തുടർച്ചയായ വികസനം രാജ്യഹാളുകളുടെ ആവശ്യം വർധിപ്പിക്കുന്നു
1 “സകല ജാതികളുടെയും മനോഹരവസ്തു വരു”മെന്ന് വളരെ നാളുകൾക്കു മുമ്പ് യഹോവയുടെ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞു. (ഹഗ്ഗാ. 2:7) സത്യം പഠിക്കുന്നതിനും യഹോവയുടെ ആരാധകരായിത്തീരുന്നതിനും ദിവ്യബോധനം അനേകരെയും എങ്ങനെ പ്രാപ്തരാക്കുന്നു എന്നതിന്റെ തെളിവുകൾ നാം തീർച്ചയായും കാണുന്നു. 1994 സേവന വർഷത്തിൽ ഇന്ത്യയിൽ മാത്രമായി 1,312 പേർ സ്നാപനമേററു എന്നു കാണുന്നത് എത്ര പുളകപ്രദമാണ്! ഈ പുതിയവരെയെല്ലാം സഹായിച്ചുകൊണ്ടിരിക്കുന്നതിനു നാം ‘നമ്മുടെ വഴികളെ വിചാരിച്ചു നോക്കി’ കഴിവിന്റെ പരമാവധി ദൈവസേവനത്തെ പിന്തുണയ്ക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. (താരതമ്യം ചെയ്യുക: ഹഗ്ഗായി 1:5) അതേ, യഹോവയുടെ പുതിയ സ്തുതിപാഠകരുടെ സമൂഹത്തിന് ആരാധനയ്ക്കുളള ഉചിതമായ സ്ഥാനങ്ങൾ പ്രദാനംചെയ്യാൻ സഹായിക്കുന്നത് നാം ദൈവവേലയെ പിന്തുണയ്ക്കുന്നതിന്റെ ഒരു സുപ്രധാന ഭാഗമായി തുടരുന്നു.
2 1994-ൽ പുതിയ ഏതാനും രാജ്യഹാളുകൾ സമർപ്പിക്കപ്പെട്ടു, വേറെ അനേകം നിർമാണത്തിലുമാണ്. യഹോവയുടെ വേല തീർച്ചയായും “കുന്നുകൾക്കു മീതെ” ഉന്നതമായിരിക്കയാണ്. (യെശ. 2:2) 52 സഭകൾക്കു പുതിയ രാജ്യഹാളുകളുണ്ടായിരിക്കാനുളള സൗകര്യം സൊസൈററി ഉണ്ടാക്കിക്കൊടുത്തു. സഭകൾക്കു കൊടുത്തിരുന്ന സാമ്പത്തിക സഹായം തിരിച്ചടച്ചുകൊണ്ടിരിക്കുന്നതിനാൽ പുതിയ രാജ്യഹാളുകൾ പണിയുന്നതിനു കൂടുതൽ സഭകൾക്കു സഹായം നൽകിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട്, രാജ്യഹാളിനു സാമ്പത്തിക സഹായം ലഭിച്ചിട്ടുളള സഭകൾ ഓരോ മാസത്തിന്റെയും ആരംഭത്തിൽ വിശ്വസ്തതയോടെ കൃത്യമായി പണം തിരിച്ചടച്ചുകൊണ്ട് തങ്ങളുടെ വിലമതിപ്പു പ്രകടമാക്കുന്നു. സമർപ്പണം കഴിഞ്ഞ ചില രാജ്യഹാളുകളുടെ നിർമാണച്ചെലവു സഭ തനിയെ വഹിച്ചുവെന്നതാണ് ഏററവും പ്രോത്സാഹജനകമായ മറെറാരു സംഗതി. ഈ സഭകളിൽ ചിലതു സാമ്പത്തികമായി സമ്പന്നമല്ല, എന്നാൽ തങ്ങളുടെ പ്രദേശത്തു സത്യാരാധന ഉന്നതമാക്കപ്പെടുന്നതു കാണാൻ അവർ നിശ്ചയദാർഢ്യമുളളവരായിരുന്നു എന്നത് ശ്രദ്ധേയമാണ്.
3 പ്രേക്ഷകരിൽ മതിപ്പുളവായി: രാജ്യഹാളുകളുടെ നിർമാണ പദ്ധതിയിൽ ഏർപ്പെട്ടിരുന്ന സഹോദരങ്ങളുടെമേലുളള യഹോവയുടെ പരിശുദ്ധാത്മാവിന്റെ സ്പഷ്ടമായ പ്രവർത്തനം മററുളളവർക്ക് ഒരു സാക്ഷ്യമായി ഉതകി. ജോഹാനസ്ബർഗിലുളള വോസ്ലൂറസിൽ ശീഘ്രനിർമിത രാജ്യഹാളിന്റെ നിർമാണം ലോകക്കാരനായ ഒരു വ്യക്തിയിൽ വളരെയധികം മതിപ്പുളവാക്കി. തൻമൂലം, അവർ പ്രദേശത്തെ റേഡിയോ സ്റേറഷനിലേക്കു വിളിച്ച് രാജ്യത്തിലെ കലാപങ്ങൾക്കിടയിലും യഹോവയുടെ സാക്ഷികൾ കൈവരിച്ച നേട്ടത്തെക്കുറിച്ചു പുകഴ്ത്തി പറയുകയുണ്ടായി. മറെറാരു സന്ദർഭത്തിൽ വടക്കൻ ട്രാൻസ്വാളിൽനിന്നുളള മൂപ്പൻമാരുടെ ഒരു സംഘം ഇങ്ങനെ എഴുതുകയുണ്ടായി: “ഈ ഹാളിന്റെ നിർമാണം പ്രേക്ഷകരിൽ നേരിട്ടു സ്വാധീനം ചെലുത്തി. സംഭവിക്കുന്നതു വാസ്തവമാണോ എന്നു തങ്ങളുടെ കണ്ണുകൾക്ക് ഉറപ്പുവരുത്തുന്നതിനുവേണ്ടി യാത്രക്കാർ ബസ്സുകളും ടാക്സികളും കാറുകളും നിർത്തുമായിരുന്നു. ഒരു വ്യാപാരി ഇപ്രകാരം അഭിപ്രായം പറഞ്ഞു: ‘മാന്യൻമാരേ, നിങ്ങളിപ്പോൾ പ്രകടിപ്പിക്കുന്നത് ഞാൻ ബൈബിളിൽ വായിച്ചിട്ടുളള സ്നേഹവും ഐക്യവുമാണ്. നിങ്ങളുടെ വിഭാഗം മാത്രമാണ് സത്യക്രിസ്ത്യാനിത്വം പ്രതിഫലിപ്പിക്കുന്നത്.’ . . ഗ്രാമ മുഖ്യൻ ഇങ്ങനെ പറഞ്ഞു: ‘ഈ വേല പൂർത്തിയാക്കുന്നതിന്റെ പിന്നിലെ മനോഭാവത്തെ ഞാൻ വിലമതിക്കുന്നു. . . . രാഷ്ട്രീയക്കാർ നിങ്ങളെപ്പോലെ പ്രവർത്തിക്കുകയായിരുന്നെങ്കിൽ നാം ഇന്നു കാണുന്ന കൊല്ലും കൊലയുമൊന്നും ഉണ്ടായിരിക്കുകയില്ലായിരുന്നുവെന്നതു തീർച്ചയാണ്. അതുകൊണ്ട്, നിങ്ങളുടെ മതപ്രവർത്തനങ്ങൾക്കും നിങ്ങൾക്ക് ഉചിതമായ സമയത്തു യോഗങ്ങൾ നടത്താനും അനുവാദം ഉണ്ടായിരിക്കുമെന്ന് ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നു. യാതൊരു നിബന്ധനയും ഉണ്ടായിരിക്കുന്നതല്ല.’”
4 “വ്യത്യസ്ത വർഗത്തിൽപ്പെട്ട 300 സന്നദ്ധസേവകർ മ്ലൂസിയിൽ ശ്രദ്ധേയമായ ഒരു നിർമാണ പ്രവർത്തനത്തിൽ പങ്കെടുക്കുന്നതു കണ്ടപ്പോൾ ‘അവിശ്വസനീയം!’ എന്നാണ് ഒരു നിരീക്ഷകൻ അഭിപ്രായപ്പെട്ടത്” എന്ന് പ്രദേശത്തെ ഒരു വാർത്താപത്രം റിപ്പോർട്ടു ചെയ്യുകയുണ്ടായി. മറെറാരു സ്ഥലത്തുനിന്നു സഭാ സേവനക്കമ്മിററി പിൻവരുന്ന വിധം എഴുതി: “രണ്ടു ദിവസം കൊണ്ടു രാജ്യഹാൾ നിർമിച്ചതു കണ്ടു പ്രദേശത്തുളള ജനങ്ങൾ അത്ഭുതസ്തബ്ധരായി. ഞങ്ങൾ ഉപയോഗിച്ചിരുന്ന ഇഷ്ടിക യഥാർഥ ഇഷ്ടികയാണോ എന്നു തൊട്ടുനോക്കുന്നതിന് അവർ ചുററും നടന്നു പരിശോധിക്കുകയുണ്ടായി. തങ്ങൾ കണ്ടകാര്യങ്ങളുടെ ഫലമായി ചിലയാളുകൾ ബൈബിളധ്യയനം ആവശ്യപ്പെടുകയുണ്ടായി.”
5 കൂടുതൽ സന്നദ്ധസേവകർ ആവശ്യമായിരിക്കുന്നു: പുതിയതോ കേടുപാടുകൾ തീർക്കുന്നതോ ആയ രാജ്യഹാളിനുവേണ്ടി സഭയിൽത്തന്നെയുളള വിദഗ്ദ്ധരെ ഉപയോഗിക്കാൻ നിർമാണ കമ്മിററികൾ ശ്രമിക്കുന്നു. ഏർപ്പെട്ടിരിക്കുന്ന ഉദ്യമങ്ങൾ നടത്തുന്നതിനായി കമ്മിററി പ്രാദേശിക മൂപ്പൻമാർക്കും ശുശ്രൂഷാദാസൻമാർക്കും പരിശീലനം നൽകുന്നതിന് അവരോടൊപ്പം വേലചെയ്യുന്നു. രാജ്യഹാളിന്റെ നിർമാണത്തിന് ഉപയോഗപ്രദമായ സിദ്ധികൾ വളർത്തിയെടുത്തശേഷം ആത്മീയമായി പക്വതയുളള ഈ സഹോദരങ്ങൾക്ക് ആ പ്രദേശത്തു പട്ടികപ്പെടുത്തിയിരിക്കുന്ന രാജ്യഹാളുകളുടെ നിർമാണ പദ്ധതിക്കു സഹായം നൽകാൻ കഴിയും. തൻമൂലം, രാജ്യഹാൾ നിർമാണ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന സഭകളുമായി ബന്ധപ്പെട്ടവർ മനസ്സൊരുക്കത്തിന്റെയും സഹകരണ മനോഭാവത്തിന്റെയും ആത്മാവു പ്രദർശിപ്പിക്കേണ്ടതിന്റെ ആവശ്യമുണ്ട്. നിർമാണ കമ്മിററിയും അതുമായി ബന്ധപ്പെട്ടവരും തങ്ങളുടെ രാജ്യഹാളിന്റെ എല്ലാ വേലയ്ക്കുംവേണ്ടി പ്രവർത്തിക്കുമെന്നു പ്രതീക്ഷിക്കുന്നില്ല. (നെഹെ. 4:6ബി) പരിശീലനം ലഭിച്ചശേഷം, പുതിയ രാജ്യഹാളോ മെച്ചപ്പെട്ട സൗകര്യങ്ങളോ അടിയന്തിരമായി ആവശ്യമുളള മററു സഭകൾക്കുവേണ്ടി രാജ്യഹാളുകൾ നിർമിക്കാൻ സഹായം നൽകാൻ തക്കവണ്ണം സ്നേഹം സഹോദരങ്ങൾക്കു പ്രചോദനമേകണം. (നെഹെ. 5:19; ഫിലി. 2:3, 4) ഉചിതമായ സിദ്ധികളും സഭയിൽ നല്ല നിലയുമുളള സ്നാപനമേററ പ്രസാധകർ വിപുലമായ ഈ വേലയിൽ സഹായിക്കുന്നതിനു സന്നദ്ധത കാണിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ്.
6 സന്നദ്ധസഹായം വിലമതിക്കപ്പെടുന്നു: ഒരു രാജ്യഹാളിന്റെ നിർമാണ പ്രവർത്തനം പൂർത്തിയാക്കുക എന്നത് എത്ര ഭാരിച്ച ഉദ്യമമാണെന്ന് അതിൽ ഏർപ്പെടാതെ ആർക്കുംതന്നെ തിരിച്ചറിയാനാവില്ല. ഒരു രാജ്യഹാൾ നിർമാണ പദ്ധതി പൂർത്തിയായശേഷം മൂപ്പൻമാർ ഇങ്ങനെ എഴുതി: “നിർമാണ കമ്മിററിയിലുളള സഹോദരങ്ങളുടെ ക്ഷമാപുരസ്സരമായ മാർഗനിർദേശം കൈപ്പററിയത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ അനുഗ്രഹമായിരുന്നു. . . നിർമാണപ്രവർത്തനത്തിലുടനീളം സഹോദരങ്ങൾ ദൂര സ്ഥലങ്ങളിൽനിന്നു യാത്രചെയ്യുകയും ദീർഘ സമയം ചെലവഴിക്കുകയും സ്വന്തം ഉപകരണസാമഗ്രികൾ ഉപയോഗിക്കുകയും വസ്തുവകകൾ സംഭാവനചെയ്യുകയും ചെയ്ത അസംഖ്യം അവസരങ്ങൾ ഉണ്ട്. ഇതെല്ലാം ഞങ്ങളുടെ പുതിയ രാജ്യഹാളിന്റെ നിർമാണത്തിനുവേണ്ടിയായിരുന്നു. സഹോദരങ്ങളുടെ ഉദാരമനസ്ഥിതി അവർക്കു ‘സഹോദരവർഗത്തോടു സ്നേഹമുണ്ട്’ എന്നതിന്റെ മഹത്തായ ഒരു പ്രകടനമായിരുന്നു. അതു ഞങ്ങൾക്ക് എത്ര പ്രോത്സാഹജനകമായിരിക്കുന്നു!—1 പത്രൊ. 2:17.”
7 സഹോദരങ്ങളുടെ മനസ്സൊരുക്കവും തീക്ഷ്ണതയും വ്യക്തമാണ്. അതേക്കുറിച്ച് ഒരു സഭ എഴുതി: “നിരീക്ഷകരെ എല്ലാവരെയും അത്ഭുതപ്പെടുത്താൻപോന്നവിധം കഠിനവേലചെയ്ത മനസ്സൊരുക്കമുളള സഹോദരീസഹോദരൻമാർക്കു നന്ദി.” “ഇതാ, സഹോദരൻമാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!” എന്ന സങ്കീർത്തനം 133:1, 3-ലെ വാക്കുകൾ തികച്ചും വാസ്തവമാണ്. അയൽപക്കത്തുളള സഭയെ രാജ്യഹാൾ നിർമാണത്തിൽ സഹായിക്കാൻ ചില രാജ്യഹാൾ നിർമാണ പ്രവർത്തകർ ജോലിയിൽനിന്ന് അവധി എടുക്കുന്നു. അതിനു പകരമായി ആതിഥേയ സഭ നിർമാണ പദ്ധതിക്കു പൂർണമായ പിന്തുണ നൽകിക്കൊണ്ട് ആത്മാർഥമായ വിലമതിപ്പു പ്രകടമാക്കുന്നു. ഒരു കമ്മിററിയോടൊപ്പം പ്രവർത്തിക്കുന്ന ഒരു മൂപ്പൻ തന്റെ സഹോദരങ്ങളെ സേവിക്കുന്നത് എന്തോരു പദവിയാണെന്നു പ്രകടമാക്കി. “യഹോവക്കുളള തങ്ങളുടെ സമർപ്പണം നിർവഹിക്കുന്നതിനു തങ്ങളെ സഹായിക്കാൻ നൂറുകണക്കിനു കിലോമീറററുകൾ യാത്രചെയ്തു വരുന്ന സഹോദരങ്ങളെപ്രതി സഭകൾ വളരെ പ്രോത്സാഹിതരാണ്. . . തീർച്ചയായും നാം സ്നേഹപുരസ്സരമായ ഒരു സഹോദരവർഗത്തിനു രൂപംനൽകുന്നു!” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു സഹോദരി തന്റെ വികാരങ്ങൾ ഇങ്ങനെ പ്രകടമാക്കി: “രാജ്യഹാൾ നിർമാണ സ്ഥലത്ത് എനിക്കനുഭവപ്പെടുന്ന സന്തോഷംമൂലം നന്ദി രേഖപ്പെടുത്താതിരിക്കാൻ എനിക്കാവുന്നില്ല. ഇത് ഞാൻ പങ്കുപററിയ മൂന്നാമത്തെ നിർമാണമാണ്.”
8 തങ്ങളുടെ പദ്ധതിയുടെ അവസാനത്തിൽ ഒരു സഭ തങ്ങളുടെ പ്രാദേശിക നിർമാണ കമ്മിററിക്ക് (വലിയ ബ്രാഞ്ചുകളിൽ വർധിച്ചുവരുന്ന രാജ്യഹാൾ നിർമാണത്തിൽ സഹായിക്കുന്നതിന് പ്രാദേശിക നിർമാണ കമ്മിററികൾ രൂപീകരിക്കുന്നു. എന്നിരുന്നാലും, അത്തരം കമ്മിററികൾ ഇന്ത്യയിൽ ഇതുവരെ രൂപീകരിച്ചിട്ടില്ല) അയച്ച ഒരു കത്തിൽ ഇങ്ങനെ എഴുതി: “നിങ്ങൾക്കു വളരെയധികം നന്ദി രേഖപ്പെടുത്താനാണു ഞങ്ങൾ ഇത് എഴുതുന്നത്! ഞങ്ങൾക്കുവേണ്ടി ഒരു ഹാൾ നിർമിക്കുന്നതിനു നിങ്ങൾ സഭായോഗങ്ങളും ഉറക്കവും കുടുംബങ്ങളോടൊപ്പമായിരിക്കുന്നതിലെ ആനന്ദവും വിനോദവും വയൽസേവനവും അങ്ങനെ ഒത്തിരിയെല്ലാം നഷ്ടപ്പെടുത്തി. നിങ്ങൾ ഞങ്ങൾക്കുവേണ്ടി ചെയ്തതൊന്നും ഞങ്ങൾ അർഹിക്കുന്നതല്ല. സഹോദരൻമാരേ, നിങ്ങളെപ്പോലുളള സമർപ്പിത പുരുഷൻമാരുമായി സഹവസിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനവും മതിപ്പും തോന്നുന്നു. കാററും ചൂടും തണുപ്പും സഹിച്ച് സദാ പുഞ്ചിരിതൂകുന്ന മുഖവുമായി നിങ്ങളോടൊപ്പം അവിശ്രമം പ്രവർത്തിച്ച നിങ്ങളുടെ കുടുംബാംഗങ്ങൾക്കും നന്ദിപറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾക്കു വീണ്ടും നന്ദി. ‘യഹോവ നിങ്ങളെ നൻമെക്കായിട്ട് ഓർക്കുമാറാകട്ടെ.’—നെഹെ. 13:31.”
9 രാജ്യഹാളിന്റെ സുരക്ഷിതത്വം: രാജ്യഹാളുകളിൽ മോഷണത്തിൽ ക്രമാനുഗതമായി വർധനവുണ്ടായിട്ടുണ്ട്. മിക്കപ്പോഴും ഉച്ചഭാഷിണിസംവിധാനങ്ങളാണു മോഷ്ടിക്കപ്പെടുന്നത്. ഈ പ്രശ്നം ഒരു പരിധിവരെ കുറയ്ക്കുന്നതിനു പിൻവരുന്ന നിർദേശങ്ങൾ സഹായമേകും: (1) വിലകൂടിയ എല്ലാ ഉച്ചഭാഷിണിസംവിധാനങ്ങളും ഉറപ്പുളള ഒരു സ്ററീൽ പെട്ടിയിൽ വയ്ക്കുകയും (വിലയ്ക്കു വാങ്ങാൻ കിട്ടും) ഉപകരണങ്ങൾ സുരക്ഷിതമായി വയ്ക്കുന്നതിന് ഉറപ്പുളള താഴ് ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക; (2) പെട്ടി കഴിയുന്നിടത്തോളം കാണാൻ വയ്യാത്തിടത്ത് സ്ഥാപിക്കുകയും തറയോടോ ഭിത്തിയോടോ ചേർത്ത് അതു ബോൾട്ടിട്ട് ഉറപ്പിക്കുകയും ചെയ്യുക; (3) എല്ലാ ഉപകരണത്തിൻമേലും സഭയുടെ പേരു കുത്തുക, അങ്ങനെ പൊലീസിന് തിരിച്ചറിയുന്നതിനും മോഷ്ടിക്കപ്പെട്ട ഇനങ്ങൾ തിരിച്ചേൽപ്പിക്കുന്നതിനും അത് എളുപ്പമാക്കിത്തീർക്കും.
10 സുരക്ഷിതത്വത്തിനുവേണ്ടി ചില സഭകൾ രാജ്യഹാളിനോടു ചേർത്ത് ഒരു ഫ്ളാററും ഉണ്ടാക്കിയിരിക്കുന്നു. അത്തരം സന്ദർഭങ്ങളിൽ സഭയ്ക്കു ടെലഫോണുണ്ടായിരിക്കുന്നതിനും അത് സഭയുടെ പേരിൽ രജിസ്ററർ ചെയ്യുന്നതിനും ഞങ്ങൾ ശുപാർശചെയ്യുന്നു. തൻമൂലം, സംരക്ഷകന് അടിയന്തിര സാഹചര്യങ്ങളിൽ സഹായം തേടുന്നതിനു കഴിയും. തന്റെ വ്യക്തിപരമായ ആവശ്യത്തിനു ഫോൺ വിളിക്കുമ്പോൾ അതിന്റെ തുക നൽകുകയെന്നത് സംരക്ഷകന്റെ ഉത്തരവാദിത്വമാണ്. അതിനുപുറമേ, മൂപ്പൻമാരുടെ സംഘം വാടക, താമസത്തിനുളള കാലാവധി, ചുമതലകൾ, താമസം അവസാനിപ്പിക്കുന്നതിനുളള നോട്ടീസ് എന്നിവ സൂചിപ്പിച്ചുകൊണ്ടു സംരക്ഷകനിൽനിന്നു സമ്മതപത്രം വാങ്ങേണ്ടത് ആവശ്യമാണ്.
11 സാമ്പത്തിക സംഭാവനകൾ സഹായകമായി തുടരുന്നു: സൊസൈററിക്കു നൽകുന്ന ഉദാരമായ സംഭാവനകൾ കഴിഞ്ഞകാലങ്ങളിൽ സഭകളെ സഹായിക്കാൻ ഉതകിയിട്ടുണ്ട്, ഭാവിയിലും അങ്ങനെതന്നെ തുടരും. യഹോവയാം ദൈവംതന്നെ നിസ്വാർഥ ദാനം നൽകുന്നതിൽ നേതൃത്വം വഹിക്കുന്നില്ലേ? (യാക്കോ. 1:17) നമ്മുടെ പ്രാപ്തികളും നൽകാനുളള അവസരങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നതു ശരിയാണെങ്കിലും വ്യക്തിപരമായ ചെലവുകൾ ക്രമീകരിച്ചുകൊണ്ടു കെട്ടിടനിർമാണ വേലയെ പിന്തുണയ്ക്കുന്നതിൽ നമുക്കു പൂർണ പങ്കുണ്ടായിരിക്കാൻ കഴിയും. അത്തരം ഉദാരത തീർച്ചയായും യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുകയും നമ്മുടെ സഹോദരങ്ങൾക്കു വലിയ പ്രോത്സാഹനമായിത്തീരുകയും ചെയ്യും.
12 “ഒരു മഹാപുരുഷാരം” വർധിച്ച അളവിൽ ഇന്ന് രാജ്യസന്ദേശത്തോടു പ്രതികരിക്കുന്നു. “മനോഹരവസ്തു”ക്കൾ യഹോവയുടെ ആത്മീയ ആലയത്തിലേക്ക് ഒഴുകുകയും അവൻ തന്റെ ‘ആലയത്തെ മഹത്വപൂർണമാക്കു’കയുമാണ്. (വെളി. 7:9; ഹഗ്ഗാ. 2:7) ഹഗ്ഗായിയുടെ നാളിലെ വിശ്വസ്ത യഹൂദൻമാരെപ്പോലെ, കൂടുതലായ രാജ്യഹാളുകളുടെ അടിയന്തിര ആവശ്യങ്ങളെ പൂർണമായി പിന്തുണച്ചുകൊണ്ടു നാം നമ്മുടെ ഹൃദയം ദൈവവേലയിൽ കേന്ദ്രീകരിക്കുമാറാകട്ടെ. സമീപകാലത്ത് അനേകം നല്ല രാജ്യഹാളുകൾ പണിതിട്ടുണ്ടെന്നു വരികിലും വർധനവു ദ്രുതഗതിയിൽ തുടരുകയാണ്. മാത്രവുമല്ല, അനേകം സഭകളും അഭികാമ്യമല്ലാത്ത ചുററുപാടിലാണ് ഇപ്പോഴും യോഗംകൂടുന്നത്. ദൈവവേലക്കു നമ്മുടെ കഴിവിന്റെ പരമാവധി പിന്തുണ കൊടുക്കുന്നതിൽ തുടരുന്നത് അവൻ നമ്മെ ഏൽപ്പിച്ചിരിക്കുന്ന വേലയിൽ പങ്കുപററുന്നതിനുളള ഒരു മികച്ച മാർഗമാണ്.
[6-ാം പേജിലെ ചതുരം]
ഒരു രാജ്യഹാൾ ഉണ്ടാക്കിയെടുക്കാനുളള വിധം
പിൻവരുന്ന പ്രാഥമിക നടപടിക്രമങ്ങൾ പടിപടിയായി പിൻപററുക:
നിങ്ങളുടെ സർക്കിട്ട് മേൽവിചാരകനുമായി സന്ധിക്കുക
പദ്ധതി സംബന്ധിച്ചുളള പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുക
ഒരു ട്രസ്ററു രൂപീകരിക്കുക
ഒരു ട്രസ്ററു രൂപീകരിച്ചുകൊണ്ട് ഒരു പ്രമേയത്തിലൂടെ ട്രസ്ററിമാരുടെ ഒരു സംഘത്തെ നിയോഗിക്കുക. ഒരു ഘടനാരീതിയുടെ മാതൃക അയച്ചുതരാൻ സൊസൈററിക്ക് എഴുതുക. സൊസൈററിയിൽനിന്നു ഫാറം ആവശ്യപ്പെടുക. നിയമപരമായ അധികാരികളുമായി ട്രസ്ററ് രജിസ്ററർ ചെയ്യുക. നിർമാണ ഫണ്ടിനുവേണ്ടി ട്രസ്ററിന്റെ പേരിൽ ഒരു ബാങ്ക് അക്കൗണ്ടു തുടങ്ങുക.
നിർമാണ കമ്മിററിയെ നിയോഗിക്കുക
വ്യാപാര/കെട്ടിടനിർമാണ രംഗത്ത് അനുഭവപരിചയമുളള രണ്ടോ മൂന്നോ മൂപ്പൻമാരടങ്ങുന്ന ഒരു നിർമാണ കമ്മിററി രൂപീകരിക്കുക.
മിക്ക പ്രസാധകർക്കും സൗകര്യപ്രദമായ സ്ഥലം(സ്ഥലങ്ങൾ) കണ്ടെത്തുക
നിരപ്പായ ഒരു സ്ഥലമായിരിക്കും ഏറെ നല്ലത്; മതപരമായ മേഖലയായിരിക്കണം; കളിമണ്ണ്, പാറ, ശബ്ദമുഖരിത പ്രദേശം എന്നിവ ഒഴിവാക്കുക.
നിങ്ങളുടെ ട്രസ്ററിന്റെ പേരിൽ സ്ഥലം വാങ്ങി രജിസ്ററർ ചെയ്യുക
ഉദാഹരണം: യഹോവയുടെ സാക്ഷികളുടെ ട്രസ്ററിന്റെ പുതിയ ലോക സഭ. സൊസൈററിയുടെ പേരിൽ രജിസ്ററർ ചെയ്യരുത്.
സ്ഥലത്തിന്റെ രേഖയുടെ (അഥവാ ആധാരത്തിന്റെ) ഒരു പ്രതി സൊസൈററിക്ക് അയച്ചുകൊടുക്കുക.
ഫണ്ടിൽ ലഭ്യമായ തുക എത്രയെന്നു തീർച്ചപ്പെടുത്തുക
നിങ്ങൾക്കു നിർമാണ പ്രവർത്തനത്തിനുവേണ്ടി മാത്രം സാമ്പത്തിക സഹായം ആവശ്യമെങ്കിൽ സൊസൈററിക്ക് എഴുതുക.
സ്ഥലത്ത് ഏതൊരു പണിയും തുടങ്ങുന്നതിനുമുമ്പ് ഇൻഷ്വറൻസു നേടുക
ഇൻഷ്വറൻസിനെക്കുറിച്ചു സൊസൈററിക്ക് എഴുതുക.
സൊസൈററിയുമായി ആലോചിക്കുക
നിങ്ങൾക്കു കൈകാര്യം ചെയ്യാൻ കഴിയാത്ത പ്രശ്നങ്ങൾ ഉയർന്നുവരുന്നെങ്കിൽ സൊസൈററിയുമായി ആലോചിക്കുക.