പ്രവർത്തനത്തിലേക്കുള്ള വലിയ വാതിൽ തുറന്നിരിക്കുന്നു
1 തീക്ഷ്ണതയുള്ള ഒരു സുവാർത്താ പ്രസംഗകനെന്ന നിലയിൽ, പൗലൊസ് ആവശ്യം അധികമുള്ള പ്രദേശങ്ങൾ ആകാംക്ഷാപൂർവം അന്വേഷിച്ചു കണ്ടുപിടിച്ചിരുന്നു. അത്തരത്തിലുള്ള ഒന്നായിരുന്നു എഫെസൊസ്. “എനിക്കു പ്രവർത്തനത്തിലേക്കുള്ള ഒരു വലിയ വാതിൽ തുറന്നിരിക്കുന്നു” എന്നു തന്റെ സഹക്രിസ്ത്യാനികൾക്കെഴുതാൻ സാധിക്കത്തക്കവിധം അവിടെ പ്രസംഗവേല നിർവഹിക്കുന്നതിൽ അവൻ വളരെയേറെ വിജയിച്ചു. (1 കൊരി. 16:9, NW) പൗലൊസ് ആ പ്രദേശത്തു പ്രവർത്തനം തുടരുകയും അനേകം എഫെസ്യരെ വിശ്വാസികളാകാൻ സഹായിക്കുകയും ചെയ്തു.—പ്രവൃ. 19:1-20, 26.
2 ഇന്ന്, നമ്മെ സംബന്ധിച്ചിടത്തോളവും പ്രവർത്തനത്തിലേക്കുള്ള ഒരു വലിയ വാതിൽ തുറന്നു കിടക്കുന്നുണ്ട്. നമുക്കോരോരുത്തർക്കും ഒരു നിരന്തര പയനിയറായി പേർ ചാർത്തുന്നതിനും സാധ്യമെങ്കിൽ സ്വമേധയാ മറ്റൊരു പ്രദേശത്തേക്ക്, ഒരുപക്ഷേ വലിയ വയൽസേവന പ്രദേശമുള്ള ഒരു ചെറിയ സഭയോടൊത്തു പ്രവർത്തിക്കുന്നതിനുവേണ്ടി, മാറിത്താമസിക്കുന്നതിനുമുള്ള തുറന്ന ക്ഷണമുണ്ട്. അങ്ങനെ ചെയ്യുന്നത്, ചില പ്രദേശങ്ങളിലെ ആവശ്യങ്ങൾ നിറവേറ്റാൻ ഉതകിയേക്കാം.—2 കൊരിന്ത്യർ 8:13-15 താരതമ്യം ചെയ്യുക.
3 ഒരു നിരന്തരപയനിയറായി സേവിക്കാൻ നിങ്ങൾക്കു സാധിക്കുമോ? ഒരു നിരന്തരപയനിയറായി സേവിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചു നിങ്ങൾ പ്രാർഥനാപൂർവം പരിചിന്തിച്ചിട്ടുണ്ടോ? ഇന്ത്യയിലെ വയൽ നിശ്ചയമായും വളരെ വലുതാണ്. അതുകൊണ്ടുതന്നെ കൂട്ടിച്ചേർക്കൽ വേല വലിയൊരളവിൽ ചെയ്തുതീർക്കേണ്ടതായുണ്ട്. എന്തുകൊണ്ട് ഇതിനെക്കുറിച്ചു നിങ്ങളുടെ കുടുംബത്തോടും സഭയിലെ മൂപ്പന്മാരോടും സർക്കിട്ട് മേൽവിചാരകനോടുപോലും ചർച്ചചെയ്തുകൂടാ. നിരന്തരപയനിയർ സേവനം നടത്തത്തക്കവിധത്തിൽ നിങ്ങളുടെ പട്ടികയിൽ എപ്രകാരം മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്നതിനെ സംബന്ധിച്ച് അവരുടെ നിർദേശങ്ങൾ ആരായുക. വലിയ കുടുംബങ്ങളിൽ, മുഴു കുടുംബത്തിനും പരസ്പരം സഹകരിച്ചുകൊണ്ട് തങ്ങളുടെ ഒരു കുടുംബാംഗത്തെ പയനിയറിങ്ങിനു വിടാൻ സാധിക്കുമോ? ഭർത്താവും ഭാര്യയും മാത്രമുള്ള കുടുംബങ്ങളിൽ, സാമ്പത്തികാവശ്യങ്ങൾക്കുവേണ്ടി രണ്ടുപേരും മുഴുസമയം ജോലിചെയ്യേണ്ടതില്ലെങ്കിൽ, ഭാര്യയ്ക്ക് ഏതാനും വർഷം നിരന്തരപയനിയറിങ് ചെയ്യാൻ സാധിക്കത്തക്കവിധത്തിൽ കുട്ടികളുടെ ആഗമനം അൽപ്പം നീട്ടിവെക്കുന്നതിനെക്കുറിച്ചു പരിഗണിക്കാൻ നിങ്ങൾക്കു സാധിക്കില്ലേ?
4 പിന്നിട്ട ഏതാനും ദശകങ്ങളിൽ ലോകവ്യാപകമായി ആയിരക്കണക്കിനു ക്രിസ്തീയ കുടുംബങ്ങൾ, കൊയ്ത്തുവേലയിൽ കുറേക്കൂടി പൂർണമായി പങ്കുപറ്റാൻ സാധിക്കേണ്ടതിന് മറ്റു സ്ഥലങ്ങളിലേക്കു താമസം മാറിയിട്ടുണ്ട്. ഇപ്രകാരം ചെയ്ത ഒരു ദമ്പതികൾ ഇങ്ങനെ പറഞ്ഞു: “ഞങ്ങളെക്കൊണ്ട് ഏറ്റവും ഉപകാരമുള്ളിടത്ത് യഹോവയെ സേവിക്കാൻ ഞങ്ങളാഗ്രഹിച്ചു.” പ്രദേശം മുഴുവനും കൂടെക്കൂടെ പ്രവർത്തിച്ചു തീർക്കുന്ന ഒരു വലിയ സഭയുടെ പ്രദേശത്താണു നിങ്ങൾ താമസിക്കുന്നതെങ്കിൽ, കൂടാതെ, കുറച്ചു രാജ്യഘോഷകരേ ഉള്ളുവെന്നു നിങ്ങൾക്കറിയാവുന്ന മറ്റൊരു പ്രദേശത്തേക്കു മാറിത്താമസിക്കാൻ സാഹചര്യം നിങ്ങളെ അനുവദിക്കുന്നെങ്കിൽ, അവിടേക്കു മാറിത്താമസിക്കുന്നതിനെക്കുറിച്ചു പരിചിന്തിക്കാൻ നിങ്ങൾക്കു താത്പര്യമുണ്ടോ? ഒരു പുതിയ പ്രദേശത്തു നിരന്തരപയനിയറായി സേവിക്കാൻ സാധിക്കുകയില്ലെങ്കിൽപോലും, നിങ്ങളുടെ സാന്നിധ്യം ഒരു ചെറിയ സഭയ്ക്കു പ്രയോജനകരമായേക്കാം. ഇത്തരമൊരു ആഗ്രഹം നിങ്ങൾക്കുണ്ടെങ്കിൽ, സഭയിലെ മൂപ്പന്മാരുമായോ സർക്കിട്ട് മേൽവിചാരകനുമായോ അതിന്റെ സാധ്യതകളെക്കുറിച്ചു ചർച്ചചെയ്യാവുന്നതാണ്.
5 യഹോവയുടെ നാമം വഹിക്കുന്നത് ഒരു പദവിയാണ്. പയനിയറിങ് നടത്താൻ നമുക്കെല്ലാവർക്കും സാധിച്ചെന്നുവരില്ല, പക്ഷേ അതിനുള്ള സാധ്യതകൾ നാമോരോരുത്തരും നിശ്ചയമായും ഗൗരവപൂർവം പരിഗണിക്കേണ്ടതുണ്ട്. എന്തൊക്കെയായാലും, പ്രവർത്തനത്തിനുള്ള വലിയ വാതിൽ തുറന്നു കിടക്കുന്നിടത്തോളം കാലം യഹോവയുടെ സേവനത്തിൽ നാമോരോരുത്തരും തിരക്കുള്ളവരായിരിക്കട്ടെ.—1 കൊരി. 15:58.