“തക്കസമയത്തുള്ള സഹായം”
1 ആവശ്യമുള്ള സമയത്തുതന്നെ സഹായം ലഭിക്കുന്നത് എത്ര നവോന്മേഷപ്രദമാണ്! (എബ്രാ. 4:16) “ദൈവസമാധാന സന്ദേശവാഹകർ” ഡിസ്ട്രിക്ററ് കൺവെൻഷനിൽ സഹായത്തിന്റെ രണ്ടു സവിശേഷ കരുതലുകൾ തക്കസമയത്തു ലഭിച്ചപ്പോൾ നാം സന്തോഷിച്ചു.
2 കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുതിയ പുസ്തകം ഉചിതമായ സമയത്താണ് എത്തിയത്. ഒരു സന്തുഷ്ട കുടുംബജീവിതത്തെ ഉന്നമിപ്പിക്കുന്ന നാല് അനിവാര്യ ഘടകങ്ങളിൽ അതു ശ്രദ്ധകേന്ദ്രീകരിക്കുന്നു: (1) ആത്മനിയന്ത്രണം, (2) ശിരഃസ്ഥാനത്തെ അംഗീകരിക്കൽ, (3) നല്ല ആശയവിനിമയം, (4) സ്നേഹം. കുടുംബസന്തുഷ്ടി പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഉദ്ബോധനം, അതു ബാധകമാക്കുന്ന എല്ലാ കുടുംബങ്ങളെയും ദൈവസമാധാനം കണ്ടെത്താൻ സഹായിക്കും. പുതിയ പുസ്തകം ശ്രദ്ധാപൂർവം വായിക്കാനും ഒരു കുടുംബമെന്ന നിലയിൽ അത് ഒരുമിച്ചു പഠിക്കാനും സമയം നീക്കിവെക്കുക. മാർച്ചിൽ ഈ പുസ്തകം ആദ്യമായി പൊതുജനങ്ങൾക്കു നൽകുമ്പോൾ അതു ഫലപ്രദമായി ഉപയോഗിക്കാൻ നാം ഒരുങ്ങിയിരിക്കേണ്ടതിന് അതിന്റെ സവിശേഷതകളുമായി നന്നായി പരിചയത്തിലാകുക.
3 ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക, നമ്മുടെ ശിഷ്യരാക്കൽ വേല ത്വരിതപ്പെടുത്താൻ സഹായിക്കേണ്ടതിനു തക്കസമയത്ത് എത്തിച്ചേർന്നിരിക്കുന്നു. വായനാ പ്രാപ്തി പരിമിതമായ ആളുകളെ സഹായിക്കാൻവേണ്ടി ഇതു വിശേഷാൽ ഉപയോഗിക്കുമ്പോൾത്തന്നെ, അഭ്യസ്തവിദ്യരായ ഒട്ടനവധി മുതിർന്നവരും കുട്ടികളും ഇതിലെ അടിസ്ഥാന ബൈബിൾ പഠിപ്പിക്കലുകളുടെ ലളിതമായ വിവരണത്തിൽനിന്നു പ്രയോജനമനുഭവിക്കും. പരിജ്ഞാനം പുസ്തകത്തിലേക്കുള്ള ഒരു ചവിട്ടുകല്ലെന്ന നിലയിൽ ഒരു ബൈബിളധ്യയനം തുടങ്ങാൻ ആവശ്യമായിരിക്കുന്നത് ഇതുതന്നെയായിരിക്കാം. ദൈവം ആവശ്യപ്പെടുന്നതു ചെയ്യുന്നതിനാൽ എങ്ങനെ സമൃദ്ധമായി അനുഗ്രഹിക്കപ്പെടാൻ കഴിയുമെന്നു വിലമതിക്കാൻ അനേകരെക്കൂടെ ഈ കരുതൽ സഹായിക്കുമെന്ന് ഉറപ്പാണ്.
4 ‘തനിക്ക് ഒന്നിനും കുറവില്ല, തന്റെ ദേഹി നവോന്മേഷിതമാണ്, തന്റെ പാനപാത്രം നന്നായി നിറഞ്ഞിരിക്കുന്നു’വെന്നു പ്രഖ്യാപിച്ചപ്പോൾ ദാവീദ് നമ്മുടെ വികാരങ്ങളെ പൂർണമായി പ്രകടിപ്പിച്ചു. (സങ്കീ. 23:1, 3, 5, NW) സത്യദൈവമായ യഹോവയെ അറിയാനും സേവിക്കാനും ആത്മാർഥമായി ആഗ്രഹിക്കുന്ന മറ്റനേകരിലേക്ക് ഈ വിസ്മയാവഹമായ ആത്മീയ സഹായം കൈമാറാൻ നാം സന്തോഷപൂർവം കാത്തിരിക്കുന്നു.