സ്മാരകത്തിന് അവർ സ്വാഗതംചെയ്യപ്പെടുന്നു എന്ന തോന്നൽ ഉളവാക്കുക
1 കഴിഞ്ഞ ഏതാനും വർഷങ്ങളിൽ സ്മാരകത്തിനു ഹാജരായ 3 പേരിൽ ഒരാൾ മാത്രമേ സുവാർത്തയുടെ ഒരു പ്രസാധകനായിരുന്നുളളൂ. ഈ വർഷവും അങ്ങനെതന്നെ ആയിരിക്കാനാണു സാധ്യത. മറെറാരു നഗരത്തിൽ താമസിക്കുന്ന ഒരു ബന്ധുവോ പരിചയക്കാരനോ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ടായിരിക്കാം ചിലർ ഹാജരാകുന്നത്, അതേസമയം മററു ചിലരെ ക്ഷണിക്കുന്നതു പ്രാദേശിക പ്രസാധകരായിരിക്കാം. ഇനിയും ഹാജരാകുന്നവരിൽ ചിലർ സ്നാപനമേററവരാണെങ്കിലും അവർ മേലാൽ ശുശ്രൂഷയിൽ സജീവമായി പ്രവർത്തിക്കുന്നവരല്ല. “എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ” എന്ന യേശുവിന്റെ കൽപ്പനയോട് ആദരവു കാണിക്കുന്ന എല്ലാവരെയും നാം ആത്മാർഥമായി സ്വാഗതം ചെയ്യുന്നു.—1 കൊരി. 11:24; റോമ. 15:7.
2 ഏതൊരാളും, വിശേഷാൽ പുതിയവർ, രാജ്യഹാളിൽ പ്രവേശിക്കുമ്പോൾ അവരെ സ്വാഗതം ചെയ്യാൻ നിയമിത സേവകർ ജാഗ്രതയുളളവരായിരിക്കണം. എന്നിരുന്നാലും, സ്മാരകസമയത്ത് ആതിഥ്യത്തിന്റെ ഒരു ഗതി പിൻപററുന്നതിൽ നമുക്കെല്ലാവർക്കും ഒരു പങ്കുണ്ടായിരിക്കാവുന്നതാണ്. (റോമ. 12:13) എങ്ങനെ?
3 താത്പര്യക്കാരായ വ്യക്തികൾക്ക് യാത്രാസൗകര്യം ഏർപ്പെടുത്തിക്കൊണ്ട് ചില പ്രസാധകർ ആ വൈകുന്നേരം വളരെ തിരക്കുളളവരായിരിക്കും. തനിയെ വരുന്ന സന്ദർശകർക്ക് അഭിവാദനം നൽകാൻ നേരത്തെതന്നെ എത്തിച്ചേർന്നു സ്ഥലത്തുണ്ടായിരിക്കുന്നതിനു മററു ചിലർക്കു കഴിഞ്ഞേക്കാം. പരിചയമില്ലാത്ത ഒരാൾ രാജ്യഹാളിൽ പ്രവേശിക്കുമ്പോൾ അയാൾക്ക് ഊഷ്മളമായ അഭിവാദനം നൽകി സംഭാഷണം തുടങ്ങുക. സ്ഥലത്തുളള സഹോദരങ്ങളിൽ ആരെയെങ്കിലും അറിയാമോ എന്ന് അദ്ദേഹത്തോടു ചോദിക്കുക. അയാൾക്ക് ആരെയെങ്കിലും അറിയാമെങ്കിൽ അദ്ദേഹം വരുന്നതുവരെ അയാളുടെ കാര്യങ്ങളിൽ ശ്രദ്ധിക്കുക. (ലൂക്കൊസ് 10:35 താരതമ്യം ചെയ്യുക.) അയാൾക്ക് ആരെയും വ്യക്തിപരമായി അറിയില്ലെങ്കിൽ യോഗസമയത്തു നിങ്ങളോടൊപ്പമിരിക്കാൻ അയാളെ എന്തുകൊണ്ടു ക്ഷണിച്ചുകൂടാ? പരിപാടിയുടെ സമയത്തു വീഞ്ഞും അപ്പവും എങ്ങനെ ഉപയോഗിക്കപ്പെടുമെന്നു വിശദമാക്കുക. പ്രസംഗകൻ ഉദ്ധരിക്കുന്ന തിരുവെഴുത്തുകൾ എടുത്തു നോക്കുന്നതിൽ അയാൾക്കു നിങ്ങളുടെ സഹായം ആവശ്യമുണ്ടായിരിക്കാം.
4 അയാൾ വന്നതിൽ നിങ്ങൾക്കു സന്തോഷമുണ്ടെന്നു സ്മാരകാഘോഷത്തിന്റെ ഒടുവിൽ അയാളെ അറിയിക്കുക. നമ്മുടെ പ്രവർത്തനം സംബന്ധിച്ചു നിങ്ങൾക്ക് ഉത്തരം കൊടുക്കാൻ കഴിയുന്ന ചോദ്യങ്ങൾ അയാൾക്കുണ്ടായിരുന്നേക്കാം. നിങ്ങളുടെ വ്യക്തിപരമായ താത്പര്യം രാജ്യഹാളിൽ വച്ചോ മറെറവിടെയെങ്കിലും വച്ചോ ഏതെങ്കിലുമൊരു ബൈബിൾ വിഷയത്തെക്കുറിച്ചുളള ചർച്ചയിലേക്കു നയിച്ചേക്കാം. ശ്ലാഘനീയമായ ഈ മുൻകൈ എടുത്തിട്ടുളള ജാഗ്രതയുളള സഹോദരങ്ങൾ ചില നല്ല ബൈബിളധ്യയനങ്ങൾ തുടങ്ങിയിട്ടുണ്ട്. രാജ്യഹാൾ വിട്ടുപോകുന്നതിനു മുമ്പ് അയാളെ മററുളളവർക്കു പരിചയപ്പെടുത്തിക്കൊടുക്കുക. മടങ്ങിവരാൻ അയാൾക്ക് ഊഷ്മളമായ ഒരു ക്ഷണം നൽകുക.
5 ക്രമമായി യോഗങ്ങളിൽ സംബന്ധിക്കാതിരുന്നിട്ടുളളതോ കുറെ കാലത്തേക്കു ശുശ്രൂഷയിൽ സജീവമായി പ്രവർത്തിക്കാതിരുന്നിട്ടുളളതോ ആയ നമ്മുടെ പ്രിയപ്പെട്ട സഹോദരീസഹോദരൻമാരെ സ്വാഗതം ചെയ്യാൻ നാം എത്ര സന്തോഷമുളളവരാണ്! അവർ എന്തുകൊണ്ടു വിട്ടുനിന്നു എന്നതു സംബന്ധിച്ച ചോദ്യങ്ങൾ എടുത്തിടുന്നതിനു പകരം അവർ വന്നതിലുളള നിങ്ങളുടെ സന്തോഷം പ്രകടമാക്കുക. സ്മാരകപ്രസംഗസമയത്ത് അവർ കേൾക്കുന്ന എന്തെങ്കിലും, യഹോവയുമായുളള തങ്ങളുടെ സമർപ്പിത ബന്ധം പുനഃപരിശോധിക്കാൻ ഒരുപക്ഷേ അവരെ പ്രേരിപ്പിച്ചേക്കാം. നാം നൽകുന്ന ഊഷ്മളമായ സ്വാഗതവും നാം പ്രകടമാക്കുന്ന യഥാർഥമായ താത്പര്യവും അവരുടെ ഹൃദയത്തെ സ്പർശിച്ചേക്കാം. അവരെ വീണ്ടും കാണാൻ നിങ്ങൾ സന്തോഷപൂർവം കാത്തിരിക്കുന്നതായി അവരെ അറിയിക്കുക.—റോമ. 1:11, 12.
6 “സത്യമതം മനുഷ്യസമൂഹത്തിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നു” എന്ന തലക്കെട്ടുളള ഒരു പ്രത്യേക പരസ്യപ്രസംഗം ഏപ്രിൽ 10-ന് മിക്ക സഭകളിലും നടത്തുന്നതായിരിക്കും. സ്മാരകാഘോഷത്തിനു വരുന്ന എല്ലാവരും ക്ഷണിക്കപ്പെടുന്നുവെന്നും സന്നിഹിതരായിരിക്കാൻ സഹായിക്കപ്പെടുന്നുവെന്നും ഉറപ്പുവരുത്തുക. ഈ പ്രത്യേക യോഗങ്ങൾക്കു ഹാജരാകുന്നവർക്കു സ്വാഗതം ചെയ്യപ്പെടുന്നു എന്ന തോന്നൽ ഉളവാകുമെന്നും യഹോവയുടെ ജനത്തിന്റെ ഇടയിലെ കൂട്ടായ്മയുടെ ഊഷ്മളമായ ആത്മാവ് അവർ അനുഭവിക്കുമെന്നുമാണ് ഞങ്ങളുടെ പ്രത്യാശ.—സങ്കീ. 133:1.