മറ്റുള്ളവരുമായി കുടുംബസന്തുഷ്ടിയുടെ രഹസ്യം പങ്കുവെക്കൽ
1 മാനവ സമുദായത്തിന്റെ അടിസ്ഥാന ഘടകമാണു കുടുംബം. ഗ്രാമങ്ങളും നഗരങ്ങളും സംസ്ഥാനങ്ങളും രാഷ്ട്രങ്ങൾതന്നെയും ഉണ്ടാകുന്നതു കുടുംബങ്ങളാലാണ്. ഇന്ന് കുടുംബ ഘടകം മുമ്പൊരിക്കലും ഉണ്ടായിരുന്നിട്ടില്ലാത്തവിധം സമ്മർദങ്ങളെ അഭിമുഖീകരിക്കുന്നു. ശക്തമായ സ്വാധീന ഘടകങ്ങൾ കുടുംബ ജീവിതത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാണ്. കുടുംബക്രമീകരണത്തിന്റെ രൂപകൽപ്പിതാവായ യഹോവ, കുടുംബസന്തുഷ്ടി കണ്ടെത്താൻ തക്കവണ്ണം നമുക്കു നിർദേശങ്ങൾ പ്രദാനം ചെയ്തിരിക്കുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്! അവന്റെ മാർഗനിർദേശങ്ങൾ പിന്തുടരുന്നവർ, പ്രശ്നങ്ങൾ ലഘൂകരിക്കപ്പെടുന്നതും വിജയപ്രദമായ കുടുംബ ഘടകം ഉരുത്തിരിയുന്നതും കാണുന്നു. സെപ്റ്റംബറിൽ കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകം മറ്റുള്ളവരുമായി പങ്കിടുന്നതിനുള്ള പദവി നമുക്കുണ്ട്. കുടുംബജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളുമായി ആളുകളെ സമീപിക്കാൻ മുൻകയ്യെടുക്കുക. സൗഹൃദഭാവവും ശുഭാപ്തിവിശ്വാസവും വിവേചനയുമുള്ളവരായിരിക്കുക. നിങ്ങൾക്ക് എന്തു പറയാവുന്നതാണ്?
2 ഇത്തരമൊരു ചോദ്യമുന്നയിച്ചുകൊണ്ടു തുടക്കമിടാം:
■“അനേകം കുടുംബങ്ങളെയും സംബന്ധിച്ചിടത്തോളം ജീവിത സമ്മർദങ്ങളെ നേരിടുന്നതു ദുഷ്കരമായിരിക്കുന്നതായി നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] അനേകർ ഭവനത്തിനുള്ളിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടുതൽ കെട്ടുറപ്പും സന്തുഷ്ടിയും കണ്ടെത്താൻ കുടുംബങ്ങളെ എന്തു സഹായിക്കുമെന്നാണു നിങ്ങളുടെ അഭിപ്രായം? [പ്രതികരിക്കാൻ അനുവദിക്കുക.] കുടുംബ ക്രമീകരണത്തിനു തുടക്കമിട്ടതു ദൈവമായതിനാൽ അവൻ നൽകിയ മാർഗനിർദേശങ്ങൾ പരിചിന്തിക്കുന്നതു ന്യായയുക്തമായിരിക്കുകയില്ലേ? [2 തിമൊഥെയൊസ് 3:16, 17 വായിക്കുക.] പ്രയോജനപ്രദമായ അത്തരം പ്രബോധനം കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു.” വീട്ടുകാരന്റെ അഭിപ്രായത്തിൽ സർവസാധാരണമായിരിക്കുന്ന ഒരു കുടുംബ പ്രശ്നമെന്താണെന്ന് ആരായുക. അതേ പ്രശ്നത്തെക്കുറിച്ചു ചർച്ചചെയ്യുന്ന അധ്യായം കാണിച്ചിട്ട് പുസ്തകം സമർപ്പിക്കുക.
3 മടക്കസന്ദർശനത്തിൽ ഒരു ബൈബിളധ്യയനം തുടങ്ങാൻ ലക്ഷ്യമിട്ടുകൊണ്ട് ഇങ്ങനെ പറയാവുന്നതാണ്:
■“കുടുംബജീവിതം സംബന്ധിച്ചു നിങ്ങൾ പറഞ്ഞ വിഷയത്തെക്കുറിച്ചു ഞാൻ ചിന്തിച്ചു. നിങ്ങൾ ഇഷ്ടപ്പെടുമെന്ന് എനിക്കു തോന്നിയ ഒരു ലഘുപത്രിക ഞാൻ കൊണ്ടുവന്നിട്ടുണ്ട്. [ആവശ്യം ലഘുപത്രിക കാണിച്ചിട്ട് 16-ാം പേജെടുത്ത് തുടക്കത്തിലുള്ള ആറു ചോദ്യങ്ങൾ വായിക്കുക.] കുടുംബത്തിലെ ഓരോ അംഗവും കുടുംബസന്തുഷ്ടിക്കായി തങ്ങളുടെ പങ്കു നിർവഹിക്കേണ്ടതുണ്ട്. ഏതാനും മിനിറ്റുകൾ ചെലവഴിക്കാമെങ്കിൽ ഈ വിവരത്തിൽനിന്നു പരമാവധി പ്രയോജനമനുഭവിക്കുന്നതെങ്ങനെയെന്നു ഞാൻ കാണിച്ചുതരാം.” എന്നിട്ട് 8-ാം പാഠം പഠിക്കാൻ തുടങ്ങുക.
4 ഒരു പ്രശ്നത്തെപ്പറ്റി പരാമർശിച്ചുകൊണ്ട് ചർച്ച തുടങ്ങുന്നതാണ് മറ്റൊരു വിധം, ഒരുപക്ഷേ നിങ്ങൾക്കിങ്ങനെ പറയാം:
■“സന്തുഷ്ടിയും സംതൃപ്തിയും എല്ലാവരും ആഗ്രഹിക്കുന്നുണ്ടെങ്കിലും വാസ്തവത്തിൽ അനേകം കുടുംബങ്ങളിലും അതില്ലാത്തതായി കാണപ്പെടുന്നു. യഥാർഥ സന്തുഷ്ടി കണ്ടെത്താൻ അവരെ എന്തു സഹായിക്കുമെന്നാണു നിങ്ങൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] ഇന്ന് കുടുംബങ്ങളിൽ ഏതു തരം പ്രശ്നങ്ങളായിരിക്കും ഉണ്ടായിരിക്കുന്നതെന്നു ദീർഘനാൾമുമ്പേ ബൈബിൾ വെളിപ്പെടുത്തിയിട്ടുണ്ട്. [2 തിമൊഥെയൊസ് 3:1-3 വായിക്കുക.] എങ്കിലും, ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് നിലനിൽക്കുന്ന സന്തുഷ്ടി കണ്ടെത്താൻ എന്തു ചെയ്യണമെന്നും ബൈബിൾ പറയുന്നുണ്ട്. അതിന്റെ തത്ത്വങ്ങൾ കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന ഈ പുസ്തകത്തിൽ കൊടുത്തിരിക്കുന്നു.” എന്നിട്ട്, ഉചിതമായ ഒരധ്യായത്തിന്റെ ഒടുവിൽ കൊടുത്തിരിക്കുന്ന പുനരവലോകന ചതുരം വായിച്ചു കേൾപ്പിച്ചശേഷം പുസ്തകം സമർപ്പിക്കുക.
5 മടങ്ങിച്ചെല്ലുമ്പോൾ അധ്യയനം തുടങ്ങാൻ “ആവശ്യം” ലഘുപത്രിക ഉപയോഗിക്കുക. നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
■“കുടുംബജീവിതത്തിനു ബാധകമായ ബൈബിൾ തത്ത്വങ്ങൾ പരിശോധിക്കാൻ നിങ്ങൾ മനസ്സൊരുക്കം കാട്ടിയതിൽ വളരെ സന്തോഷമുണ്ട്. ബൈബിൾ നൽകുന്ന പ്രായോഗിക ബുദ്ധ്യുപദേശം പിൻപറ്റുന്നത് ഉത്തമ ഫലങ്ങൾ കൈവരുത്തുന്നതായി അനുഭവങ്ങൾ തെളിയിക്കുന്നു. അത് എന്തുകൊണ്ടെന്നതിന്റെ ഒരു ലളിതമായ വിശദീകരണം ഇതാ.” ആവശ്യം ലഘുപത്രികയുടെ 1-ാം പാഠത്തിന്റെ ആദ്യ ഖണ്ഡിക വായിക്കുക. അതോടൊപ്പം സങ്കീർത്തനം 1:1-3-ഓ യെശയ്യാവു 48:17, 18-ഓ ഉൾപ്പെടുത്തുക. സാഹചര്യമനുവദിക്കുന്നെങ്കിൽ പാഠത്തിന്റെ ബാക്കി ഭാഗവും പരിചിന്തിക്കുക. അടുത്ത പാഠം ഒരുമിച്ചു പഠിക്കാൻ മടങ്ങിവരാമെന്നു പറയുക.
6 ശക്തമായ മതവിശ്വാസമുണ്ടെങ്കിലും ബൈബിളിന്റെ ഉപദേശത്തെ അവശ്യം വിലമതിക്കാത്തവരുമായി സംസാരിക്കുമ്പോൾ നിങ്ങൾക്കു ഹ്രസ്വമായ ഈ അവതരണം നടത്താവുന്നതാണ്:
■“മതവിശ്വാസം എന്തുതന്നെയായിരുന്നാലും, കുടുംബങ്ങൾ ഇന്ന് അനേകം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുവെന്നു മിക്കയാളുകളും സമ്മതിക്കും. ചിലർ ഉപദേശത്തിനായി തങ്ങളുടെ വിശുദ്ധഗ്രന്ഥങ്ങളിലേക്കു തിരിയുന്നു. എങ്കിലും ദുഃഖകരമെന്നു പറയട്ടെ, ഇന്നു മിക്ക യുവജനങ്ങളും മതഗ്രന്ഥങ്ങളെ അപ്രസക്തമായി വീക്ഷിക്കുന്നു. ഏറ്റവും നല്ലരീതിയിൽ ജീവിതം നയിക്കേണ്ടതിനു നമ്മുടെ സ്രഷ്ടാവ് നമുക്ക് എന്തെങ്കിലും നിർദേശങ്ങൾ നൽകിയിട്ടുണ്ടായിരിക്കുമെന്നു നിങ്ങൾ വിചാരിക്കുന്നുവോ? കുടുംബജീവിതത്തോടുള്ള ബന്ധത്തിൽപ്പോലും ദൈവത്തെയും മതത്തെയും ഗൗരവപൂർവം കരുതേണ്ടത് എത്ര പ്രധാനമാണെന്നു കാണിക്കുന്ന ഒരു പുസ്തകം എന്റെ പക്കലുണ്ട്.” എന്നിട്ട്, പുസ്തകം സമർപ്പിക്കുക.
7 അല്ലെങ്കിൽ നിങ്ങൾക്കു ലളിതമായി ഇങ്ങനെ പറയാവുന്നതാണ്:
■“ലോകവ്യാപകമായി കുടുംബ പ്രശ്നങ്ങൾ വർധിച്ചുവരുകയാണ്. സമൂഹത്തിലെ ഉത്തരവാദിത്തപ്പെട്ടയാളുകൾ അതേക്കുറിച്ചു വളരെ ഉത്കണ്ഠയുള്ളവരാണ്. ലോകവ്യാപകമായി ഫലപ്രദമെന്നു തെളിഞ്ഞ ഈ പുസ്തകം നിങ്ങൾക്കു നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം അത് കുടുംബത്തിനു പ്രയോജനം ചെയ്യുന്ന ചില സാർവത്രിക തത്ത്വങ്ങൾ ബാധകമാക്കാൻ ആളുകളെ സഹായിക്കുന്നു. അതിലെ ആശയങ്ങൾ ഒരു മതത്തിലെയോ സംസ്കാരത്തിലെയോ ആളുകളെ ഉദ്ദേശിച്ചുള്ളതല്ല. അതുകൊണ്ട്, നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായമെന്തായിരുന്നാലും ഈ പുസ്തകത്തിൽ നിങ്ങൾ പ്രായോഗിക നിർദേശങ്ങൾ കണ്ടെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.”
8 കുടുംബസന്തുഷ്ടിയുടെ രഹസ്യം—അതായത്, ദൈവവചനത്തിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ പിൻപറ്റുകയെന്ന സംഗതി—മറ്റുള്ളവരുമായി പങ്കിടുന്നതിനു നമുക്കു പരമാവധി ശ്രമിക്കാം.—സങ്കീ. 19:7-10.