നിങ്ങളുടെ ബൈബിൾ വിദ്യാർഥിയുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുക
1 നിങ്ങളുടെ ബൈബിൾ വിദ്യാർഥി താൻ പഠിച്ചുകൊണ്ടിരിക്കുന്നതു പ്രവർത്തിച്ചു കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? അദ്ദേഹത്തിനു ലഭ്യമായിക്കൊണ്ടിരിക്കുന്ന അറിവിൽനിന്നു പ്രയോജനം ലഭിക്കണമെങ്കിൽ അദ്ദേഹം അതു ചെയ്തേ പററൂ. നിങ്ങളുടെ ബൈബിൾ വിദ്യാർഥി നടപടിയെടുക്കാൻ പ്രേരിതനാകണമെങ്കിൽ നിങ്ങൾ അദ്ദേഹത്തിന്റെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലണം. പൊ.യു. 33-ലെ പെന്തക്കോസ്തുനാളിൽ അപ്പോസ്തലനായ പത്രോസിന്റെ ഉത്തേജകമായ പ്രസംഗം കേട്ട് ഏതാണ്ടു 3,000 പേർ “ഹൃദയത്തിൽ കുത്തുകൊണ്ടു.” അവർ “വാക്കു ഹൃദയപൂർവം കൈക്കൊണ്ട്” ആ ദിവസം സ്നാപനമേററു. (പ്രവൃത്തികൾ 2:37, 41, NW) നിങ്ങൾക്ക് നിങ്ങളുടെ ബൈബിൾ വിദ്യാർഥിയുടെ ഹൃദയത്തിൽ എങ്ങനെ ഇറങ്ങിച്ചെല്ലാൻ കഴിയും?
2 നന്നായി തയ്യാറാകുക: വിവരങ്ങൾ വിദ്യാർഥിയുമായി ന്യായവാദം ചെയ്യാൻ സമയം ലഭ്യമല്ലാത്ത വിധം ഒത്തിരി കാര്യങ്ങൾ ഉൾപ്പെടുത്താതിരിക്കുക. നിങ്ങൾ പ്രദീപ്തമാക്കാൻ പോകുന്ന പോയിൻറുകൾ മുൻകൂട്ടി തീരുമാനിക്കുക. തിരുവെഴുത്തുകൾ നിങ്ങൾക്ക് അറിയാമെന്നും അവ ഫലപ്രദമാം വിധം പ്രയോഗിക്കാൻ കഴിയുമെന്നും ബോധ്യം വരുത്തുക. വിദ്യാർഥിയുടെ ജീവിത പശ്ചാത്തലം നിമിത്തം അദ്ദേഹത്തിന്റെ മനസ്സിൽ ഏതു ചോദ്യങ്ങൾ ഉയർന്നു വന്നേക്കാമെന്നു മുൻകൂട്ടിക്കാണുക. വിദ്യാർഥി നിങ്ങൾക്കു സുപരിചിതനാണെങ്കിൽ അദ്ദേഹത്തിനു പ്രത്യേകിച്ചു യോജിക്കുന്ന വിവരം തയ്യാറാകുന്നതിന് ഈ പരിചയം നിങ്ങളെ സഹായിക്കും.
3 യേശുവിന്റെ പഠിപ്പിക്കൽ രീതി അനുകരിക്കുക: വിഷമമുളള ആശയങ്ങൾ ലളിതമാക്കുന്നതിനും സന്ദർഭത്തിന്റെ അർഥം മനസ്സിലാക്കുന്നതിനും അതു സംബന്ധിച്ച വികാരം അനുഭവപ്പെടുന്നതിനും വിദ്യാർഥികളെ സഹായിക്കുന്നതിന് യേശു ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചു. (ലൂക്കൊസ് 10:29-37) സമാനമായി, നിങ്ങളുടെ ദൃഷ്ടാന്തങ്ങൾ ലളിതമാക്കിക്കൊണ്ടും അവ ജീവിതത്തിലെ സാധാരണ കാര്യങ്ങളിൽ നിന്ന് എടുത്തുകൊണ്ടും വിദ്യാർഥിയുടെ സാഹചര്യങ്ങൾക്കു ചേരുംവിധം അവ പ്രായോഗികമാക്കിക്കൊണ്ടും നിങ്ങൾക്കു നല്ല പഠിപ്പിക്കലുകൾ നിങ്ങളുടെ ബൈബിൾ വിദ്യാർഥിയുടെ ഹൃദയത്തിൽ പതിപ്പിക്കാൻ കഴിയും.
4 യേശു മിക്കപ്പോഴും പഠിപ്പിച്ചതുപോലെ ബൈബിൾ വിദ്യാർഥികളുടെ ഹൃദയങ്ങളിൽ എത്തിച്ചേരുന്നതിനു ചോദ്യങ്ങൾ വിശേഷാൽ സഹായകമാണ്. (ലൂക്കൊസ് 10:36) എന്നാൽ വിദ്യാർഥി ഉത്തരം പുസ്തകത്തിൽ നിന്നു വെറുതെ വായിച്ചതു കൊണ്ടു തൃപ്തിയടയരുത്. ഇതിനു മുമ്പു പരിചിന്തിച്ചിരിക്കാൻ സാധ്യതയില്ലാത്ത ഒരു നിഗമനത്തിലേക്ക് അദ്ദേഹത്തിന്റെ മനസ്സു തിരിച്ചുവിടുന്നതിന് മാർഗനിർദേശക ചോദ്യങ്ങൾ ഉപയോഗിക്കുക. ഈ നടപടി ചിന്താപ്രാപ്തി വികസിപ്പിച്ചെടുക്കുന്നതിനു വിദ്യാർഥിയെ സഹായിക്കുകയും ചെയ്യുന്നു. ഒരു കാര്യം സംബന്ധിച്ച് അദ്ദേഹം വ്യക്തിപരമായി എന്താണു വിശ്വസിക്കുന്നത് എന്നു കണ്ടുപിടിക്കാൻ വീക്ഷണ ചോദ്യങ്ങൾ ചോദിക്കുക. അപ്പോൾ, സഹായം ആവശ്യമായിരിക്കുന്ന മണ്ഡലങ്ങൾ വിവേചിച്ചറിയാനും കൂടുതൽ സവിശേഷമായ സഹായവുമായി നിങ്ങൾക്ക് അവരെ പിന്തുടരാനും കഴിഞ്ഞേക്കാം.
5 ഒരു ബൈബിൾ വിദ്യാർഥി പുരോഗതി പ്രാപിക്കുന്നില്ലെങ്കിൽ നിങ്ങൾ അതിന്റെ കാരണങ്ങൾ വെളിച്ചത്തു കൊണ്ടുവരേണ്ടതുണ്ട്. അതിന് അധ്യയനസമയമല്ലാത്ത മറെറാരു സമയത്ത് ഒരു സന്ദർശനം നടത്തേണ്ടതുണ്ടായിരിക്കാം. അദ്ദേഹം നടപടി എടുക്കാൻ മടിക്കുന്നതെന്തുകൊണ്ട്? അദ്ദേഹത്തിനു മനസ്സിലാകാത്ത ചില തിരുവെഴുത്താശയങ്ങൾ ഉണ്ടോ? തന്റെ ജീവിത രീതിയിൽ ചില പൊരുത്തപ്പെടുത്തലുകൾ വരുത്താൻ അദ്ദേഹം ഇഷ്ടമില്ലാത്തവനാണോ? ഒരു ബൈബിൾ വിദ്യാർഥി ‘രണ്ടു തോണിയിൽ കാൽ ചവിട്ടാ’ൻ ശ്രമിക്കുകയാണെങ്കിൽ അങ്ങനെ ചെയ്യുന്നതിലെ അപകടം തിരിച്ചറിയാൻ അദ്ദേഹത്തെ സഹായിക്കുക.—1 രാജാ. 18:21.
6 താത്പര്യമുളള വ്യക്തികളെ ബൈബിൾ സത്യങ്ങൾ പഠിപ്പിക്കുന്നത് ജീവരക്ഷാകരമായ ഒരു വേലയാണെന്ന് അപ്പോസ്തലനായ പൗലോസ് തിരിച്ചറിഞ്ഞു. അതുകൊണ്ട് അദ്ദേഹം എല്ലാ ക്രിസ്ത്യാനികളെയും ‘തങ്ങളുടെ പഠിപ്പിക്കലിന് സ്ഥിരമായ ശ്രദ്ധകൊടുക്കാൻ’ ബുദ്ധ്യുപദേശിച്ചു. (1 തിമോ. 4:16, NW) നിങ്ങൾ ബൈബിളധ്യയനം നടത്തുന്നവർ ബൈബിളിനെക്കുറിച്ചും ലോകസംഭവങ്ങളെക്കുറിച്ചും ഉളള വെറും യാഥാർഥ്യങ്ങൾ ഉൾക്കൊളളുന്നതിനെക്കാളധികം ചെയ്യേണ്ടതുണ്ട്. യഹോവയെയും യേശുവിനെയും കുറിച്ച് കൃത്യമായ പരിജ്ഞാനം നേടുന്നതോടൊപ്പം അവരുമായി ഒരു ഊഷ്മള വ്യക്തിബന്ധം വികസിപ്പിച്ചെടുക്കാനും വിദ്യാർഥികളെ സഹായിക്കണം. അങ്ങനെ ചെയ്യുന്നതിനാൽ മാത്രമേ അവർ തങ്ങളുടെ വിശ്വാസം പ്രവൃത്തികളാൽ പ്രകടിപ്പിക്കാൻ പ്രചോദിതരാകുകയുളളൂ. (യാക്കോ. 2:17, 21, 22) വിദ്യാർഥിയുടെ ഹൃദയത്തിലെത്തിച്ചേരുമ്പോൾ യഹോവക്കു ബഹുമതി കൈവരുത്തുന്നതും തന്റെ സ്വന്തം ജീവിതത്തെ കാത്തുസൂക്ഷിക്കുന്നതുമായ ഗതി പിന്തുടരാൻ അദ്ദേഹം പ്രേരിതനാകും.—സദൃ. 2:20-22.