നമുക്കൊരു നിയോഗമുണ്ട്
1 “സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന് യേശു തന്റെ അനുഗാമികളോടു കൽപ്പിച്ചു. (മത്താ. 28:20) യഹോവയാം ദൈവത്തിന്റെ അഞ്ചു ദശലക്ഷത്തിലധികം വരുന്ന സ്തുതിപാഠകർ, ഭൂമിയിലെമ്പാടുമുള്ള 232 ദേശങ്ങളിലും ദ്വീപസമൂഹങ്ങളിലും യേശുവിന്റെ ആ കൽപ്പനയുടെ നിവൃത്തി സംബന്ധിച്ചു ജീവിക്കുന്ന തെളിവു പ്രദാനം ചെയ്യുന്നു. എന്നാൽ വ്യക്തിപരമായി നമ്മെ സംബന്ധിച്ചോ? പ്രസംഗിക്കുന്നതിനുള്ള നിയോഗം നാം ഗൗരവമായി എടുക്കുന്നുവോ?
2 ഒരു ധാർമിക കടപ്പാട്: ഒരു നിയോഗമെന്നാൽ “നിർദിഷ്ട പ്രവൃത്തികൾ ചെയ്യുന്നതിനുള്ള കൽപ്പന”യാണ്. പ്രസംഗിക്കുന്നതിനുള്ള യേശുവിന്റെ കൽപ്പനയിൻകീഴിലാണ് നാം. (പ്രവൃ. 10:42) ഇതു സുവാർത്ത പ്രഖ്യാപിക്കുന്നതിനുള്ള ഒരു ആവശ്യം അഥവാ ധാർമിക കടപ്പാട് തന്റെമേൽ വെച്ചുവെന്ന് അപ്പോസ്തലനായ പൗലൊസ് മനസ്സിലാക്കി. (1 കൊരി. 9:16) ദൃഷ്ടാന്തീകരിക്കുന്നതിന്: മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പലിലെ ജോലിക്കാരനാണു നിങ്ങളെന്നു സങ്കൽപ്പിക്കുക. യാത്രക്കാർക്കു മുന്നറിയിപ്പു കൊടുക്കാനും അവരെ ലൈഫ്ബോട്ടുകളിലേക്കു നയിക്കാനും ക്യാപ്റ്റൻ നിങ്ങളോടു കൽപ്പിക്കുന്നു. നിങ്ങൾ കൽപ്പന അവഗണിച്ച് സ്വയം രക്ഷപ്പെടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമോ? തീർച്ചയായുമില്ല. മറ്റുള്ളവർ നിങ്ങളെ ആശ്രയിക്കുന്നു. അവരുടെ ജീവൻ അപകടത്തിലാണ്. അവരെ സഹായിക്കാനുള്ള നിങ്ങളുടെ നിയോഗം നിറവേറ്റാൻ നിങ്ങൾ ധാർമികമായി കടപ്പെട്ടിരിക്കുന്നു.
3 മുന്നറിയിപ്പു മുഴക്കാൻ ദൈവികമായ ഒരു നിയമനം നമുക്കുണ്ട്. യഹോവ പെട്ടെന്നുതന്നെ ഈ മുഴു ദുഷ്ടവ്യവസ്ഥിതിക്കും അവസാനം വരുത്തും. ദശലക്ഷക്കണക്കിനു ജീവനാണു തുലാസ്സിൽ തൂങ്ങിനിൽക്കുന്നത്. മറ്റുള്ളവർക്കു നേരിടുന്ന വിപത്തിനെ അവഗണിക്കുകയും നമ്മെത്തന്നെ രക്ഷപ്പെടുത്തുന്നതിൽ മാത്രം താത്പര്യം കാണിക്കുകയും ചെയ്യുന്നതു ശരിയായിരിക്കുമോ? തീർച്ചയായും അതു ശരിയായിരിക്കുകയില്ല. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ നമുക്കു ധാർമികമായ കടപ്പാടുണ്ട്.—1 തിമൊ. 4:16.
4 അനുകരിക്കേണ്ട വിശ്വസ്ത മാതൃകകൾ: അവിശ്വസ്തരായ ഇസ്രായേല്യർക്കു മുന്നറിയിപ്പിൻ സന്ദേശം നൽകാനുള്ള ഒരു കടപ്പാട് പ്രവാചകനായ യെഹെസ്കേലിനു തോന്നി. അവൻ തന്റെ നിയമനം നിർവഹിക്കുന്നതിൽ പരാജയപ്പെട്ടാലുണ്ടാകുന്ന പരിണതഫലങ്ങളെക്കുറിച്ച് യഹോവ അവനു മുഖ്യമായി മുന്നറിയിപ്പു നൽകി: ‘ഞാൻ ദുഷ്ടനോടു: നീ മരിക്കും എന്നു കല്പിക്കുമ്പോൾ നീ അവനെ ഓർപ്പിക്കാതിരുന്നാൽ, ദുഷ്ടൻ തന്റെ അകൃത്യത്തിൽ മരിക്കും; അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും.’ (യെഹെ. 3:18) കടുത്ത എതിർപ്പിൻമധ്യേയും യെഹെസ്കേൽ തന്റെ നിയോഗം നിറവേറ്റി. അതുകൊണ്ട്, യഹോവയുടെ ന്യായവിധികൾ നിറവേറ്റപ്പെട്ടപ്പോൾ അവനു സന്തോഷിക്കാൻ കഴിഞ്ഞു.
5 നൂറ്റാണ്ടുകൾക്കുശേഷം, പ്രസംഗിക്കാനുള്ള തന്റെ ഉത്തരവാദിത്വം സംബന്ധിച്ച് അപ്പോസ്തലനായ പൗലൊസ് എഴുതി. അവൻ ഇങ്ങനെ പ്രഖ്യാപിച്ചു: “നിങ്ങളിൽ ആരെങ്കിലും നശിച്ചുപോയാൽ ഞാൻ കുററക്കാരനല്ല. . . . ദൈവത്തിന്റെ ആലോചന ഒട്ടും മറച്ചുവെക്കാതെ ഞാൻ മുഴുവനും അറിയിച്ചിരിക്കുന്നുവല്ലോ.” പൗലൊസ് പരസ്യമായും വീടുതോറും പ്രസംഗിച്ചു, കാരണം താൻ അങ്ങനെ ചെയ്യാൻ പരാജയപ്പെട്ടാൽ അതു തന്നെ ദൈവമുമ്പാകെ കുറ്റക്കാരനാക്കുമെന്ന് അവനറിയാമായിരുന്നു.—പ്രവൃ. 20:20, 26, 27.
6 യെഹെസ്കേലിന്റേതുപോലുള്ള ഉത്സാഹം നമുക്കുണ്ടോ? പൗലൊസിനെപ്പോലെ പ്രസംഗിക്കാനുള്ള പ്രചോദനം നമുക്കു തോന്നുന്നുണ്ടോ? അവർക്കുണ്ടായിരുന്നതുപോലെത്തെ നിയോഗമാണു നമുക്കുമുള്ളത്. മറ്റുള്ളവരുടെ താത്പര്യമില്ലായ്മയോ നിസ്സംഗതയോ എതിർപ്പോ ഗണ്യമാക്കാതെ അവർക്കു മുന്നറിയിപ്പു കൊടുക്കാനുള്ള ഉത്തരവാദിത്വം നാം തുടർന്നും നിറവേറ്റണം. ഇനിയും ആയിരങ്ങൾ രാജ്യസന്ദേശത്തോടു പ്രതികരിക്കുകയും “ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു” എന്നു പറയുകയും ചെയ്തേക്കാം. (സെഖ. 8:23) മടുത്തുപോകാതിരിക്കാൻ ദൈവത്തോടും സഹമനുഷ്യനോടുമുള്ള നമ്മുടെ സ്നേഹം നമ്മെ പ്രചോദിപ്പിക്കട്ടെ. നമുക്കു പ്രസംഗിക്കുന്നതിനുള്ള ഒരു നിയോഗമുണ്ട്!