ബെഥേൽ സേവനം—കൂടുതൽ സന്നദ്ധസേവകർ ആവശ്യം
1 ഈ അന്ത്യനാളുകളിൽ യഹോവ ചെയ്യുന്ന മഹത്തായ വേല കാണുമ്പോൾ നാം പുളകംകൊള്ളുന്നു. ഇക്കാലത്തു ദൈവജനത്തിന്റെ ഒരു മികച്ച ഗുണവിശേഷം, രാജ്യസേവനത്തിൽ ഒരു സജീവ പങ്കുണ്ടായിരിക്കുന്നതിനുള്ള അവരുടെ മനസ്സൊരുക്കമായിരിക്കുമെന്നു സങ്കീർത്തനം 110:3 സൂചിപ്പിക്കുന്നു. ഭൂവ്യാപകമായി രാജ്യസുവാർത്ത പ്രസംഗിക്കപ്പെടുന്നതിനു യഹോവയുടെ ജനം തങ്ങളെത്തന്നെ വിനിയോഗിക്കുകയാണ്. പ്രഘോഷകർ പുസ്തകത്തിന്റെ 295-ാം പേജ് ഇങ്ങനെ പ്രസ്താവിക്കുന്നു: “ചിലർ ആഗോള ബെഥേൽ കുടുംബത്തിൽ സേവിക്കുന്നു. ബൈബിൾ സാഹിത്യങ്ങൾ തയ്യാറാക്കി പ്രസിദ്ധീകരിക്കുക, അത്യാവശ്യം ഓഫീസ് വേലകൾ നിർവഹിക്കുക, അത്തരം പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന സേവനങ്ങളനുഷ്ഠിക്കുക എന്നിങ്ങനെ എന്തു നിയമനം നൽകിയാലും അതു ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ള മുഴുസമയ ശുശ്രൂഷകരുടെ സംഘമാണത്. അവർ വ്യക്തിപരമായ പ്രാമുഖ്യതയോ ഭൗതിക സമ്പത്തോ നേടിയെടുക്കുന്ന വേലയല്ലത്. യഹോവയെ ആദരിക്കുകയാണ് അവരുടെ ആഗ്രഹം. കൂടാതെ, ഭക്ഷണം, താമസം, വ്യക്തിപരമായ ചെലവുകൾക്കുവേണ്ടി ഒരു എളിയ തുക എന്നീ രീതിയിലെല്ലാം തങ്ങൾക്കു ലഭിക്കുന്ന കരുതലുകളിൽ അവർ സംതൃപ്തരാണ്.” നിങ്ങൾ ബെഥേൽ സന്ദർശിച്ചിട്ടുണ്ടെങ്കിൽ അവിടെ നടക്കുന്ന വേല സംബന്ധിച്ച് ഒരു പരിധിവരെ നിങ്ങൾ ഇപ്പോഴേ പരിചിതരാണ്. എന്നിരുന്നാലും, ഈ അനുപമ സേവന പദവിയിൽ നിങ്ങളുടെ വിലമതിപ്പു വർധിപ്പിക്കുന്നതിനും സൊസൈറ്റിയുടെ ആവശ്യങ്ങളെപ്പറ്റി നിങ്ങളെ ബോധവാന്മാരാക്കുന്നതിനും കൂടുതലായ വിവരങ്ങൾ പ്രദാനംചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
2 ബെഥേൽ സേവനത്തിന്റെയും അതിന്റെ സമ്പന്ന പൈതൃകത്തിന്റെയും പ്രാധാന്യം കാണുന്നതിനു യഹോവയുടെ സ്ഥാപനത്തിന്റെ, പുരാതനവും ആധുനികവുമായ, ചരിത്രത്തെക്കുറിച്ചു നമുക്ക് അൽപ്പമൊന്നു പുനരവലോകനം നടത്താം. ഏതാണ്ടു 19 വർഷത്തോളം വാച്ച് ടവർ സൊസൈറ്റിയുടെ ആസ്ഥാനം പെൻസിൽവേനിയയിലെ അലിഗനിയിലുള്ള 56-60 ആർച്ച് സ്ട്രീറ്റിൽ ഇഷ്ടികകൊണ്ടുള്ള ഒരു നാലുനിലക്കെട്ടിടത്തിലായിരുന്നു. ബൈബിൾ ഭവനം എന്നായിരുന്നു അതിനെ വിളിച്ചിരുന്നത്. എന്നിരുന്നാലും, 1908 ആയപ്പോഴേക്കും ബൈബിൾ ഭവനത്തിലെ അംഗങ്ങൾ അഥവാ സൊസൈറ്റിയുടെ ആസ്ഥാനത്തിലെ ജോലിക്കാരുടെ എണ്ണം 30-ലധികമായി വർധിച്ചു. അതു വികസനത്തിനുള്ള സമയമായിരുന്നു. വേലയ്ക്ക് ഏറ്റവും പറ്റിയ കേന്ദ്രം ബ്രുക്ലിനായിരിക്കുമെന്നു ദിവ്യ മാർഗനിർദേശം തേടിയശേഷം സഹോദരങ്ങൾ തീരുമാനമെടുത്തു. തന്മൂലം സൊസൈറ്റിയുടെ ഓഫീസും ഒരു ഓഡിറ്റോറിയവും ഉണ്ടായിരിക്കത്തക്കവിധം ബ്രുക്ലിനിലെ 13-17 ഹിക്സ് സ്ട്രീറ്റിലുള്ള ഒരു കെട്ടിടം വിലയ്ക്കുവാങ്ങി. ഈ ഓഫീസുകൾ 1909 ജനുവരി 31-നു തുറന്നു. എന്നാൽ ഹിക്സ് സ്ട്രീറ്റിലുള്ള കെട്ടിടത്തോടു ചേർന്ന് താമസിക്കുന്നതിനു വസതികൾ ഉണ്ടായിരുന്നില്ല. ആദ്യം വിചാരിച്ചു താമസസൗകര്യങ്ങൾ വാടകയ്ക്കെടുക്കാമെന്ന്. എന്നാൽ, ബ്രുക്ലിൻ ഹൈറ്റ്സ് ഭാഗത്തുള്ള വസതികളിലൊന്നും വാടകയ്ക്കു ലഭ്യമായിരുന്നില്ല. കാര്യാദികൾ മാറിമറിഞ്ഞതോടെ, 124 കൊളംബിയ ഹൈറ്റ്സിൽ ചെങ്കല്ലുകൊണ്ടുള്ള ഒരു നാലുനിലക്കെട്ടിടം, ഹെൻറി വാർഡ് ബീച്ചറുടെ മുൻ വസതി, “കുറഞ്ഞ വിലയ്ക്ക്” വാങ്ങാൻ കഴിഞ്ഞു. അതു സഹോദരന്മാരെ അതിശയിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തു. കൂടാതെ, 126 കൊളംബിയ ഹൈറ്റ്സും ലഭ്യമായി. 1909 മാർച്ച് 1-ലെ വീക്ഷാഗോപുരം സന്തോഷപൂർവം പ്രഖ്യാപിച്ചു: പിറ്റ്സ്ബർഗിലെ “ബൈബിൾ ഭവനം” എന്ന പേരിന്റെ സ്ഥാനത്തു “പുതിയ വീടിനെ ബെഥേൽ എന്നു നമുക്കു വിളിക്കാം.” അതുകൊണ്ട്, 1909 ഏപ്രിലിൽ ബെഥേൽ അതിന്റെ കവാടം തുറന്നു. കുടുംബാംഗങ്ങൾ പുതിയ ഭവനത്തിലേക്കു മാറുകയും ചെയ്തു. 86 വർഷമായി ബ്രുക്ലിൻ ബെഥേൽ ഈ സ്ഥലത്തു തന്നെയാണ്.
3 ബെഥേൽ എന്നതു സൊസൈറ്റിയുടെ ആസ്ഥാനത്തിനു യോജിച്ച പേരായിരുന്നോ? ആ പേരും അതുമായുള്ള ബന്ധങ്ങളും എങ്ങനെ തുടങ്ങിയെന്നതു സംബന്ധിച്ചു ബൈബിളിൽ പറയുന്നതു പരിചിന്തിക്കുക. 3,700 വർഷം മുമ്പാണത്. ഉല്പത്തി 28-ാം അധ്യായം 77 വയസ്സുള്ള അവിവാഹിതനായ യാക്കോബിന്റെ അനുഭവം വിവരിക്കുന്നു. യാക്കോബ് ആത്മീയ കാര്യങ്ങളെ വിലമതിച്ചിരുന്നു, എന്നാൽ തന്റെ സഹോദരനായ ഏശാവ് അവനെ വെറുത്തിരുന്നു. പിതാവ് ഇസഹാക്കിന്റെ നിർദേശാനുസരണം യാക്കോബ് ബേർ-ശേബയിലേക്കു പലായനം ചെയ്തു. ഉത്തരദിക്കിൽ അബ്രഹാമിന്റെ ബന്ധുക്കളുടെ നാട്ടിലേക്ക്, തനിക്ക് ഒരു ഭാര്യയെ കണ്ടെത്താൻ ഉദ്ദേശിച്ചിരുന്നവരുടെ ഇടയിലേക്കു യാത്ര തിരിച്ചു. ഏതാണ്ടു 100 കിലോമീറ്റർ യാത്രചെയ്തശേഷം യാക്കോബ് രാത്രി വിശ്രമിക്കുന്നതിനുവേണ്ടി യഹൂദാ മലകളിലുള്ള ലൂസ് എന്ന പട്ടണത്തിൽ തങ്ങി. യഹോവ യാക്കോബിനു ദിവ്യ പിന്തുണ നൽകുമെന്നു പൂർണമായി ഉറപ്പേകുന്ന രോമാഞ്ചജനകമായ വിശദാംശങ്ങൾ നാം ഉല്പത്തി 28:10-19-ൽ വായിക്കുന്നു. ഒരു സ്വപ്നത്തിൽ യാക്കോബ് ഭൂമിയിൽനിന്നു സ്വർഗത്തോളം എത്തുന്ന ഒരു ഗോവണി കണ്ടു. ദൈവദൂതന്മാർ അതിൽകൂടി തിരക്കിട്ടു കയറുകയും ഇറങ്ങുകയുമായിരുന്നു. അതിന്മീതെ യഹോവ നിന്നു. സന്തതിയെക്കുറിച്ച് അബ്രഹാമിനു നൽകിയ വാഗ്ദാനം യാക്കോബിനും നൽകുകയും താൻ അവനെ കൈവെടിയുകയില്ലെന്ന് ഉറപ്പേകുകയും ചെയ്തുകൊണ്ടു യഹോവ സംസാരിച്ചു. ആത്മീയചിന്തയുള്ള യാക്കോബിനെ സംബന്ധിച്ചിടത്തോളം എത്ര ഭയോദ്ദീപകമായ അനുഭവമായിരുന്നു അത്! ആ സ്ഥലം അവന്റെ കണ്ണിൽ വളരെ പ്രത്യേകതയുള്ളതായിത്തീർന്നതിൽ എന്തെങ്കിലും അതിശയമുണ്ടോ? അവനെ സംബന്ധിച്ചിടത്തോളം അതു “ദൈവ ഭവന”മായിരുന്നു, അഥവാ എബ്രായ ഭാഷയിൽ ബേഥ്-എൽ. ബെഥ് എന്നാൽ “ഭവനം” എന്നും എൽ എന്നാൽ “ദൈവം” എന്നും അർഥം.—ഉൽപ്പത്തി 28:19, NW, അടിക്കുറിപ്പ്.
4 അങ്ങനെ, ബെഥേൽ എന്ന പദത്തിനു സമ്പന്നമായ ചരിത്ര പശ്ചാത്തലമുണ്ട്. യഹോവയുടെ ജനത്തിന്റെ ലോകാസ്ഥാനത്തിനു യോജിച്ച പേരുമാണത്. ഇന്നു ദൈവ ദാസർക്കു ദിവ്യനിശ്വസ്ത സ്വപ്നങ്ങൾ ഉണ്ടാകാറില്ല. ബെഥേലിൽനിന്നു സ്വർഗത്തിലേക്കു ഗോവണിയിലൂടെ ദൂതന്മാർ കയറിയിറങ്ങുന്നതു കാണുന്നില്ല. സഹോദരങ്ങൾ ദർശനം കാണുകയോ ദൈവത്തിന്റെ ശബ്ദം നേരിട്ടു ശ്രവിക്കുകയോ ചെയ്യുന്നില്ല. എങ്കിലും, റസ്സൽ സഹോദരന്റെ നാൾ മുതൽ ഇന്നുവരെ ഈ കഴിഞ്ഞ 86 വർഷം ബെഥേലിൽ നടന്ന കാര്യങ്ങൾ പരിചിന്തിക്കുമ്പോൾ, ബെഥേലിൽ, അബ്രഹാമിന്റെ ആത്മീയ സന്താനങ്ങളുടെ ഭാഗമായ അഭിഷിക്ത ദാസരോടൊപ്പം യഹോവയുടെ കരങ്ങളുണ്ടായിരുന്നുവെന്നതിൽ യാതൊരു സംശയവുമില്ല. യഹോവയുടെ ആധുനിക നാളിലെ സാക്ഷികളുടെ ചരിത്രത്തിലുണ്ടായ അനേകം പ്രമുഖ സംഭവങ്ങളും ബ്രുക്ലിൻ ബെഥേലുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു! ചില വിശേഷ സംഭവങ്ങൾ പരിചിന്തിക്കുക:
◼ 1914 ഒക്ടോബർ 2-നു റസ്സൽ സഹോദരൻ ബെഥേലിലെ ഭക്ഷണമുറിയിൽ പ്രവേശിച്ച് കൃത്യമായി പ്രഖ്യാപിച്ചു: “വിജാതീയരുടെ കാലങ്ങൾ തീർന്നിരിക്കുന്നു; അവരുടെ രാജാക്കന്മാരുടെ നാൾ കഴിഞ്ഞിരിക്കുന്നു.”
◼ 1920-കളുടെ ആരംഭത്തിൽ പ്രഭാത ആരാധന നടക്കുമ്പോൾ സൊസൈറ്റിയുടെ എഡിറ്റോറിയൽ സംഘത്തിലെ ഒരംഗം “ദൈവത്തിന്റെ സ്ഥാപനം” എന്ന പദപ്രയോഗം നടത്തി. യഹോവയുടേതും സാത്താന്റേതുമായ പരസ്പരം എതിർക്കുന്ന, രണ്ടു വ്യത്യസ്ത സ്ഥാപനങ്ങളുണ്ടെന്നു തിരിച്ചറിയാൻ തക്കവണ്ണം 1925 ആയപ്പോഴേക്കും ഇത് അവരുടെ ചിന്താഗതിയെ ഉദ്ദീപിപ്പിച്ചു.—w85 3/15, പേ. 10.
◼ 1931-ൽ കൊളംബസ്, ഒഹായോയിലെ കൺവെൻഷനുമുമ്പ്, ഒരു ദിവസം അതിരാവിലെ സൊസൈറ്റിയുടെ പ്രസിഡണ്ടായിരുന്ന റതർഫോർഡ് സഹോദരൻ യഹോവയുടെ സാക്ഷികൾ എന്ന പേരു ശരിക്കും യഹോവയുടെ ജനത്തെയും അവർ അപ്പോൾ ചെയ്തുകൊണ്ടിരുന്ന വേലയെയും വർണിക്കുന്നുവെന്നും അവർ ദൈവത്തിന്റെ സാക്ഷികളായി തിരിച്ചറിയപ്പെടണമെന്നും തിരിച്ചറിഞ്ഞു.—yb75 പേ. 151.
◼ “മഹാപുരുഷാരം” അല്ലെങ്കിൽ “മഹാസംഘം” ആരാണെന്ന് 1935-ന്റെ ആരംഭത്തിൽ ചോദ്യങ്ങൾ ഉന്നയിക്കപ്പെടുകയുണ്ടായി. (വെളി. 7:9; KJ) അവർ ഒരു ഭൗമിക വിഭാഗമാണെന്ന് അന്ന് അവരിൽ ചിലർ അഭിപ്രായപ്രകടനം നടത്തി. 1935 മേയ് 31-നു വാഷിങ്ടൺ, ഡി.സി.-യിൽ നടന്ന കൺവെൻഷനിൽ തൃപ്തികരമായ ഒരു വിശദീകരണം നൽകപ്പെട്ടു.—jv പേ. 166.
5 യഹോവ ബെഥേലിലുള്ള തന്റെ വിശ്വസ്ത അഭിഷിക്ത ദാസർക്കു തന്റെ പരിശുദ്ധാത്മാവിലൂടെ മാർഗദർശനവും പിന്തുണയും നൽകിയതെങ്ങനെയെന്ന് ഈ ഏതാനും ദൃഷ്ടാന്തങ്ങൾ ചിത്രീകരിക്കുന്നു. ദൂതന്മാരെക്കുറിച്ചോ? ശത്രുക്കളിൽനിന്നുള്ള കൊടിയ എതിർപ്പും വിഭവങ്ങൾ വിരളമായിരുന്ന പ്രയാസമേറിയ വർഷങ്ങളും കണക്കിലെടുക്കുമ്പോൾ ദൂതന്മാരുടെ സംരക്ഷണവും സഹായവുമില്ലാതെ വർഷങ്ങളിലുടനീളം ഇത്ര ശ്രദ്ധേയമാംവിധം ബെഥേൽ പ്രവർത്തിപ്പിക്കാനാവുകയില്ലായിരുന്നു എന്നതിൽ യാതൊരു സംശയവുമില്ല.
6 ഐക്യനാടുകളിലുള്ള ആസ്ഥാനത്തിലെ ജോലിക്കാർക്കുപുറമേ ലോകത്തുടനീളമുള്ള 100 ബ്രാഞ്ചുകളിൽ ബെഥേൽ കുടുംബങ്ങൾ ഉണ്ട്. അതിലൊന്നാണു ലാണാവ്ലയിലുള്ളത്. നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ പുസ്തകം അതിന്റെ 121-ാം പേജിൽ ഇങ്ങനെ പറയുന്നു: “ബഥേൽ എന്ന . . . പേര് ദിവ്യാധിപത്യ പ്രവർത്തനത്തിന്റെ ഈ കേന്ദ്രങ്ങൾക്ക് തീർച്ചയായും ഉചിതമാണ്.” ബെഥേൽ സന്നദ്ധസേവകർ ഏതുതരം ജോലി ചെയ്യാനാണു നിയമിക്കപ്പെടുന്നത്?
7 വൈവിധ്യമാർന്ന വേല: വിവിധതരം നിയമനങ്ങളാണു ബെഥേൽ കുടുംബത്തിലെ അംഗങ്ങൾക്കു നൽകപ്പെടുന്നത്. ബ്രുക്ലിനിലും ഇന്ത്യയുൾപ്പെടെ മറ്റനേകം ബ്രാഞ്ചുകളിലും ചില സഹോദരങ്ങൾ ലോകവ്യാപകമായ വിതരണത്തിനാവശ്യമായ പുസ്തകങ്ങൾ, (ചില ബ്രാഞ്ചുകളിൽ ബൈബിളുകളും,) മാസികകൾ, ലഘുപത്രികകൾ, ലഘുലേഖകൾ എന്നിവ അച്ചടിക്കുന്ന യന്ത്രങ്ങൾ പ്രവർത്തിപ്പിച്ചുകൊണ്ടു ഫാക്ടറിയിൽ ജോലിചെയ്യുന്നു. മറ്റുചിലർ ബൈബിളുകളും പുസ്തകങ്ങളും ബയൻഡു ചെയ്യുന്നു. ഈ പ്രസിദ്ധീകരണങ്ങൾ ലോകമെമ്പാടുമുള്ള സഭകളിലേക്കു കയറ്റി അയയ്ക്കുകയാണു വേറേ ചിലരുടെ ജോലി. ഉപകരണങ്ങളും കെട്ടിടങ്ങളും നല്ലനിലയിൽ സൂക്ഷിക്കാൻ നിയമനമുള്ള അനേകരുണ്ട്. ബെഥേൽ കുടുംബത്തിൽ കുടുംബാംഗങ്ങളുടെ പരിപാലനത്തിൽ ധാരാളം വേല ഉൾപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ബ്രുക്ലിൻ ബെഥേലിൽ 20 മിനിറ്റിനുള്ളിൽ 12 മുറികളിലായി ഏകദേശം 3,700 പേർക്കു പ്രഭാതഭക്ഷണം വിളമ്പുന്നു. അലക്കുശാലയിൽ സഹോദരീസഹോദരന്മാർ ഓരോ ആഴ്ചയും 13,000 ഷർട്ടുകൾ ഉൾപ്പെടെ 16,000 കിലോ തുണികൾ അലക്കിത്തേച്ചെടുക്കുന്നു. അതിനുപുറമേ, ബ്രുക്ലിനിൽ താമസിക്കുന്നതിനുള്ള 21 കെട്ടിടങ്ങളിൽ ഗൃഹപരിപാലകർ ശുചിത്വത്തിന്റെ കാര്യത്തിൽ ഉയർന്ന നിലവാരം പുലർത്തുകയും മർമപ്രധാനമായ മറ്റനേകം ഉത്തരവാദിത്വങ്ങൾ നിർവഹിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ 230 ബെഥേൽ കുടുംബാംഗങ്ങൾക്ക് അതേ സൗകര്യങ്ങൾ പ്രദാനംചെയ്യുന്നു.
8 യോഗ്യതകളും നിബന്ധനകളും: ഈ ജോലിക്ക് ആവശ്യമായ ശാരീരിക ഊർജത്തിന്റെയും ബലത്തിന്റെയും വീക്ഷണത്തിൽ ഇപ്പോൾ, ആരോഗ്യവാന്മാരും അവിവാഹിതരുമായ യുവാക്കളെ ആവശ്യമുണ്ട്. ബെഥേൽ സേവനത്തിന് അപേക്ഷിക്കുന്ന ഒരു യുവാവ് സമർപ്പിച്ചു സ്നാപനമേറ്റിട്ടു ചുരുങ്ങിയത് ഒരു വർഷമെങ്കിലും പിന്നിട്ട വ്യക്തി ആയിരിക്കണം. അയാൾ അർപ്പണമനോഭാവമുള്ള ആത്മീയ വ്യക്തിയായിരിക്കണം. കൂടാതെ, അയാൾ കഠിനവേലചെയ്യാൻ മനസ്സൊരുക്കമുള്ളവനുമായിരിക്കണം. ഇന്നു ലോകത്തിൽ അനേകരും കഠിനാധ്വാനം എങ്ങനെയും ഒഴിവാക്കണമെന്ന വീക്ഷണഗതിക്കാരാണ്. തന്മൂലം, ബെഥേൽ സേവനത്തിന് അപേക്ഷിക്കുന്ന ചെറുപ്പക്കാരൻ, കഠിനാധ്വാനം ചെയ്യത്തക്കവണ്ണം, തന്റെ കരങ്ങൾകൊണ്ടു സത്പ്രവൃത്തികൾ ചെയ്യത്തക്കവണ്ണം പുതിയ വ്യക്തിത്വം ധരിച്ചവനായിരിക്കണം. (എഫെസ്യർ 4:28 താരതമ്യം ചെയ്യുക.) അയാൾ വ്യക്തിപരമായ ഉല്ലാസങ്ങൾ, നേരമ്പോക്കുപരിപാടികൾ അല്ലെങ്കിൽ വിനോദം എന്നീ കാര്യങ്ങൾ ലക്ഷ്യമാക്കുന്ന ഒരാൾ ആയിരിക്കരുതെന്ന് അത് അർഥമാക്കുന്നു. ബെഥേൽ സേവനത്തെക്കുറിച്ചു പരിചിന്തിക്കുമ്പോൾ അയാൾ യൗവനസഹജമായ അത്തരം സ്വഭാവവിശേഷങ്ങൾ ത്യജിച്ചിരിക്കണം. “ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാൻ ശിശുവിന്നുള്ളതു ത്യജിച്ചുകളഞ്ഞു” എന്ന് 1 കൊരിന്ത്യർ 13:11-ലെ പൗലോസിന്റെ വാക്കുകൾ ഇവിടെ തികച്ചും ബാധകമാണ്.
9 നിങ്ങളുടെ പ്രായം 19-നും 35-നും ഇടയ്ക്കാണോ? നിങ്ങൾക്കു ശാരീരികവും വൈകാരികവുമായി നല്ല ആരോഗ്യമുണ്ടോ? നിങ്ങൾക്കു കുറച്ചെങ്കിലും ഇംഗ്ലീഷ് സംസാരിക്കാനറിയാമോ? യഹോവയോടും അവന്റെ സ്ഥാപനത്തോടും ആഴമായ സ്നേഹമുള്ള ഒരു ആത്മീയ വ്യക്തിയാണോ നിങ്ങൾ? ബെഥേലിലേക്കു വിളിക്കുന്നപക്ഷം എന്തുതന്നെ വേല നൽകിയാലും, കുറഞ്ഞത് ഒരു വർഷമെങ്കിലും നിങ്ങൾ ആ സേവനത്തിൽ നിലകൊള്ളുമോ? ഈ ചോദ്യങ്ങൾക്ക് ഉവ്വ് എന്നുത്തരം നൽകാൻ നിങ്ങൾക്കു കഴിയുമെങ്കിൽ ബെഥേൽ സേവനമെന്ന അനുപമ പദവിയെപ്പറ്റി പരിചിന്തിക്കുന്നത് ഉചിതമായിരിക്കും. അനുഗ്രഹങ്ങൾ സമൃദ്ധമാണ്.
10 ബെഥേൽ സേവനത്തിന്റെ അനുഗ്രഹങ്ങൾ: 1994 ജൂൺ 15 വീക്ഷാഗോപുരത്തിലെ ‘“ദൈവഭവന”ത്തെ വിലമതിപ്പോടെ വീക്ഷിക്കുക’ എന്ന ലേഖനം ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഒരു സമ്മേളനത്തിൽ പങ്കെടുക്കുന്ന സമയത്ത്, യഹോവയുടെ സന്തുഷ്ടരായ ആരാധകരുടെ നടുവിലായിരിക്കുമ്പോൾ നിങ്ങൾക്ക് അതിയായ സംതൃപ്തി തോന്നുന്നുവോ? ഒന്നു വിഭാവന ചെയ്യുക, ഒരു ബെഥേൽസേവകന് ദിവസവും സഹോദരന്മാരുടെ ഒരു ഗണത്തിനു നടുവിൽ യഹോവയെ സേവിക്കുന്നതിനുള്ള പദവിയുണ്ട്! (സങ്കീർത്തനം 26:12) ആത്മീയ വളർച്ചയ്ക്ക് എന്തു വിശിഷ്ടമായ പ്രതീക്ഷകളാണ് അതു വെച്ചുനീട്ടുന്നത്! തന്റെ വ്യക്തിത്വത്തെ കരുപ്പിടിപ്പിക്കുന്നതിൽ ബെഥേലിനു പുറത്തു മൂന്നു വർഷംകൊണ്ടു പഠിച്ചതിനെക്കാൾ കൂടുതൽ ബെഥേലിൽ ഒരു വർഷത്തിനകം താൻ പഠിച്ചു എന്ന് ഒരു സഹോദരൻ പറയുകയുണ്ടായി. എന്തുകൊണ്ട്? പക്വതയുള്ള നിരവധി ക്രിസ്തീയ വ്യക്തിത്വങ്ങളുടെ വിശ്വാസം നിരീക്ഷിക്കാനും അനുകരിക്കാനും വേറൊരിടത്തും അദ്ദേഹത്തിന് അവസരം ഉണ്ടായിരുന്നില്ല എന്നതുതന്നെ കാരണം.” (സദൃ. 13:20) വാസ്തവമായും, ബെഥേൽ സേവനത്തിന്റെ അനുപമ അനുഗ്രഹങ്ങളിൽ ഒന്നാണത്.
11 ബെഥേലിൽ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളും അതുപോലെ ദീർഘകാല വിശ്വസ്ത സഹോദരങ്ങളുമായി സന്നദ്ധസേവകർ അടുത്തു സഹവസിക്കുന്നു. ഒരുവന്റെ നിയമനം എന്തുതന്നെയായാലും ശരി, വിശ്വസ്തരായ, കൂറുപുലർത്തുന്ന സുഹൃത്തുക്കളുമായി ഐക്യത്തിൽ വേലചെയ്യുന്നത് ഒരനുഗ്രഹം തന്നെയാണ്. ഈ വിലയേറിയ സേവന പദവിയിൽ പങ്കുള്ളവരുടെ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്ന, ബ്രുക്ലിൻ ബെഥേൽകുടുംബത്തിലെ അംഗങ്ങളിൽനിന്നുള്ള ചില അഭിപ്രായങ്ങൾ ഇതാ:
◼ 62 വർഷത്തെ ബെഥേൽ സേവനത്തിൽ വർഷങ്ങളിലുടനീളം വിവിധ നിയമനങ്ങളിൽ വേലചെയ്ത ഒരു സഹോദരൻ ബെഥേലിൽ നിലനിൽക്കുന്ന മനോഭാവത്തെക്കുറിച്ചു പറഞ്ഞു: “ഞങ്ങളെല്ലാം ഒരു കുടുംബമാണ്; ഞങ്ങളെല്ലാം സഹോദരങ്ങളും. ഞങ്ങൾ ഒരുമിച്ചു വേലചെയ്യുന്നു. ഞങ്ങൾക്കെല്ലാം നിയമനങ്ങളുണ്ട്. സഹോദരങ്ങൾ കഠിനാധ്വാനം ചെയ്യുന്നതു കാണുന്നതു വിസ്മയാവഹമാണ്; അവർ ചെലുത്തുന്ന ശ്രമം നിങ്ങൾക്കു കാണാവുന്നതാണ്. നിലം അടിച്ചുവാരുന്ന സഹോദരങ്ങൾ ഞങ്ങൾക്കുണ്ട്. സ്ഥലം വൃത്തിയായി സൂക്ഷിക്കുമ്പോൾ കുടുംബത്തെ ആരോഗ്യമുള്ളതായി സൂക്ഷിക്കുകയാണ്. കുടുംബത്തെ ആരോഗ്യമുള്ളതായി സൂക്ഷിക്കുമ്പോൾ അതു ഫലദായകമാണ്. അത് അത്യന്താപേക്ഷിതമാണ്. ഓഫീസ് ജോലിക്കാരുണ്ടായിരിക്കുന്നതും പ്രധാനമാണ്. ഞങ്ങളെല്ലാവരും ചേർന്നു ഫലം ഉത്പാദിപ്പിക്കുന്നു—ലോകവ്യാപകമായ രാജ്യസാക്ഷീകരണം. യഹോവയെ സേവിക്കുന്നതു ജീവിതവൃത്തിയാക്കുന്നതിനുള്ള ഏറ്റവും നല്ല ഇടമാണിത്. നിങ്ങൾ മുഴുസമയ സേവനത്തിലായിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്കത് ഇവിടെ ഏറ്റവും മെച്ചമായി ചെയ്യാൻ കഴിയും. എല്ലാം നിങ്ങൾക്കു ലഭ്യമാണ്. ഞങ്ങളിവിടെ കൂടുതലായ ചില സംഗതികൾ ആസ്വദിക്കുന്നു. ഭൂമിയുടെ നാനാഭാഗത്തുനിന്നും വിവരങ്ങൾ ലഭിക്കുന്നതുകൊണ്ടു സ്ഥാപനത്തെ കാണാൻ അതു സഹായിക്കുന്നു.”
◼ 75 വയസ്സുള്ള ഒരു അഭിഷിക്ത സഹോദരന്റെ ആദ്യത്തെ നിയമനം, ഏതാണ്ടു 48 വർഷം മുമ്പ്, പുസ്തകം ബയൻഡു ചെയ്യലായിരുന്നു. അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടു: “യഹോവയുടെ അർപ്പിതരായ സ്നാപനമേറ്റ സേവകരുടെ ഇടയിൽ കഴിയുന്നതു ഹൃദ്യമായ ഒരനുഭവമാണ്. ഒരു യുവാവ് ബെഥേലിലേക്കു വരുന്നതു കാണുമ്പോൾ എന്റെ ഹൃദയം യഹോവയോടുള്ള നന്ദികൊണ്ടു നിറഞ്ഞുതുളുമ്പുന്നു. കാരണം അയാൾ ഇവിടെ, ബെഥേലിൽ സന്തുഷ്ടമായ ജീവിതം ആസ്വദിക്കാൻ പോകുകയാണെന്ന് എനിക്കറിയാം.” അദ്ദേഹം ബെഥേലിൽ നിധിപോലെ കരുതുന്ന കാര്യങ്ങളെക്കുറിച്ച് ഇങ്ങനെ കൂട്ടിച്ചേർത്തു: “ഇവിടെയുള്ളവരെ ഞാൻ സ്നേഹിക്കുന്നു. അവർ അഴകാർന്നവരാണെന്നു ഞാൻ കരുതുന്നു. അനേക വർഷങ്ങളോളം ബെഥേലിലായിരിക്കുന്ന സഹോദരങ്ങളിൽ ഭൂമുഖത്തെങ്ങും കണ്ടെത്താനാവാത്ത ഒന്നു നിങ്ങൾക്കു കണ്ടെത്താം. ഗ്രഹിക്കാവുന്നതിലതീതമായ ഊഷ്മളതയും, സഹാനുഭൂതിയും ഐക്യവും അവിടെയുണ്ട്.”
◼ 62 വർഷം ബെഥേൽ സേവനത്തിലായിരുന്ന മറ്റൊരു സഹോദരൻ തനിക്കു ലഭിച്ച കൂടുതലായ പ്രയോജനങ്ങളെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടു: “ബെഥേലിൽ വരുന്നതോടെ ഒരുവനു പ്രസിദ്ധീകരണ രംഗത്തു വിശേഷവിധമായ വിദ്യാഭ്യാസം ലഭിക്കുക സാധ്യമാകുന്നു . . . സർവോപരി, ലോകത്തിൽ എവിടെ അയച്ചാലും യഹോവയാം ദൈവത്തിന്റെ യോഗ്യതയുള്ള ഒരു പ്രതിനിധിയായിരിക്കാൻ ബൈബിൾ വിദ്യാഭ്യാസം അയാളെ സുസജ്ജനാക്കുന്നു.”
◼ ഭരണസംഘത്തിലെ 92 വയസ്സുള്ള ഒരംഗം 58 വർഷമായി ബെഥേലിൽ സേവനമനുഷ്ഠിക്കുന്നു. ബെഥേൽ സേവനത്തെപ്പറ്റി അദ്ദേഹമെന്താണു കരുതുന്നത്? “ഇവിടെയും ലോകമെമ്പാടും ഉള്ള ബെഥേൽ കുടുംബങ്ങൾ അർപ്പിത ജനങ്ങളുടെ മഹത്തായ ഒരു ക്രമീകരണമാണ്.”
◼ 98-ാം വയസ്സിൽ, തന്റെ നിയമനത്തിൽ വിശ്വസ്തതയോടെ മരിച്ച ഭരണസംഘത്തിലെ ഒരംഗം, മരിക്കുന്നതിന് ഏതാനും മാസങ്ങൾക്കുമുമ്പ് ഇപ്രകാരം അഭിപ്രായപ്രകടനം നടത്തി: “ബെഥേൽ സേവനം എനിക്കു പ്രിയങ്കരമാണ്. സൂര്യനു കീഴിൽ ഏറ്റവും മെച്ചപ്പെട്ട സ്ഥലം ഇതാണ്.”
◼ ബെഥേൽ സേവനത്തെപ്പറ്റി ഒരു യുവാവിന്റെ വീക്ഷണമെന്താണ്? സമീപകാലത്ത് ഒരു യുവ സഹോദരൻ ഇങ്ങനെ എഴുതി: “യേശു പറഞ്ഞതുപോലെ, ‘കൊടുക്കുന്നതു വലിയ സന്തുഷ്ടിക്ക് ഇടവരുത്തുന്ന’തിനാൽ ഞാൻ താമസിച്ചിട്ടുള്ളതിലേക്കും ഏറ്റവും സന്തുഷ്ടമായ ഇടം ബെഥേലാണ്.” ബെഥേലിന്റെ അന്തഃസത്ത അവനു പിടികിട്ടി—കൊടുക്കൽ.
◼ “ബെഥേൽ സേവനം വാസ്തവമായും അനുപമമാണ്. യഹോവയുടെ ഉദ്ദേശ്യം ഭൂമിയിൽ നടപ്പിൽവരുത്തുന്നതിൽ അതു മർമപ്രധാനമായ ഒരു സ്ഥാനം വഹിക്കുന്നു. തന്മൂലം, ബെഥേലിൽ സേവിക്കുന്നതിനു പദവി ലഭിച്ച ഏതൊരാളും അതിനെ അത്യന്തം ശ്രേഷ്ഠമായി കണക്കാക്കണം. വാസ്തവത്തിൽ, ദൈവിക ഭക്തിയുള്ള ഒരു ജീവിതം മുഴുവനായി പ്രകടിപ്പിക്കാൻ ബെഥേൽ നമ്മെ പ്രാപ്തരാക്കുന്നു” എന്ന് 51 വർഷമായി മുഴുസമയ ശുശ്രൂഷ ചെയ്യുന്ന ഒരു സഹോദരൻ ഉചിതമായി സംഗ്രഹിച്ചു പറഞ്ഞു.
12 ദിനചര്യ: ബെഥേൽ കുടുംബത്തിലെ ഒരംഗം തന്റെ ദിനചര്യയിലൂടെ രാജ്യ പ്രവർത്തനത്തിന്റേതായ ജീവിതത്തിൽ പൂർണമായി മുഴുകുന്നു. തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 7 മണിക്ക് ഊണുമുറികളിൽ പ്രഭാത ആരാധന ആരംഭിക്കുകയായി. ദിനവാക്യത്തെക്കുറിച്ചു കുടുംബാംഗങ്ങൾ അഭിപ്രായം നൽകുന്നു. പിന്നീട്, ബ്രാഞ്ച് കമ്മിറ്റിയിലെ ഒരംഗമോ അനേക വർഷത്തെ മുഴുസമയ സേവനമുള്ള മറ്റൊരു സഹോദരനോ അതേപ്പറ്റി ഒരു ചുരുങ്ങിയ വിവരണം നടത്തുന്നു. അതേത്തുടർന്നു പ്രഭാത പ്രാർഥനയും. ഈ പരിപാടി കുടുംബത്തെ അന്നന്നത്തെ പ്രവർത്തനത്തിന് ആത്മീയമായി ബലപ്പെടുത്തുന്നു. അതാണു ദിവസത്തെ വിശേഷസംഗതിയെന്നു ബെഥേൽ കുടുംബാംഗങ്ങൾ നിങ്ങളോടു പറയും. പോഷകസമൃദ്ധമായ പ്രഭാതഭക്ഷണത്തിനു ശേഷം ബെഥേൽ കുടുംബാംഗങ്ങൾ ഉത്സാഹത്തോടെ തങ്ങളുടെ വ്യത്യസ്ത നിയമനങ്ങളിലേർപ്പെടുകയായി. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെയുള്ള പ്രവൃത്തിദിവസങ്ങളിൽ ജോലിസമയം രാവിലെ 8 മുതൽ വൈകുന്നേരം 5:10 വരെയാണ്. അതിൽ ഒരു മണിക്കൂർ ഉച്ചയൂണിനായി മാറ്റിവയ്ക്കുന്നു. ശനിയാഴ്ച രാവിലെയും 8 മുതൽ 11:55 വരെ ജോലിയുണ്ടായിരിക്കും. സായാഹ്നങ്ങളിലും, ശനിയാഴ്ച ഉച്ചതിരിഞ്ഞും ഞായറാഴ്ചയും ബെഥേലംഗങ്ങൾ തങ്ങളുടെ സഭായോഗങ്ങൾക്കു പോവുകയോ വീടുതോറുമുള്ള വേലയിൽ പങ്കെടുക്കുകയോ ബൈബിളധ്യയന പ്രവർത്തനങ്ങളിലേർപ്പെടുകയോ വ്യക്തിപരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റുകയോ ചെയ്യുന്നു. വ്യക്തിപരമായ പഠനത്തിനും യോഗങ്ങൾക്കു തയ്യാറാകുന്നുതിനും മറ്റുമായി അവർ ബെഥേൽ ലൈബ്രറി സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നു. ആവശ്യത്തിനുള്ള വിശ്രമത്തിനും വിനോദത്തിനുമുള്ള സമയവുമുണ്ട്. (മർക്കൊസ് 6:31, 34) ഈ ദുഷ്ടവ്യവസ്ഥിതിയിൽനിന്നുള്ള ശ്രദ്ധാശൈഥില്യം കൂടാതെ ഓരോ ദിവസവും തന്റെ സമയത്തിന്റെ സിംഹഭാഗവും വിശുദ്ധ സേവനത്തിനായി അർപ്പിക്കാൻ ബെഥേൽ സേവനം ഒരു വ്യക്തിയെ അനുവദിക്കുന്നുവെന്ന് ഈ ഹ്രസ്വ വിവരണത്തിൽനിന്ന് അനായാസം മനസ്സിലാക്കാം.
13 സഭാപ്രവർത്തനങ്ങൾ: ബ്രുക്ലിൻ ബെഥേൽ കുടുംബത്തിലെ അംഗങ്ങളെ ന്യൂയോർക്ക് സിറ്റിയിലുള്ള 350 സഭകളിലായി നിയമിച്ചിരിക്കുന്നതുപോലെ ലൊണാവ്ലയിലെ ബെഥേൽ അംഗങ്ങളെ ഇപ്പോൾ മൂന്നു സഭകളിലായി നിയമിച്ചിരിക്കുന്നു. തങ്ങളുടെ ആത്മീയത നിലനിർത്തുന്നതിനു പ്രാദേശിക സഭ വഹിക്കുന്ന പങ്കിന് അവർ വിലകൽപ്പിക്കുന്നു. അങ്ങനെ, അഞ്ചു യോഗങ്ങളിലും ഹാജരായിക്കൊണ്ട്, തങ്ങളുടെ സഹോദരങ്ങളോടൊപ്പം ക്രമമായി വയൽസേവനത്തിൽ പങ്കെടുത്തുകൊണ്ട്, അവർ തങ്ങളുടെ സഭകളിൽ സജീവരായിരിക്കുന്നു. സഭായോഗങ്ങൾക്കു പുറമേ, തിങ്കളാഴ്ച വൈകുന്നേരം ബെഥേൽ കുടുംബത്തിനു തങ്ങളുടേതായ വീക്ഷാഗോപുര അധ്യയനമുണ്ട്; സകലരുടെയും പ്രയോജനത്തിനായി ഊഴമനുസരിച്ച് ഉത്തരങ്ങൾ പറയുന്നതിനു ബെഥേൽ അംഗങ്ങൾക്കു നിയമനം നൽകപ്പെടുന്നു. ബെഥേൽ പട്ടിക ആത്മീയ കാര്യങ്ങൾക്ക് ഊന്നൽ നൽകുന്നതുകൊണ്ട് അതു യഹോവയെ ആനന്ദത്തോടെയും സന്തോഷത്തോടെയും സേവിക്കുന്ന ഒരു ജീവിതത്തിൽ കലാശിക്കുന്നു.—1 കൊരി. 15:58.
14 ബെഥേൽ സേവനത്തിനായുള്ള തയ്യാറെടുപ്പ്: ബെഥേൽ സേവനത്തിനുവേണ്ടി തയ്യാറാകുന്നതിനു തങ്ങൾ എന്തു ചെയ്യണമെന്നു യുവാക്കന്മാർ പതിവായി ചോദിക്കാറുണ്ട്. പേഴ്സണൽ കമ്മിറ്റിയിൽ സേവനമനുഷ്ഠിക്കുന്ന ഭരണസംഘത്തിലെ ഒരംഗം ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ബെഥേലിൽ വരുമ്പോൾ, സേവിക്കപ്പെടുന്നതിനല്ല, സേവിക്കുന്നതിനായി വരുക. എത്രയധികം സേവിക്കാൻ പഠിക്കുന്നുവോ അത്രയധികമായിരിക്കും നിങ്ങളുടെ സന്തുഷ്ടി. നൽകാൻ പഠിക്കുക, സ്വീകരിക്കാനല്ല. വിനയവും താഴ്മയും ഉള്ളവരായിരിക്കുക. ആത്മാവിന്റെ ഫലങ്ങൾ—അവിടെയാണു യഥാർഥ ക്രിസ്ത്യാനിത്വം കുടികൊള്ളുന്നത്.” അതേ, നിങ്ങളുടെ ആത്മീയതയും യഹോവയുമായുള്ള അടുത്ത ബന്ധവും വികസിപ്പിച്ചെടുക്കുന്നതാണു ബെഥേൽ ജീവിതം വിജയപ്രദമാക്കുന്നതിനുള്ള താക്കോലുകൾ. ബെഥേലിലേക്കു പുതിയ സന്നദ്ധസേവകരെ തിരഞ്ഞെടുക്കുമ്പോൾ മിക്കപ്പോഴും പയനിയർമാരെ തിരഞ്ഞെടുക്കുന്നതിനു കാരണമതാണ്. ഒരു വ്യക്തി ഒരു കാലയളവിലായി പ്രസംഗ-പഠിപ്പിക്കൽ വേലയിൽ, മറ്റുള്ളവർക്കുവേണ്ടി ഒരു മാസം 90 മണിക്കൂർ ചെലവിടാൻ പാകത്തിൽ സ്വയം ശിക്ഷണംനൽകുകയും തന്റെ ഉപജീവനത്തിന് അത്യാവശ്യമായ ജോലി പട്ടികപ്പെടുത്തുകയും ചെയ്യുമ്പോൾ അയാൾ ബെഥേൽ സേവനത്തിനും അവിടത്തെ ക്രമീകൃത ജീവിതരീതിക്കും വേണ്ടി ഒരു നല്ല ആത്മീയ അടിസ്ഥാനം സ്ഥാപിച്ചിരിക്കുകയാണ്. എന്നിരുന്നാലും, ബെഥേൽ സേവനം പയനിയറിങ് ചെയ്യുന്നവർക്കുമാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്നതു ദയവായി ശ്രദ്ധിക്കുക. അടിസ്ഥാന യോഗ്യതകളിൽ എത്തിച്ചേരുന്ന ആർക്കും അതിന് അപേക്ഷിക്കാം.
15 അതിനുപുറമേ, തങ്ങളുടെ കൈകൾകൊണ്ട് എങ്ങനെ വേല ചെയ്യണമെന്നു യുവാക്കന്മാർ അറിഞ്ഞിരിക്കുന്നതു നല്ലതാണ്. കായികാധ്വാനം ആവശ്യമുള്ള വേലചെയ്യുന്നതിനോട് ഈ പഴയ വ്യവസ്ഥിതിയിലുള്ളവർക്കു അത്ര മമതയില്ല. അധികം ശ്രമം ആവശ്യമില്ലാത്ത, അല്ലെങ്കിൽ പ്രതാപത്തിന്റെ പ്രതീതിയുള്ള ജോലി ചെയ്യാൻ സ്വസ്നേഹം അനേകരെയും പ്രേരിപ്പിക്കുന്നു. എങ്കിലും വിവിധയിനം ഉപകരണങ്ങളും സാമഗ്രികളും ഉപയോഗിക്കുന്നതെങ്ങനെയെന്നു പഠിക്കുന്നതു വളരെ പ്രായോഗികവും പ്രയോജനപ്രദവുമാണ്. (സദൃ. 22:29) മാതാപിതാക്കളിൽനിന്നോ അനുഭവപരിചയമുള്ള പ്രായംചെന്ന മൂപ്പന്മാരെ രാജ്യഹാളുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളിൽ സഹായിക്കുന്നതിലൂടെയോ പ്രായംചെന്നവരുടെ ഭവനങ്ങളിൽ അത്യാവശ്യമായ കേടുപാടുകൾ തീർത്തുകൊണ്ട് അവർക്കു സഹായമേകുന്നതിലൂടെയോ മിക്കപ്പോഴും, യുവാക്കന്മാർക്കു കൈത്തൊഴിൽ പഠിച്ചെടുക്കാവുന്നതാണ്.
16 “ബെഥേൽ സേവനത്തിനുവേണ്ട യോഗ്യത നേടുന്നതിനു ഞാൻ കൂടുതലായ ലൗകിക പരിശീലനം നേടേണ്ടതുണ്ടോ?” ചിലപ്പോഴൊക്കെ ചെറുപ്പക്കാർ ഉന്നയിക്കുന്ന ചോദ്യമാണത്. ലൗകിക പരിശീലനം അതിൽത്തന്നെ ഒരു വ്യക്തിയെ ബെഥേൽ സേവനത്തിനു യോഗ്യനാക്കുന്നില്ല. ക്ഷണിക്കപ്പെടുന്ന ഏവരെയും സംബന്ധിച്ചിടത്തോളം ആത്മീയ ഗുണങ്ങളാണു സർവപ്രധാനവും ആവശ്യവുമായിരിക്കുന്നത്. ലൗകിക വിദ്യാഭ്യാസം സംബന്ധിച്ചുള്ള സന്തുലിത വീക്ഷണം അവതരിപ്പിച്ചിരിക്കുന്ന 1993 ഫെബ്രവുരി ലക്കം വീക്ഷാഗോപുരത്തിന്റെ 15-21 പേജുകൾ ശ്രദ്ധാപൂർവം പരിചിന്തിക്കുന്നതിനു മാതാപിതാക്കളെയും സ്കൂൾ പ്രായത്തിലുള്ള കുട്ടികളെയും ഞങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ്. ലൗകിക വിദ്യാഭ്യാസം സംബന്ധിച്ചുള്ള തീരുമാനം വ്യക്തിപരമായ ഒരു സംഗതിയാണ്. ഒരു വ്യക്തി എന്തുതന്നെ തീരുമാനിച്ചാലും, സത്യത്തിനു സാക്ഷ്യം വഹിക്കുകയെന്ന യഹോവയുടെ ജനത്തിന്റെ മുഖ്യ വേലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ തുടർന്നുകൊണ്ട് ആത്മീയ പുരോഗതി നിലനിർത്താൻ താൻ പ്രാപ്തനാണെന്ന് അയാൾ ഉറപ്പുവരുത്തണം.
17 ഒരുവന് ഏതുതരം ലൗകിക പരിശീലനം ലഭിച്ചാലും ചിന്തിക്കാൻ പഠിക്കുന്നത് അത്യന്തം വിലയേറിയതാണ്. ചിന്താപ്രാപ്തിയെയും പ്രായോഗിക ജ്ഞാനത്തെയും ബൈബിൾ പ്രശംസിക്കുന്നു. (സദൃ. 1:4; 3:21) എങ്ങനെ ചിന്തിക്കണമെന്നും വിവരങ്ങൾ സൂക്ഷിക്കണമെന്നും മനസ്സിലാക്കുന്നതു നിങ്ങൾക്കും യഹോവയുടെ ലോകവ്യാപക സ്ഥാപനത്തിനും പ്രയോജനപ്രദമായ അറിവും നിപുണതകളും സമ്പാദിക്കുന്നതിനു നിങ്ങളെ പ്രാപ്തരാക്കും. ഒടുവിൽ, ഒരുവന് എന്തുതന്നെ വൈദഗ്ധ്യങ്ങൾ ഉണ്ടായിരുന്നാലും മറ്റുള്ളവരുമായി നല്ലവണ്ണം ഒത്തുപോകുന്നതു വളരെ പ്രധാനമാണ്. വേല നിർവഹിക്കുന്നതിനു ബെഥേൽ സന്നദ്ധസേവകർ ഒരു സംഘമെന്ന നിലയിൽ അടുത്ത്, ഒരുമിച്ചു പ്രവർത്തിക്കണം. അങ്ങനെ, സ്വതന്ത്രമോ മത്സരാത്മകമോ ആയ മനോഭാവത്തിന്റെ സ്ഥാനത്തു സഹകരണാത്മകവും സ്നേഹനിർഭരവുമായ മനോഭാവവും ദിവ്യാധിപത്യ മാർഗനിർദേശത്തിനു കീഴ്പെടുന്നതിനുള്ള മനസ്സൊരുക്കവും വളർത്തിയെടുക്കണം.—എഫെസ്യർ 4:16 താരതമ്യം ചെയ്യുക.
18 മേൽപ്പറഞ്ഞ കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിനു യഹോവയുടെ സ്ഥാപനത്തിലെ യുവജനങ്ങൾക്കു മഹത്തായ അവസരമുണ്ട്. അപ്പോൾ, ബെഥേലിലേക്കു ക്ഷണിക്കുന്നപക്ഷം, കൂടുതലായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ യഹോവയുടെ സ്ഥാപനത്തിലൂടെ പരിശീലിപ്പിക്കപ്പെടുന്നതിനു പറ്റിയ നിലയിലായിരിക്കും അവർ. ഈ കാര്യം തുടർച്ചയായി യുവാക്കളുടെ മുമ്പാകെ വയ്ക്കുന്നതിനു ക്രിസ്തീയ മാതാപിതാക്കളെയും മൂപ്പന്മാരെയും ഞങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ്. അനേകം മാതാപിതാക്കളും കുട്ടികളെ ബെഥേൽ ചുറ്റിക്കാണുന്നതിനു ക്രമമായി കൊണ്ടുവരുന്നു, അങ്ങനെ അവിടെ നടക്കുന്ന കാര്യങ്ങളുമായി അവരെ പരിചിതരാക്കുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ബെഥേലിൽ വരുന്നതിലേക്ക് ഇത് അനേകരെയും നയിച്ചിട്ടുണ്ട്.
19 അനുഭവപരിചയമുള്ളവർ: ബെഥേലിൽ ആവശ്യമായിരിക്കുന്ന പരിശീലനവും വൈദഗ്ധ്യങ്ങളുമുള്ള, ഏതാണ്ടു 35 വയസ്സിനു മുകളിലുള്ള സഹോദരനെയോ സഹോദരിയെയോ ചിലപ്പോഴൊക്കെ ബെഥേലിൽ എടുക്കാറുണ്ട്. സൊസൈറ്റി ഇപ്പോൾ ഏർപ്പെട്ടിരിക്കുന്ന വേലയിലധികവും നിർവഹിക്കുന്നതിനു കരുത്തുള്ള, കഴിവുള്ള, പരിശീലിപ്പിക്കപ്പെടാവുന്ന യുവാക്കന്മാരോടൊപ്പം അനുഭവപരിചയമുള്ളവർ, “ഗുരുവും ശിഷ്യനും” ചേർന്നു പ്രവർത്തിക്കുന്നത് ആവശ്യമാക്കിത്തീർക്കുന്നു.—1 ദിന. 25:8.
20 ഇന്നത്തെ വേലയുടെ അധികപങ്കും ഇലക്ട്രോണിക്സിലോ കമ്പ്യൂട്ടർ പ്രോഗ്രാമിലോ അനുഭവപരിചയമുള്ള പശ്ചാത്തലമുള്ളവരെ ആവശ്യമാക്കിത്തീർക്കുന്നു. സൊസൈറ്റിക്ക് അക്ഷരാർഥത്തിൽ അസംഖ്യം ഫോട്ടോകോപ്പി യന്ത്രങ്ങളും ലേസർ പ്രിന്ററുകളും പേഴ്സണൽ കമ്പ്യൂട്ടറുകളും ഉണ്ട്, അവയ്ക്കെല്ലാം പരിരക്ഷണം ആവശ്യമുണ്ട്. എൻജിനിയറിംഗ്, പ്ലമ്മിങ്, ഇലക്ട്രിക്കൽ, എയർകണ്ടീഷനിങ് എന്നിങ്ങനെ വിവിധ നിർമാണ പ്രവർത്തനങ്ങളിൽ വൈദഗ്ധ്യമുള്ളവരെ ഇതിന് ഉപയോഗിക്കാവുന്നതാണ്. കണക്കെഴുത്തിൽ ആഴമായ അറിവുള്ള, പ്രത്യേകിച്ചും അതിന്റെ സർട്ടിഫിക്കറ്റുള്ള, പക്വമതികളായ സഹോദരന്മാർക്കു സഹായമായിരിക്കാവുന്നതാണ്. യാത്രചെയ്യുന്നതിനും സാഹിത്യങ്ങൾ കയറ്റി അയയ്ക്കുന്നതിനുമുള്ള ചെലവു ചുരുക്കുന്നതിനുവേണ്ടി സൊസൈറ്റിക്കു സ്വന്തമായി അനേകം വാഹനങ്ങളുണ്ട്. തന്മൂലം, അനുഭവപരിചയമുള്ള ഡ്രൈവർമാരെയും മെക്കാനിക്കുകളെയും ആവശ്യമണ്ട്.
21 ഞങ്ങൾക്ക് ഏറ്റവും ആവശ്യം സമർപ്പിതരായ, ഏകാകികളായ സഹോദരന്മാരെയാണ്. പ്രത്യേക വൈദഗ്ധ്യങ്ങളുള്ളവരെയും ആവശ്യമുണ്ട്, അവരിൽ ചിലർ വിവാഹിതരാണെന്നുവരാം. ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ ബെഥേൽ സേവനത്തിനു താത്പര്യമുള്ളവർക്കായി നടത്തുന്ന പ്രത്യേക യോഗത്തിൽവെച്ചു നിങ്ങൾക്കു ബെഥേൽ അപേക്ഷാഫാറം കൈപ്പറ്റാവുന്നതാണ്. അല്ലെങ്കിൽ Watch Tower Society, Post Bag 10, Lonavla, MAH 410 401-ലേക്ക് എഴുതാവുന്നതാണ്. നിങ്ങൾ വിവാഹിതനാണെങ്കിൽ, ഇതു മനസ്സിൽ പിടിക്കുക, നിങ്ങളുടെ ഇണയും ബെഥേൽ സേവനത്തിന് ആത്മീയവും വൈകാരികവും ശാരീരികവുമായി യോഗ്യതയുള്ള വ്യക്തിയായിരിക്കണമെന്നത് ഓർമിക്കുക. നേരത്തെ സൂചിപ്പിച്ച ഏതെങ്കിലും രംഗത്തു നിങ്ങൾക്കു പരിശീലനവും അനുഭവപരിചയവും ഉള്ളപക്ഷം അതേപ്പറ്റിയുള്ള വിശദാംശങ്ങൾ ചുരുക്കിയെഴുതി ബെഥേൽ അപേക്ഷാഫാറത്തോടൊപ്പം അയയ്ക്കുക.
22 നിങ്ങൾ ഒരു അടിയന്തിര വിളിയോടു പ്രതികരിക്കുമോ? ബെഥേൽ സന്നദ്ധസേവകരുടെ അടിയന്തിര ആവശ്യമുണ്ട്. നിങ്ങൾ ബെഥേൽ സേവനത്തിനുവേണ്ട യോഗ്യതകളിൽ എത്തിച്ചേരുന്നപക്ഷം ഈ അടിയന്തിര വിളിക്ക് ഉത്തരമായി ഒരു ബെഥേൽ അപേക്ഷാഫാറം അയയ്ക്കാൻ ഞങ്ങൾ നിങ്ങളെ അതിയായി പ്രോത്സാഹിപ്പിക്കുകയാണ്. നിങ്ങളെ ഉടൻതന്നെ വിളിക്കാത്തപക്ഷം നിരുത്സാഹപ്പെടരുത്. നിങ്ങളുടെ അപേക്ഷാ ഫാറം വർഷാവർഷം പുതുക്കാൻ കഴിയും. നിങ്ങളുടെ ലഭ്യത സംബന്ധിച്ച് അതു ഞങ്ങൾക്കു കൃത്യ വിവരം നൽകും.
23 പ്രവാചകനായ യെശയ്യാവ് കേൾക്കേ യഹോവ ചോദിച്ചു: “ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും?” യാതൊരു സങ്കോചവും കൂടാതെ യെശയ്യാവ് മറുപടിപറഞ്ഞു: “അടിയൻ ഇതാ അടിയനെ അയക്കേണമേ.” അങ്ങനെ യെശയ്യാവ് ദൈവത്തിന്റെ പ്രവാചകനെന്നനിലയിലുള്ള ശ്രദ്ധേയമായ ജീവിതവൃത്തിയിലേർപ്പെട്ടു. “അടിയൻ ഇതാ അടിയനെ അയക്കേണമേ” എന്നു നിങ്ങൾക്കു പറയാൻ കഴിയുമോ? “ദൈവഭവന”മായ ബെഥേലിൽ സേവിക്കാൻ നിങ്ങൾ ക്ഷണിക്കപ്പെടുന്നപക്ഷം അനേകം അനുഗ്രഹങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു.—യെശയ്യാവു 6:8.