ധൈര്യത്തോടെ സംസാരിക്കുക
1 അടുത്ത കാലങ്ങളിലായി ആളുകളെ വീട്ടിൽ കണ്ടുമുട്ടി സംസാരിക്കുന്നത് അത്യധികം പ്രയാസകരമായിത്തീർന്നുകൊണ്ടിരിക്കുന്നുവെന്നു ചില പ്രദേശങ്ങളിൽ പ്രസാധകർ കണ്ടെത്തുന്നു. തങ്ങളുടെ പ്രദേശത്തു വീടുതോറും സന്ദർശിക്കുമ്പോൾ 50 ശതമാനത്തിലേറെ പേർ വീടുകളിലില്ലാത്തതായി പലരും റിപ്പോർട്ടു ചെയ്യുന്നു. തത്ഫലമായി ചെലവഴിക്കപ്പെടുന്ന സമയത്തിലേറെയും നിഷ്ഫലമാണ്.
2 വർഷങ്ങൾക്കു മുമ്പ്, പൊതുവേ വിശ്രമദിവസമായി കണക്കാക്കിയിരുന്ന ഞായറാഴ്ചകളിൽ ഏറെപ്പേരെ വീട്ടിൽ കണ്ടെത്തിയിരുന്നു. സമ്പ്രദായങ്ങൾക്കു മാറ്റം വന്നിരിക്കുന്നു. ലൗകിക തൊഴിലുകളിലേർപ്പെടുക, സാധനങ്ങൾ വാങ്ങുന്നതുപോലെയുള്ള കുടുംബാവശ്യങ്ങൾക്കു വേണ്ടി കരുതുക, അല്ലെങ്കിൽ വിനോദങ്ങളിലേർപ്പെടുക ഇതൊക്കെ ഇന്നു സർവസാധാരണമാണ്. ഇക്കാരണങ്ങളാലൊക്കെ അവരെ വീട്ടിൽ കണ്ടെത്തുകയില്ല. അതുകൊണ്ട് ഞായറാഴ്ചകളിൽപോലും ആളുകളെ വീടുകളിൽ കണ്ടെത്തുക എന്നത് ഒരു പ്രശ്നമായിത്തീർന്നിരിക്കുന്നു.
3 ആളുകൾ വീട്ടിൽ ഇല്ലെങ്കിൽ അവർ മറ്റെവിടെയെങ്കിലും ആണെന്നുള്ളതു സ്പഷ്ടമാണ്. നമ്മുടെ ലക്ഷ്യം ആളുകളോടു സംസാരിക്കുക എന്നതായിരിക്കുന്നതിനാൽ—തെരുവിലോ, ചന്തസ്ഥലത്തോ അല്ലെങ്കിൽ ജോലിസ്ഥലത്തോ—നാം കണ്ടുമുട്ടുന്നവരോട് എന്തുകൊണ്ടു സംസാരിച്ചുകൂടാ? സാക്ഷ്യം നൽകുന്നതിനു ‘കണ്ടുമുട്ടുന്നവരെ’ ഒക്കെ സമീപിക്കുന്നതു പൗലോസിന്റെ രീതിയായിരുന്നു. (പ്രവൃ. 17:17) അന്നതു ഫലകരമായ ഒരു സാക്ഷീകരണവിധമാണെന്നു തെളിഞ്ഞു. നമ്മുടെ നാളിലും അതു ഫലകരമായ ഒരു സാക്ഷീകരണവിധമാണ്.
4 വീടുതോറും പോകുമ്പോൾ ആളുകൾ വെറുതെ നടക്കാനിറങ്ങിയിരിക്കുന്നതോ അല്ലെങ്കിൽ ഒരുപക്ഷേ മറ്റാർക്കെങ്കിലും വേണ്ടി കാത്തുനിൽക്കുന്നതോ നാം സാധാരണമായി കാണാറുണ്ട്. ഒരു സുദിനത്തിൽ അവർ പാർക്കിലെ ഒരു ബഞ്ചിൽ ഇരിക്കുകയായിരിക്കാം അല്ലെങ്കിൽ തങ്ങളുടെ വണ്ടി നന്നാക്കുകയോ കഴുകുകയോ ആയിരിക്കാം. സ്നേഹമസൃണമായ ഒരു പുഞ്ചിരിയും സൗഹാർദമായ ഒരു അഭിവാദനവും ആയിരിക്കാം സംഭാഷണം തുടങ്ങുന്നതിന് ആകെക്കൂടി ആവശ്യമായിരിക്കുന്നത്. അവർ സമീപത്തെവിടെയെങ്കിലുമാണു താമസിക്കുന്നതെങ്കിൽ അവരെ വീട്ടിൽ കണ്ടുമുട്ടാൻ കഴിയാതെ പോയെന്നും ഇപ്പോൾ അവരുമായി സംസാരിക്കുന്നതിന് ഇങ്ങനെയൊരവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പറയാവുന്നതാണ്. അൽപ്പസ്വൽപ്പം കൂടുതലായി ധൈര്യം കാണിക്കുന്നതിന് മുൻകൈ എടുത്തതിനാൽ പലരും പ്രതിഫലദായകമായ അനുഭവങ്ങൾ ആസ്വദിച്ചിട്ടുണ്ട്.
5 ധൈര്യം ഫലമുളവാക്കുന്നു: നിൽക്കുകയോ, ബസുകാത്തിരിക്കുകയോ, വെറുതെ നടക്കാനിറങ്ങുകയോ, അല്ലെങ്കിൽ തങ്ങളുടെ കാറിൽ ഇരിക്കുകയോ ചെയ്യുന്നവരെ താൻ സമീപിക്കുന്നുവെന്ന് ഒരു സഹോദരൻ പറഞ്ഞു. ഊഷ്മളമായ പുഞ്ചിരിയോടും ഉത്സാഹഭരിതമായ സ്വരത്തോടുംകൂടെ സന്ദർശിക്കാൻ കാത്തിരുന്ന സൗഹാർദമുള്ള ഒരു അയൽക്കാരനെപോലെ സമീപിക്കുന്നു. ഇപ്രകാരം അദ്ദേഹം ധാരാളം സാഹിത്യങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നു മാത്രമല്ല പല ബൈബിളധ്യയനങ്ങളും തുടങ്ങിയിട്ടുണ്ട്.
6 മറ്റൊരു സഹോദരനും സഹോദരിയും വീടുതോറുമുള്ള വേലയിൽ ഏർപ്പെട്ടിരിക്കുമ്പോൾ ഒരു വലിയ സഞ്ചി നിറയെ പലചരക്കു സാമാനങ്ങളുമായി നടന്നുപോകുന്ന ഒരു സ്ത്രീയെ കണ്ടുമുട്ടി. കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി കരുതുന്നതിലുള്ള അവരുടെ കാര്യതത്പരതയെ അഭിനന്ദിച്ചുകൊണ്ട് അവർ സംഭാഷണം തുടങ്ങി. “എന്നാൽ മനുഷ്യവർഗത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടി പ്രദാനം ചെയ്യാൻ ആർക്കു കഴിയും?” എന്ന് അവർ ചോദിച്ചു. അത് ആ സ്ത്രീയുടെ താത്പര്യത്തെ ഉണർത്തി. ഒരു ഹ്രസ്വമായ സംഭാഷണം അവരുടെ വീട്ടിലേക്കു ക്ഷണിക്കുന്നതിൽ കലാശിച്ചു, ഒരു ബൈബിളധ്യയനവും തുടങ്ങി.
7 അതുകൊണ്ട് അടുത്ത തവണ, ഞായറാഴ്ചയോ അല്ലെങ്കിൽ ആഴ്ചയിലെ മറ്റേതെങ്കിലും ദിവസമോ, വീടുതോറും സാക്ഷീകരിക്കുമ്പോൾ ആളുകൾ വീട്ടിലില്ലെന്നു കണ്ടെത്തുന്നുവെങ്കിൽ എന്തുകൊണ്ട് അല്പം ധൈര്യം സംഭരിച്ച്—തെരുവിലോ മറ്റെവിടെയെങ്കിലുമോ—കണ്ടുമുട്ടുന്നവരോടു സംസാരിച്ചുകൂടാ? (1 തെസ്സ. 2:2) നിങ്ങളുടെ ശുശ്രൂഷ ഏറെ ഫലപ്രദമായിരുന്നേക്കാം, സേവനത്തിൽ നിങ്ങൾ വർധിച്ച സന്തോഷവും ആസ്വദിക്കും.