നിങ്ങളുടെ സഭയുടെ പരസ്യയോഗ പരിപാടിയെ പൂർണമായി പിന്തുണയ്ക്കുക
1 കുറെ വർഷങ്ങൾക്കു മുമ്പ് ഒരു ചെറുപ്പക്കാരൻ പ്രാദേശിക സഭയുടെ യോഗങ്ങളെ പരസ്യപ്പെടുത്തുന്ന ഒരു നോട്ടീസ് കണ്ടെത്തി. സത്യത്തിനുവേണ്ടി അന്വേഷിച്ചുകൊണ്ടിരുന്നതിനാൽ ആ ഞായറാഴ്ചതന്നെ പരസ്യയോഗത്തിനു സംബന്ധിക്കാൻ അയാൾ തീരുമാനിച്ചു. അയാൾ നേരത്തെതന്നെ ഹാളിൽ എത്തിച്ചേർന്നു. ഒരു പ്രസാധകൻ അയാളെ ഊഷ്മളമായി അഭിവാദനം ചെയ്യുകയും സംഭാഷണത്തിനിടയിൽ ഒരു ബൈബിളധ്യയനം വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ അയാൾ ആ വാഗ്ദാനത്തെ തിരസ്കരിക്കുകയാണുണ്ടായത്. എന്നിരുന്നാലും, നല്ലവണ്ണം തയ്യാറായി നടത്തപ്പെട്ട പരസ്യപ്രസംഗം അയാളിൽ വളരെ മതിപ്പുളവാക്കുകയും അയാൾ തന്റെ തീരുമാനം മാററുകയും ചെയ്തു. യോഗത്തിനുശേഷം അയാൾ ബൈബിളധ്യയനം സ്വീകരിച്ചു. സത്വരപുരോഗതി വരുത്തിയ ഈ ചെറുപ്പക്കാരൻ പല മാസങ്ങൾക്കുശേഷം സ്നാപനമേററു. ഈ അനുഭവത്തിൽനിന്നു ചുരുങ്ങിയത് സഹായകമായ മൂന്നു പാഠങ്ങൾ നമുക്കു പഠിക്കാനാകും.
2 ഒന്നാമത്, പരസ്യയോഗത്തെക്കുറിച്ചു പരസ്യപ്പെടുത്തിയിരുന്നു. നിങ്ങളുടെ സഭയുടെ യോഗപരിപാടിയെ പരസ്യപ്പെടുത്തുന്നതിനുവേണ്ടി അച്ചടിച്ച നോട്ടീസുകൾ നിങ്ങൾ ഉപയോഗിക്കുന്നുണ്ടോ? പിൻവരുന്ന ആഴ്ചയിൽ നടത്തപ്പെടുന്ന പരസ്യപ്രസംഗത്തിന്റെ വിഷയം അധ്യക്ഷൻ അറിയിക്കുമ്പോൾ, നിങ്ങളുടെ പ്രദേശത്ത് പ്രത്യേകിച്ചും ഈ വിഷയത്തിൽ താത്പര്യമെടുക്കാൻ സാധ്യതയുളളവരെക്കുറിച്ചു ചിന്തിക്കുക—അവർ ഇപ്പോൾ നമ്മുടെ പ്രസിദ്ധീകരണങ്ങൾ വായിക്കുന്നവരാണെങ്കിലും അല്ലെങ്കിലും. ചിലർ വായിക്കാൻ ഇഷ്ടപ്പെടുന്നില്ല, അല്ലെങ്കിൽ അവർക്കു വായിക്കാൻ വലിയ പ്രയാസമുണ്ട്. പക്ഷേ തിരുവെഴുത്തു വിഷയത്തെക്കുറിച്ചുളള ഒരു പ്രസംഗം ശ്രദ്ധിക്കാൻ അവർ മനസ്സുളളവരായിരിക്കാം.
3 രണ്ടാമത്, പുതുതായി വന്ന വ്യക്തിക്ക് ഊഷ്മളമായ സ്വാഗതം നൽകപ്പെട്ടു. കഴിയുന്നിടത്തോളം നേരത്തെ ഹാളിൽ എത്താൻ നിങ്ങൾ ആസൂത്രണം ചെയ്യുന്നെങ്കിൽ സഹോദരീസഹോദരൻമാരെയും ഏതെങ്കിലും പുതിയ താത്പര്യക്കാരെയും നിങ്ങൾക്ക് അഭിവാദനം ചെയ്യാൻ കഴിയും. (എബ്രാ. 10:24) പുതുതായി വരുന്ന ഒരാൾ ആദ്യമായാണു സംബന്ധിക്കുന്നതെങ്കിൽ എന്തു പ്രതീക്ഷിക്കാമെന്ന് അയാൾക്ക് അറിയില്ലായിരിക്കാം. നമ്മുടെ യോഗങ്ങൾ ഗീതത്തോടും പ്രാർഥനയോടും കൂടെയാണ് ആരംഭിക്കുന്നതെന്ന് വിശദീകരിക്കുക, കൂടാതെ യോഗങ്ങൾ എപ്രകാരം നടത്തപ്പെടുമെന്ന് അദ്ദേഹത്തോടു പറയുക. ഉചിതമെങ്കിൽ, നിങ്ങളോടൊപ്പമിരിക്കാൻ അയാളെ ക്ഷണിക്കുക, അങ്ങനെ നിങ്ങളുടെ ബൈബിളും പാട്ടുപുസ്തകവും അയാളുമായി പങ്കുവയ്ക്കാൻ നിങ്ങൾക്കു കഴിയും. യോഗം അവസാനിച്ചുകഴിയുമ്പോൾ അയാൾക്ക് ഉണ്ടായേക്കാവുന്ന ഏതെങ്കിലും സംശയങ്ങൾ ചർച്ച ചെയ്യാൻ അദ്ദേഹത്തെ ക്ഷണിക്കുക.
4 മൂന്നാമത്, പ്രസംഗം നന്നായി തയ്യാർ ചെയ്തതായിരുന്നു. പരസ്യപ്രസംഗകരെന്ന നിലയിൽ സഭയെ പ്രതിനിധീകരിക്കാൻ പദവി ലഭിച്ചിട്ടുളളവർ, വർധിച്ച അളവിലുളള സ്നേഹത്തിനും സത്പ്രവൃത്തിക്കും ഉത്സാഹം വർധിപ്പിക്കുന്നതിനു വേണ്ടി പ്രസംഗം തയ്യാറായിക്കൊണ്ടും റിഹേഴ്സൽ നടത്തിക്കൊണ്ടും അനേക മണിക്കൂറുകൾ ചെലവഴിക്കുന്നു. നാമെല്ലാവരും ഇന്നു സമ്മർദത്തിൻ കീഴിലാണ്. സഹിച്ചുനിൽക്കാൻ നമ്മെ സഹായിക്കുന്നതിനു നമുക്ക് ആവശ്യമായത് ദൈവവചനത്തിൽനിന്നുളള ആശ്വാസദായകമായ സത്യങ്ങളാണ്. തീർച്ചയായും, ഒരു പ്രസംഗം എത്ര വിജ്ഞാനപ്രദമായിരുന്നാലും പറയപ്പെടുന്ന കാര്യത്തിനു നാം അടുത്ത ശ്രദ്ധ നൽകുന്നില്ലെങ്കിൽ നമ്മെ സംബന്ധിച്ചിടത്തോളം അതിനു മൂല്യമുണ്ടായിരിക്കില്ല. പ്രസംഗസമയത്തു ശ്രദ്ധ കേന്ദ്രീകരിക്കാൻ ചിലപ്പോഴൊക്കെ നിങ്ങൾക്കു വിഷമമുണ്ടോ? നമ്മുടെ കൺവെൻഷനുകളിൽ നാം മിക്കപ്പോഴും ചെയ്യാറുളളതുപോലെ ചെറിയ കുറിപ്പുകൾ എഴുതിയെടുക്കുന്നതു സഹായിക്കും. ഓരോ തിരുവെഴുത്തുകളും വായിച്ചു വിശദീകരിക്കുമ്പോൾ നിങ്ങളുടെ ബൈബിളിൽ ആ ഭാഗം നോക്കുക.
5 വളരെ വൈവിധ്യമാർന്ന തിരുവെഴുത്തു വിഷയങ്ങളെ സംബന്ധിച്ച പരസ്യപ്രസംഗങ്ങൾ സൊസൈററി പ്രദാനം ചെയ്തിട്ടുണ്ട്. അധ്യക്ഷമേൽവിചാരകനിലൂടെയോ അദ്ദേഹം നിയമിക്കുന്ന ഒരു സഹോദരനിലൂടെയോ പ്രവർത്തിച്ചുകൊണ്ട് മൂപ്പൻമാരുടെ സംഘം സഭയുടെ പരസ്യയോഗപരിപാടിയെ സംഘടിപ്പിക്കുന്നു. സൊസൈററി നൽകിയിരിക്കുന്ന വിഷയങ്ങൾ ആനുകാലിക പ്രാദേശികാവശ്യങ്ങളെ നേരിടാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നവയാണ്. ജീവത്പ്രധാനമായ ഈ വിവരങ്ങളിലൊന്നും നഷ്ടപ്പെടുത്താതെ നിങ്ങളുടെ സഭയുടെ വാരംതോറുമുളള പരസ്യയോഗത്തെ പൂർണമായും പിന്താങ്ങുക.