“സകലജാതികളും നിങ്ങളെ പകെക്കും”
1 ലോകത്തിനു ചുററും യഹോവയുടെ ജനം അനുഭവിക്കുന്ന അത്ഭുതാവഹമായ അനുഗ്രഹങ്ങളെക്കുറിച്ചുളള പുളകംകൊളളിക്കുന്ന റിപ്പോർട്ടുകൾ കേട്ടതിൽ സമീപ വർഷങ്ങളിൽ നാമെല്ലാം സന്തോഷിച്ചു. 26 വർഷത്തെ മൃഗീയമായ പീഡനത്തിനുശേഷം മലാവിയിൽ പ്രവർത്തനത്തിനു നിയമാംഗീകാരം കിട്ടിയതു നാം സന്തോഷാശ്രുക്കൾ പൊഴിക്കാൻ ഇടയാക്കി. അതിന്റെ മർദകനുകത്തിൽനിന്ന് ആയിരക്കണക്കിനു വരുന്ന നമ്മുടെ സഹോദരങ്ങൾ അക്ഷരീയമായി സ്വതന്ത്രരാകുന്നതിൽ കലാശിച്ച പൂർവയൂറോപ്പിലെ ദൈവരഹിത കമ്യൂണിസത്തിന്റെ പതനത്തിനു സാക്ഷ്യം വഹിച്ചപ്പോൾ നാം ആശ്വാസത്തോടെ നെടുവീർപ്പിട്ടു. ഗ്രീസിൽ നമ്മുടെ ആരാധനാസ്വാതന്ത്ര്യത്തിന്റെ നിയമസാധുത വെല്ലുവിളിക്കപ്പെട്ടപ്പോൾ നാം തികഞ്ഞ ഉത്കണ്ഠയോടെ നിരീക്ഷിച്ചുകൊണ്ടിരുന്നു; യൂറോപ്പിലെ അത്യുന്നത കോടതിയിൽ മാറെറാലി കൊളളുന്ന ഒരു വിജയം നേടിയപ്പോൾ നാം ജയഭേരികൊണ്ടു. സത്യാന്വേഷികൾക്കുവേണ്ടി വൻതോതിൽ സാഹിത്യങ്ങൾ നിർമിക്കുന്നതു സാധ്യമാക്കിയ സൊസൈററിയുടെ ബ്രാഞ്ചുകളുടെ വർധിച്ച അളവിലുളള വികസനത്തെക്കുറിച്ചുളള വാർത്തകൾ കേൾക്കാൻ നാം സന്തോഷമുളളവരായിരുന്നു. ഉക്രെയിനിലെ കീവിൽ വച്ചുനടന്ന കൺവെൻഷനിൽ 7,400-ലധികം പേർ സ്നാപനമേററു എന്നു നാം കേട്ടപ്പോൾ അമ്പരക്കാനല്ലാതെ ഒന്നും ചെയ്യാൻ നമുക്കായില്ല. അതേ, രാജ്യവേലയിലെ ഈ നാടകീയ മുന്നേററങ്ങൾ നമ്മുടെ സന്തോഷത്തെ പുതിയ മാനങ്ങളിലേക്ക് ഉയർത്തിയിരിക്കുന്നു!
2 സന്തോഷിക്കാനുളള നമ്മുടെ കാരണം വലുതാണെങ്കിലും മതിമറന്നാഹ്ലാദിക്കാതിരിക്കാൻ നാം ജാഗ്രത പുലർത്തണം. അനുകൂലമായ റിപ്പോർട്ടുകളുടെ ഒരു പരമ്പരയ്ക്ക്, സുവാർത്തയോടുളള എതിർപ്പ് തകർന്നടിയുകയാണെന്നും യഹോവയുടെ ജനത്തിനു ലോകമെമ്പാടും അംഗീകാരം ലഭിക്കുകയാണെന്നും നിഗമനം ചെയ്യാൻ ഇടയാക്കാനാകും. അത്തരം ചിന്ത വഞ്ചകമായിരിക്കാൻ കഴിയും. സംതൃപ്തികരമായ ചില വിജയങ്ങൾ നാം കൈവരിക്കുകയും ചില ദേശങ്ങളിൽ സുവാർത്തയോടുളള തടസ്സങ്ങൾ കുറയ്ക്കുന്നതിൽ ഒരു പരിധിവരെ വിജയം നേടുകയും ചെയ്തിട്ടുണ്ടെങ്കിലും ലോകത്തോടുളള നമ്മുടെ അടിസ്ഥാനബന്ധം മാററം വരാതെ നിലകൊളളുന്നുവെന്നു നാം മറക്കരുത്. യേശുവിന്റെ അനുഗാമികളെന്ന നിലയിൽ നാം “ലോകത്തിന്റെ ഭാഗമല്ല.” അതുകൊണ്ടുതന്നെ നമ്മെ ‘സകലജാതികളും പകെക്കും’ എന്ന് ഉറപ്പുളളവരായിരിക്കാൻ കഴിയും. (യോഹ. 15:19, NW; മത്താ. 24:9) ഈ വ്യവസ്ഥിതി തുടരുന്നിടത്തോളം കാലം “ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുളളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും” എന്ന അടിസ്ഥാന നിയമത്തെ യാതൊന്നും മാററാൻ പോകുന്നില്ല.—2 തിമൊ. 3:12.
3 ഈ മുന്നറിയിപ്പിന്റെ സത്യതയ്ക്കു ചരിത്രത്തിന്റെ ഏടുകൾ സാക്ഷ്യം വഹിക്കുന്നു. ക്രിസ്ത്യാനിത്വത്തിന്റെ സ്ഥാപകനായ യേശു ശക്തരായ ഭരണാധിപൻമാരുടെയും അവരുടെ പ്രജകളുടെയും മുമ്പാകെ അത്ഭുതകരമായ സാക്ഷ്യം കൊടുത്തിട്ടും അവിടുന്ന് ദിവസവും ദ്രോഹം സഹിച്ചു, കൊല്ലപ്പെടുമെന്ന നിരന്തര അപകടത്തിലുമായിരുന്നു. അവിടുത്തെ അപ്പോസ്തലൻമാർ ശിഷ്യരായിത്തീരാൻ പലരെയും സഹായിക്കുകയും ഗ്രീക്കു തിരുവെഴുത്തുകൾ എഴുതുന്നതിൽ പങ്കെടുക്കുകയും ആത്മാവിന്റെ അത്ഭുതകരമായ വരങ്ങൾ പ്രകടമാക്കുകയും ചെയ്തെങ്കിൽപ്പോലും അവരോടും സമാനമാംവിധം വിദ്വേഷം പുലർത്തുകയും മോശമായി പെരുമാറുകയും ചെയ്തു. അവർക്കു നല്ല നടത്തയും അയൽക്കാരനോടുളള സ്നേഹവും ഉണ്ടായിരുന്നിട്ടും “എല്ലായിടത്തും ആളുകൾ എതിർത്തു സംസാരിക്കുന്ന” ഒരു വെറുക്കത്തക്ക “മതവിഭാഗ”മായി എല്ലാ ക്രിസ്ത്യാനികളെയും ഭൂരിഭാഗമാളുകളും വീക്ഷിച്ചു. (പ്രവൃ. 28:22, പി.ഒ.സി. ബൈബിൾ) ഇന്നു ലോകവ്യാപകമായ ക്രിസ്തീയ സഭയെ തന്റെ ഇഷ്ടം നടപ്പാക്കാൻ അത്ഭുതകരമായ ഒരു വിധത്തിൽ യഹോവ ഉപയോഗിക്കവേ, ഈ ദുഷ്ട വ്യവസ്ഥിതിയിലെ ഓരോ ഘടകങ്ങളും അതിനെ തുടർച്ചയായി എതിർക്കുകയും ദ്വേഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എതിർപ്പു കുറയുമെന്നു പ്രതീക്ഷിക്കാൻ യാതൊരു കാരണവുമില്ല.
4 ഒന്നാം നൂററാണ്ടിൽ സാത്താൻ യേശുവിന്റെ ശിഷ്യൻമാരെ പല വിധങ്ങളിൽ പീഡിപ്പിച്ചു. വിദ്വേഷംപൂണ്ട എതിരാളികൾ അവരെ തെററായി പ്രതിനിധാനം ചെയ്ത ചുട്ട നുണങ്ങൾ പറഞ്ഞു. (പ്രവൃ. 14:2) അവരെ ഭീഷണിപ്പെടുത്താനുളള ഒരു ഉദ്യമത്തിൽ ദുഷ്ടമായ ഭീഷണികളെ ഉപയോഗിച്ചു. (പ്രവൃ. 4:17, 18) കോപാകുലരായ ജനക്കൂട്ടങ്ങൾ അവരെ നിശ്ശബ്ദരാക്കാൻ ശ്രമിച്ചു. (പ്രവൃ. 19:29-34) ന്യായമായ കാരണം കൂടാതെ അവർ തടവിലാക്കപ്പെട്ടു. (പ്രവൃ. 12:4, 5) പീഡകർ മിക്കപ്പോഴും ശാരീരിക അക്രമത്തിലേക്കു തിരിഞ്ഞു. (പ്രവൃ. 14:19) ചില കേസുകളിൽ കുററരഹിതർ മനഃപൂർവം കൊലചെയ്യപ്പെട്ടു. (പ്രവൃ. 7:54-60) ഫലത്തിൽ ദ്രോഹത്തിന്റെ ഇത്തരം എല്ലാ രൂപങ്ങളും അപ്പോസ്തലനായ പൗലോസ് വ്യക്തിപരമായി സഹിച്ചു. (2 കൊരി. 11:23-27) പ്രസംഗപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിന് ഏതവസരവും ചൂഷണം ചെയ്യാനും വിശ്വസ്തരായ ഈ പ്രവർത്തകർക്കു കഷ്ടപ്പാടു വരുത്താനും ശത്രുക്കൾ തിടുക്കമുളളവരായിരുന്നു.
5 ഇന്നു സാത്താൻ സമാനമായ തന്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ട്. ചുട്ട നുണകൾ പറയുന്നുണ്ട്, തെററായി നയിക്കപ്പെടുന്ന ഒരു മതവിഭാഗമോ വ്യക്തിപൂജാപ്രസ്ഥാനമോ ആയി നമ്മെ വ്യാജമായി ചിത്രീകരിക്കുന്നുണ്ട്. ചില ദേശങ്ങളിൽ നമ്മുടെ സാഹിത്യങ്ങൾ ശിഥിലീകരണ സ്വഭാവമുളളതാണെന്നു പറഞ്ഞ് അധികാരികൾ അവയെ നിരോധിച്ചിട്ടുണ്ട്. രക്തത്തിന്റെ പവിത്രതയോടുളള നമ്മുടെ ആദരവു പരസ്യമായി പരിഹസിക്കപ്പെടുകയും വെല്ലുവിളിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 1940-കളിൽ പതാകാവന്ദന പ്രശ്നത്തെച്ചൊല്ലി കുപിതരായ ജനക്കൂട്ടങ്ങൾ നമ്മുടെ സഹോദരങ്ങളെ ആക്രമിക്കുകയും ദ്രോഹിക്കുകയും അവരുടെ സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്തു. നിഷ്പക്ഷതയുടെ പേരിൽ ആയിരങ്ങൾ ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്. ഏകാധിപത്യഭരണമുളള നാടുകളിൽ നമ്മുടെ സഹോദരങ്ങൾ ഭരണകൂടത്തെ മറിച്ചിടുന്നവരായി കുററം ചുമത്തപ്പെട്ടിട്ടുണ്ട്, തടവറകളിലും തടങ്കൽപ്പാളയങ്ങളിലും നൂറുകണക്കിനാളുകൾ മൃഗീയമായി പീഡിപ്പിക്കപ്പെടുന്നതിലും കൊല്ലപ്പെടുന്നതിലും അതു കലാശിച്ചിട്ടുണ്ട്. ന്യായമായ കാരണം കൂടാതെ നാം വിദ്വേഷത്തിന്റെ പാത്രങ്ങളാകുകയാണെന്നു പ്രകടമാക്കിക്കൊണ്ട് സമ്മർദം കരുണയില്ലാത്തതായിരുന്നിട്ടുണ്ട്.—യഹോവയുടെ സാക്ഷികൾ—ദൈവരാജ്യത്തിന്റെ പ്രഘോഷകർ എന്ന പുസ്തകത്തിന്റെ 29-ാം അധ്യായം കാണുക.
6 ഭാവിയിൽ എന്തു പ്രതീക്ഷിക്കാൻ കഴിയും? ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തുളള സമ്മർദം ലഘൂകരിക്കാൻ ഇടയ്ക്കിടയ്ക്കു യഹോവയുടെ ജനം ചില വൻനേട്ടങ്ങൾ കൈവരിക്കുമ്പോൾ മൊത്തത്തിലുളള സ്ഥിതിവിശേഷം മാററമില്ലാതെ നിലകൊളളുകയാണ്. 1914-ൽ തനിക്കു നേരിട്ട അപമാനം നിമിത്തം പിശാച് ക്രുദ്ധനായി കഴിയുകയാണ്. തന്റെ സമയം കുറച്ചു മാത്രമേയുളളൂവെന്ന് അവനറിയാം. മഹോപദ്രവം അടുത്തുവരവേ അവന്റെ കോപം കഠിനമാകുമെന്ന് ഉറപ്പാണ്. സിംഹാസനസ്ഥരാജാവായ ക്രിസ്തുയേശുവിന് എതിരായ യുദ്ധത്തിന് അവൻ പൂർണമായി അർപ്പിതനാണ്, അവസാനംവരെ പോരാടാൻ അവൻ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. അവനും അവന്റെ ഭൂതങ്ങൾക്കും ഇവിടെ ഈ ഭൂമിയിൽ വിശ്വസ്തതയോടെ “ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉളളവരുമായ” യഹോവയുടെ ജനത്തിന്റെ നേർക്കു മാത്രമേ തങ്ങളുടെ കോപം പ്രകടിപ്പിക്കാൻ കഴിയുകയുളളൂ.—വെളി. 12:12, 17.
7 അതുകൊണ്ട് നാം ഭാവിയിലേക്കു നോക്കുമ്പോൾ നമുക്കു പ്രതീക്ഷിക്കാൻ കഴിയുന്ന സംഗതിയിൽ നാം യാഥാർഥ്യബോധമുളളവരായിരിക്കണം. പിശാച് തന്റെ വിദ്വേഷം പരിത്യജിക്കുമെന്നോ ശ്രമം ഉപേക്ഷിച്ചുകളയുമെന്നോ ചിന്തിക്കാൻ നമുക്കു യാതൊരു കാരണവുമില്ല. അവൻ ലോകത്തിൽ നമുക്കു നേർക്ക് വളർത്തിയെടുത്തിരിക്കുന്ന വിദ്വേഷം ഏതു സമയത്തും ഏതു സ്ഥലത്തും പൊട്ടിപ്പുറപ്പെടാം. ദീർഘകാലം മല്ലടിച്ചതിനുശേഷം മാത്രമാണു പ്രസംഗിക്കാനുളള നമ്മുടെ സ്വാതന്ത്ര്യം അനേകം ദേശങ്ങളിൽ സുരക്ഷിതമായത്. ഇപ്പോൾ ഭരണം നടത്തുന്ന അനുകമ്പയുളള ഏതെങ്കിലും ഭരണാധികാരിയാലോ ജനപ്രീതിയില്ലാത്ത നിയമത്താലോ ഉളള ആ സ്വാതന്ത്ര്യം വളരെ ദുർബലമായിരിക്കാം. മനുഷ്യാവകാശങ്ങളെ തോന്ന്യാസം ദ്രോഹിക്കുന്നതും ക്രമരാഹിത്യം വരുത്തിവയ്ക്കുന്നതുമായ നാടകീയ കോളിളക്കങ്ങൾ രായ്ക്കുരാമാനം സംഭവിക്കാം.
8 ചില രാജ്യങ്ങളിൽ നാം ഇപ്പോൾ ആസ്വദിക്കുന്ന സമൃദ്ധിയും സ്വാതന്ത്ര്യവും നമ്മുടെ സഹോദരങ്ങൾ കഴിഞ്ഞ കാലത്തു അനുഭവിച്ചിട്ടുളള അതേ ദ്രോഹങ്ങൾക്ക് അവരെ അടിമകളാക്കിക്കൊണ്ട് പെട്ടെന്ന് അവസാനിക്കാവുന്നതാണ്. നമ്മുടെ പ്രതിയോഗികൾ കീഴ്പെടുത്തപ്പെട്ടിരിക്കുന്നു എന്നു വിചാരിച്ചുകൊണ്ട് വികാരശൂന്യതയുടെയോ ഉദാസീനതയുടെയോ ഒരു ആത്മാവിലേക്കു പോകാൻ നാം നമ്മെ അനുവദിക്കുന്നതിനു ധൈര്യപ്പെടുന്നില്ല. ഈ ലോകത്തിന്റെ വിദ്വേഷം എല്ലായ്പോഴും പൂർണമായും പ്രകടമാകാതിരുന്നേക്കാം, എന്നാൽ അതു തീവ്രമായിത്തന്നെ അവശേഷിക്കുന്നു. അവസാനം അടുത്തുവരുന്നതോടെ ഈ ലോകത്തിന്റെ എതിർപ്പു കുറയുന്നതിനു പകരം ശക്തിപ്പെടുമെന്നു ദൈവവചനത്തിലെ സകല കാര്യങ്ങളും പ്രകടമാക്കുന്നു. അതുകൊണ്ട്, “പാമ്പിനെപ്പോലെ ബുദ്ധിയുളളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും” ആണെന്നു സ്വയം പ്രകടമാക്കിക്കൊണ്ട് നാം ജാഗ്രത പുലർത്തേണ്ടതുണ്ട്. (മത്താ. 10:16) അവസാനംവരെ നമുക്ക് “ഒരു കടുത്ത പോരാട്ടം” ഉണ്ടായിരിക്കുമെന്നു നാം മനസ്സിലാക്കേണ്ടതുണ്ട്, നമ്മുടെ അതിജീവനത്തിനുളള താക്കോൽ സഹിഷ്ണുതയാണ്.—യൂദാ 3, NW; മത്താ. 24:13.
9 നാം ജീവിക്കുന്ന ലോകത്തിന്റെ ഭാഗത്ത് എതിരാളികളാലുളള ദൃശ്യമായ യാതൊരു തടസ്സവും കൂടാതെ പ്രവർത്തനം പുരോഗമിക്കുന്നുണ്ടായിരിക്കാം. സാരമായ ഉത്കണ്ഠയ്ക്ക് എന്തെങ്കിലും കാരണം ഉണ്ടായിരിക്കുന്നതു സംബന്ധിച്ച് ഇതിനു നമ്മെ സംശയാലുക്കളാക്കാൻ കഴിയും. എന്നിരുന്നാലും ജാഗ്രത പുലർത്തേണ്ട ആവശ്യമുണ്ട്. സാഹചര്യങ്ങൾക്കു വളരെ വേഗം മാററം വരാം. മുന്നറിയിപ്പില്ലാതെ ശത്രുക്കൾക്ക് ഏതെങ്കിലും വിഷയത്തെ ചൂഷണം ചെയ്യാനും നമുക്കെതിരെ അത് ഉപയോഗിക്കാനും കഴിയും. വിശ്വാസത്യാഗികൾ എന്തെങ്കിലും പരാതിക്കുളള കാരണങ്ങൾ നിരന്തരം പരതുകയാണ്. നമ്മുടെ പ്രവർത്തനത്താൽ ഭീഷണിപ്പെടുത്തപ്പെടുന്നു എന്നു വിചാരിക്കുന്ന പ്രകോപിതരായ പുരോഹിതൻമാർ നമ്മെ പരസ്യമായി അപലപിച്ചേക്കാം. ഒരു ജനസമുദായത്തിൽ ഒരു രാജ്യഹാൾ നിർമിക്കുന്നതിനുളള നമ്മുടെ ആസൂത്രണങ്ങൾ അയൽവക്കത്തെയാകെ അരിശംകൊളളിക്കുമാറ് വലിയൊരു വിവാദവിഷയമായിത്തീരാം. നമുക്ക് അപകീർത്തി തന്നുകൊണ്ട് കോപം ജ്വലിപ്പിക്കുന്ന പ്രസ്താവനകൾ അച്ചടിച്ചിറങ്ങിയേക്കാം. പ്രാദേശിക സ്ഥലത്തെ പ്രമുഖരായ ആളുകൾ ഉദ്ദേശ്യപൂർവം നമ്മെക്കുറിച്ചു തെററിദ്ധാരണ പരത്തിയേക്കാം. ഇതു നമ്മുടെ അയൽക്കാർ നമ്മോടു ശത്രുതയുളളവരായിത്തീരാൻ ഇടയാക്കുന്നു. നമ്മുടെ സ്വന്തം വീട്ടിലുളള പ്രിയപ്പെട്ടവർപോലും നീരസപ്പെടുകയും നമ്മെ പീഡിപ്പിക്കുകയും ചെയ്തേക്കാം. അതുകൊണ്ട് ഈ ലോകത്തിന്റെ ശത്രുത വളരെ സജീവമാണെന്നു തിരിച്ചറിഞ്ഞുകൊണ്ട് ജാഗ്രത പുലർത്തേണ്ട ആവശ്യമുണ്ട്, ആ ശത്രുത എപ്പോൾ വേണമെങ്കിലും പുറത്തുവന്നേക്കാം.
10 ഇതു നമ്മെ എങ്ങനെ ബാധിക്കണം? ഇതെല്ലാം നമ്മുടെ ചിന്തയെയും ഭാവി സംബന്ധിച്ച വീക്ഷണത്തെയും ബാധിക്കുകതന്നെ ചെയ്യുന്നു. ഏതു വിധത്തിൽ? നാം സഹിക്കേണ്ടിവന്നേക്കാവുന്ന കാര്യം സംബന്ധിച്ച് ഇതു നമ്മെ ഭയപ്പെടുത്തണമോ? നമ്മുടെ ജനസമുദായത്തിൽ ചിലർ നമ്മുടെ പ്രസംഗപ്രവർത്തനത്താൽ അസ്വസ്ഥരായിരുന്നേക്കാമെന്നതു നിമിത്തം നാം ആ പ്രവർത്തനത്തിൽ മാന്ദ്യമുളളവരാകണമോ? നമ്മെക്കുറിച്ച് അനീതിപൂർവം ദുഷി പറയുമ്പോൾ നാം അസ്വസ്ഥരാകുന്നതിന് എന്തെങ്കിലും ഈടുററ കാരണമുണ്ടോ? കടുത്ത പെരുമാററം യഹോവയെ സേവിക്കുന്നതിലുളള നമ്മുടെ സന്തോഷത്തെ കവർന്നുകളയേണ്ടതുണ്ടോ? പരിണതഫലം സംബന്ധിച്ച് എന്തെങ്കിലും അനിശ്ചിതത്വം ഉണ്ടോ? ഇല്ല, തീർച്ചയായുമില്ല! എന്തുകൊണ്ടില്ല?
11 നാം പ്രഘോഷിക്കുന്ന സന്ദേശം നമ്മിൽനിന്ന് ഉടലെടുക്കുന്നതല്ല, പിന്നെയോ അതു യഹോവയിൽനിന്നു വരുന്നതാണ് എന്ന വീക്ഷണം നാം ഒരിക്കലും കൈവെടിയരുത്. (യിരെ. 1:9) “അവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിപ്പിൻ; . . . ഭൂമിയിൽ എല്ലാടവും പ്രസിദ്ധമായ്വരട്ടെ” എന്ന ഉദ്ബോധനത്തിനു ചെവി കൊടുക്കാനുളള കടപ്പാടിൻ കീഴിലാണു നാം. (യെശ. 12:4, 5) ഒരു പ്രത്യേക കാരണം നിമിത്തം, അതായത് ‘അവന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്’ തന്റെ ജനത്തിന്റെ നേർക്കുളള ദുഷ്പെരുമാററത്തെ അവിടുന്ന് സഹിച്ചുനിന്നിരിക്കുന്നു. (പുറ. 9:16) യഹോവ കൽപ്പിച്ച ഒരു വേലയാണു നാം ചെയ്യുന്നത്. നിർഭയം തുറന്നു സംസാരിക്കാനുളള ധൈര്യം നമുക്കു തരുന്നത് അവിടുന്നാണ്. (പ്രവൃ. 4:29-31) പഴയ വ്യവസ്ഥിതിയുടെ ഈ അവസാന നാളുകളിൽ ചെയ്യാവുന്ന അതിപ്രധാനവും പ്രയോജനപ്രദവും അടിയന്തിരവുമായ വേല ഇതാണ്.
12 സാത്താനും ഈ ലോകത്തിനും നേരെ എതിരായി ഒരു ഉറച്ച നിലപാടെടുക്കാനുളള ധൈര്യം ഈ അറിവു നമുക്കു പ്രദാനം ചെയ്യുന്നു. (1 പത്രൊ. 5:8, 9) യഹോവ നമ്മോടുകൂടെ ഉണ്ടെന്നറിയുന്നത് നമ്മുടെ പീഡകരുടെ മുമ്പാകെയുളള ഏതു ഭയത്തെയും ദൂരീകരിച്ചുകൊണ്ട് നമ്മെ “ബലവും ധൈര്യവുമുളളവരാ”ക്കുന്നു. (ആവ. 31:6; എബ്രാ. 13:6) ശത്രുക്കളാൽ ഭീഷണിപ്പെടുത്തപ്പെടുമ്പോൾ നാം ഇനി എപ്പോഴും നയമുളളവരും ന്യായബോധമുളളവരും വിവേകികളും ആയിരിക്കുമ്പോൾത്തന്നെ നമ്മുടെ ആരാധന വെല്ലുവിളിക്കപ്പെടുമ്പോൾ “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കാൻ” നാം ദൃഢതീരുമാനം ചെയ്തിരിക്കുന്നവരാണെന്നു വ്യക്തമാക്കും. (പ്രവൃ. 5:29) നമ്മുടെ പ്രതിവാദത്തിനായി സംസാരിക്കാനുളള ന്യായമായ അവസരങ്ങൾ ഉളളപ്പോൾ നാം അങ്ങനെ ചെയ്യും. (1 പത്രൊ. 3:15) എന്നിരുന്നാലും, നമ്മെ നാണം കെടുത്താൻ മാത്രം താത്പര്യമുളള കഠിനരായ എതിരാളികളോടു തർക്കിച്ചുകൊണ്ടു നമ്മുടെ സമയം പാഴാക്കാൻ നാം ആഗ്രഹിക്കുകയില്ല. അവർ നമുക്കെതിരായി ദുഷി പറയുകയോ നമ്മെ കുററപ്പെടുത്തുകയോ ചെയ്യുമ്പോൾ പ്രകോപിതരാകുകയോ പ്രതികാരം ചെയ്യാൻ ശ്രമിക്കുകയോ ചെയ്യുന്നതിനു പകരം നാം കേവലം ‘അവരെ വിടുന്നു.’—മത്താ. 15:14.
13 പീഡാനുഭവങ്ങളിലൂടെയുളള നമ്മുടെ സഹിഷ്ണുത യഹോവയ്ക്കു സന്തോഷകരമാണ്. (1 പത്രൊ. 2:19) ആ അംഗീകാരത്തിനായി നാം എന്തു വില കൊടുക്കണം? നമ്മോടു വിദ്വേഷവും എതിർപ്പും കാണിക്കുന്നതുകൊണ്ട് സന്തോഷരഹിതമായ സേവനത്തിനു നമ്മെത്തന്നെ ഏൽപ്പിച്ചുകൊടുക്കണമോ? തീർച്ചയായും അരുത്! “സന്തോഷവും സമാധാനവുംകൊണ്ടു” നമ്മുടെ അനുസരണത്തിനു പ്രതിഫലം തരുമെന്നു യഹോവ വാഗ്ദത്തം ചെയ്യുന്നു. (റോമ. 15:13) കഠിനമായ ദുരിതം ഉണ്ടായിരുന്നിട്ടുപോലും “തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം” നിമിത്തം യേശു സന്തുഷ്ടനായി നിലകൊണ്ടു. (എബ്രാ. 12:2) അതുതന്നെ നമ്മെ സംബന്ധിച്ചും സത്യമാണ്. വളരെ കടുത്ത പീഡാനുഭവങ്ങൾ നാം അനുഭവിച്ചാലും നമ്മുടെ സഹിഷ്ണുതയ്ക്കുളള പ്രതിഫലം വളരെ വലുതായതുകൊണ്ട് “സന്തോഷിച്ചുല്ലസി”ക്കാൻ നാം പ്രേരിതരാകുന്നു. (മത്താ. 5:11, 12) പ്രാതികൂല്യത്തിന്റെ സമയത്തുപോലും ഈ സന്തോഷം, അതിൽത്തന്നെ, രാജ്യസന്ദേശത്തിന്റെ പിന്തുണ കൊടുത്തുകൊണ്ടു യഹോവക്കു സ്തുതിയും മഹത്ത്വവും നൽകാനുളള ഒരു കാരണമാണ്.
14 ഭയമോ ചാഞ്ചല്യമോ തോന്നാൻ നമുക്കു കാരണമേകിക്കൊണ്ട് അന്തിമഫലത്തെ സംബന്ധിച്ച് എന്തെങ്കിലും അനിശ്ചിതത്വമുണ്ടോ? ഇല്ല, യഹോവയുടെ സ്ഥാപനവും സാത്താന്റെ ലോകവും തമ്മിലുളള പോരാട്ടത്തിന്റെ ഫലം ദീർഘകാലം മുമ്പേ തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. (1 യോഹ. 2:15-17) എതിർപ്പിന്റെ തീവ്രതയും അളവും ഗണ്യമാക്കാതെ യഹോവ നമുക്കു വിജയം തരും. (യെശ. 54:17; റോമ. 8:31, 37) നാം പൂർണമായി പരീക്ഷിക്കപ്പെടുന്നെങ്കിലും പ്രതിഫലം കിട്ടുന്നതിൽനിന്നു നമ്മെ തടയുന്ന യാതൊന്നുമില്ല. “ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട” യാതൊരു കാരണവും നമുക്കില്ല, കാരണം നമ്മുടെ അപേക്ഷകൾക്കുളള ഉത്തരമായി യഹോവ നമുക്കു സമാധാനം തന്നിരിക്കുന്നു.—ഫിലി. 4:6, 7, പി.ഒ.സി. ബൈ.
15 അതുകൊണ്ട് നമ്മുടെ സഹോദരങ്ങൾ പീഡനത്തിൽനിന്നു രക്ഷപെടുത്തപ്പെടുന്നതിനെക്കുറിച്ചോ കഴിഞ്ഞ കാലത്തു തങ്ങളെ വിലക്കിയിരുന്ന പ്രദേശങ്ങളിൽ പ്രസംഗിക്കാനുളള സ്വാതന്ത്ര്യം ലഭിച്ചതിനെക്കുറിച്ചോ ഉളള റിപ്പോർട്ടുകൾ കേൾക്കുന്ന ഓരോ സമയത്തും നാം യഹോവയ്ക്കു നന്ദി കൊടുക്കുന്നു. മാറിവരുന്ന സാഹചര്യങ്ങൾ ആത്മാർഥഹൃദയരായ ആയിരക്കണക്കിനാളുകൾക്കു രാജ്യസന്ദേശവുമായി സമ്പർക്കത്തിൽ വരാൻ പുതിയ അവസരങ്ങൾ തുറന്നുകൊടുക്കുമ്പോൾ നാം ആഹ്ലാദിക്കുന്നു. വിദ്വേഷംപൂണ്ട എതിരാളികളോടുളള ഏററുമുട്ടലുകളിൽ നമുക്കു വിജയം തരാൻ യഹോവ തീരുമാനിക്കുമ്പോൾ നാം തീർച്ചയായും നന്ദിയുളളവരാണ്. തന്റെ സത്യാരാധനയുടെ ആലയത്തെ ഉയർത്താനാവശ്യമായ ഏതു വിധത്തിലും അവിടുന്ന് നമ്മുടെ പ്രവർത്തനത്തെ അനുഗ്രഹിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുമെന്നു നമുക്കറിയാം. സകല ജനതകളിലെയും “അഭികാമ്യ”രായവർക്കു പ്രവേശിക്കാനുളള ഒരവസരം അവിടുന്ന് കൊടുക്കുകയും ചെയ്യും.—ഹഗ്ഗാ. 2:7; യെശ. 2:2-4.
16 അതേസമയം നമ്മുടെ ശത്രുവായ സാത്താൻ വളരെ ശക്തനാണെന്നു നമുക്കു പൂർണമായ ബോധ്യമുണ്ട്. അവസാനംവരെ അവൻ നമ്മെ ശക്തമായി എതിർക്കാൻ പോകുകയാണ്. അവന്റെ ആക്രമണങ്ങൾ തുറന്നതും ഭയങ്കരവുമായിരുന്നേക്കാം. അല്ലെങ്കിൽ അവ കുടിലവും വഞ്ചനാത്മകവുമായിരുന്നേക്കാം. കഴിഞ്ഞ കാലത്തു സമാധാനം മാത്രം ഉണ്ടായിരുന്നതായി നമുക്കറിയാവുന്ന സ്ഥലങ്ങളിൽ പീഡനം പെട്ടെന്നു പൊട്ടിപ്പുറപ്പെട്ടേക്കാം. ദുഷ്ടരായ എതിരാളികൾ നമ്മെ അന്യായമായി എതിർക്കാനുളള ശ്രമങ്ങളിൽ നീചൻമാരും കരുണയില്ലാത്തവരും ആയിരിക്കാം. തങ്ങൾ “ദൈവത്തോടു പോരാടുന്നു” എന്നു തക്കസമയത്ത് അത്തരക്കാർക്കു വ്യക്തമാകും, അവിടുന്ന് അവരെ പരിപൂർണമായി നശിപ്പിക്കുകയും ചെയ്യും. (പ്രവൃ. 5:38, 39; 2 തെസ്സ. 1:6-9) അതിനിടയിൽ, നാം എന്തുതന്നെ സഹിക്കേണ്ടിവന്നാലും യഹോവയെ വിശ്വസ്തമായി സേവിക്കുന്നതിലും രാജ്യസന്ദേശം പ്രസംഗിക്കുന്നതിലും അചഞ്ചലമായി നിലകൊളളാൻ നാം ദൃഢനിശ്ചയമുളളവരാണ്. ഭൂമുഖത്തെ ഏററവും സന്തുഷ്ടരായ ആളുകൾ നമ്മളാണ്, ‘അംഗീകാരം ലഭിക്കുമ്പോൾ ജീവകിരീടം ലഭിക്കുമെന്നു’ നമുക്കറിയാം.—യാക്കോ. 1:12, NW.