ചോദ്യപ്പെട്ടി
◼ വയൽസേവന പ്രവർത്തനം നാം ഓരോ മാസവും താമസംവിനാ റിപ്പോർട്ടു ചെയ്യേണ്ടതെന്തുകൊണ്ട്?
രാജ്യസന്ദേശം പ്രസംഗിക്കുന്നതിലൂടെ നിർവഹിക്കപ്പെടുന്ന നല്ല കാര്യങ്ങളെക്കുറിച്ചു കേൾക്കുമ്പോൾ നാമെല്ലാം സന്തോഷിക്കുന്നു. (സദൃശവാക്യങ്ങൾ 25:25 കാണുക.) പെന്തക്കോസ്തു നാളിലെ പത്രൊസിന്റെ പ്രചോദനാത്മകമായ പ്രസംഗത്തെത്തുടർന്ന് “മൂവായിരത്തോളം പേർ അവരോടു ചേർന്നു”വെന്ന് പ്രവൃത്തികൾ 2:41 റിപ്പോർട്ടു ചെയ്യുന്നു. അൽപ്പകാലത്തിനു ശേഷം ആ എണ്ണം “അയ്യായിരത്തോളം ആയി.” (പ്രവൃ. 4:4) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്ക് ആ റിപ്പോർട്ടുകൾ എത്ര പുളകപ്രദമായിരുന്നിരിക്കണം! ഇന്ന്, പ്രോത്സാഹജനകമായ റിപ്പോർട്ടുകളോടു നാമും അതേ വിധത്തിൽ പ്രതികരിക്കുന്നു. ലോകവ്യാപകമായി സുവാർത്ത പ്രസംഗിക്കുന്നതിൽ നമ്മുടെ സഹോദരങ്ങൾ ആസ്വദിക്കുന്ന വിജയത്തെക്കുറിച്ച് കേൾക്കുന്നത് നമ്മെ കോൾമയിർകൊള്ളിക്കുന്നു.
അത്തരം റിപ്പോർട്ടുകൾ സമാഹരിച്ചു തയ്യാറാക്കുന്നതിൽ വളരെയേറെ സമയവും ശ്രമവും ഉൾപ്പെട്ടിരിക്കുന്നതിനാൽ ഓരോ രാജ്യപ്രസാധകന്റെയും സഹകരണം അത്യന്താപേക്ഷിതമാണ്. ഓരോ മാസവും താമസംവിനാ റിപ്പോർട്ട് ചെയ്യുന്നതു സംബന്ധിച്ച് നിങ്ങൾ ശ്രദ്ധയുള്ളവനാണോ?
വർധനവിന്റെ റിപ്പോർട്ടുകൾ നമുക്കു വളരെയേറെ സന്തോഷം കൈവരുത്തുന്നു. കൂടുതലായി, ലോകവ്യാപക വേലയുടെ പുരോഗതി നിരീക്ഷിക്കാൻ റിപ്പോർട്ടുകൾ സൊസൈറ്റിയെ സഹായിക്കുന്നു. എവിടെയായിരിക്കാം കൂടുതൽ സഹായം ആവശ്യമുള്ളത്, അല്ലെങ്കിൽ ഏതു തരത്തിലുള്ള, എത്രമാത്രം സാഹിത്യം ഉത്പാദിപ്പിക്കേണ്ടതുണ്ട് എന്നിവ സംബന്ധിച്ചു തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. പുരോഗതി വരുത്താവുന്നത് എവിടെയാണെന്നു നിശ്ചയിക്കാൻ ഓരോ സഭയിലെയും മൂപ്പൻമാർ വയൽസേവന റിപ്പോർട്ടുകൾ ഉപയോഗിക്കുന്നു. നല്ല റിപ്പോർട്ടുകൾ പരിപുഷ്ടിപ്പെടുത്തുന്നവയാണ്, സാധ്യമായ പുരോഗതികൾ വരുത്താനായി സ്വന്തം ശുശ്രൂഷയെ പരിശോധിക്കാൻ അവ നമ്മെയെല്ലാം പ്രേരിപ്പിക്കുന്നു.
ഓരോ മാസവും താമസംവിനാ റിപ്പോർട്ടു ചെയ്യാനുള്ള തങ്ങളുടെ വ്യക്തിഗത ഉത്തരവാദിത്വം എല്ലാ പ്രസാധകരും തിരിച്ചറിയേണ്ടതുണ്ട്. ഈ ഉത്തരവാദിത്വത്തെക്കുറിച്ചു പ്രസാധകരെ ഓർമിപ്പിക്കാൻ പറ്റിയ സ്ഥാനത്താണു സഭാപുസ്തകാധ്യയന നിർവാഹകർ. കാരണം ഓരോ മാസവും ക്രമമായി വയൽസേവനത്തിൽ പങ്കെടുക്കാൻ ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നേക്കാവുന്നവർക്കു വ്യക്തിപരമായ സഹായം നൽകുന്നതിലും അവർ ജാഗ്രതയുള്ളവരാണ്. ഓരോ മാസത്തെയും അവസാനത്തെ പുസ്തകാധ്യയനത്തിലോ അനുയോജ്യമായ മറ്റൊരു സമയത്തോ ഈ ഓർമിപ്പിക്കൽ നൽകാവുന്നതാണ്. രാജ്യഹാളിൽ വയൽസേവന റിപ്പോർട്ടിടാൻ അവസരമില്ലെങ്കിൽ സഭാപുസ്തകാധ്യയന നിർവാഹകന് അവ ശേഖരിച്ച്, സൊസൈറ്റിക്കുള്ള സഭയുടെ പതിവു പ്രതിമാസ റിപ്പോർട്ടിനോടൊപ്പം ഉൾപ്പെടുത്താൻ തക്കവണ്ണം സമയത്തുതന്നെ അവ സെക്രട്ടറിക്ക് നൽകുന്നുവെന്ന് ഉറപ്പുവരുത്താവുന്നതാണ്.
വയൽസേവന പ്രവർത്തനം താമസംവിനാ റിപ്പോർട്ടു ചെയ്യുന്നതിലെ നമ്മുടെ ശുഷ്കാന്തി, നമ്മുടെ ആത്മീയ ക്ഷേമത്തിന് ഉത്തരവാദികളായവരുടെ ചുമട് ലഘുവാക്കുന്നു.