ചോദ്യപ്പെട്ടി
▪ സഭയിൽ പ്രമേയങ്ങൾ അവതരിപ്പിക്കുമ്പോൾ പിൻപറേറണ്ട നടപടി എന്താണ്?
സ്ഥലം വാങ്ങൽ, രാജ്യഹാൾ പണിയുകയോ പുതുക്കിപ്പണിയുകയോ ചെയ്യൽ, സൊസൈററിക്കു പ്രത്യേക സംഭാവനകൾ അയയ്ക്കൽ, അല്ലെങ്കിൽ സർക്കിട്ട് മേൽവിചാരകന്റെ ചെലവുകൾ വഹിക്കൽ തുടങ്ങി പ്രധാനപ്പെട്ട കാര്യങ്ങൾ സംബന്ധിച്ചു തീരുമാനം എടുക്കേണ്ടി വരുമ്പോഴാണ് ഒരു പ്രമേയം ആവശ്യമായിരിക്കുന്നത്. സഭാഫണ്ടുകൾ ചെലവു ചെയ്യുന്ന ഓരോ സമയത്തും അംഗീകാരത്തിനായി ഒരു പ്രമേയം അവതരിപ്പിക്കുന്നതു സാധാരണഗതിയിൽ നല്ലതാണ്.
അതിൽനിന്നു വ്യത്യസ്തമായി, ലോകവ്യാപക പ്രസംഗവേലക്കുവേണ്ടി ഇപ്പോൾത്തന്നെ ഓരോ വ്യക്തിയും സംഭാവന ചെയ്യുന്നതു കൂടാതെ ഓരോ മാസവും ഒരു നിശ്ചിത തുക സൊസൈററിക്കു സംഭാവന ചെയ്യാൻ സഭ തീരുമാനിച്ചേക്കാം. മാത്രമല്ല, സാധാരണഗതിയിലുളള രാജ്യഹാൾ പ്രവർത്തന ചെലവുകൾക്ക്, അതായത് ഉപകരണങ്ങൾ, ശുചീകരണോപാധികൾ തുടങ്ങിയവക്ക് ഒരു പ്രമേയത്തിന്റെ ആവശ്യമില്ല.
ഒരു ആവശ്യം പ്രകടമായിത്തീരുമ്പോൾ മൂപ്പൻമാരുടെ സംഘം ആ കാര്യത്തെക്കുറിച്ചു നന്നായി ചർച്ച ചെയ്യേണ്ടതുണ്ട്. എന്തെങ്കിലും ചെയ്യേണ്ട ആവശ്യമുണ്ടെന്ന് ഭൂരിഭാഗം യോജിപ്പിലാണെങ്കിൽ മൂപ്പൻമാരിൽ ഒരാൾക്ക്, ഒരുപക്ഷേ സഭാസേവനക്കമ്മിററിയിലെ ഒരംഗത്തിന്, സേവനയോഗത്തിൽ സമർപ്പിക്കുന്നതിനുവേണ്ടി ഒരു ലിഖിത പ്രമേയം ഉണ്ടാക്കാവുന്നതാണ്.
അധ്യക്ഷനായി പ്രവർത്തിക്കുന്ന മൂപ്പൻ ഇപ്പോഴുളള ആവശ്യത്തെക്കുറിച്ചും അതിനുവേണ്ടി മൂപ്പൻമാരുടെ സംഘം ശുപാർശ ചെയ്യുന്ന സംഗതിയെക്കുറിച്ചും ഹ്രസ്വമായും വ്യക്തമായും വിശദീകരിക്കണം. അതിനോടു ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കാൻ സഭയ്ക്ക് ഒരു അവസരം നൽകുന്നു. കാര്യം സങ്കീർണമാണെങ്കിൽ അടുത്ത സേവനയോഗംവരെ അതു സംബന്ധിച്ചു ചിന്തിക്കാൻ എല്ലാവർക്കും സമയം നൽകാൻവേണ്ടി വോട്ടെടുപ്പ് താമസിപ്പിക്കുന്നത് ഏററവും ഉചിതമായിരിക്കും. സഭാംഗങ്ങൾ കൈകൾ ഉയർത്തിപ്പിടിച്ചാണു യഥാർഥ വോട്ടെടുപ്പ് നടത്തുന്നത്.
നിയമപരമായ യോഗ്യതകൾ മററുപ്രകാരം കാണിക്കാത്തപക്ഷം ഒരു പ്രമേയത്തിനു വോട്ടു ചെയ്യുന്നത് സമർപ്പിതരും സ്നാപനമേററവരുമായ സഭാംഗങ്ങൾക്കു മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നതാണ്. കോർപ്പറേഷൻ സംബന്ധമായ കാര്യങ്ങളും രാജ്യഹാൾ വായ്പകളും ഉൾപ്പെട്ടിരിക്കുന്ന കാര്യത്തിൽ ഇതുപോലെതന്നെയാണ്. മററു സഭകളിൽനിന്നുളള സന്ദർശകർ ഇതിൽ പങ്കെടുക്കുന്നത് ഉചിതമായിരിക്കില്ല.
പ്രമേയം അംഗീകരിച്ചശേഷം അതു തീയതിവച്ച് ഒപ്പിട്ട് സഭാഫയലിൽ സൂക്ഷിക്കണം.