നാം “വചനം പ്രസംഗി”ക്കുന്നു
1 “അന്ത്യകാല”ത്തെക്കുറിച്ചുള്ള ബൈബിൾ വിവരണത്തിനു ചേർച്ചയിൽ, ഇന്നു മിക്കയാളുകൾക്കും “ഭക്തിയുടെ വേഷം” മാത്രമേ ഉള്ളൂ. (2 തിമൊ. 3:1, 5) തങ്ങളുടെ ആട്ടിൻകൂട്ടത്തിനു യഥാർഥ ആത്മീയ മാർഗനിർദേശം നൽകാൻ മതനേതാക്കൻമാർ പരാജയപ്പെട്ടിരിക്കുന്നതാണ് അതിനു കാരണം. ക്രൈസ്തവലോകത്തിലെ വൈദികർ ബൈബിളിനെ പിന്താങ്ങുന്നില്ല. ദൈവവചനം പ്രസംഗിക്കുന്നതിനു പകരം തത്ത്വചിന്തകരുടെയും ദൈവശാസ്ത്രജ്ഞൻമാരുടെയും വ്യർഥമായ പഠിപ്പിക്കലുകൾ ഏറ്റുപറയുന്നതിനോ സാമൂഹികമോ രാഷ്ട്രീയമോ ആയ വിവാദവിഷയങ്ങളെക്കുറിച്ചു ചർച്ചചെയ്യുന്നതിനോ അവർ ഇഷ്ടപ്പെടുന്നു. ഒട്ടുമിക്ക മതനേതാക്കൻമാരും ബൈബിളിൽ വിശ്വസിക്കുന്നില്ല. അതു കാലഹരണപ്പെട്ടതാണെന്ന് അവർ വിചാരിക്കുന്നു. അതുകൊണ്ട് മഹാ സ്രഷ്ടാവിനെക്കുറിച്ചുള്ള ബൈബിളിന്റെ പഠിപ്പിക്കലിനു പകരം അവർ പരിണാമ സിദ്ധാന്തത്തെ അന്യായമായി പ്രോത്സാഹിപ്പിക്കുന്നു. മിക്ക വൈദികരും ദൈവത്തിന്റെ വ്യക്തിപരമായ നാമം ഉപയോഗിക്കുന്നുപോലുമില്ല. ഭൂരിഭാഗം ആധുനിക ബൈബിൾ ഭാഷാന്തരങ്ങളിൽനിന്നും അതു നീക്കംചെയ്തിരിക്കുന്നതിൽ അവർ ഒരെതിർപ്പും ഉന്നയിക്കുന്നുമില്ല.
2 യേശുവിന്റെ നാളിലെ മതനേതാക്കൻമാരുടെ കാര്യത്തിൽ സത്യമായിരുന്നതുപോലെ ഇന്നത്തെ വൈദികവൃന്ദവും വ്യർഥമായിട്ടാണു പ്രസംഗിക്കുന്നത്. (മത്താ. 15:8, 9) അത് പ്രവാചകനായ ആമോസ് മുൻകൂട്ടിപ്പറഞ്ഞതുപോലെയാണ്. “അപ്പത്തിനായുള്ള വിശപ്പല്ല വെള്ളത്തിനായുള്ള ദാഹവുമല്ല, യഹോവയുടെ വചനങ്ങളെ കേൾക്കേണ്ടതിനുള്ള വിശപ്പുതന്നേ” ഉണ്ട്. (ആമോ. 8:11) മറ്റെന്തിനെക്കാളും ഉപരിയായി ആളുകൾക്കു ദൈവവചനത്തിലെ ആത്മീയ ആഹാരം ആവശ്യമാണ്.
3 ആളുകളുടെ ആത്മീയാവശ്യത്തെ തൃപ്തിപ്പെടുത്തുന്ന വിധം: ഒരുവനെ “രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുക”ളോടു പറ്റിനിൽക്കാൻ പൗലൊസ് തിമൊഥെയൊസിനെ ഉദ്ബോധിപ്പിച്ചു. അതുകൊണ്ട് “വചനം പ്രസംഗി”ക്കാൻ അവനെ ഔപചാരികമായി അധികാരപ്പെടുത്തി. (2 തിമൊ. 3:14, 15; 4:2) യഹോവയുടെ സാക്ഷികൾ എന്നനിലയിൽ, “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ,” എന്നു പറഞ്ഞ നമ്മുടെ മാതൃകാ പുരുഷനായ യേശുവിനെ അനുകരിച്ചുകൊണ്ടു നാം പ്രസംഗിക്കുമ്പോൾ ബൈബിൾ പഠിപ്പിക്കുന്നതിനോടു നാം പറ്റിനിൽക്കണം. (യോഹ. 7:16) നമ്മുടെ പഠിപ്പിക്കലിന്റെ അടിസ്ഥാനമായി നാം ദൈവവചനം ഉപയോഗിക്കുന്നു, കാരണം അതിൽ ദിവ്യജ്ഞാനം ഉൾക്കൊള്ളുന്നുവെന്നു നാം തിരിച്ചറിയുന്നു. മാത്രമല്ല നാം ആളുകളുമായി പങ്കുവെക്കുന്ന വിവരത്തിന്റെ ഉറവിടം അവർ അറിയാനും നാം ആഗ്രഹിക്കുന്നു.—1 കൊരി. 2:4-7.
4 യഹോവയെക്കുറിച്ചു പഠിക്കുന്നതിനും അവനിൽ വിശ്വാസം അർപ്പിക്കുന്നതിനും ആളുകൾ ആദ്യം ബൈബിളിൽനിന്നുള്ള സത്യം കേൾക്കണം. പൗലൊസ് യുക്തിയുക്തം എഴുതി: “അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും?” (റോമ. 10:14) ദൈവവചനം പ്രസംഗിക്കുന്നതിനാൽ, സൂക്ഷ്മപരിജ്ഞാനത്തിലൂടെ വിശ്വാസം നേടാൻ നാം മറ്റുള്ളവരെ സഹായിക്കുന്നു. അത്തരം പരിജ്ഞാനത്തിനു ജീവിതത്തെ മെച്ചപ്പെട്ടതാക്കി മാറ്റാൻ കഴിയും, മാറ്റുകയും ചെയ്യുന്നു. ബൈബിളിനെക്കുറിച്ച് ഇംഗ്ലീഷ് ഗ്രന്ഥകാരനായ ചാൾസ് ഡിക്കൻസ് എഴുതി: “ലോകത്തിൽ എക്കാലത്തും ഉണ്ടായിരുന്നിട്ടുളളതും ഉണ്ടാകാനിരിക്കുന്നതുമായ പുസ്തകങ്ങളിൽവെച്ച് ഉത്തമമായ ഗ്രന്ഥമാണത്. കാരണം, സത്യസന്ധനും വിശ്വസ്തനുമായിരിക്കാൻ ശ്രമിക്കുന്ന ഏതൊരു മനുഷ്യജീവിയുടെയും സാധ്യതയനുസരിച്ച്, വഴിനടത്തിപ്പിനുതകിയേക്കാവുന്ന ഏററവും നല്ല പാഠങ്ങൾ അതു നിങ്ങളെ പഠിപ്പിക്കുന്നു.”
5 ദൈവവചനത്തിന്റെ ആധികാരികതയാൽ അതു പിന്താങ്ങപ്പെടുന്നുവെന്ന് ആത്മീയ സത്യത്തിനായി വിശക്കുന്നവർ തിരിച്ചറിയുന്നു. 1913-ൽ, ഒരു യുവ കോളെജു വിദ്യാർഥിയായിരിക്കെ ഫ്രെഡെറിക് ഡബ്ലിയു. ഫ്രാൻസിന് മരിച്ചവർ എവിടെ? (ഇംഗ്ലീഷ്) എന്ന ശീർഷകത്തിലുള്ള ഒരു ചെറുപുസ്തകം ലഭിച്ചു. ഈ ചോദ്യത്തിനുള്ള ബൈബിളിന്റെ ഉത്തരം വലിയ താത്പര്യത്തോടെ വായിച്ചതിനു ശേഷം അദ്ദേഹം ഉദ്ഘോഷിച്ചു: “ഇതാണ് സത്യം.” ദശലക്ഷക്കണക്കിനു സത്യാന്വേഷികൾക്ക് അതേ വിധത്തിൽ അനുഭവപ്പെട്ടിരിക്കുന്നു. വചനം ഉത്സാഹത്തോടെയും തീക്ഷ്ണതയോടെയും പ്രസംഗിക്കുന്നതിലും അങ്ങനെ “ഇതാണ് സത്യം” എന്ന് മറ്റുള്ളവർ പറയുന്നതു കേൾക്കുന്നതിലെ സന്തോഷം പങ്കുവെക്കുന്നതിലും നമുക്കു തുടരാം.