ദൈനംദിനം യഹോവയെ സ്തുതിക്കുക
1 നമ്മുടെ ദൈവമായ യഹോവ അത്ഭുതവാനായ, സ്നേഹവാനായ ഒരു സ്രഷ്ടാവും, എല്ലാ ജീവന്റെയും സന്തുഷ്ടിയുടെയും ഉറവുമാണ്. തന്റെ മാഹാത്മ്യം നിമിത്തം യഥാർഥത്തിൽ തന്റെ എല്ലാ സൃഷ്ടികളിൽനിന്നുമുള്ള സ്തുതിക്ക് അവൻ യോഗ്യനാണ്. വ്യക്തിപരമായി, സങ്കീർത്തനക്കാരനെപ്പോലെ പറയാൻ നാമും ആഗ്രഹിക്കുന്നു: “ഞാൻ മേൽക്കുമേൽ നിന്നെ സ്തുതിക്കും. എന്റെ വായ് ഇടവിടാതെ നിന്റെ നീതിയെയും രക്ഷയെയും വർണിക്കും.” (സങ്കീ. 71:14, 15) ഇതു ചെയ്യുന്നതിന്, അനുദിനം യഹോവയെ സ്തുതിക്കുന്നതിനുള്ള മാർഗങ്ങൾ നാം തേടണം, അവനെക്കുറിച്ചും അവന്റെ നീതിയെക്കുറിച്ചും രക്ഷക്കുവേണ്ടിയുള്ള അവന്റെ കരുതലുകളെക്കുറിച്ചും സംസാരിക്കുന്നതിനു നാം പ്രേരിപ്പിക്കപ്പെടുകയും വേണം.
2 യഹോവയെ സ്തുതിക്കുന്നതിൽ ആദിമ ക്രിസ്ത്യാനികൾ ഒരു നല്ല മാതൃക വെച്ചു. പെന്തക്കോസ്തിലെ 3,000 പേരുടെ സ്നാപനത്തെക്കുറിച്ചു പ്രവൃത്തികൾ 2:46, 47-ൽ നാം ഇങ്ങനെ വായിക്കുന്നു: “ഒരുമനപ്പെട്ടു ദിനമ്പ്രതി ദൈവാലയത്തിൽ കൂടിവരികയും . . . ദൈവത്തെ സ്തുതിക്കയും സകല ജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്തു. കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനമ്പ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.” യഹോവയെയും അവന്റെ മിശിഹായെയും കുറിച്ചുള്ള അത്ഭുതകരമായ സത്യങ്ങൾ അവർ പഠിക്കുകയായിരുന്നു. അവരുടെ സന്തോഷം പടരുന്നതായിരുന്നു, ശ്രദ്ധിക്കുന്നതിനും പഠിക്കുന്നതിനും യഹോവയെ സ്തുതിക്കുന്നതിനും മറ്റുള്ളവരെയും പ്രോത്സാഹിപ്പിക്കുന്നതായിരുന്നു.
3 ഓരോ ദിവസവും അവസരങ്ങൾ ലഭ്യമാണ്: അനൗപചാരിക സാക്ഷീകരണത്തിലൂടെ തങ്ങൾക്കു യഹോവയെ ദൈനംദിനം സ്തുതിക്കാൻ കഴിയുമെന്ന് ഇന്ന് അനേകർ കണ്ടെത്തുന്നു. മുൻകൂട്ടി തയ്യാറാകുന്നതു കൂടുതൽ ഫലപ്രദരായിരിക്കാൻ അവരെ സഹായിക്കുന്നു. അനൗപചാരിക സാക്ഷീകരണത്തിൽ പങ്കെടുക്കുന്നതിനു തീരുമാനിച്ചുറച്ചിരുന്ന ഒരു സഹോദരി ആരോ തന്റെ കാറിന്റെ രണ്ടു ജനാലകൾ തകർത്ത് ഉള്ളിൽ കയറിയതായി കണ്ടെത്തി. അവർ ഗരാജിലേക്കു ഫോൺ ചെയ്തിട്ട് മെക്കാനിക്കിനോടു സാക്ഷീകരിക്കുന്നതിനുവേണ്ടി തയ്യാറായി. അവരുടെ തയ്യാറാകലിൽ, യഹോവയുടെ മാർഗദർശനത്തിനുവേണ്ടി പ്രാർഥിക്കുന്നതും ഉൾപ്പെട്ടിരുന്നു. അത് അവർ മെക്കാനിക്കിനോട് ഒരു മണിക്കൂർ സാക്ഷീകരിക്കുന്നതിലും അയാൾക്ക് എന്നേക്കും ജീവിക്കാൻ പുസ്തകം സമർപ്പിക്കുന്നതിലും കലാശിച്ചു.
4 മറ്റൊരു സഹോദരി ഒരു അയൽക്കാരിയെ പതിവായി കണ്ടുമുട്ടിയിരുന്നത് തങ്ങളുടെ പട്ടികളെ നടത്താൻ കൊണ്ടുപോകുമ്പോഴായിരുന്നു. അത്തരമൊരു കൂടിക്കാഴ്ചയിൽ അവർ ജീവിതപ്രശ്നങ്ങളെക്കുറിച്ചു ഗൗരവമായ ഒരു സംഭാഷണത്തിലേർപ്പെട്ടു, അതു കൂടുതലായ ചർച്ചയിലേക്കു നയിച്ചു. ക്രമേണ ഒരു ബൈബിളധ്യയനം ആരംഭിച്ചു. രസാവഹമായി, യഹോവയുടെ സാക്ഷികൾ തന്റെ വീട്ടുവാതിൽക്കൽ വന്നിരുന്നെങ്കിൽ താൻ ശ്രദ്ധിക്കുമായിരുന്നില്ല എന്ന് ആ അയൽക്കാരി പിന്നീടു സമ്മതിക്കുകയുണ്ടായി, കാരണം അവർ ദൈവത്തിലോ ബൈബിളിലോ വിശ്വസിച്ചിരുന്നില്ല.
5 വിൽപ്പനക്കാരോ മറ്റുള്ളവരോ വീട്ടുവാതിൽക്കൽ വരുമ്പോൾ സാക്ഷീകരിക്കുക സാധ്യമാണെന്നു ചിലർ കണ്ടെത്തിയിരിക്കുന്നു. ലൈഫ് ഇൻഷ്വറൻസ് വിൽക്കുന്ന ഒരാൾ അയർലൻഡിലുള്ള ഒരു സഹോദരിയെ സന്ദർശിച്ചു. താൻ നിത്യജീവൻ ആസ്വദിക്കാൻ നോക്കിപ്പാർത്തിരിക്കുകയാണെന്ന് അവർ വിശദീകരിച്ചു. ഒരു റോമൻ കത്തോലിക്കനായി വളർത്തപ്പെട്ട ഇദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇതു തികച്ചും പുതിയ ഒരാശയമായിരുന്നു. അദ്ദേഹം എന്നേക്കും ജീവിക്കാൻ പുസ്തകം സ്വീകരിച്ചു, തുടർന്നുവന്ന ആഴ്ചയിൽ യോഗത്തിനു ഹാജരായി, ഒരു ബൈബിളധ്യയനത്തിനു സമ്മതിച്ചു. ഈ വിൽപ്പനക്കാരൻ ഇപ്പോൾ സ്നാപനമേറ്റ ഒരു സഹോദരനാണ്.
6 ദൈനംദിനം യഹോവയെ സ്തുതിക്കുന്നതിനുള്ള അവസരങ്ങൾക്കായി നാം ജാഗ്രതയുള്ളവരായിരിക്കണം. ഏതാനും മാസികകളോ ലഘുലേഖകളോ കാണത്തക്കവണ്ണം, സന്ദർശകർക്കു പെട്ടെന്നു കൊടുക്കാവുന്നവിധം വയ്ക്കുന്നതു സഹായകമാണ്. ചിലയിടങ്ങളിൽ പാർക്കിലെ ഒരു ബഞ്ചിൽ അല്പസമയം ചെലവഴിക്കുന്നത് ഏതാനും നിമിഷം വിശ്രമിക്കുന്നതിനായി എത്തുന്നവരോടു സാക്ഷീകരിക്കുന്നതിനു പല അവസരങ്ങൾ പ്രദാനം ചെയ്തേക്കാം. സ്കൂളിൽ ചില യുവ സാക്ഷികൾ തങ്ങളുടെ ഡസ്ക്കിൽ ബൈബിൾ സാഹിത്യങ്ങൾ വയ്ക്കുന്നു. അതു കണ്ടിട്ട് ചോദ്യങ്ങൾ ചോദിക്കുന്നവരുമായി സംഭാഷണം തുടങ്ങുന്നതിനുള്ള ഒരു വിധമാണത്. നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒന്നോ രണ്ടോ തിരുവെഴുത്തു പരാമർശങ്ങൾ മനസ്സിൽപിടിക്കുക. നിങ്ങളെ സഹായിക്കുന്നതിനായി യഹോവയോട് അപേക്ഷിക്കുക. അപ്രകാരം ചെയ്യുന്നതിനാൽ നിങ്ങൾ അനുഗ്രഹിക്കപ്പെടും.—1 യോഹ. 5:14.