ചോദ്യപ്പെട്ടി
◼ ഒരു വ്യക്തിക്കു പരിജ്ഞാനം പുസ്തകത്തിൽനിന്ന് എത്ര നാളത്തേക്ക് ഔപചാരിക ബൈബിളധ്യയനം നടത്തണം?
യഹോവ ഇന്നു തന്റെ സ്ഥാപനത്തെ അനുഗ്രഹിക്കുന്നു. പുതിയ ആയിരക്കണക്കിന് ആളുകൾ സത്യത്തിനുവേണ്ടി ഒരു നിലപാടു സ്വീകരിക്കവേ നാം ഇതിനുള്ള തെളിവ് വർഷംതോറും കാണുന്നു. ഇതു നിവർത്തിക്കുന്നതിൽ ഫലപ്രദമായ ഒരു ഉപകരണമാണു പരിജ്ഞാനം പുസ്തകം എന്നു തെളിഞ്ഞുകൊണ്ടിരിക്കുന്നു. കുറേക്കൂടെ വേഗത്തിൽ ആത്മീയ പുരോഗതി കൈവരിക്കാൻ—ഒരുപക്ഷേ ഏതാനും മാസങ്ങൾക്കുള്ളിൽ സ്നാപനമേൽക്കുന്ന ഘട്ടത്തോളം—ബൈബിൾ വിദ്യാർഥിയെ സഹായിക്കുന്ന വിധത്തിലാണ് ഈ പുസ്തകം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് 1996 ജനുവരി 15 ലക്കത്തിലെ വീക്ഷാഗോപുരം ചൂണ്ടിക്കാട്ടി.
ഈ കാരണംകൊണ്ടുതന്നെ അതേ വീക്ഷാഗോപുരത്തിന്റെ 17-ാം പേജ് ഇപ്രകാരം ഉപദേശിക്കുകയുണ്ടായി: “ഒരു വ്യക്തി പരിജ്ഞാനം പുസ്തകം ഉപയോഗിച്ചുള്ള ബൈബിൾപഠനം പൂർത്തീകരിച്ച് സ്നാപനമേറ്റശേഷം രണ്ടാമതൊരു പുസ്തകം ഉപയോഗിച്ച് അയാളുമൊത്ത് ഔപചാരികമായി പഠനം നടത്തേണ്ട ആവശ്യമില്ലെന്നു വന്നേക്കാം.”
പരിജ്ഞാനം പുസ്തകം പഠിച്ചുകഴിഞ്ഞശേഷം സ്നാപനമേൽക്കാത്ത ഒരു വ്യക്തിയുടെ കാര്യമോ? പരിജ്ഞാനം പുസ്തകം പൂർത്തിയാക്കിയശേഷം, വിദ്യാർഥിയുമൊത്തു മറ്റു പുസ്തകങ്ങൾ പഠിക്കേണ്ടതില്ലാത്തതിനെക്കുറിച്ച് വീക്ഷാഗോപുരത്തിൽ നൽകിയിരുന്ന ആശയം 1996 ജൂണിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 6-ാം പേജിലെ 23-ാം ഖണ്ഡിക നമ്മെ അനുസ്മരിപ്പിക്കുകയുണ്ടായി. ഇതിനപ്പുറം ഒരു ബൈബിൾ വിദ്യാർഥിയെ സഹായിക്കുന്നതിൽ നാം തത്പരരല്ലെന്നാണോ ഇതിനർഥം? അല്ല. സത്യത്തെക്കുറിച്ച് ആളുകൾ അടിസ്ഥാനപരമായ അറിവ് നേടാൻ നാം ആഗ്രഹിക്കുന്നു. എങ്കിലും, യഹോവയെ സേവിക്കുകയെന്ന ബുദ്ധിപൂർവകമായ തീരുമാനമെടുക്കാൻ ആവശ്യമായ അറിവു നേടാൻ ആത്മാർഥഹൃദയനായ ഒരു സാധാരണ വിദ്യാർഥിയെ ചുരുങ്ങിയ കാലംകൊണ്ടു സഹായിക്കുന്നതിന്, കഴിവുള്ള ഒരധ്യാപകനു കഴിയുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. വ്യക്തിപരമായ സാഹചര്യങ്ങൾ കാരണം ആഴ്ചയിൽ ഒന്നിലധികം പ്രാവശ്യം പഠിക്കാൻപോലും ചില ബൈബിൾ വിദ്യാർഥികൾ താത്പര്യം കാണിക്കാനുള്ള സാധ്യതയുണ്ട്.
മറ്റുള്ളവരെ അപേക്ഷിച്ച് ചില വിദ്യാർഥികൾ കുറേക്കൂടെ സാവധാനത്തിലായിരിക്കും അഭിവൃദ്ധിപ്പെടുകയെന്നു സമ്മതിക്കുന്നു. സാധാരണയിൽ കൂടുതൽ കാലംകൊണ്ട് പരിജ്ഞാനം പുസ്തകം പഠിച്ചുകഴിഞ്ഞശേഷം സഭയുമായി സഹവസിക്കാനുള്ള തീരുമാനം ആ വ്യക്തി എടുക്കാതിരിക്കുകയാണെങ്കിൽ സഭാ സേവനക്കമ്മിറ്റിയിലെ ഒരു മൂപ്പനുമായി പ്രസാധകൻ ഈ കാര്യം ചർച്ച ചെയ്യേണ്ടതാണ്. മയപ്പെടുത്തുന്നതോ അസാധാരണമോ ആയ സാഹചര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നുവെങ്കിൽ കൂടുതലായ സഹായങ്ങൾ പ്രദാനം ചെയ്യാവുന്നതാണ്. 1996 ജനുവരി 15-ലെ വീക്ഷാഗോപുരത്തിന്റെ 11-ഉം 12-ഉം പേജുകളിൽ പ്രതിപാദിച്ചിരിക്കുന്ന തത്ത്വത്തോടു ചേർച്ചയിലാണിത്.
സത്യത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ അറിവുപോലും ഉൾക്കൊള്ളുന്നതിലുള്ള വിലമതിപ്പ് ക്രിസ്തീയ യോഗങ്ങളിൽ ഹാജരാകാൻ വിദ്യാർഥിയെ പ്രേരിപ്പിക്കേണ്ടതാണ്. യഹോവയെ സേവിക്കുന്നതിനുള്ള ചില വ്യക്തമായ തെളിവുകൾ നൽകുന്നതിലേക്ക് ഇത് വിദ്യാർഥിയെ നയിച്ചേക്കാം. ഒരു നീണ്ട കാലയളവുകൊണ്ട് പരിജ്ഞാനം പുസ്തകത്തിൽനിന്ന് അധ്യയനം എടുത്തശേഷം അത്തരത്തിലുള്ള ആത്മീയ വിലമതിപ്പ് പ്രകടമാകുന്നില്ലെങ്കിൽ അധ്യയനം നിറുത്തുന്നതായിരിക്കും അഭികാമ്യം.