ചോദ്യപ്പെട്ടി
◼ യോഗങ്ങളിൽ ഖണ്ഡികകൾ വായിക്കുന്നതു സംബന്ധിച്ച് എന്ത് ഓർമിക്കേണ്ടതുണ്ട്?
വീക്ഷാഗോപുര അധ്യയനത്തിനും സഭാ പുസ്തകാധ്യയനത്തിനും നിയമിച്ചിട്ടുള്ള സമയത്തിന്റെ നല്ലൊരു ഭാഗം ഖണ്ഡികകൾ വായിക്കുന്നതിന് ഉപയോഗിക്കുന്നു. വായനക്കാരനായി നിയമനമുള്ള സഹോദരൻ ഒരു അധ്യാപകനെന്നനിലയിൽ ഭാരിച്ച ഉത്തരവാദിത്വം വഹിക്കുന്നുവെന്ന് ഇത് അർഥമാക്കുന്നു. ശ്രോതാക്കൾ വിഷയം ഗ്രഹിക്കുക മാത്രമല്ല പ്രവർത്തനത്തിനു പ്രചോദിപ്പിക്കപ്പെടുകയും ചെയ്യേണ്ടതിന് അദ്ദേഹം വിഷയത്തിന് ‘അർഥം നൽകുന്ന’ ഒരു വിധത്തിൽ വായിക്കണം. (നെഹെ. 8:8, NW) അതുകൊണ്ട്, വായനക്കാരൻ തന്റെ നിയമനം നന്നായി തയ്യാറാകേണ്ട ആവശ്യമുണ്ട്. (1 തിമൊ. 4:13; സ്കൂൾ ഗൈഡ്ബുക്കന്റെ 6-ാം പാഠം കാണുക.) അർഥവത്തായ പരസ്യവായനയുടെ ചില അടിസ്ഥാനങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്.
ഉചിതമായി അർഥം ഊന്നിപ്പറയുക: കൃത്യമായ ഗ്രാഹ്യം പകരുന്നതിന് ഏതു പദങ്ങൾക്ക് അല്ലെങ്കിൽ പദപ്രയോഗങ്ങൾക്ക് ഊന്നൽ നൽകണമെന്നു മുന്നമേ തീരുമാനിക്കുക.
വാക്കുകൾ ശരിയായി ഉച്ചരിക്കുക: പ്രസിദ്ധീകരണത്തിൽ കാണുന്ന പ്രയോഗങ്ങൾ സദസ്സിനു മനസ്സിലാകണമെങ്കിൽ ഉചിതമായ ഉച്ചാരണവും വ്യക്തമായ പ്രസ്താവവും അത്യാവശ്യമാണ്. അപരിചിതമോ വിരളമായി ഉപയോഗിക്കുന്നതോ ആയ വാക്കുകൾ നിഘണ്ടുവിൽ നോക്കുക.
ശബ്ദത്തോടെയും ഉത്സാഹത്തോടെയും പറയുക: ഉത്സാഹപൂർവം ഉച്ചത്തിൽ പറയുന്നത് താത്പര്യം ജനിപ്പിക്കുകയും വികാരങ്ങളെ ഉത്തേജിപ്പിക്കുകയും കേൾവിക്കാരനു പ്രേരണ നൽകുകയും ചെയ്യുന്നു.
ഊഷ്മളതയും സംഭാഷണശൈലിയും ഉള്ളവരായിരിക്കുക: സ്വാഭാവികത ഒഴുക്കിനോടൊപ്പം വരുന്നു. തയ്യാറാകലും പരിശീലനവുംകൊണ്ട് വായനക്കാരനു പിരിമുറുക്കം ഇല്ലാത്തവനായിരിക്കാൻ കഴിയും. ഒരേ സ്വരത്തിലുള്ളതും വിരസമല്ലാത്തതുമായ ഹൃദ്യമായ വായനയായിരിക്കും അതിന്റെ ഫലം.—ഹബ. 2:2.
അച്ചടിച്ചിരിക്കുന്നതുപോലെ വായിക്കുക: അടിക്കുറിപ്പുകളും വലയങ്ങളിലോ ബ്രായ്ക്കറ്റുകളിലോ ഉള്ള വിവരങ്ങളും അച്ചടിച്ചിരിക്കുന്ന പാഠഭാഗത്തെ കൂടുതൽ വ്യക്തമാക്കുന്നെങ്കിൽ അവ സാധാരണമായി ഉച്ചത്തിൽ വായിക്കുന്നു. ഉത്ഭവവിഷയത്തെ തിരിച്ചറിയിക്കുകമാത്രം ചെയ്യുന്ന പരാമർശനങ്ങളാണ് ഏക ഒഴിവ്. ഖണ്ഡികയിൽ അടിക്കുറിപ്പിനെ പരാമർശിച്ചിരിക്കുന്ന ഭാഗത്തെത്തുമ്പോൾ അതു വായിക്കണം. “അടിക്കുറിപ്പ് ഇങ്ങനെ വായിക്കുന്നു . . .” എന്ന് ആമുഖമായി പറഞ്ഞുകൊണ്ട് അതു ചെയ്യാവുന്നതാണ്. അതു വായിച്ചുകഴിഞ്ഞ്, ഖണ്ഡികയുടെ ശേഷിച്ച ഭാഗത്തിന്റെ വായന തുടരുക.
പരസ്യവായന നന്നായി ചെയ്യുമ്പോൾ അത്, നമ്മുടെ മഹാഗുരു “കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ” മറ്റുള്ളവരെ നമുക്കു പഠിപ്പിക്കാൻ കഴിയുന്ന മർമപ്രധാനമായ മാർഗങ്ങളിൽ ഒന്നാണ്.—മത്താ. 28:20.