രാജ്യം പ്രസംഗിക്കുക
“നമ്മുടെ പ്രത്യാശയുടെ പരസ്യ പ്രഖ്യാപനം മുറുകെ പിടി”ക്കാൻ എബ്രായർ 10:23-ൽ [NW] നാം ഉദ്ബോധിപ്പിക്കപ്പെടുന്നു. നമ്മുടെ പ്രത്യാശ ദൈവരാജ്യത്തെ കേന്ദ്രീകരിച്ചിരിക്കുന്നു. ദൈവരാജ്യത്തിന്റെ സുവാർത്ത സകല ജനതകളിലും പ്രസംഗിക്കണമെന്നു യേശു പ്രത്യേകമായി കൽപ്പിച്ചു. (മർക്കൊ. 13:10) നാം നമ്മുടെ ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ ഇതു മനസ്സിൽ പിടിക്കേണ്ടതുണ്ട്.
2 ആളുകളുമായി ബന്ധപ്പെടുമ്പോൾ, അവർക്കു താത്പര്യമുള്ള അല്ലെങ്കിൽ അവരെ ആകുലപ്പെടുത്തുന്ന എന്തിനെക്കുറിച്ചെങ്കിലും ഒരു സംഭാഷണം ആരംഭിക്കാൻ നാം ശ്രമിക്കുന്നു. അയൽപക്കത്തെ കുററകൃത്യം, ചെറുപ്പക്കാരുടെ പ്രശ്നങ്ങൾ, ജീവിതമാർഗം നേടുന്നതിനെക്കുറിച്ചുള്ള ഉത്കണ്ഠകൾ, ലോകകാര്യങ്ങളിലെ ഒരു പ്രതിസന്ധി തുടങ്ങി അവർക്കു നന്നായി അറിയാവുന്ന കാര്യങ്ങളെ നാം സാധാരണമായി പരാമർശിക്കുന്നു. ഭൂരിഭാഗം ആളുകളുടെയും മനസ്സ് ഈ “ഉപജീവനചിന്തക”ളിൽ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ, നാം അതു സംബന്ധിച്ചു ചിന്തയും സഹാനുഭൂതിയും ഉള്ളവരാണെന്നു കാണിക്കുമ്പോൾ, എന്താണു തങ്ങളുടെ മനസ്സിലുള്ളതെന്ന് ആളുകൾ മിക്കപ്പോഴും പ്രകടിപ്പിക്കുന്നു. (ലൂക്കൊ. 21:34) ഇതു നമ്മുടെ പ്രത്യാശ പങ്കുവെക്കുന്നതിനുള്ള വഴി തുറന്നേക്കാം.
3 പക്ഷേ, നാം ശ്രദ്ധാലുക്കളല്ലെങ്കിൽ, രാജ്യസന്ദേശം പ്രസംഗിക്കുകയെന്ന നമ്മുടെ സന്ദർശനോദ്ദേശ്യം നിവർത്തിക്കാൻ നാം പരാജയപ്പെടുന്ന ഘട്ടം വരെ സംഭാഷണം നിഷേധാത്മക കാര്യങ്ങളിൽ നിലകൊണ്ടേക്കാവുന്നതാണ്. വളരെയധികം അരിഷ്ടത കൈവരുത്തുന്ന മോശമായ അവസ്ഥകളിലേക്കു നാം ശ്രദ്ധ ക്ഷണിക്കുന്നുവെങ്കിലും, മനുഷ്യവർഗത്തിന്റെ സകല പ്രശ്നങ്ങളും ആത്യന്തികമായി പരിഹരിക്കുന്ന രാജ്യത്തിലേക്കു ശ്രദ്ധയെ നയിക്കുക എന്നതാണു നമ്മുടെ ലക്ഷ്യം. ആളുകൾ നിശ്ചയമായും കേട്ടിരിക്കേണ്ട, യഥാർഥത്തിൽ വിസ്മയജനകമായ ഒരു പ്രത്യാശ നമുക്കുണ്ട്. അതുകൊണ്ട്, ഈ “ദുർഘടസമയങ്ങ”ളുടെ ചില വശങ്ങൾ തുടക്കത്തിൽ ചർച്ചചെയ്യുമ്പോൾ തന്നെ, നാം പെട്ടെന്നു നമ്മുടെ പ്രാഥമിക സന്ദേശത്തിൽ, “നിത്യസുവിശേഷ”ത്തിൽ ശ്രദ്ധ കേന്ദീകരിക്കണം. ഇപ്രകാരം നാം നമ്മുടെ ശുശ്രൂഷ പൂർണമായി നിവർത്തിക്കും.—2 തിമൊ. 3:1; 4:5; വെളി. 14:6.