, ഒരു ക്രിസ്തീയ കുടുംബത്തിൽ കുട്ടികളെ ദൈവത്തിന്റെ കല്പനകൾ പഠിപ്പിക്കുന്നതിൽ പിതാവ് നേതൃത്വം വഹിക്കുന്നു. ഭാര്യ അദ്ദേഹത്തോടു പററിനിന്നുകൊണ്ടു പ്രവർത്തിക്കുന്നു. (എഫെ. 6:4) ഇതു ശൈശവത്തിൽ തുടങ്ങുന്ന ബോധപൂർവകമായ പരിശീലനത്തിലൂടെ നടത്തപ്പെടുന്നു. ജീവിതത്തിന്റെ ആദ്യവർഷത്തിൽ കുട്ടിയുടെ തലച്ചോർ മൂന്നിരട്ടിയായി വളരുന്നതുകൊണ്ട് മനസ്സിലാക്കുന്നതിനുളള കുഞ്ഞിന്റെ പ്രാപ്തിയെ മാതാപിതാക്കൾ ഒരിക്കലും താഴ്ത്തിമതിക്കരുത്. (2 തിമൊ. 3:15) കുട്ടികൾ വളർച്ച പ്രാപിക്കുന്നതനുസരിച്ച് യഹോവയെ സ്നേഹിക്കുന്നതിനും അവിടുന്നുമായി ഒരു നല്ല ബന്ധം നട്ടുവളർത്തുന്നതിനും മാതാപിതാക്കൾ അവരെ പടിപടിയായി പഠിപ്പിക്കേണ്ടതാവശ്യമാണ്.
23 കുട്ടികളെ സഹായിക്കാവുന്ന പ്രായോഗിക വിധങ്ങൾ മിക്കപ്പോഴും മാതാപിതാക്കളെ കാണിച്ചുകൊടുത്തിട്ടുണ്ട്. മാതാവിന്റെയും പിതാവിന്റെയും ഒരു നല്ല മാതൃകയാണ് ഉത്തമ തുടക്കം. കുട്ടികളെ ആത്മീയമായി സഹായിക്കുന്ന കാര്യത്തിൽ, എന്തുചെയ്യണം എന്തുചെയ്യരുത് എന്നു വാതോരാതെ അവരോടു പ്രസംഗിക്കുന്നതിനെക്കാൾ ഏറെ സ്വാധീനം ചെലുത്തുന്നത് ഇതാണ്. മാതാപിതാക്കൾ ശരിയായ മാതൃക വയ്ക്കുന്നതിൽ ഭവനത്തിൽ, നിങ്ങളുടെ വിവാഹ പങ്കാളിയോടും കുട്ടികളോടുമുളള ബന്ധത്തിൽ ആത്മാവിന്റെ ഗുണം പ്രദർശിപ്പിക്കുന്നതും ഉൾപ്പെടും. (ഗലാ. 5:22, 23) ദൈവത്തിന്റെ ആത്മാവ് നൻമയ്ക്കുളള ഒരു സ്വാധീനമായിരിക്കുന്നതായി അനേകരും അനുഭവത്തിൽനിന്നു കണ്ടിരിക്കുന്നു. നിങ്ങളുടെ കുട്ടികളുടെ മനസ്സും ഹൃദയവും ഉടച്ചുവാർക്കുന്നതിന് ഇതിനു നിങ്ങളെ സഹായിക്കാൻ കഴിയും.
24 വ്യക്തിപരമായ അധ്യയന ശീലത്തിലും യോഗ ഹാജരിലും വയൽസേവനത്തിലുളള നിരന്തര പങ്കെടുക്കലിലും മാതാപിതാക്കൾ നല്ല ദൃഷ്ടാന്തം വയ്ക്കേണ്ടത് ആവശ്യമാണ്. നിങ്ങൾ വീട്ടിനുളളിൽ സത്യത്തെക്കുറിച്ച് ഉത്സാഹപൂർവം സംസാരിക്കുന്നുവെങ്കിൽ ശുശ്രൂഷയിൽ ശുഷ്കാന്തിയോടുകൂടിയ ഒരു നേതൃത്വം വഹിക്കുക, വ്യക്തിപരമായ പഠനത്തെക്കുറിച്ചു നിങ്ങൾ ക്രിയാത്മകമനോഭാവം വളർത്തുന്നുവെങ്കിൽ ആത്മീയ കാര്യങ്ങളിൽ ആത്മാർഥമായ താത്പര്യമെടുക്കാൻ നിങ്ങളുടെ കുട്ടികൾ പ്രോത്സാഹിതരാകും.
25 ആലോചനാപൂർവം തയ്യാറെടുക്കുന്നപക്ഷം ക്രമമായ, അർഥവത്തായ ഒരു കുടുംബാധ്യയനം രസകരവും ആസ്വാദ്യവും കുടുംബത്തിന്റെ ഒരുമയെ ഉറപ്പാക്കുന്നതിനുളള ഒരു സമയവുമായിരിക്കാവുന്നതാണ്. നിങ്ങളുടെ കുട്ടികളുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ ആ സമയം വിനിയോഗിക്കുക. (സദൃ. 23:15) അനേകം കുടുംബങ്ങളും ഈ സന്ദർഭം പ്രസ്തുത വാരത്തിലെ വീക്ഷാഗോപുരാധ്യയനത്തിനു തയ്യാറാകാൻ വിനിയോഗിക്കുന്നുവെങ്കിലും സമയാസമയങ്ങളിൽ കുടുംബത്തിന്റെ ഒരു പ്രത്യേക ആവശ്യം പരിഗണിക്കുന്നതു പ്രോത്സാഹജനകമായിരിക്കും. വീക്ഷണചോദ്യങ്ങൾ ചോദിക്കുന്നതും കുടുംബത്തിലെ ഓരോ അംഗത്തിന്റെയും അഭിപ്രായങ്ങൾക്കു ശ്രദ്ധകൊടുക്കുന്നതും അറിവു പകരുന്നുവെന്നതു മാത്രമല്ല ഉൻമേഷകരവും ആയിരിക്കും. കുടുംബത്തിലെ ഓരോ അംഗത്തിനും പ്രയോജനം ചെയ്യുന്നവിധം അധ്യയനം നടത്തുകയെന്നതു കുടുംബനാഥന് ഒരു യഥാർഥ വെല്ലുവിളിയാണ്. എന്നാൽ എല്ലാവരും ആത്മീയമായി വളരുമ്പോൾ അത് എത്ര പ്രതിഫലദായകമാണ്! എല്ലാവരെയും ഉൾപ്പെടുത്തുകവഴി സന്തോഷത്തിന്റേതായ ഒരു ആത്മാവ് നിലനിൽക്കും.
26 നിങ്ങളുടെ സ്നേഹപുരസ്സരവും വിശേഷവിധവുമായ ഇപ്പോഴത്തെ പരിശീലനം നിങ്ങളുടെ മക്കളുടെ ജീവൻ രക്ഷിക്കുന്നതിനു ജീവത്പ്രദാനമാണ്. (സദൃ. 22:6) ഇതു മനസ്സിൽ കരുതിയാൽ, നിങ്ങൾ ചെയ്യുന്നതിൽ വച്ചേററവും പ്രധാനപ്പെട്ട പഠിപ്പിക്കൽ ഇതായിരിക്കുമെന്നതു നിഷ്പ്രയാസം മനസ്സിലാക്കാം. ഈ സവിശേഷവും സുപ്രധാനവുമായ വേലയിൽ നിങ്ങൾ തനിച്ചാണെന്ന് ഒരിക്കലും വിചാരിക്കരുത്. നിങ്ങളുടെ കുടുംബ ഉത്തരവാദിത്വങ്ങളിൽ ശ്രദ്ധിക്കുന്നതിന് ആവശ്യമായ മാർഗദർശനത്തിനായി യഹോവയിൽ പൂർണമായി ആശ്രയിക്കാൻ പഠിക്കുക. അതു മാത്രമല്ല. സഹായം നൽകാൻ പററിയ മററുചിലരുമുണ്ട്.
27 സഹായിക്കുന്നതിനു മററുളളവർക്കു ചെയ്യാൻ കഴിയുന്നത്: മൂപ്പൻമാരേ, രാജ്യഹാൾ വൃത്തിയാക്കുന്നതിൽ യുവജനങ്ങളെ തങ്ങളുടെ മാതാപിതാക്കളോടൊപ്പം ഉൾപ്പെടുത്താൻ ജാഗ്രതയുളളവരായിരിക്കുക. സഭായോഗങ്ങളിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. സേവനയോഗത്തിലെ നിയമനത്തിൽ പങ്കുളള മൂപ്പൻമാരും ശുശ്രൂഷാദാസൻമാരും സദസ്യ പങ്കുപററലിന്റെ സമയത്ത് ചെറുപ്പക്കാരുടെ കൈകൾ ഉയർന്നു കാണുന്നുണ്ടോ എന്നു നോക്കണം. മാതാപിതാക്കളോടൊപ്പം പ്രകടനം നടത്തുന്നതിന് അവരുടെ മാതൃകായോഗ്യരായ മക്കളെ ഉപയോഗിക്കുന്നതിനുളള അവസരത്തിനുവേണ്ടി കാത്തിരിക്ക. ചിലരുമായി അഭിമുഖം നടത്തുകയും ഹ്രസ്വമായ അഭിപ്രായം പറയുകയും ചെയ്യുക.
28 അവരുടെ ശ്രമത്തെ നിസ്സാരമായി എടുക്കരുത്. യുവജനങ്ങൾ സഭയ്ക്ക് ഒരു നല്ല മുതൽക്കൂട്ടാണെന്നു തെളിഞ്ഞിട്ടുണ്ട്. അവരുടെ നല്ല നടത്തയാൽ ‘അനേകരും നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ അലങ്കരിച്ചിട്ടുണ്ട്.’ (തീത്തൊ. 2:6-10) ചെറിയ വിധത്തിൽപോലും പങ്കുപററുന്ന ചെറുപ്പക്കാരെ അഭിനന്ദിക്കുന്നതിനെക്കുറിച്ചു ബോധമുളളവരായിരിക്കുക. ഇത് അവരെ തയ്യാറാകുന്നതിനും ഭാവിയിൽ വീണ്ടും അപ്രകാരം ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കും. പ്രായമേറിയവർ കാട്ടുന്ന ഇപ്രകാരമുളള താത്പര്യത്തിന്റെ മൂല്യം നിർണയിക്കാവുന്നതല്ല; അത് അമൂല്യമാണ്. സഭയിലെ ചെറുപ്പക്കാരായ അംഗങ്ങൾ യോഗത്തിൽ നടത്തിയ ഒരു പ്രസംഗത്തെ അല്ലെങ്കിൽ അവതരണത്തെപ്രതി അവരെ അഭിനന്ദിക്കുന്നതിന് ഒരു മൂപ്പനോ ശുശ്രൂഷാദാസനോ എന്ന നിലയിൽ നിങ്ങൾ എത്ര കൂടെക്കൂടെ അവരെ സമീപിച്ചിട്ടുണ്ട്?
29 പയനിയർമാരേ, സഹായിക്കാൻ നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും? നിങ്ങളുടെ ഉച്ചകഴിഞ്ഞും വാരാന്തത്തിലുമുളള ക്രമീകരണത്തിൽ സ്കൂൾ കുട്ടികളെ എങ്ങനെ ഉൾപ്പെടുത്താമെന്നു ചിന്തിക്കുന്നതിന് എന്തുകൊണ്ടു നിങ്ങളുടെ പട്ടിക പുനരവലോകനം ചെയ്തുകൂടാ? നിങ്ങൾ മുഴുസമയ സേവനം തിരഞ്ഞെടുത്തതിനെപ്പററി ക്രിയാത്മകമായി സംസാരിക്കാറുണ്ടോ? നിങ്ങളുടെ ശുശ്രൂഷയിൽ സന്തുഷ്ടി കണ്ടെത്തുന്നുവെന്നു നിങ്ങളുടെ പെരുമാററത്തിലൂടെ കാണിക്കുന്നുണ്ടോ? മററുളളവരെ, വിശേഷിച്ചും ചെറുപ്പക്കാരെ, നിങ്ങൾ അതിനായി താമസമെന്യേ പ്രോത്സാഹിപ്പിക്കാറുണ്ടോ? വീടുതോറുമുളള വേലയിൽ നിങ്ങളുടെ പ്രസംഗം പരിപുഷ്ടിപകരുന്നതും ക്രിയാത്മകവുമാണോ? അങ്ങനെയെങ്കിൽ ഒരു പയനിയർ എന്ന നിലയിൽ നിങ്ങളും ഏററവും സുപ്രധാനമായ ഈ പരിശീലന വേലയിൽ പങ്കുപററുകയാണ്.
30 യുവാക്കളെ പരിശീലിപ്പിക്കുന്ന ഈ സുപ്രധാന വേലയെ സംബന്ധിച്ചു സകലരും സൂക്ഷ്മമായ ബോധമുളളവരായിരിക്കേണ്ടതുണ്ട്. അവരോടൊപ്പം വയൽസേവനത്തിൽ പങ്കുപററുന്നതിനു നിങ്ങൾക്കു കൃത്യമായ ക്രമീകരണങ്ങൾ ചെയ്യാൻ കഴിയുമോ? വീടുതോറുമുളള വേലയ്ക്കായുളള തയ്യാറെടുപ്പിൽ അവരോടൊപ്പം ഒരു അവതരണത്തിനുളള പരിശീലനം നടത്താനാകുമോ? ശുശ്രൂഷയിൽ ഒന്നിച്ചു പ്രവർത്തിക്കുമ്പോൾ ഭാവിയിലെ ആത്മീയ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനുളള സന്ദർഭങ്ങളെ സംബന്ധിച്ചു ബോധമുളളവരാണോ? പ്രസാധകരായ ഓരോരുത്തരും മറക്കരുതാത്ത ഒരു കാര്യമുണ്ട്: ഒരു നിസാര അഭിനന്ദനംപോലും ചെറുപ്പക്കാരെ തങ്ങളുടെ സ്വന്ത പ്രയോജനത്തിനായി ആജീവനാന്ത ആത്മീയ ലാക്കുകൾ വെക്കുന്നതിനെക്കുറിച്ചു ക്രിയാത്മകമായി ചിന്തിക്കാൻ ഇടയാക്കും.
31 ചെറുപ്പക്കാർക്കു സ്വയം സഹായിക്കാനാകും: യുവാക്കളേ, യഹോവയുടെ പ്രബോധനങ്ങൾ അനുസരിക്കുവാനും ലോകം വാഗ്ദാനം ചെയ്യുന്നതു നിരസിക്കുവാനും ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളുടെ നടത്തയും ആന്തരികവിചാരങ്ങളും ശോധനചെയ്തുകൊണ്ടു വീണ്ടും വീണ്ടും നിങ്ങളേത്തന്നെ പരിശോധിക്കുക. യഹോവയെയും അവിടുന്നു ദൈനംദിനജീവിതത്തിൽ നിങ്ങളോട് ആവശ്യപ്പെടുന്നതും സംബന്ധിച്ചു നിങ്ങളുടെ മനോഭാവമെന്താണ്? സാത്താന്റെ സിദ്ധാന്തങ്ങളുടെ സ്വാധീനത്തിനെതിരെ നിങ്ങൾ കഠിനമായി പോരാടുന്നുണ്ടോ? (1 തിമൊ. 6:12) മനുഷ്യർ, പ്രത്യേകിച്ചും യുവാക്കൾ, സ്വാഭാവികമായും സമപ്രായക്കാരുടെ അംഗീകാരം കാംക്ഷിക്കുന്നതുകൊണ്ട് തെററുചെയ്യുവാൻ ബഹുജനത്തെ പിന്തുടരുന്നതിനു നിങ്ങൾ വശീകരിക്കപ്പെടുന്നതായി കണ്ടെത്തുന്നുവോ? (പുറ. 23:2) ലോകത്തിന്റെ വഴികളോട് ഒത്തുപോകാനുളള ഒരു വലിയ സമ്മർദമുണ്ടെന്ന് അപ്പോസ്തലനായ പൗലോസ് തിരിച്ചറിഞ്ഞു.—റോമർ 7:21-23.
32 ലോകത്തിന്റെ സ്വാധീനത്തെ ചെറുത്തുനിൽക്കുന്നതിനും ലോകത്തിലെ സമപ്രായക്കാരുടേതിൽനിന്നു വിഭിന്നമായ ഒരു ഗതി സ്വീകരിക്കുന്നതിനും ദൈവത്തിന്റെ പഠിപ്പിക്കലുകൾക്കു ചെവികൊടുക്കുന്നതിനുമൊക്കെ ധൈര്യം ആവശ്യമാണ്. പുരാതനകാലത്തെ ജനങ്ങൾ വിജയപ്രദമായി അപ്രകാരം ചെയ്തു. നോഹയുടെ ധൈര്യത്തെക്കുറിച്ചു പരിചിന്തിക്കുക. തന്റെ വിശ്വാസത്താലും തന്റെ കാലത്തെ അപരാധികളിൽനിന്ന് അകന്നു നിന്നുകൊണ്ടും അദ്ദേഹം മുഴുലോകത്തെയും കുററം വിധിച്ചു. (എബ്രാ. 11:7) കഠിനമായ പോരാട്ടം നടത്തുക. കാരണം അതു ശ്രമത്തിനുതക്ക ഫലമുളളതാണ്. സാത്താന്റെ ജനക്കൂട്ടത്തെ പിന്തുടരുന്ന ബലഹീനരും നട്ടെല്ലില്ലാത്തവരും ഭീരുക്കളുമായവരെ അനുകരിക്കരുത്. നേരെ മറിച്ച്, യഹോവയുടെ ദൃഷ്ടിയിൽ പ്രീതി സമ്പാദിക്കുന്നവരുമായുളള സഹവാസം തേടുക. (ഫിലി. 3:17) ദൈവത്തിന്റെ പുതിയലോകത്തിലേക്കു നിങ്ങളോടൊപ്പം മാർച്ചുചെയ്യുന്ന സഹകാരികളെക്കൊണ്ട് ഒരു വലയം സൃഷ്ടിക്കുക. (ഫിലി. 1:27) നിത്യജീവനിലേക്കു നയിക്കുന്ന ഒരൊററ വഴിയേ ഉളളു എന്നു മനസ്സിൽ പിടിക്കുക.—മത്താ. 7:13, 14.
33 യുവാക്കൾ നമ്മുടെ ദൈവത്തിനു സ്തുതിയും മഹത്ത്വവും കരേററുന്നതു കാണുന്നതിൽ നാം സന്തുഷ്ടരാകുന്നുവെങ്കിൽ അതു ദൈവത്തിന് എത്രമാത്രം സന്തുഷ്ടി പകരും! യഹോവയുടെ മഹത്തായ ഉദ്ദേശ്യങ്ങൾ പ്രഖ്യാപിക്കുന്നതിൽ യുവജനങ്ങൾ മുഴു പങ്കു വഹിക്കുന്നതു കാണുന്നതിൽ അവിടുന്നു സന്തുഷ്ടനാകുന്നുവെന്നതിന് ഒരു സംശയവുമില്ല. അവർ യഹോവയിൽനിന്നുളള “ഒരു അവകാശ”മാണ്, അവിടുന്ന് അവർക്ക് ഏററവും ഉത്തമമായതു മാത്രമാണ് ആഗ്രഹിക്കുന്നത്. (സങ്കീ. 127:3-5; 128:3-6) ക്രിസ്തുയേശു തന്റെ പിതാവിന്റെ താത്പര്യത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് കുട്ടികളുമായി സഹവസിക്കുന്നതിൽ വളരെ സന്തുഷ്ടി കണ്ടെത്തുകയും യഹോവാരാധനയ്ക്ക് അവരെ പ്രോത്സാഹിപ്പിക്കുന്നതിന് സമയം കണ്ടെത്തുകയും ചെയ്തു. അവിടുന്ന് അവരോടു കരുണാർദ്രമായ സ്നേഹം പ്രകടിപ്പിച്ചു. (മർക്കൊ. 9:36, 37; 10:13-16) യഹോവയും ക്രിസ്തുയേശുവും വീക്ഷിക്കുന്ന അതേ രീതിയിൽ നിങ്ങളും യുവാക്കളെ വീക്ഷിക്കുന്നുവോ? യുവജനങ്ങളുടെ വിശ്വസ്തതയെയും നല്ല ദൃഷ്ടാന്തത്തെയും യഹോവയും അവിടുത്തെ ദൂതൻമാരും വീക്ഷിക്കുന്നുവെന്നതു സംബന്ധിച്ചു നമ്മുടെ യുവജനങ്ങൾ ബോധവാൻമാരാണോ? ആത്മീയ ലാക്കുകൾക്കായി എത്തിപ്പിടിച്ചുകൊണ്ട് യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നതിന് അവരെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. യുവാക്കളേ, ഇപ്പോഴും ഭാവിയിലും നിങ്ങളുടെ അനുഗ്രഹത്തിൽ കലാശിക്കുന്ന ലാക്കുകൾ പിന്തുടരുക.