ദൈവത്തിന്റെ സ്ഥാപനവുമായി സഹവസിക്കാൻ ബൈബിൾ വിദ്യാർഥികളെ സഹായിക്കൽ
1 യഹോവക്കു തന്റെ ഹിതം അനുപമമായി ചെയ്യുന്നതും ലോകത്തിന്റെ രാഷ്ട്രീയ, മത, വ്യാപാര സ്ഥാപനങ്ങളിൽനിന്നു വിട്ടുനിൽക്കുന്നതുമായ ഒരേ ഒരു സ്ഥാപനമേയുളളു. ഈ സ്ഥാപനം ബൈബിളിന്റെ അറിവു നേടുന്നതിനും ദൈവോദ്ദേശ്യത്തിന്റെ ഉൾക്കാഴ്ച നേടുന്നതിനുമുളള സുപ്രധാന വേല നിർവഹിക്കുന്നതിനുപുറമേ യഹോവയുടെ ഭൗമിക സ്ഥാപനത്തെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നതിന് ഓരോ ബൈബിൾ വിദ്യാർഥിയെയും സഹായിക്കുകയും അതിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നതിനുളള ഉത്തരവാദിത്വവും വഹിക്കുന്നു.
2 എന്നിരുന്നാലും, ക്രിസ്ത്യാനിത്വവുമായി പരിചയമില്ലാത്തവരും ഒരു “സ്ഥാപന”വുമായി, ദൈവത്തിന്റെ സ്ഥാപനവുമായി ബന്ധപ്പെടുമ്പോൾ സാമാന്യം ശക്തമായ സമ്മർദവും ഉത്തരവാദിത്വവും അനുഭവിക്കുന്നവരുമായ ആളുകളെ പഠിപ്പിക്കുന്നത് ഒരു നിസ്സാര സംഗതിയല്ല. അതിനുപുറമേ, അനേകമാളുകൾ യഹോവയുടെ സാക്ഷികളെ മററു ചില പുതിയ മതങ്ങൾക്കു സമാനമായി വീക്ഷിക്കുകയും രക്തം സംബന്ധിച്ച വിവാദവിഷയമുൾപ്പെടെ സാക്ഷികളുടെ തത്ത്വങ്ങളെക്കുറിച്ച് അവർക്കു മുൻവിധി ഉണ്ടായിരിക്കുകയും ചെയ്യുന്നതിനാൽ സ്ഥാപനത്തെക്കുറിച്ചു വിശദീകരിക്കാൻ പ്രയാസമനുഭവിക്കുന്ന പ്രസാധകരുണ്ടായിരിക്കാം. അക്കാരണത്താൽ, സ്ഥാപനത്തെക്കുറിച്ചു ധാരാളം വിശദീകരണം നൽകിയിട്ടും ഫലപ്രദമാകാതിരിക്കുകയും വിദ്യാർഥി യോഗങ്ങൾക്കു ഹാജരാകാതിരിക്കുന്ന അല്ലെങ്കിൽ നടപടി സ്വീകരിക്കാതിരിക്കുന്ന സന്ദർഭങ്ങൾ സംജാതമാകുകയും ചെയ്യുന്നു.
3 വിദ്യാർഥിയുടെ പുരോഗതിയും പശ്ചാത്തലവും പരിഗണിക്കുക: ബൈബിൾ വിദ്യാർഥികളുടെ ഇടയിൽ, ബൈബിളിനെക്കുറിച്ചും ക്രിസ്ത്യാനിത്വത്തെക്കുറിച്ചും അറിയുന്നതിനെക്കാൾ കുട്ടികളെ പരിശീലിപ്പിക്കുന്നതിനെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ചും മനസ്സിലാക്കുന്നതിനുവേണ്ടി ഭവന ബൈബിളധ്യയനത്തിൽ താത്പര്യം കാട്ടിയ അനേകരുണ്ട്. ഇപ്രകാരമുളള വ്യക്തികളുമായി ഇസ്രയേൽ ജനങ്ങളുടെ ചരിത്രം വിശദീകരിച്ചുകൊണ്ടു തുടങ്ങുന്ന യഹോവയുടെ സാക്ഷികൾ-ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നു എന്ന ലഘുപത്രികയുടെ ദ്രുതഗതിയിലുളള ഒരു ചർച്ചനടത്തിക്കൊണ്ട് അവരിൽനിന്നു ഫലം പ്രതീക്ഷിക്കുന്നത് ഉചിതമായിരിക്കില്ല. അങ്ങനെയുളള സാഹചര്യങ്ങളിൽ, മനുഷ്യർക്കു സന്തുഷ്ടമായ കുടുംബം ഉണ്ടായിരിക്കണമെന്ന ഉദ്ദേശ്യത്തിൽ മനുഷ്യവർഗത്തെ സൃഷ്ടിച്ച ദൈവത്തെക്കുറിച്ചും യഹോവ മനുഷ്യവർഗത്തിന് ഒരു “മാർഗദർശക ഗ്രന്ഥ”മായി ബൈബിൾ പ്രദാനം ചെയ്തിരിക്കുന്നതിനെക്കുറിച്ചും വിശദീകരിച്ചുകൊണ്ട് ആദ്യം സമയം ചെലവഴിക്കുന്നതു കൂടുതൽ പ്രയോജനപ്രദമായിരിക്കും. മറിച്ച്, ക്രൈസ്തവലോകത്തിലെ ഒരു സഭയോടു ബന്ധപ്പെട്ടിരിക്കുന്നവരെ, യഹോവയുടെ സാക്ഷികളുടെ സ്ഥാപനത്തെ തങ്ങളുടെ സഭയുമായി താരതമ്യം ചെയ്തുകൊണ്ട് ഏതു സ്ഥാപനമാണ് ഒന്നാം നൂററാണ്ടിലെ ക്രിസ്തീയസഭയോട് ഏററവും കൂടുതൽ സദൃശമായിരിക്കുന്നത് എന്നു നിശ്ചയിക്കാൻ സഹായിക്കാവുന്നതാണ്.
4 അതുകൊണ്ട്, വിദ്യാർഥിയുടെ മതപരമായ പശ്ചാത്തലം പരിഗണിച്ചുകൊണ്ട്, യഹോവയുടെ സാക്ഷികൾ-ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നു എന്ന ലഘുപത്രിക ആരംഭം മുതൽ ഉപയോഗിക്കുന്നതായിരിക്കുമോ അതോ ഭവന ബൈബിളധ്യയനം കുറച്ചുനാൾ തുടർന്നതിനുശേഷം ഉചിതമായ ഒരു സമയത്ത് ഉപയോഗിക്കുന്നതായിരിക്കുമോ ഏറെ പ്രയോജനപ്രദം എന്നു നിർവാഹകനു തീരുമാനിക്കാവുന്നതാണ്.
5 അഥവാ, യഹോവയുടെ സാക്ഷികൾ ഇരുപതാം നൂററാണ്ടിൽ എന്ന ലഘുപത്രികയോ ന്യായവാദം പുസ്തകത്തിൽ “യഹോവയുടെ സാക്ഷികൾ” എന്ന തലക്കെട്ടിൻകീഴിലുളള ഭാഗമോ ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം ലോകവ്യാപകമായ ബൈബിൾ വിദ്യാഭ്യാസ വേലയാണെന്നും അവർ ബൈബിൾ അതിന്റെ മായം കലരാത്ത രൂപത്തിൽ പഠിക്കാൻ ആളുകളെ സഹായിക്കുന്ന ഒരു കൂട്ടമാണെന്നും നിങ്ങളുടെ വിദ്യാർഥിക്ക് ആത്മവിശ്വാസത്തോടെ മററുളളവരോടു പറയാൻ കഴിയുന്നതിനു അയാളെ സഹായിക്കുക.
6 അടുത്തതായി, വ്യത്യസ്ത യോഗങ്ങളുടെയും അസംബ്ലികളുടെയും ഉദ്ദേശ്യവും ഉളളടക്കവും അതിൽ പങ്കുപററുന്നവർക്കു ലഭിക്കുന്ന പ്രയോജനങ്ങളും സംബന്ധിച്ചു വിദ്യാർഥിക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ വിശദീകരിക്കാനാണു നിങ്ങൾ ശ്രമിക്കേണ്ടത്. വിദ്യാർഥി ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ദൈവവചനത്തിൽ അടിസ്ഥാനപ്പെട്ടതാണ്, അത് ലൗകിക ഗ്രന്ഥങ്ങളിൽനിന്നു നേടിയെടുക്കാവുന്നതല്ല. സമാനമായി, യോഗങ്ങൾ ബൈബിളിൽ താത്പര്യമുളളവർക്കായുളള യഹോവയാം ദൈവത്തിന്റെ പ്രത്യേക ബൈബിൾ വിദ്യാഭ്യാസ പരിപാടിയാണ്. അതുകൊണ്ട്, മീററിംഗിനെക്കുറിച്ചുളള ഏതാനും വിവരങ്ങൾ ഒരിക്കൽമാത്രം ചർച്ചചെയ്തുകൊണ്ടു സംതൃപ്തരാകരുത് മറിച്ച്, അതിൽ പങ്കെടുക്കുന്ന ആളുകളെ സംബന്ധിച്ചും യോഗങ്ങളിൽനിന്നു ലഭിക്കുന്ന പ്രയോജനങ്ങളെ സംബന്ധിച്ചുമുളള വ്യത്യസ്തവശങ്ങൾ വിശദീകരിക്കുക. ഇതുവരെ നിങ്ങൾ പഠിച്ചതും അനുഭവിച്ചതുമായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി സജീവമായ ചർച്ചനടത്തുക.
7 ദൃഷ്ടിഗത ആകർഷണം: ലഘുപത്രികകളിലും മാസികകളിലുമുളള ചിത്രങ്ങളിലേക്കു വിദ്യാർഥിയുടെ ശ്രദ്ധ തിരിക്കുകയും നിങ്ങൾ പകരാനാഗ്രഹിക്കുന്ന ആശയങ്ങളെ സംബന്ധിച്ച് ഒരു ആഴമായ മതിപ്പുളവാക്കുകയും ചെയ്യുന്നതിനു ശ്രമിക്കുക. ചിത്രങ്ങൾ കാണുമ്പോൾ വിദ്യാർഥിക്കനുഭവപ്പെടുന്നത് എന്തുതന്നെയായാലും അതു പ്രകടമാക്കാൻ അയാളെ പ്രോത്സാഹിപ്പിക്കുക. ഉത്പാദനക്ഷമതയുളളവരും അനേകം പേരെ യഹോവയുടെ സ്ഥാപനത്തിലേക്കു നയിച്ചിട്ടുളളവരുമായ പ്രസാധകർ തങ്ങൾ ഈ ഉദ്ദേശ്യത്തിൽ ഉണ്ടാക്കിയെടുത്ത ആൽബം ഉപയോഗിച്ചിട്ടുണ്ട്.
8 എത്രയും സാധ്യമായ ഉടനെ യഹോവയുടെ ജനത്തെ വിദ്യാർഥി വ്യക്തിപരമായി കാണുന്നതിനു ക്രമീകരണം ചെയ്യുക. യഹോവയുടെ ജനവുമായി രാജ്യഹാളിലോ അസംബ്ലിഹാളിലോ അയാൾക്കു സമ്പർക്കം ഉണ്ടാകുന്നതിനു ക്രമീകരണം ചെയ്യുകയും യഹോവയുടെ സാക്ഷികൾ വെറും സാധാരണ ആളുകളാണെങ്കിലും ബൈബിളിൽ വിശ്വസിക്കുകയും യഹോവയുടെ വഴികളിൽ വിലമതിപ്പോടെ നടക്കുകയും ചെയ്യുന്നവരാണെന്നു കാണുന്നതിന് അയാളെ സഹായിക്കുകയും ചെയ്യുക. യോഗം നടക്കാത്ത ഒരു സമയത്തു രാജ്യഹാൾ കാണിച്ചിട്ട് എപ്രകാരമുളള സ്ഥലമാണത് എന്നു വിശദീകരിച്ചുകൊടുക്കുന്നതും വളരെ ഫലപ്രദമാണ്. സാധ്യമെങ്കിൽ ബെഥേൽ സന്ദർശിക്കുന്നതിന് അയാളെ പ്രോത്സാഹിപ്പിക്കുക.
9 അതിനുപുറമേ, അധ്യയനത്തിനായി പററിയ കൂട്ടുകാരെ നിങ്ങൾക്കു ക്ഷണിക്കാവുന്നതാണ്, യഹോവയുടെ ജനം അനുഭവിക്കുന്ന സന്തോഷത്തെക്കുറിച്ച് അവർ സംസാരിക്കട്ടെ. ദൃഷ്ടാന്തത്തിന്, യഹോവയുടെ സ്ഥാപനം പ്രദാനം ചെയ്യുന്ന വിദ്യാഭ്യാസപരിപാടി സഹായകരമായിരിക്കുന്നതെങ്ങനെയെന്നു വിശദീകരിക്കാൻ ഒരു യുവ പ്രസാധകനോടു നിങ്ങൾക്ക് ആവശ്യപ്പെടാവുന്നതാണ്. ഒരു ക്രിസ്തീയ ഗൃഹനാഥനോട്, സാക്ഷിയായിത്തീരുന്നതിനു മുമ്പുളള സാഹചര്യത്തിൽനിന്നും സാക്ഷിയായിത്തീർന്നശേഷം ഒരു പിതാവും ഭർത്താവുമെന്ന നിലയിൽ തനിക്ക് എങ്ങനെ മാററം വന്നുവെന്നു വിവരിക്കാൻ നിങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ വിദ്യാർഥിക്ക് യഹോവയുടെ സാക്ഷികളോടും അവരുടെ സ്ഥാപനത്തോടും കൂടുതൽ അടുപ്പം തോന്നാനിടയാകും.
10 മുൻകാലത്തു നടത്തിയിട്ടുളളതുപോലെ, യഹോവയുടെ സ്ഥാപനത്തിന്റെ മൊത്തം കാഴ്ചപ്പാടു ഗ്രഹിക്കുന്നതിനു വിദ്യാർഥിയെ സഹായിക്കാൻ അധ്യയനത്തിനുമുമ്പോ ശേഷമോ 10-15 മിനിററുനേരം ആസ്വാദ്യമായ ചർച്ച നടത്തുക. അതിനുപുറമേ, യഹോവയുടെ സ്ഥാപനം എന്താണെന്നു കാണുന്നതിനും അതിനെക്കുറിച്ചുളള ധാരണ ഉളവാകുന്നതിനും വിദ്യാർഥിയെ സഹായിക്കാൻ യഹോവയുടെ ജനവുമായി സഹവസിക്കുന്നതിനുളള സന്ദർഭങ്ങൾ ക്രമേണ വർധിപ്പിക്കുന്നതിനു വ്യത്യസ്ത അവസരങ്ങൾ ഉപയോഗിക്കുക. നിങ്ങൾ ഇക്കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ യഹോവയുടെ ഭൗമിക സ്ഥാപനത്തെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും വിദ്യാർഥി മനസ്സിലാക്കാനിടയാകുകയും നമ്മോടൊപ്പം ദൈവത്തിന്റെ ഒരു സ്തുതിപാഠകനായിത്തീരുകയും ചെയ്യും.