ചോദ്യപ്പെട്ടി
◼ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകം ഇപ്പോൾ നമുക്കുള്ളപ്പോൾ എത്രനാൾ ഒരു ഭവനബൈബിളധ്യയനം നടത്തേണ്ടതുണ്ട്?
രണ്ടു പുസ്തകങ്ങൾ പഠിച്ചുതീരുന്നതുവരെ പുതിയ താത്പര്യക്കാരുമായുള്ള ഭവന ബൈബിളധ്യയനം തുടരാൻ നേരത്തെ ശുപാർശചെയ്തിരുന്നു. എന്നാൽ വീക്ഷാഗോപുരത്തിന്റെ 1996 ജനുവരി 15 ലക്കത്തിലെ 13-ഉം 14-ഉം പേജുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം, ഇപ്പോൾ പരിജ്ഞാനം പുസ്തകം ഉള്ളപ്പോൾ ഈ നടപടിയിൽ ഒരു ഭേദഗതി വരുത്തുന്നത് അഭിലഷണീയമായി തോന്നുന്നു.
യഹോവയ്ക്കു സമർപ്പിച്ചു സ്നാപനമേൽക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കാൻ “നിത്യജീവനുവേണ്ടി ശരിയായ മനോനിലയുള്ള”വരെ സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്തതാണ് പരിജ്ഞാനം പുസ്തകം. (പ്രവൃ. 13:48, NW) അതുകൊണ്ട് ഈ പുതിയ പ്രസിദ്ധീകരണം പൂർത്തിയായശേഷം, അതേ വിദ്യാർഥിയോടൊപ്പം രണ്ടാമതൊരു പുസ്തകം കൂടി പഠിക്കേണ്ടതില്ല. നിങ്ങളുടെ ബൈബിൾ വിദ്യാർഥികൾ സത്യത്തെ പുൽകിത്തുടങ്ങുമ്പോൾ യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു ഹാജരാകുകയും ബൈബിളും നാനാവിധ ക്രിസ്തീയ പ്രസിദ്ധീകരണങ്ങളും വായിക്കുകയും ചെയ്തുകൊണ്ട് തങ്ങളുടെ പരിജ്ഞാനം പൂർത്തിയാക്കാൻ നിങ്ങൾക്ക് അവരെ പടിപടിയായി പ്രോത്സാഹിപ്പിക്കാൻ കഴിയും.
നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ എന്ന പുസ്തകത്തിലെ 183 മുതൽ 248 വരെയുള്ള പേജുകളിലെ ചോദ്യങ്ങൾ നിങ്ങൾക്കു ശരിക്കും പരിചിതമാണെങ്കിൽ അത് സഹായകരമായിരിക്കാവുന്നതാണ്. ബൈബിൾ വിദ്യാർഥിയോട് നിങ്ങൾ ഈ ചോദ്യങ്ങളെപ്പറ്റി പരാമർശിക്കുകയോ പുനരവലോകനം ചെയ്യുകയോ ചെയ്യേണ്ടതില്ലെങ്കിലും, മൂപ്പന്മാർ സ്നാപനാർഥികളുമായി ചോദ്യങ്ങൾ പുനരവലോകനം ചെയ്യുമ്പോൾ അടിസ്ഥാന ബൈബിൾ സത്യങ്ങളെക്കുറിച്ച് ഒരു ഉചിതമായ ഗ്രാഹ്യം പ്രകടിപ്പിക്കാൻ വിദ്യാർഥിയെ പ്രാപ്തനാക്കുന്ന പരിജ്ഞാനം പുസ്തകത്തിലെ ആശയങ്ങൾ ഊന്നിപ്പറയുന്നതു നല്ലതായിരുന്നേക്കാം.
ബൈബിൾ പഠിപ്പിക്കലുകളെ പിന്തുണയ്ക്കാനോ വ്യാജ പഠിപ്പിക്കലുകൾ തെറ്റാണെന്നു തെളിയിക്കാനോ വേണ്ടി പുറമെനിന്നുള്ള വിവരങ്ങളോ കൂടുതലായ വാദങ്ങളോ ഉൾപ്പെടുത്തിക്കൊണ്ട് പരിജ്ഞാനം പുസ്തകത്തിലെ വിവരങ്ങളോട് യാതൊന്നും കൂട്ടിച്ചേർക്കേണ്ടതില്ല. ദീർഘിച്ച കാലയളവിലേക്ക് പഠനം നീണ്ടുപോകാൻ മാത്രമേ ഇത് ഉതകൂ. മറിച്ച്, പുസ്തകം കൂടുതൽ വേഗത്തിൽ, ഒരുപക്ഷേ ഏതാണ്ട് ആറു മാസംകൊണ്ട് പൂർത്തിയാക്കാൻ കഴിയുമെന്നു പ്രത്യാശിക്കുന്നു. വിവരങ്ങൾ വ്യക്തമായും സംക്ഷിപ്തമായും നമുക്ക് അവതരിപ്പിക്കാൻ കഴിയത്തക്കവണ്ണം നാം അവ മുൻകൂട്ടി നന്നായി പഠിക്കേണ്ടതിന്റെ ആവശ്യം ഇത് ഊന്നിപ്പറയുന്നു. അതുപോലെതന്നെ മുൻകൂട്ടി പഠിക്കാനും പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ എടുത്തുനോക്കാനും ഓരോ അധ്യായത്തിലും പുസ്തകം എന്താണു പഠിപ്പിക്കുന്നതെന്ന് വ്യക്തമായി വിവേചിച്ചറിയാൻ ശ്രമം നടത്താനും വിദ്യാർഥിയെയും പ്രോത്സാഹിപ്പിക്കണം.
ചുരുങ്ങിയ കാലയളവിൽ യഹോവയുടെ സാക്ഷികൾ ഫലപ്രദമായ കൂടുതൽ ബൈബിളധ്യയനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യം വീക്ഷാഗോപുരം ഊന്നിപ്പറഞ്ഞു. (യെശയ്യാവു 60:22 കാണുക.) നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം സമ്പാദിക്കുന്നതിനും അതിനോടുള്ള യോജിപ്പിൽ പ്രവർത്തിക്കുന്നതിനും പരിജ്ഞാനം പുസ്തകത്തിന്റെ ഫലപ്രദമായ ഉപയോഗത്തിന് പുതിയവരെ സഹായിക്കാൻ കഴിയും.—യോഹ. 17:3.