നിങ്ങൾ ദൈവവചനം ശരിയായി കൈകാര്യം ചെയ്യുന്നുവോ?
1 ഭൂമിയിൽ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും വലിയ ഗുരുവായിരുന്നു യേശുക്രിസ്തു. ആളുകളുടെ ഹൃദയങ്ങളെ സ്പർശിക്കുകയും വികാരങ്ങളെ ഉണർത്തുകയും സത്പ്രവൃത്തികൾ ആചരിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്ത വിധത്തിൽ അവൻ സംസാരിച്ചു. (മത്താ. 7:28, 29) പഠിപ്പിക്കലിന്റെ അടിസ്ഥാനമായി അവൻ എപ്പോഴും ദൈവവചനം ഉപയോഗിച്ചു. (ലൂക്കൊ. 24:44, 45) തനിക്ക് അറിയാവുന്നതും പഠിപ്പിക്കാൻ കഴിഞ്ഞതുമായ സകലത്തിനും അവൻ യഹോവയാം ദൈവത്തിനു മഹത്ത്വം കൊടുത്തു. (യോഹ. 7:16) ദൈവവചനം ശരിയായി കൈകാര്യം ചെയ്തുകൊണ്ട് യേശു തന്റെ പിൻഗാമികൾക്കു വിശിഷ്ട മാതൃക വെച്ചു.—2 തിമൊ. 2:15.
2 ദൈവവചനം ഫലപ്രദമായി കൈകാര്യം ചെയ്തുകൊണ്ട് അപ്പോസ്തലനായ പൗലൊസും നല്ലൊരു മാതൃക വെച്ചു. മറ്റുള്ളവരെ തിരുവെഴുത്തുകൾ വായിച്ചു കേൾപ്പിക്കുന്നതിലധികം അവൻ ചെയ്തു; യേശു ക്രിസ്തുവാണെന്നതിനു ദൈവവചനത്തിൽനിന്നു തെളിവു നിരത്തിക്കൊണ്ട് വായിച്ച കാര്യങ്ങൾ അവൻ വിശദീകരിക്കുകയും അതു സംബന്ധിച്ചു ന്യായവാദം നടത്തുകയും ചെയ്തു. (പ്രവൃ. 17:2-4) അതുപോലെ, വാഗ്വൈഭവമുണ്ടായിരുന്ന ശിഷ്യനായ അപ്പൊല്ലോസും “തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ള”വനായിരുന്നു, സത്യം ശക്തമായി അവതരിപ്പിക്കുന്നതിൽ അവൻ തിരുവെഴുത്തുകളെ ശരിയായി കൈകാര്യം ചെയ്തു.—പ്രവൃ. 18:24, 28.
3 ദൈവവചനം പഠിപ്പിക്കുന്നവനായിരിക്കുക: ബൈബിൾ പരാമർശിച്ചും അതിൽനിന്നു ന്യായവാദം ചെയ്തും പരമാർഥഹൃദയരായ ആളുകളെ പഠിപ്പിക്കുന്നതിൽ ആധുനികകാല രാജ്യപ്രഘോഷകർ വളരെ നല്ല വിജയം കണ്ടെത്തിയിരിക്കുന്നു. ഒരു സംഭവത്തിൽ, ദുഷ്ടന്മാർക്കും നീതിമാന്മാർക്കും വരാനിരിക്കുന്നതിനെക്കുറിച്ച് ഒരു പാസ്റ്ററോടും അയാളുടെ മൂന്ന് ഇടവകക്കാരോടും ന്യായവാദം ചെയ്യുന്നതിനു യെഹെസ്കേൽ 18:4-ഉം ബന്ധപ്പെട്ട മറ്റു വാക്യങ്ങളും ഉപയോഗിക്കാൻ ഒരു സഹോദരനു കഴിഞ്ഞു. തത്ഫലമായി, ആ സഭയിലെ ചിലർ പഠിക്കാൻ തുടങ്ങി, അവരിലൊരാൾ ഒടുവിൽ സത്യം സ്വീകരിക്കുകയും ചെയ്തു. മറ്റൊരു സംഭവമെടുക്കാം, യഹോവയുടെ സാക്ഷികൾ ക്രിസ്മസും ജന്മദിനങ്ങളും ആഘോഷിക്കാത്തത് എന്തുകൊണ്ടെന്ന്, ഒരു താത്പര്യക്കാരിയുടെ ഭർത്താവിനോടു വിശദീകരിക്കാൻ ഒരു സഹോദരിയോട് ആവശ്യപ്പെട്ടു. തിരുവെഴുത്തുപരമായ ഉത്തരങ്ങൾ ന്യായവാദം പുസ്തകത്തിൽനിന്നു നേരിട്ടു വായിച്ചുകേൾപ്പിച്ചപ്പോൾ അയാൾ സമ്മതം പ്രകടിപ്പിച്ചു. അയാൾ അത് അംഗീകരിച്ചതിൽ വളരെ സന്തോഷവതിയായ അയാളുടെ ഭാര്യ പറഞ്ഞു: “ഞങ്ങൾ നിങ്ങളുടെ യോഗങ്ങൾക്കു വരുന്നതായിരിക്കും.” ഭർത്താവ് അതു സമ്മതിച്ചു!
4 ലഭ്യമായ സഹായം ഉപയോഗപ്പെടുത്തുക: ദൈവവചനം കൈകാര്യം ചെയ്യുന്നതിൽ നമ്മെ സഹായിക്കാൻ നമ്മുടെ രാജ്യ ശുശ്രൂഷയും സേവനയോഗപരിപാടിയും നല്ല മാർഗനിർദേശം പ്രദാനം ചെയ്യുന്നു. നമ്മുടെ പ്രയോജനത്തിനായി പ്രസിദ്ധീകരിക്കുകയും പ്രകടിപ്പിച്ചുകാണിക്കുകയും ചെയ്യുന്ന ബഹുലമായ നിർദേശിത അവതരണങ്ങളോടുള്ള വിലമതിപ്പ് പല പ്രസാധകരും പ്രകടമാക്കിയിട്ടുണ്ട്. അവ വളരെ ഫലപ്രദവും കാലോചിതവുമാണെന്നു തെളിഞ്ഞിട്ടുമുണ്ട്. ദൈവവചനത്തിലുള്ള 70-ലധികം മുഖ്യ വിഷയങ്ങളെക്കുറിച്ചു ശരിയായ വിധത്തിൽ വിശദീകരിക്കാൻ കഴിയുന്ന ധാരാളം ആശയങ്ങൾ തിരുവെഴുത്തുകളിൽ നിന്നു ന്യായവാദം ചെയ്യൽ എന്ന പുസ്തകത്തിൽ അടങ്ങുന്നു. പുതിയവർ മനസ്സിലാക്കിയിരിക്കേണ്ട അടിസ്ഥാനപരമായ എല്ലാ ബൈബിൾ പഠിപ്പിക്കലുകളുടെയും സംക്ഷിപ്ത വിവരം നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പ്രദാനം ചെയ്യുന്നു. വിദഗ്ധരായ ഉപദേഷ്ടാക്കൾ തിരുവെഴുത്തുകൾ എങ്ങനെ അവതരിപ്പിക്കുകയും വായിക്കുകയും പ്രയുക്തമാക്കുകയും ചെയ്യുന്നുവെന്ന് ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ഗൈഡ്ബുക്കിലെ 24-ഉം 25-ഉം പാഠങ്ങൾ നമ്മെ കാട്ടിത്തരുന്നു. നമുക്ക് അനായാസം ലഭ്യമായ ഈ സഹായം നാം നന്നായി പ്രയോജനപ്പെടുത്തേണ്ടതുണ്ട്.
5 ദൈവവചനം ശരിയായി കൈകാര്യം ചെയ്യുമ്പോൾ അത് “ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും . . . ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു” എന്നു നാം കണ്ടെത്തും. (എബ്രാ. 4:12) അതിൽ നാം കണ്ടെത്തുന്ന വിജയം വർധിച്ച ധൈര്യത്തോടെ സത്യം സംസാരിക്കാൻ നമ്മെ പ്രേരിപ്പിക്കും!—പ്രവൃ. 4:31.