നിങ്ങളുടെ ബന്ധുക്കളെ സംബന്ധിച്ചെന്ത്?
1 നമ്മിൽ മിക്കവർക്കും സത്യത്തിലല്ലാത്ത നിരവധി ബന്ധുക്കളുണ്ട്. ജീവനിലേക്കുള്ള പാതയിൽ അത്തരം പ്രിയപ്പെട്ടവർ നമ്മോടു ചേരാൻ നാം എത്രമാത്രം ആഗ്രഹിക്കുന്നു! അവർ നമ്മുടെതന്നെ കുടുംബത്തിലുള്ളവരായിരിക്കുമ്പോൾ അവരുടെ നിത്യഭാവിക്കുവേണ്ടിയുള്ള നമ്മുടെ താത്പര്യം വളരെയധികമായിരിക്കാം. സത്യത്തിലുള്ള താത്പര്യം അവരിലുളവാക്കാൻ നാം വർഷങ്ങളോളം ശ്രമിച്ചിട്ടുണ്ടെങ്കിൽപ്പോലും, സാഹചര്യം ആശാവഹമല്ലെന്നു നാം നിഗമനം ചെയ്യരുത്.
2 യേശു പ്രസംഗിച്ചപ്പോൾ, ‘അവന്റെ സഹോദരൻമാർ അവനിൽ വിശ്വസിച്ചില്ല.’ (യോഹ. 7:5) ഒരവസരത്തിൽ അവന്റെ ബന്ധുക്കൾ അവനു ബുദ്ധിഭ്രമമുണ്ടെന്നു വിചാരിച്ചു. (മർക്കൊ. 3:21) എന്നിട്ടും അവൻ പിൻമാറിയില്ല. കാലക്രമത്തിൽ അവന്റെ സഹോദരൻമാർ സത്യം സ്വീകരിച്ചു. (പ്രവൃ. 1:14) അവന്റെ അർധസഹോദരനായ യാക്കോബ് ക്രിസ്തീയ സഭയുടെ ഒരു തൂണായിത്തീർന്നു. (ഗലാ. 1:18, 19; 2:9) നിങ്ങളുടെ ബന്ധുക്കൾ സത്യം സ്വീകരിക്കുന്നതു കാണുന്നതിലെ ആനന്ദം ഉണ്ടായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ദൈവരാജ്യ സുവാർത്തയുമായി അവരെ സമീപിക്കാനുള്ള ശ്രമം അവസാനിപ്പിക്കരുത്.
3 നവോന്മേഷദായകരായിരിക്കുക, കീഴടക്കുന്നവരായിരിക്കരുത്: യേശു മറ്റുള്ളവരോടു പ്രസംഗിച്ചപ്പോൾ, അവന്റെ ശ്രോതാക്കൾക്കു നവോന്മേഷമാണ് അനുഭവപ്പെട്ടത്, വല്ലായ്മയല്ല. (മത്താ. 11:28, 29) അവർക്കു ഗ്രഹിക്കാൻ കഴിയാത്ത പഠിപ്പിക്കലുകൾകൊണ്ട് അവൻ അവരെ കീഴടക്കിയില്ല. സത്യത്തിന്റെ ജലംകൊണ്ടു നിങ്ങളുടെ ബന്ധുക്കളെ നവോന്മേഷിതരാക്കുന്നതിന്, ഓരോ നേരവും അതു കുറേശ്ശെ നൽകുക, കൂടിയ അളവിലല്ല! ഒരു സഞ്ചാരമേൽവിചാരകൻ അഭിപ്രായപ്പെട്ടു: “അൽപ്പാൽപ്പമായി സാക്ഷീകരിച്ചുകൊണ്ടു തങ്ങളുടെ ബന്ധുക്കളിൽ ജിജ്ഞാസ ഉണർത്തിയവരാണ് ഏറ്റവും മെച്ചമായ ഫലങ്ങൾ നേടിയത്.” ഈ വിധത്തിൽ, വിരോധികൾപോലും ചോദ്യങ്ങൾ ചോദിച്ചുതുടങ്ങുകയും ഒടുവിൽ സത്യത്തിനുവേണ്ടിയുളള ദാഹം വളർത്തിയെടുക്കുകയും ചെയ്തേക്കാം.—1 പത്രൊ. 2:2; 1 കൊരി. 3:1, 2 താരതമ്യം ചെയ്യുക.
4 പ്രസിദ്ധീകരണങ്ങളിലെ താത്പര്യമുളവാക്കിയേക്കാവുന്ന വിഷയം തുറന്നുവെച്ചുകൊണ്ട് ഒട്ടനവധി വിവാഹിത ക്രിസ്ത്യാനികൾ തങ്ങളുടെ അവിശ്വാസിയായ ഇണയോടു ഫലപ്രദമായി സാക്ഷീകരിച്ചിട്ടുണ്ട്. ഇപ്രകാരം ചെയ്ത ഒരു സഹോദരി, ഭർത്താവിനു കേൾക്കാവുന്ന അകലത്തിലിരുന്ന്, അദ്ദേഹത്തിനു പ്രയോജനം ചെയ്യുന്ന വിശദീകരണങ്ങൾ നൽകിക്കൊണ്ട് തന്റെ കുട്ടികളുമായി അധ്യയനം നടത്തുകയും ചെയ്തു. ചിലപ്പോൾ അവർ അദ്ദേഹത്തോടു ചോദിക്കുമായിരുന്നു: “ഇന്നത്തെ എന്റെ അധ്യയനത്തിൽ ഞാൻ ഇന്നിന്ന കാര്യങ്ങൾ പഠിച്ചു. അതിനെക്കുറിച്ച് നിങ്ങൾ എന്തു വിചാരിക്കുന്നു?” അവരുടെ ഭർത്താവ് ഒടുവിൽ സത്യം സ്വീകരിച്ചു.
5 അക്ഷമരായിരിക്കരുത്: “സ്വന്തം വീക്ഷണങ്ങളും അഭിപ്രായങ്ങളും പുലർത്താനുള്ള സ്വാതന്ത്ര്യം ബന്ധുക്കൾക്കുമു”ണ്ടെന്ന് ഒരു പ്രസാധിക അഭിപ്രായപ്പെട്ടു. അതുകൊണ്ട്, അവർ തങ്ങളുടെ ആശയങ്ങൾ പ്രസ്താവിക്കുമ്പോൾ അല്ലെങ്കിൽ സത്യത്തെക്കുറിച്ചു തങ്ങളോടു പറയരുതെന്നു നമ്മോടു പ്രത്യേകം പറയുമ്പോൾ നാം ആദരവു പ്രകടിപ്പിക്കണം. (സഭാ. 3:7; 1 പത്രൊ. 3:15) ക്ഷമയും സ്നേഹവുമുള്ളവരും നല്ല ശ്രോതാക്കളും ആയിരുന്നുകൊണ്ട് നമുക്കു നയപൂർവം സാക്ഷ്യം നൽകാൻപറ്റിയ അവസരങ്ങൾ തേടാം. അത്തരം ക്ഷമ പ്രതിഫലദായകമായിരിക്കാവുന്നതാണ്. അവിശ്വാസിയായ ഭാര്യയുടെ ദുഷ്പെരുമാറ്റം 20 വർഷം ക്ഷമാപൂർവം സഹിച്ച ഒരു ക്രിസ്തീയ ഭർത്താവിന്റെ കാര്യത്തിൽ അതാണു പ്രകടമായത്. അവൾ മാറ്റം വരുത്താൻ തുടങ്ങിയ ഉടനെ അദ്ദേഹം പറഞ്ഞു: “ദീർഘക്ഷമ നട്ടുവളർത്താൻ എന്നെ സഹായിച്ചതിൽ ഞാൻ യഹോവയോട് എത്ര നന്ദിയുള്ളവനാണ്, കാരണം എനിക്കിപ്പോൾ ഫലം കാണാൻ കഴിയുന്നു: എന്റെ ഭാര്യ ജീവന്റെ പാതയിൽ നടക്കാൻ തുടങ്ങിയിരിക്കുന്നു!”
6 നിങ്ങളുടെ ബന്ധുക്കളെ സംബന്ധിച്ചെന്ത്? “നിങ്ങൾ അവരെ യഹോവയ്ക്കായി നേടിയേക്കാ”വുന്നത് നിങ്ങളുടെ നല്ല ക്രിസ്തീയ നടത്തയാലും അവർക്കുവേണ്ടിയുള്ള നിങ്ങളുടെ പ്രാർഥനയാലുമായിരിക്കാം.—1 പത്രൊ. 3:1, 2, NW അടിക്കുറിപ്പ്.